രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു .24 മണിക്കൂറിനിടെ 43,082 പോസിറ്റീവ് കേസുകളും 492 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് രോഗമുക്തി നിരക്ക് കുറയുന്നത് വീണ്ടും ആശങ്ക ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ പ്രതിദിന കേസുകള്‍ മൂന്ന് ശതമാനം കുറഞ്ഞു. 93,09,787 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,35,715 ആയി ഉയര്‍ന്നു.
പ്രതിദിന രോഗമുക്തരുടെ എണ്ണം നാല്‍പതിനായിരത്തിന് താഴെയായി തുടരുകയാണ്. രോഗമുക്തി നിരക്ക് 93.65 ശതമാനമായി വീണ്ടും കുറഞ്ഞു. മഹാരാഷ്ട്രയില്‍ സ്ഥിതി മോശമാവുകയാണ്. മുംബൈയില്‍ വീണ്ടും പ്രതിദിന കേസ് ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 5,475 പോസിറ്റീവ് കേസുകളും 91 മരണവും പുതുതായി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 9.1 ശതമാനമാണ് നിലവില്‍ ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കേസുകള്‍ ഉയരുന്ന രാജസ്ഥാനിലും, ബംഗാളിലും ആശങ്ക വര്‍ധിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശാനുസരണം കൊവിഡ് വ്യാപനം സംബന്ധിച്ച് തത്സ്ഥിതി സത്യവാങ്മൂലം കേരളം സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ സംസ്ഥാനം സുപ്രിംകോടതിയെ അറിയിച്ചു.