ആകാശവാണി വാര്‍ത്തകള്‍ | കേരളം | പ്രഭാതം

ഇന്നു ഗാന്ധിജയന്തി. കോവിഡ് നിയന്ത്രണങ്ങള്‍മൂലം പൊതു പരിപാടികള്‍ ഓണ്‍ലൈനിലൂടെ.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മരണനാന്തര ചടങ്ങുകള്‍, വിവാഹം എന്നിങ്ങനെ ഇളവുകള്‍ അനുവദിച്ചിട്ടുള്ളവ ഒഴികെ സംസ്ഥാനത്ത് 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ മീറ്റിങ്ങുകളും യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. ഒക്ടോബര്‍ മൂന്ന് ശനിയാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ 31ന് അര്‍ദ്ധരാത്രി വരെയാണ് കൂടിച്ചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം.

സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രോഗവ്യാപനം തടയുന്നതിന് ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാന്‍ അതത് ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ ഒഴികെയുള്ള എല്ലാ കൂടിച്ചേരലുകള്‍ക്കും വിലക്ക് ഉണ്ടായിരിക്കും. സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. ഇതില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഒക്ടോബര്‍ 31 വരെ കൂടിച്ചേരലുകള്‍ വിലക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കു പോയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും പോലീസിന്റെ കൈയേറ്റം. ഇരുവരേയും അറസ്റ്റു ചെയ്ത് വിട്ടയച്ചു. രാഹുല്‍ഗാന്ധിയെ നെഞ്ചില്‍ പിടിച്ചു തള്ളി താഴെയിട്ടു. തിങ്ങിക്കൂടിയ പ്രവര്‍ത്തകര്‍ക്കെതിരേ ലാത്തിച്ചാര്‍ജു നടത്തി. എഐസിസി നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി. വേണുഗോപാല്‍, രന്ദീപ് സിങ് സുര്‍ജെവാല എന്നിവരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പോലീസ് അതിക്രമങ്ങള്‍ക്കെതിരേ  കോണ്‍ഗ്രസ് പ്രതിഷേധം.

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വാഹനങ്ങള്‍ യമുന എക്‌സ്പ്രസ് ഹൈവേയില്‍ പോലീസ് തടഞ്ഞു. 160 കിലോമീറ്റര്‍ അകലെയുള്ള ഹത്രാസിലേയ്ക്കു നേതാക്കള്‍ നടക്കാന്‍ തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. നടന്നുള്ള യാത്രയും പോലീസ് തടഞ്ഞു. പോലീസിന്റെ കൈയേറ്റത്തില്‍ രാഹുല്‍ ഗാന്ധി നിലത്തുവീണു. പ്രവര്‍ത്തകരും സുരക്ഷേ സേനയും ചേര്‍ന്നാണ് രാഹുലിനെ എഴുന്നേല്‍പിച്ചത്. തുടര്‍ന്ന് അറസ്റ്റു ചെയ്തുകൊണ്ടുപോകുകയായിരുന്നു.

ലൈഫ് മിഷന്‍ വിദേശപണം സ്വീകരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിബിഐ കേസ് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം. ലൈഫ് മിഷന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിബിഐ അന്വേഷണം തത്കാലം സ്റ്റേ ചെയ്തിട്ടില്ലെന്നുമാത്രം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സിബിഐയെ കൈകാര്യം ചെയ്തതുപോലെ ഇവിടെ കൈകാര്യം ചെയ്യുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരോ ലൈഫ് മിഷനോ ഇടപെട്ടില്ലെങ്കില്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്ത യുണിടെകിന് റെഡ്ക്രസന്റ് പണം നൽകിയത് എങ്ങനെയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിപ്പോഴുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വിദേശം പണം സ്വീകരിച്ചതെന്ന് സിബിഐ കോടതിയില്‍.

ലൈഫ് മിഷന്‍ ഫ്ളാറ്റുകളുടെ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷന്‍ ആയി നല്‍കിയെന്ന് യൂണിടാക് കമ്പനി ഉടമ  സന്തോഷ് ഈപ്പന്‍. സിബിഐ അന്വേഷണത്തിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍. 3.80 കോടി രൂപ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് കൈമാറി. സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ക്കായി സന്ദീപ് നായരുടെ അക്കൗണ്ടില്‍ 68 ലക്ഷം രൂപ നല്‍കി. അഞ്ച് ഐ ഫോണുകളില്‍ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണു നല്‍കിയതെന്നും ഹര്‍ജിയിലുണ്ട്.  

രമേശ് ചെന്നിത്തലയ്ക്കു ഫോണ്‍ നല്‍കിയെന്ന  യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് നിഷേധിച്ചു.  

നൂറു ദിവസംകൊണ്ട് അമ്പതിനായിരമല്ല, 95,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ഷികേതര മേഖലയില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴില്‍ സൃഷ്ടിക്കാനാണു നേരത്തെ തീരുമാനിച്ചിരുന്നത്. ഡിസംബറിനു മുമ്പ് അമ്പതിനായിരം തൊഴിലവസരങ്ങളുണ്ടാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 18,600 പേര്‍ക്കു തൊഴില്‍ നല്‍കും. കെഎസ്എഫ്ഇയില്‍ ആയിരം പേര്‍ക്ക് നിയമനം നല്‍കും.

ബാബറി മസ്ജിദ് തകര്‍ക്കല്‍ കടുത്ത നിയമലംഘനമാണെന്ന് സുപ്രീംകോടതി പലതവണ നിരീക്ഷിച്ചിട്ടും പ്രതികളെ വെറുതെ വിടാനാണ് കോടതി വിധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം ചെയ്തതു സംഘപരിവാറാണെങ്കില്‍ ഒത്താശ ചെയ്തത് കോണ്‍ഗ്രസായിരുന്നു. കുറ്റവാളികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2.71 കോടി വോട്ടര്‍മാര്‍.  അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ  2,71,20,823 വോട്ടര്‍മാര്‍ ഉണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.  1.29 കോടി പേര്‍ പുരുഷൻമാരും 1.41 കോടി പേര്‍ സ്ത്രീകളും 282 പേര്‍ ട്രാന്‍സ്ജെന്ററുകളുമാണ്. 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും ആറു കോര്‍പ്പറേഷനുകളിലേയും വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

കേരളത്തില്‍ 8,135 പേര്‍ക്കു കൂടി കോവിഡ്. 29 പേര്‍കൂടി മരിച്ചു. ആകെ മരണം 771 ആയി. 72,339 പേരാണ് ചികിത്സയിലുള്ളത്. 2,43,107 പേര്‍ നിരീക്ഷണത്തിലുണ്ട്. 24 മണിക്കൂറിനിടെ 59,157 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ രോഗമുക്തരായ 2,828 പേരടക്കം 1,31,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സമ്പര്‍ക്കത്തിലൂടെ 7013 പേര്‍ക്കു രോഗം ബാധിച്ചു. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130.

കോവിഡ് ബാധിച്ചു മരിച്ചവര്‍. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷര്‍മിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍നായര്‍ (75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ് (61), പാറശാല സ്വദേശി സുകുമാരന്‍ (73), ചാല സ്വദേശി ഹഷീര്‍ (45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍ (61), കൊറ്റൂര്‍ സ്വദേശി രാജന്‍ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂര്‍ സ്വദേശി മോഹനന്‍ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരന്‍ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനന്‍ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണന്‍ (59), വച്ചക്കുളം സ്വദേശിനി അല്‍ഫോണ്‍സ (57), എറണാകുളം സ്വദേശി റിസ്‌കി ആന്‍ഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരന്‍ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോന്‍ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോര്‍ജ് (85), തൃശൂര്‍ ഒറ്റപ്ലാവ് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (55), തൃശൂര്‍ സ്വദേശി ബലരാമന്‍ (53), ചേര്‍പ്പ് സ്വദേശി ഭാസ്‌കരന്‍ (85), ഗുരുവായൂര്‍ സ്വദേശിനി ലൈല (56), കല്ലൂര്‍ സ്വദേശിനി ലിസി (70), കാസര്‍ഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരന്‍ (62), മംഗല്‍പടി സ്വദേശിനി ഖദീജുമ്മ (90).  

പുതിയ 14 ഹോട്ട് സ്‌പോട്ടുകള്‍. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 14), മുട്ടം (13), കോട്ടയം ജില്ലയിലെ പാറത്തോട് (19), അയര്‍കുന്നം (19), തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളം (സബ് വാര്‍ഡ് 18), പടിയൂര്‍ (8, 11(സബ് വാര്‍ഡ്), 12), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15), കടമ്പനാട് (9), കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ (സബ് വാര്‍ഡ് 16), കൊല്ലം ജില്ലയിലെ മൈലം (13), കോഴിക്കോട് ജില്ലയിലെ മൂടാടി (സബ് വാര്‍ഡ് 4), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 1), കാസര്‍ഗോഡ് ജില്ലയിലെ ബെള്ളൂര്‍ (4), പാലക്കാട് ജില്ലയിലെ കുതന്നൂര്‍ (15). 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 656 ഹോട്ട് സ്‌പോട്ടുകള്‍.  

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന്. ഉച്ചകഴിഞ്ഞ് 3.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്ത് ഉദ്ഘാടനം ചെയ്യും. 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും.

നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തങ്കല്ല് കോളനി നിവാസിയായ ജയന്‍ ആണു മരിച്ചത്.

എപിഎല്‍ കാര്‍ഡ് ബിപിഎല്‍ കാര്‍ഡാക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന് മുന്നില്‍ വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടിയില്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കേരളത്തില്‍ ഡിസംബര്‍ വരെ തിയ്യറ്റര്‍ തുറക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഈ മാസം 15 മുതല്‍ തിയേറ്ററുകള്‍ തുറക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമെങ്കിലും നടപ്പാക്കേണ്ടെന്നാണ് സംഘടനയുടെ തീരുമാനമെന്നും ലിബര്‍ട്ടി ബഷീര്‍.

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  കൊല്ലുകയും മൃതദേഹം പോലീസ് ബലമായി സംസ്‌കരിക്കുകയും ചെയ്ത സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് നടന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലശ്കറിന്റെ ഭീഷണി. മാധ്യമങ്ങള്‍ വൈകാതെ പോകും, തങ്ങള്‍ മാത്രമേ ഇവിടെയുണ്ടാകൂ. മൊഴി തരുത്തണോയെന്ന് തീരുമാനിച്ചോളൂവെന്നായിരുന്നു ഭീഷണി. മജിസ്‌ട്രേട്ടിന്റെ ഭീഷണി വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്നതിനു തെളിവില്ല. സ്ഥലത്ത് ആസൂത്രിതമായി ജാതിസംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഉത്തര്‍പ്രദേശ് എഡിജി പ്രശാന്ത് കുമാര്‍.

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ അതിശക്തമായ വിമര്‍ശനം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതി. രാജ്യത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ ഭൂമിയായി മാറിയെന്നും ജസ്റ്റിസ് എന്‍. കൃപാകരന്‍. തിരുപ്പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കെയാണ് കോടതിയുടെ പരാമര്‍ശം.

രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും സഞ്ചരിക്കാന്‍ പ്രത്യേകമായി നിര്‍മ്മിച്ച ബോയിങ് വിമാനം ബി 777 അമേരിക്കയില്‍നിന്ന് ഡല്‍ഹിയിലെത്തി. 'എയര്‍ ഇന്ത്യ വണ്‍' എന്നപേരിലുള്ള വിമാനമാണിത്.

ലോക്ക്ഡൗണ്‍ കാരണം വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്ന് വിമാന കമ്പനികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് 15 ദിവസത്തിനകം തിരിച്ചു നല്‍കേണ്ടത്.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിനിടെ മുന്‍ കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദല്‍ പഞ്ചാബില്‍ അറസ്റ്റിലായി. ചണ്ഡീഗഢിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ  അറസ്റ്റിലായ അവരെ അര്‍ധരാത്രിയോടെ വിട്ടയച്ചു.

ഒഡീഷ നിയമസഭാ മന്ദിരത്തിനു മുന്നില്‍ അമ്മയുടെ കഴുത്തറുക്കുമെന്ന ഭീഷണി മുഴക്കിയ യുവാവ് പരിഭ്രാന്തി പരത്തി. ബിജെഡി സര്‍ക്കാരിലെ അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധം. പോലീസ് ഇടപെട്ട് സ്ത്രീയെ രക്ഷപ്പെടുത്തി. യുവാവ് മാനസികാസ്വാസ്ഥ്യം ഉള്ളയാളെന്നു പോലീസ്.

ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ പീരങ്കികള്‍ ഉപയോഗിച്ച് ശക്തമായ വെടിവയ്പു തുടരുന്നു. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി പാക് വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അഞ്ചു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷത്തിലേക്ക്. ഇന്നലെ 1,096 പേര്‍ മരിച്ചു. 81,693 പേര്‍കൂടി രോഗികളായി. 99,804 പേരാണ് ഇതുവരെ മരിച്ചത്. 63,91,960 പേര്‍കൂടി രോഗികളായി. 9.42 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 53.48 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രിയില്‍ ഇന്നലെ 394 പേര്‍ മരിക്കുകയും 16,476 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 2.59 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. കര്‍ണാടകത്തില്‍ 10,070 പേരും ആന്ധ്രയില്‍ 6,751 പേരും തമിഴ്‌നാട്ടില്‍ 5,688 പേരും പുതുതായി രോഗികളായി.

ലോകത്ത് കോവഡ് ബാധിച്ച് ഇന്നലെ 5,471 പേര്‍കൂടി മരിച്ചു. 3,13,375 പേര്‍കൂടി രോഗികളായി. ഇതുവരെ 10,23,683 പേരാണു മരിച്ചത്. 3.44 കോടി പേര്‍ രോഗബാധിതരായി. അമേരിക്കയില്‍ 912 പേരും ബ്രസീലില്‍ 805 പേരും മെക്‌സിക്കോയില്‍ 483 പേരും ഇന്നലെ മരിച്ചു.

ഹൈഡ്രജന്‍ ഉപയോഗിച്ച് പറക്കുന്ന വിമാനവുമായി ബ്രിട്ടീഷ് കമ്പനി. പരീക്ഷണപറക്കല്‍ വിജയകരമായി. ഈയിനം വിമാനങ്ങളുടെ വാണിജ്യനിര്‍മ്മാണം ഉടനേ തുടങ്ങും. യുഎസ്-യുകെ കമ്പനിയായ സീറോഅവിയയാണ് ഹൈഡ്രജന്‍ വിമാനം നിര്‍മിച്ചത്. 2023 ഓടെ വാണിജ്യ വ്യോമയാനരംഗത്തേക്ക് ഹൈഡ്രജന്‍ വിമാനം എത്തിയേക്കും.

ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ മുംബൈ ഇന്ത്യന്‍സ് 48 റണ്‍സിന് തോല്‍പ്പിച്ചു. മുംബൈ ഉയര്‍ത്തിയ 192 വിജയലക്ഷ്യം പിന്തുടര്‍ന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയുടെ രണ്ടാം ജയമാണിത്. മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമിട്ട പഞ്ചാബ് തകരുകയായിരുന്നു. ഇന്നു ചെന്നൈ- ഹൈദരാബാദ് മല്‍സരം.

ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന് സീസണില്‍ തുടര്‍ച്ചയായ അഞ്ചാം കിരീടം. ജര്‍മന്‍ എല്‍ ക്ലാസിക്കോയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ രണ്ടിനെതിരേ മൂന്നു ഗോളിനു തോല്‍പിച്ചാണ് ബയേണിന്റെ കിരീടനേട്ടം. ജര്‍മന്‍ കപ്പ്, ബുണ്ടസ് ലിഗ, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടിയതിനു പിറകേയാണ്  ജര്‍മന്‍ സൂപ്പര്‍ കപ്പും ഹാന്‍സി ഫ്‌ളിക്കിന്റെ സംഘം സ്വന്തമാക്കിയത്.

മുന്‍ ചാമ്പ്യന്‍ യെലീന ഒസ്റ്റപെങ്കോ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍. രണ്ടാം സീഡ് കരോളിന പ്ലിസ്‌കോവയെ അട്ടിമറിച്ചാണ് ഒസ്റ്റപെങ്കോ മൂന്നാം റൗണ്ടിലെത്തിയത്. പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തി.

ഗൂഗിള്‍ മീറ്റില്‍ സൗജന്യ വീഡിയോ കോളിങ് സൗകര്യം മാര്‍ച്ച് 31 വരെ നീട്ടിനല്‍കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. ഇതോടെ മാര്‍ച്ച് 31 വരെ ഉപയോക്താക്കള്‍ക്ക് ദിവസവും തുടര്‍ച്ചയായി 24 മണിക്കൂര്‍ വീഡിയോ കോള്‍ ചെയ്യാനാവും. ദിവസങ്ങള്‍ക്ക് മുമ്പ് ഈ സൗകര്യം സെപ്റ്റംബര്‍ 30 മുതല്‍ പിന്‍വലിക്കുകയാണെന്നും സൗജന്യ ഉപയോക്താക്കളുടെ വീഡിയോ കോള്‍ സമയം ഒരു മണിക്കൂര്‍ മാത്രമാക്കി ചുരുക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.

ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനെ ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചു. ഫെയ്സ്ബുക്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മെസഞ്ചറിലെ ആകര്‍ഷകമായഫീച്ചറുകള്‍ ലഭ്യമാകുന്നതോടൊപ്പം ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ക്കും തിരിച്ചും ചാറ്റ് ചെയ്യാം. വാട്സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിലെ ആശയവിനിമയം പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതി ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്.

തങ്ങളുടെ ആദ്യ തമിഴ് ആന്തോളജി ചിത്രം പ്രഖ്യാപിച്ച് നെറ്റ്ഫ്ളിക്സ്. തമിഴകത്തെ പ്രമുഖ സംവിധായകരായ ഗൗതം മേനോന്‍, വെട്രിമാരന്‍, സുധ കൊങ്കര, വിഗ്‌നേശ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന 'പാവ കഥൈകള്‍' എന്ന ചിത്രമാണ് നെറ്റ്ഫ്ളിക്സ് പ്ലാറ്റ്ഫോമില്‍ റിലീസിന് ഒരുങ്ങുന്നത്. പ്രണയവും ദുരഭിമാന കൊലപാതകങ്ങളുമാണ് ചിത്രത്തിനാധാരം. ആന്തോളജിയിലെ 'തങ്കം' എന്ന ചിത്രമാണ് സുധ കൊങ്കര ഒരുക്കുന്നത്. കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ലവ് പണ്ണ ഉത്രനം' എന്ന ചിത്രമാണ് വിഗ്‌നേശ് ശിവന്‍ ഒരുക്കുന്നത്. അഞ്ജലിയും കല്‍ക്കി കൊച്ചലിനുമാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ഒരു ഇരവു' എന്നാണ് വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര്. സായ് പല്ലവിയും പ്രകാശ് രാജുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഗൗതം മേനോന്‍ ഒരുക്കുന്ന 'വാന്‍മകള്‍' എന്ന ചിത്രത്തില്‍ സംവിധായകനും സിമ്രനുമാണ് വേഷമിടുന്നത്.

സുഡാനി ഫ്രം നൈജീരിയ' സംവിധായകന്‍ സക്കറിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലൗ സ്റ്റോറി' ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ 15 നാണ് റിലീസ്. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദീന്‍, ഗ്രേസ് ആന്റണി, സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...