പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്കുള്ള ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. പാലുൽപ്പാദനം വർധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം സാധ്യമാക്കാനും നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി 25 പഞ്ചായത്തുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് 53 പഞ്ചായത്തുകളില്‍ ഈ പദ്ധതിയുടെ ഗുണഫലം ലഭ്യമാകും. 12.50 കോടി രൂപയാണ് ക്ഷീരഗ്രാമം പദ്ധതിക്കായി ചെലവഴിക്കുക. തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ 50 ലക്ഷം രൂപ വീതം നൽകും.

പുതിയ സംരംഭകര്‍ക്ക് 2 മുതൽ 5 വരെ പശുക്കളുള്ള ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും, നിലവിലെ ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വഴി ധനസഹായം ലഭ്യമാക്കുകയാണ്. മാത്രമല്ല, പശുക്കള്‍ക്കൊപ്പം കിടാരികളെകൂടി വാങ്ങുന്നതിന് ധനസഹായം നൽകുന്ന കോമ്പോസിറ്റ് ഡയറി യൂണിറ്റ് പദ്ധതിയും ക്ഷീരഗ്രാമം പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്.
കേരളത്തില്‍ പ്രതിദിനം ഏകദേശം 87 ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമുണ്ട്. ഇതില്‍ 82 ലക്ഷം ലിറ്റര്‍ പാലും ഇപ്പോള്‍ ആഭ്യന്തരമായി ഉല്പാദിപ്പിക്കാന്‍ കേരളത്തിനു കഴിയുന്നുണ്ട്. ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കിയത് സംസ്ഥാനത്ത് പാലുല്പാദനത്തില്‍ വന്നിട്ടുള്ള റെക്കോഡ് വര്‍ധനവിന് സഹായകരമായിട്ടുണ്ട്.

ക്ഷീരഗ്രാമം പദ്ധതിക്ക് പുറമെ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് ഗോട്ട് സാറ്റലൈറ്റ് യൂണിറ്റും, നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ സഹായത്തോടെ നടത്തുന്ന ആടുഗ്രാമം പദ്ധതിയും, കേരള ലൈവ് സ്റ്റോക്ക് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ കന്നുകാലികൾക്കും ആടുകൾക്കും കൃത്രിമ ബീജദാനത്തിനു വിപുലമായ പദ്ധതികളും ഇന്ന് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം സംസ്ഥാന പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിൽ പുതിയ ഏജൻസികൾക്ക് പ്രവർത്തനാനുമതിയും നൽകി.
