നവംബർ 14 ഇന്ന് ദീപാവലി
ആശങ്കകളുടെ ഇരുട്ടകറ്റി ഇന്ന് പ്രതീക്ഷയുടെ ദീപാവലി. തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. അതുകൊണ്ടുതന്നെ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇത്തവണ വീടുകളിൽ തന്നെയാണ് ആഘോഷം. ദീപക്കാഴ്ചകളും പ്രത്യേക പൂജകളും വീടുകളിലേക്ക് ചുരുക്കി. കോവിഡ് (COVID-19) വ്യപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം കണക്കിലെടുത്ത് മിക്ക സംസ്ഥാനങ്ങളും പടക്കങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.
എല്ലാവര്‍ക്കും പ്രധാനമന്ത്രി ദീപാവലി ആശംസകള്‍ നേര്‍ന്നു.
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ ഇന്ത്യൻ സൈനികർക്കൊപ്പം ഇത്തവണത്തെ ദീപാവലി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്‌സൽമിർ അതിർത്തിയിലുള്ള ഇന്ത്യൻ സൈനികർക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫൻ്‌സ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തിൽ പങ്കുചേരും.
ഇന്ത്യൻ അംബാസഡറുടെ ദീപാവലി സന്ദേശം
"എല്ലാ സമുദായങ്ങൾക്കും ദീപാവലി ആശംസകൾ നേരുന്നു. എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ ഭാവിയിലേക്ക് കോവിഡിന്റെ ഇരുണ്ട നിഴലുകൾ ദീപാവലിയുടെ തിളങ്ങുന്ന പ്രകാശം കൊണ്ട് മാറട്ടെ".
ദീപാവലിയുടെ വെർച്വൽ ആഘോഷങ്ങളെക്കുറിച്ചുള്ള വിഡിയോയിൽ അംബാസഡറുടെ ദീപാവലി സന്ദേശം ഇന്ത്യൻ എംബസി അയർലണ്ട് എല്ലാവര്ക്കും നേരുന്നു.
"എല്ലാവർക്കും # ദീപാവലി ആശംസകൾ" - ഗാർഡ സ്ലിഗോ / ലൈട്രിം
" പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള ആരോഗ്യ പാൻഡെമിക്കിന്റെ ഈ വിചിത്ര സമയങ്ങളിൽ , ഇരുട്ടിനെക്കാൾ പ്രകാശത്തിന്റെ വിജയത്തെ ദീപാവലി പ്രതീകപ്പെടുത്തുന്നു, തിന്മയെക്കാൾ നല്ലത്, നിരാശയിൽ ഉള്ള പ്രത്യാശ, ഇത് നമുക്കെല്ലാവർക്കും വിലമതിക്കാവുന്ന ഒന്നാണ്, ഈ ആഘോഷം ആസ്വദിക്കുന്ന സ്ലിഗോ ഇൻഡ്യൻ അയർലൻഡിനും സ്ലിഗോ ലൈട്രിം പ്രദേശത്തെ എല്ലാവർക്കും.ദീപാവലി ആശംസകൾ"
ഹിന്ദു, ജൈന, സിഖ് മതവിശ്വാസികലാണ് മുഖ്യമായും ദീപാവലി ആഘോഷിക്കുന്നത്. പല ഐതിഹ്യങ്ങളുമുണ്ട്. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ ഓര്മിക്കാനാണ് ദീപാവലി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്‍റെ ആഘോഷം. ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതും ഈ ദിവസമാണ്.
ദീപാവലി ആഘോഷങ്ങള്‍.അഞ്ചു ദിവസം നീണ്ടു നിൽക്കുന്നതാണ് - ധൻതേരസ്, നരക ചതുർദശി, ലക്ഷ്മി പൂജ, ബലി പ്രതിപദ, ഭാതൃദ്വിതീയ. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് അമാവാസി. അന്നാണ് പ്രധാന ആഘോഷമായ ലക്ഷ്മി പൂജ നടക്കുന്നത്. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
ഇന്ന് ശിശുദിനം
ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. 1889 നവംബർ 14 നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു.
എല്ലാ കുഞ്ഞുങ്ങൾക്കും ശിശുദിനാശംസകൾ .
ഈ ദിനത്തില്‍ സ്‌കൂളുകളില്‍ പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പ്രസംഗം, ക്വിസ്, ഉപന്യാസ രചന എന്നിങ്ങനെ പല തരത്തിലുള്ള പരിപാടികളും മത്സരങ്ങളും അരങ്ങേറും. രാജ്യത്ത് സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഓണ്‍ലൈനായി ഇത്തവണ പല സ്‌കൂളുകളും മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ലോക ഡയബെറ്റിക് ദിനം കൂടിയാണ് ഇന്ന്.
പ്രമേഹം എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് 40-50 വയസ്സ് കഴിഞ്ഞ ആളുകളെയാണ്. എന്നാൽ കുട്ടികളിലും പ്രമേഹം വരുന്നുണ്ട് എന്നത് പലരും ഞെട്ടലോടെയാണ് മനസ്സിലാക്കുന്നത്. കാലം പോയ പോക്ക് എന്നും, കണ്ടതൊക്കെ വലിച്ചു വാരി തിന്നിട്ടാണ് എന്നും, ഇന്നത്തെ കാലത്തെ “രാസ" വളം / പച്ചക്കറി / മരുന്നുകൾ എന്നിവ കാരണമാണെന്നുമൊക്കെ അഭിപ്രായം പാസാക്കാൻ ഒട്ടും സമയം വേണ്ട.. ഇതിനെക്കുറിച്ച് തെല്ലും മനസ്സിലാക്കണമെന്നുമില്ല അതിന്, പലർക്കും. എല്ലാത്തിനും ഞങ്ങളുടെയടുത്ത് മരുന്നുണ്ടെന്ന് പറയുന്നവർക്കും ഇത് എല്ലാ പ്രമേഹങ്ങളെയും പോലെ തന്നെ... എന്നാൽ നവംബർ 14 ലോക പ്രമേഹ ( ബോധവൽക്കരണ ) ദിനം കൂടിയായിരിക്കെ നാം ഇതിനെപ്പറ്റി കുറെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വ്യാജ ചികിൽസകർ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യം ഇന്ന് നിലനിൽക്കുന്ന അവസരത്തിൽ.
എന്താണ് പ്രമേഹം?
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. നമ്മുടെ ആഗ്നേയഗ്രന്ഥിയിൽ (Pancreas) നിന്നുണ്ടാകുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമായ അളവിൽഉണ്ടാകാതിരിക്കുമ്പോളോ ഇൻസുലിന് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ പറ്റാതാകുമ്പോളോ ആണ് പ്രമേഹം ഉണ്ടാകുന്നത്. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്. രക്തത്തിലെ ഷുഗറിന്റെ അളവ് കുറച്ചു കൊണ്ടുവരിക എന്ന ധർമ്മമാണ് ഇൻസുലിൻ നിർവ്വഹിക്കുന്നത്.ആഹാരം കഴിച്ച ഉടനെ കൂടുതൽ ഇൻസുലിൻ ഉണ്ടാകുകയും രക്തത്തിലെ ഷുഗർ ലെവൽ ഉയരാതെ നിലനിർത്തുകയും ചെയ്യുന്നു. വിശന്നിരിക്കുമ്പോൾ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ അളവിലേ ഇൻസുലിൻ ഉണ്ടാകുന്നുള്ളൂ. അതിനാൽ ഷുഗർ വല്ലാതെ കുറഞ്ഞു പോകാതെ സംരക്ഷിക്കുന്നു. (മറ്റു പല ഹോർമോണുകളും ഈ പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ മേൽ പറഞ്ഞത് അതീവ ലളിതവൽക്കരണമാണ്)
പ്രമേഹരോഗമുണ്ടെന്ന് എങ്ങനെ നിർണ്ണയിക്കാം?
അമിത ദാഹം, അമിതമായി മൂത്രം ഒഴിക്കുക, പ്രത്യേകിച്ച് കാരണമില്ലാതെ തൂക്കം കുറയുക എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. ഇവയോടൊപ്പം രക്തത്തിലെ ഗ്ലൂക്കോസ് 200 mg/dL ൽ കൂടിയാൽ പ്രമേഹമുണ്ടെന്ന് നിർണ്ണയിക്കാം.രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രക്തത്തിലെ ഗ്ലൂക്കോസ്(Fasting Blood Sugar) 126ൽ കൂടിയാലോ, ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിയുമ്പോൾ 200 ന് മുകളിലുണ്ടെങ്കിലോ പ്രമേഹം എന്നു പറയാം.
ഫാസ്റ്റിംഗിൽ 100 നും 124 നും ഇടയിലാണെങ്കിലും, ഭക്ഷണശേഷം 140നും 200നും ഇടയിലാണെങ്കിലും ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിൽ തകരാറു വന്നു തുടങ്ങുന്നു എന്നു വേണം മനസ്സിലാക്കാൻ.