ആകാശവാണി വാര്‍ത്തകള്‍ | കേരളം |


സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നു രാവിലെ എട്ടു മുതല്‍ പത്തുവരെ ഒപി ബഹിഷ്‌കരിക്കും. കൊവിഡ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവയില്‍ സമരമില്ല. കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ ഇന്നു രാജിവയ്ക്കും.  രോഗിയെ പുഴുവരിച്ചതിനുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. നാളെ മുതല്‍ അനിശ്ചികാല പണിമുടക്ക്. നഴ്‌സുമാരും തിരുവനന്തപുരത്ത് റിലേ നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്.

തൃശൂര്‍ കുന്നംകുളത്ത് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പേരാലില്‍ സനൂപിനെ രാത്രി പതിനൊന്നരയോടെ കുത്തിക്കൊന്നു. 26 വയസായിരുന്നു. സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍, സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്ക് വെട്ടേറ്റു. ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഎം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമകാര്യ സെല്‍. ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം. രാജേഷാണ് സെല്ലിന്റെ തലവന്‍. കേസ് നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന് വിപുലമായ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് നിയമകാര്യ സെല്ലിന്റെ രൂപീകരണം. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ സര്‍ക്കാരിനെതിരേ കുരുക്ക് മുറുകുന്നതിനിടെയാണ് പുതിയ സെല്‍ രൂപീകരിച്ചത്.

ചൈനയുമായി ഏറ്റുമുട്ടല്‍ സാധ്യത മുന്നില്‍ കണ്ട് ഇന്ത്യന്‍ സേനയുടെ പടയൊരുക്കം.   കരസേനാ മേധാവി എം.എം. നരവനെയും വ്യോമസേനാ മേധാവി ആര്‍.കെ.എസ് ഭദൗരിയയും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ലഡാക്കില്‍ കരസേന ആവശ്യപ്പെടുന്ന സഹായങ്ങള്‍ എത്തിക്കാന്‍ വ്യോമസേനയ്ക്കു നിര്‍ദ്ദേശം നല്‍കി.

ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും. ആറു ഫയലുകളുമായി ഇന്നു രാവിലെ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിരുന്നു.

കേരളത്തില്‍ ഇന്നലെ 8,553 പേര്‍ക്ക് കോവിഡ്. 23 മരണം. ആകെ മരണം 836 ആയി. 84,497 പേരാണ് ചികിത്സയിലുള്ളത്. 2,57,707 പേര്‍ നിരീക്ഷണത്തിലുണ്ട്. 24 മണിക്കൂറിനിടെ 58,727 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ രോഗമുക്തരായ 4851 പേരടക്കം 1,44,471 പേര്‍ കോവിഡ്മുക്തരായി.

ഇന്നലെ രോഗം ബാധിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ 7527 പേര്‍ക്കു രോഗം ബാധിച്ചു. 716 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 30 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരം. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96.

കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന്‍ (75), വേളി സ്വദേശിനി ജോസഫൈന്‍ ഫ്രാങ്ക്‌ലിന്‍ (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന്‍ (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന്‍ ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68).

പുതിയ ഏഴു ഹോട്ട് സ്‌പോട്ടുകള്‍. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9). അഞ്ചു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ഇതോടെ ആകെ 725 ഹോട്ട് സ്‌പോട്ടുകള്‍.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍. കെപിസിസി ഓഫീസിലെ ജീവനക്കാരനു കോവിഡ് ബാധിച്ചതിനാലാണ് ക്വാറന്റൈനിലായത്.

തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ഈ മാസം 30 വരെ പൊതുജനങ്ങള്‍ നഗരസഭയിലെത്തുന്നത് ഒഴിവാക്കണമെന്ന് മേയര്‍ കെ ശ്രീകുമാര്‍.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ മലപ്പുറം ജില്ലയിലെ 69 സ്ഥലങ്ങളില്‍ പരിശോധന. 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും രണ്ടു ലാപ്‌ടോപ്പുകളും കണ്ടെടുത്തു മൂന്നു പേരെ അറസ്റ്റു ചെയ്തു.

മലപ്പുറം താനൂരില്‍ പി.വി.എസ് തിയേറ്ററിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് സൂചന. ബേപ്പൂര്‍ സ്വദേശി പറമ്പത്ത് റീജയുടെ മകന്‍ വൈശാഖി(27)നെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. തടിപ്പണിക്കു വന്ന വൈശാഖ് കൂട്ടുകാരുമായി മദ്യപിച്ച് ഉണ്ടായ വഴക്ക്  കൊലപാതകത്തില്‍ കലാശിച്ചെന്നാണ് നിഗമനം.

ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് ആഡംബര ബൈക്കുകളില്‍ എത്തി കവര്‍ച്ച നടത്തുന്ന സംഘം പിടിയിലായി. തൃശൂര്‍ പെരിഞ്ഞനത്തു കവര്‍ച്ച നടത്തിയ മൂന്നു പേരെയാണ അറസ്റ്റു ചെയ്തത്.

പരിയാരം മെഡിക്കല്‍ കോളജില്‍ വിതരണംചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ. നേരത്ത ഉയോഗിച്ച കിറ്റുകള്‍ കഴുകി വീണ്ടും പായ്ക്കു ചെയ്ത് എത്തിച്ചതാണെന്നു കരുതുന്നു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കൃഷിയിടങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവു വയ്ക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, താങ്ങുവില, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മൊത്തവ്യാപര വിപണികള്‍ എന്നിവയടങ്ങുന്ന സംവിധാനത്തെ പ്രധാനമന്ത്രി തകര്‍ക്കുന്നത് അംബാനി, അദാനിമാര്‍ക്കു വേണ്ടിയാണ്. രാഹുല്‍ പറഞ്ഞു. രാഹുല്‍ നയിക്കുന്ന ട്രാക്ടര്‍ റാലി നാളെ സമാപിക്കും.  

ഹാത്രസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് ബിജെപി മുന്‍ എംഎല്‍എ രാജ്വീര്‍ പഹല്‍വാന്‍. അറസ്റ്റിലായവരെ രക്ഷിക്കാന്‍ ഉന്നതജാതിക്കാരുടെ യോഗം സ്വന്തം വീട്ടില്‍ വിളിച്ചുകൂട്ടി. സിബിഐ അന്വേഷണത്തിലൂടെ യഥാര്‍ഥ്യം പുറത്തുവരുമെന്നും ബിജെപി നേതാവ് രാജ് വീര്‍.

ഹാത്രസില്‍ കുട്ടമാനഭംഗത്തിനുശേഷം കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രണ്ടു തവണ അദ്ദേഹത്തെ തടഞ്ഞെങ്കിലും ഇന്നലെ വൈകുന്നേരം അദ്ദേഹം ഹാത്രസിലെത്തി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  പെണ്‍കുട്ടിയുടെ അസ്ഥികള്‍ ഡിഎന്‍എ പരിശോധനക്കു വിധേയമാക്കണമെന്ന് കുടുംബാംഗങ്ങള്‍. ഇതേസമയം ഇന്നലെ ഹാത്രസിലേക്കു നടന്ന ആര്‍എല്‍ഡി മാര്‍ച്ചിനെതിരേ ലാത്തിച്ചാര്‍ജ് നടത്തി.

ഹാത്രസ് സന്ദര്‍ശനത്തിനിടെ പോലീസ് ലാത്തിച്ചാര്‍ജിനു മുന്നിലേക്കു ചാടിവീണ പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിക്കാന്‍ ശ്രമിച്ചതിന് നോയ്ഡ പൊലീസ് മാപ്പുപറഞ്ഞു.

കൂട്ടബലാത്സംഗം ചെയ്തു കൊന്ന ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കാത്ത യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. സംസ്ഥാന സര്‍ക്കാരിന്റെ മൗനം ദുഃഖകരമാണെന്ന് അവര്‍ പറഞ്ഞു.

അടുത്തവര്‍ഷം രാജ്യത്തെ 25 കോടിയോളം പേര്‍ക്ക് കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 40 മുതല്‍ 50 കോടിയോളം വാക്സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുക. ജൂലൈ മാസത്തോടെ 20 മുതല്‍ 25 കോടിയോളം ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാകും.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 902 പേര്‍ മരിച്ചു. 74,770 പേര്‍കൂടി രോഗികളായി. ഇതുവരെ 1,02,714 പേര്‍ മരിക്കുകയും 66,22,190 പേര്‍ രോഗികളാകുകയും ചെയ്തു. 9.35 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 55.83 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ 326 പേര്‍ മരിക്കുകയും 12,548 പേര്‍ രോഗികളാകുകയും ചെയ്തു. 2.55 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 10,145 പേരും ആന്ധ്രയില്‍ 6,242 പേരും തമിഴ്‌നാട്ടില്‍ 5,489 പേരും പുതുതായി രോഗികളായി.

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 4,008 പേര്‍കൂടി മരിച്ചു. 2,47,740 പേര്‍കൂടി രോഗികളായി. ഇതുവരെ 10,41,538 പേര്‍ മരിക്കുകയും 3.53 കോടി ജനങ്ങള്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 331 പേരും ബ്രസീലില്‍ 364 പേരും മെക്‌സിക്കോയില്‍ 388 പേരും മരിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗമായവര്‍ക്കും അത്തരം പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ക്കും അമേരിക്കന്‍ പൗരത്വം നിഷേധിക്കുന്നു. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്  പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്.

പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഗില്‍ജിത് ബാല്‍ടിസ്ഥാന്‍ പ്രദേശത്തിന്റെ സ്വയംഭരണാധികാരം റദ്ദാക്കുന്നു. ചൈനീസ് സമ്മര്‍ദ്ദമാണു കാരണം.  പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയില്‍ സന്ദര്‍ശിച്ച് പ്രഖ്യാപനം നടത്തിയേക്കും.

ചൈനയിലെ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്നര്‍ മംഗോളിയന്‍ വംശജരുടെ  പ്രതിഷേധം. ചൈനീസ് ഭാഷയില്‍ മാത്രമേ ഇനി എല്ലാ വിഷയങ്ങളും പഠിപ്പിക്കൂവെന്ന നയത്തിനെതിരേയാണ് പ്രതിഷേധം. മംഗോളിയന്‍ ഭാഷയേയും സംസ്‌കാരത്തെയും ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് മംഗോളയന്‍ വംശജര്‍.

ഐപിഎലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെ 10 വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ചെന്നൈ മറികടന്നു. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും ഷെയ്ന്‍ വാട്ട്സണുമാണ് ചെന്നൈയെ അനായാസമായി വിജയത്തിലെത്തിച്ചത്.

ആദ്യ മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 34 റണ്‍സിന്റെ വിജയം. 209 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് എഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പ്രകടനം പാഴായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. ഇന്നു ബംഗളൂരു- ഡല്‍ഹി മല്‍സരം.

ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്. നാലാം റൗണ്ടില്‍ പോളണ്ടിന്റെ പത്തൊമ്പതുകാരി ഇഗ സ്വിയാറ്റെകിനോടാണ് സിമോണ പരാജയപ്പെട്ടത്. ഇതോടെ സ്വിയാറ്റെക് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള പണ പ്രവാഹം ഇന്‍ഡക്സുകളുടെ തിളക്കം വര്‍ധിപ്പിച്ചു. നടപ്പ് വര്‍ഷം വിദേശ നിക്ഷേപം കനത്തത് ഓഹരി സൂചികയുടെ തിരിച്ച് വരവിന് വേഗത പകര്‍ന്നു.  മാര്‍ച്ച്-ഏപ്രില്‍ കാലയളവിലെ വന്‍ തകര്‍ച്ചക്ക് ശേഷം ഇന്ത്യന്‍ മാര്‍ക്കറ്റ്

കാഴ്ച്ചവെച്ച കുതിച്ചുചാട്ടം വര്‍ഷാന്ത്യം വരെ തുടരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

ഓള്‍ ഇന്ത്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സിലിന്റെ (ജിജെസി) നേതൃത്വത്തിലുളള വെര്‍ച്വല്‍ സ്വര്‍ണാഭരണ പ്രദര്‍ശനം  ആരംഭിച്ചു. ഒക്ടോ.10 നാണ് പ്രദര്‍ശനം സമാപിക്കുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്തരത്തിലൊരു വെര്‍ച്വല്‍ പ്രദര്‍ശനം നടത്തുന്നത്. മുംബൈ പ്രത്യേകം സ്റ്റുഡിയോ ക്രമീകരിച്ചാണ് ഇത് നടത്തുന്നത്. ജുവല്ലറി നിര്‍മ്മാതാക്കളെ ബന്ധപ്പെടുവാനും അവര്‍ നിര്‍മ്മിച്ചിട്ടുള്ള പുതിയ ഫാഷന്‍ സ്വര്‍ണാഭരണ നേരിട്ട് കാണുന്ന പ്രതീതിയില്‍  ആഭരണങ്ങള്‍ കാണുവാനും വാങ്ങുവാനും കഴിയുന്ന തരത്തിലാണ് വെര്‍ച്വല്‍ വേദി ഒരുക്കിയിരിക്കുന്നത്.

സ്വാസിക, റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'തുടരും' എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. അള്ള് രാമേന്ദ്രന്‍ എന്ന സിനിമ ഒരുക്കിയ ബിലഹരി ആണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ ഭാര്യ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. കഷ്ടപ്പാടുകള്‍ക്ക് ഇടയില്‍ സ്വയം തളച്ചിടാതെ ഭര്‍ത്താവിന് ചെറിയ 'പണി' കൊടുക്കുന്ന ശക്തയായ സ്ത്രീയെയും ചിത്രത്തില്‍ കാണാം. എന്തിനും ഏതിനും പരാതി പറയുന്ന ഭര്‍ത്താക്കന്‍മാര്‍ക്കുള്ള മുന്നറിയിപ്പാണ് പത്തര മിനുട്ടിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം.

കോവിഡ് ലോക്ഡൗണ്‍ കാലത്ത് കൗതുകമുണര്‍ത്തിയ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. 'ആര്‍ജിവി മിസ്സിംഗ്' എന്ന സിനിമയാണ് സംവിധായകന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ന്യൂസ് ചാനലിന്റെ സ്‌ക്രീന്‍ ഗ്രാബിന്റെ മാതൃകയിലാണ് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ''ആര്‍ജിവിയെ തട്ടിക്കൊണ്ടു പോയി പികെ ഫാന്‍സ്, കുടുംബം, മുന്‍ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മകന്‍ എന്നിവരെ സംശയിക്കുന്നു'' എന്ന ബ്രേക്കിംഗ് ന്യൂസ് പോകുന്നതായും പോസ്റ്ററില്‍ കാണാം. ആര്‍ജിവി വേള്‍ഡ് തിയേറ്റര്‍ എന്ന സ്വന്തം ആപ്പ് വഴിയാണ് രാം ഗോപാല്‍ വര്‍മ്മ നിലവില്‍ സ്വന്തം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാഹനത്തിന്റെ വിലയും പ്രഖ്യാപിച്ച് ബുക്കിംഗും തുടങ്ങിയിരിക്കുകയാണ് കമ്പനി. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി എട്ട് വേരിയന്റിലെത്തുന്ന രണ്ടാം തലമുറ ഥാറിന് 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

ദേശകാലാ സീമകളെ മറികടക്കുന്ന നാഗരികതയുടെ വികാസത്തില്‍ കോവിഡ് സൃഷ്ടിക്കുന്ന ആഘാതം സാമൂഹ്യ രാഷ്ട്രീയ സങ്കല്പങ്ങളെ തന്നെ പൊളിച്ചെഴുതുന്നു. ഈ അപദ്രംശത്തിന്റെ സൂക്ഷമവും വിപുലവുമായ പഠനങ്ങളുടെ സമാഹാരമാണ് പുസ്തകം. 'കോവിഡ് വ്യക്തി സമൂഹം രാഷ്ട്രീയം'. എഡിറ്റര്‍ - വി.എന്‍. ജയചന്ദ്രന്‍. എന്‍ബിഎസ്. വില 332 രൂപ.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അമേരിക്കയിലെ മൊഡേണ കമ്പനി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ പ്രായമായവരില്‍ സുരക്ഷിതവും ശക്തവുമായ പ്രതിരോധ പ്രതികരണമാണ് ഉളവാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുള്ള 11 വാക്‌സീനുകളിലൊന്നാണ് മൊഡേണയുടേത്. നിലവില്‍ നടക്കുന്ന മൂന്നാം ഘട്ട പരീക്ഷണത്തില്‍ മൊഡേണ ഉയര്‍ന്ന ഡോസ് വാക്‌സീന്‍ പരീക്ഷിക്കുന്നുണ്ട്. 56 മുതല്‍ 70 വയസ്സ് വരെയും 71നു മുകളിലുമുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. 18 മുതല്‍ 55 വയസ്സ് വരെ പ്രായമായവരില്‍ നടത്തിയ മൊഡേണയുടെ ഒന്നാം ഘട്ട പരീക്ഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. യുവാക്കളില്‍ ഉണ്ടാകുന്നതിന് സമാനമായി, വൈറസിനെ നിര്‍വീര്യമാക്കുന്ന തോതിലുള്ള ആന്റിബോഡികള്‍ പ്രായമായവരുടെ ശരീരത്തിലും വാക്‌സിന്‍ മൂലം ഉണ്ടായെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന ഡോസിലെ ഫ്‌ളൂ ഷോട്ടുകള്‍ക്ക് സമാനമായ പാര്‍ശ്വഫലങ്ങള്‍ മാത്രമേ വാക്‌സിന്‍ മൂലം പ്രായമായവരിലുണ്ടായുള്ളെന്നും പരീക്ഷണഫലങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രായമാകുന്നതോടെ പ്രതിരോധ ശേഷി ക്ഷയിക്കുമെന്നതിനാല്‍ പഠനഫലം പ്രതീക്ഷ .

ആകാശവാണി വാർത്തകൾ 05-10-2020 ഇവിടെ ക്ലിക്ക് ചെയ്യുക



യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...