ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 37ആം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. പോയിൻ്റ് ടേബിളിൽ യഥാക്രമം എട്ടാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമുള്ള ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം അവസാനത്തെ പ്രതീക്ഷയാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പ്ലേ ഓഫ് സാധ്യതകൾ ഏറേക്കുറെ അവസാനിക്കും. ഇരു ടീമുകളും 9 മത്സരങ്ങൾ വീതം കളിച്ചപ്പോൾ 3 ജയം സഹിതം 6 പോയിൻ്റുണ്ട്.
പങ്കെടുത്ത എല്ലാ സീസണുകളിലും പ്ലേ ഓഫിൽ കടന്ന ടീമെന്ന റെക്കോർഡ് ചെന്നൈക്ക് കൈമോശം വരുമോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ചെന്നൈയുടെ ടീം സെലക്ഷനും കളിയോടുള്ള സമീപനവും വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്. തുടർച്ചയായ പരാജയങ്ങൾക്കു ശേഷവും കഴിഞ്ഞ മത്സരത്തിൽ കേദാർ ജാദവ് ടീമിൽ എത്തിയതും കളിച്ച ഒരു മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ജഗദീശനെ കളത്തിൽ ഇറക്കാത്തതും ആരാധകർ ചോദ്യം ചെയ്യുന്നു. ഡ്വെയിൻ ബ്രാവോയ്ക്ക് പരുക്കേറ്റത് ചെന്നൈക്ക് തിരിച്ചടിയാണ്. ബ്രാവോയ്ക്ക് പകരം ലുങ്കി എങ്കിഡിയോ ഇമ്രാൻ താഹിറോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ജോഷ് ഹേസൽവുഡ്, മിച്ചൽ സാൻ്റ്നർ എന്നീ ഓപ്ഷനുകളും ഉണ്ട്. താഹിർ വൈകാതെ ടീമിലെത്തുമെന്ന് ചെന്നൈ മാനേജ്മെൻ്റ് പറഞ്ഞതുകൊണ്ട് തന്നെ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മൂന്നാം പേസർ എന്ന ഓപ്ഷനിലേക്ക് പോയൽ എങ്കിഡിയോ ഹേസൽവുഡോ എത്തും. ബൗളിംഗ് ഓൾറൗണ്ടർ എന്ന ടാഗ് സാൻ്റ്നറിനും സാധ്യതയാണ്. മറ്റ് മാറ്റങ്ങൾ ഉണ്ടാവാനിടയില്ല.