നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ സംക്ഷിപ്ത പട്ടികയിൽ കേരളത്തിൽ നിന്ന് കേരള ഇന്ഫ്രാസ്ട്രക്ചർ ആന്ഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇടം പിടിച്ചു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, വിവര സാങ്കേതിക വിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേര്ണന്സ് എന്നീ മേഖലയിലെ കൈറ്റിന്റെ ഇടപെടൽ രാജ്യത്തും പുറത്തും മാതൃകയാണെന്നാണ് 2020 നവംബർ 17-ന് പുറത്തിറക്കിയ റിപ്പോര്ട്ടിലുള്ളത്. ഓഗസ്റ്റിൽ 'ദ പീൽ ഓഫ് ഫസ്റ്റ് ബെൽ അറ്റ് സ്കൂൾ' എന്ന പേരിൽ യുനിസെഫും കൈറ്റിന്റെ പ്രവര്ത്തനങ്ങൾ ശ്ലാഘിച്ചുകൊണ്ടുള്ള വിശദമായ പഠന റിപ്പോര്ട്ട് പ്രസിദ്ധീകരി ച്ചിട്ടുണ്ട്.
കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവര്ത്തനങ്ങളുടെ ഫലമായി പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നൊവേഷൻ, ടെക്നോളജി, ജെന്റർ മെയിന്സ്ട്രീമിംഗ്, കണ്വര്ജേന്സ് തുടങ്ങിയ മേഖലകളിൽ കാര്യമായി സ്വാധീനം ചെലുത്തിയതും രാജ്യത്തിനകത്തും പുറത്തും അനുകരിക്കാവുന്നതുമായ 23 പ്രോജക്ടുകളാണ് ബെസ്റ്റ് പ്രാക്ടീസസ് കംപന്റിയത്തിൽ ഉള്പ്പെടുത്തിയിട്ടുള്ളത് എന്ന് റിപ്പോര്ട്ടിന്റെ ആമുഖമായി നീതി ആയോഗ് പറയുന്നു. നേരത്തേത്തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്ക്ക് പുറമെ ഗുജറാത്ത്, പശ്ചിമബംഗാൾ, പഞ്ചാബ്, ന്യൂഡല്ഹി, ഒറീസ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നും കൈറ്റ് മാതൃക നടപ്പാക്കുന്നതിനായി അന്വേഷണങ്ങൾ നടത്തിയിരുന്നു.