''അതുകൊണ്ടും മതിവരില്ലെന്ന് കാണ്മൂ
പതുക്കെ ഞാൻ
എണ്ണിത്തീർക്കാവതല്ലല്ലോ തിര, താരം, മണൽത്തരി....''
'ജലകാമനയുടെ വേദാന്തം' എന്ന് ആർ വിശ്വനാഥൻ അക്കിത്തത്തിന്‍റെ കവിതകളെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു കണ്ണീർക്കണമില്ലാതെ കവിയുടെ കവിതകളവസാനിക്കുന്നില്ല. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്‍റെ സ്നേഹാനുഭവമാണെന്ന് നമ്മളോട് പറഞ്ഞ്, ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസമെഴുതിവച്ച്, മടങ്ങുന്നു കവി.
ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിരുപാധികമായ സ്നേഹം പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ശക്തിയാവണമെന്ന് എന്നും ആഗ്രഹിക്കുകുയും ആ ആഗ്രഹം കവിതയിലേക്ക് പകര്‍ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം. മലയാള കാവ്യചരിത്രത്തിലെ ഒരു കാലഘട്ടത്തിന്‍റെ പര്യായമായി അക്കിത്തം അടയാളപ്പെടുത്തപ്പെട്ടു. മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്‍റെ ‘ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസവും’ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകവും’ പോലുള്ള കവിതകളാണെന്നും മുഖ്യമന്ത്രി ഓർമിച്ചു.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം.
ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.
അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കൃതിയിൽ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികൾ. ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻറെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.
2019ലാണ് മഹാകവിയെ തേടി ജ്ഞാനപീഠ പുരസ്കാരം എത്തുന്നത്. മലയാള സാഹിത്യത്തിൽ ജ്ഞാനപീഠം നേടുന്ന ആറാമത്തെ എഴുത്തുകാരനാണ് അക്കിത്തം.
ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ.പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. https://t.co/RMHLYVuXzB
— UCMI (@UCMI5) October 15, 2020