കള എന്ന ചിത്രത്തിന്റെ ഷട്ടിംഗിനിടെ ഇന്നലെ വയറിൽ പരുക്കേറ്റ നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 24 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും റെനൈ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ കോടതിയില്‍ തെളിവു ഹാജരാക്കാനാകാതെ എന്‍ഐഎ. ഭീകരവാദം സ്ഥാപിക്കാന്‍ എന്ത് തെളിവുണ്ടെന്ന് എന്‍ഐഎയോട് കോടതി വീണ്ടും ചോദിച്ചു. കള്ളക്കടത്തില്‍ യുഎപിഎ ആണോ പ്രതിവിധിയെന്നും കോടതി ചോദിച്ചു. യുഎഇ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് എന്‍ഐഎ വാദിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയെ എന്‍.ഐ.എ എതിര്‍ത്തു.
സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സഹായത്തോടെയാണ് നിയമനം ലഭിച്ചത്. സ്വപ്നയും ശിവശങ്കറും പല തവണ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അഞ്ചാ ആറോ തവണ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും ഒഴിഞ്ഞുപോകുന്നതാണ് മാന്യതയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നിത്തലയെത്തിയത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയോടെ അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമായെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
മുന്‍ സിബിഐ ഡയറക്ടറും നാഗലാന്‍ഡ് ഗവര്‍ണറും ഹിമാചല്‍ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാറിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. 69 വയസായിരുന്നു. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വര്‍ണക്കടത്തു കേസില്‍ മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ശിവശങ്കറിന് നിര്‍ദ്ദേശം നല്‍കി.
കര്‍ഷകരുടെ ക്ഷേമത്തിനായി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാനും ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
സംസ്ഥാനത്ത് ഇന്നലെ 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22 മരണം. ഇതോടെ ആകെ മരണം 907 ആയി. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.. ഇന്നലെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരം, കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120
കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരം.: തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74)
മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65),
ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90),പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88),
ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80).
സംസ്ഥാനത്ത് ഇന്നലെ 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകള്‍.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തിരുവനന്തപുരം പാങ്ങപ്പാറയിലെ ആശുപത്രിയില്‍ ഉദ്ഘാടനം. മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ ശ്രീകുമാറുമടക്കം അഞ്ഞൂറോളം പേരാണ് 144 ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്തത്. കണ്‍ടെയ്ന്‍മെന്റ് സോണായ ശ്രീകാര്യത്താണ് ഉദ്ഘാടനം നടന്നത്.
തിരുവനന്തപുരം അമ്പൂരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആദിവാസി വിദ്യാര്‍ഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷിജുവാണ് മരിച്ചത്. പച്ചമരുന്നും വിറകും ശേഖരിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം വനത്തിലേക്ക് പോയതായിരുന്നു.
മലപ്പുറം താനൂരില്‍ യുവാവിനെ കൊന്നു കുളത്തില്‍ തള്ളിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ബേപ്പൂര്‍ സ്വദേശി വൈശാഖി(27)നെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തും പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയുമായ ദിനൂപി(അനൂപ്-30)നെ അറസ്റ്റ് ചെയ്തത്. അനൂപ് മദ്യപിക്കുന്ന കാര്യം സ്ഥാപന ഉടമയെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനും, വൈദ്യുത വകുപ്പുമന്ത്രി എം.എം. മണിക്കും കോവിഡ് സ്ഥിരീകരിച്ചു. കെ.ടി ജലീൽ മന്ത്രി ഹോം ക്വാറന്റീനിലാണ്. എം. എം. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിതന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
നാട്ടകത്തുനിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ വൈക്കത്തു കാണാതായ ജിഷ്ണു ഹരിദാസിന്റേതെന്ന് ഡിഎന്‍എ ഫലം. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് മരിച്ചത് ജിഷ്ണു തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരിച്ചത്. പരിശോധന ഫലം ജിഷ്ണുവിന്റെ കുടുംബം അംഗീകരിച്ചിട്ടില്ല.
യുട്യൂബില്‍ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍. ജാമ്യം നല്‍കിയാല്‍ നിയമം കൈയിലെടുക്കാന്‍ അത് മറ്റുളളവര്‍ക്കും പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയില്‍ വാഹന പരിശോധനക്കിടെ വയോധികനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐ ക്ക് സ്ഥലം മാറ്റം.ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിനു പിറകിലിരുന്നു യാത്ര ചെയ്തതിന് മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷന്‍ എസ് ഐ നജീം മുഖത്തടിക്കുകയും ജീപ്പിലേക്കു വലിച്ചു കയറ്റുകയും ചെയ്തത്. കൊല്ലം എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയുണ്ടാകും.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. കേരളത്തില്‍ നിന്നുളള ഒരെണ്ണം അടക്കം 24 സര്‍വകലാശാലകളാണ് പട്ടികയിലുളളത്. കൂടുതല്‍ വ്യാജ സര്‍വകലാശാലകളും ഉത്തര്‍പ്രദേശില്‍ നിന്നുളളവയാണ്. സെന്റ്.ജോണ്‍സ് യൂണിവേഴ്സിറ്റി കിശനറ്റമാണ് കേരളത്തിൽ നിന്നുള്ള വ്യാജ സര്‍വ്വകലാശാല.
കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.എന്തുകൊണ്ടാണ് മോദി പത്രസമ്മേളനം വിളിച്ച് കാര്‍ഷിക നിയമം ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതാണ് എന്ന് പറയാത്തത്? എന്തുകൊണ്ടാണ് അദ്ദേഹം പഞ്ചാബില്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് ഇക്കാര്യം അവരോട് പറയാത്തത്? മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി ഭയക്കുന്നതെന്തുകൊണ്ടാണ്?, രാഹുല്‍ ചോദിച്ചു.
ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനുള്ള സുരക്ഷ യു.പി പോലീസ് ശക്തമാക്കി. വീടിന് ചുറ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നു വാര്‍ത്ത നല്‍കിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. സച്ചിന്‍ പൈലറ്റിന്റെ മീഡിയ മാനേജര്‍ ലോകേന്ദ്ര സിങ്, ആജ് തക്കിന്റെ എഡിറ്റര്‍ ശരത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 963 പേര്‍ മരിച്ചു. 83,209 പേര്‍കൂടി രോഗികളായി. ഇതുവരെ 1,05,554 പേര്‍ മരിച്ചു. 68,32,988 പേരാണു രോഗബാധിതരായത്. 9.01 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 58.24 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 365 പേര്‍ മരിക്കുകയും 14,578 പേര്‍ രോഗികളാകുകയും ചെയ്തു. 2.44 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 10,9471 പേരും തമിഴ്നാട്ടില്‍ 5,447 പേരും ആന്ധ്രയില്‍ 5,120 പേരും പുതുതായി രോഗികളായി.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,571 പേര്‍കൂടി മരിച്ചു. 3,31,593 പേര്‍ കൂടി രോഗികളായി. ഇതുവരെ 10,59,664 പേര്‍ മരിക്കുകയും 3.63 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 800 പേരും ബ്രസീലില്‍ 657 പേരും മരിച്ചു.
കമ്പ്യൂട്ടര്‍ സോഫ്ട്വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിംഗ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ടു വനിതാ ഗവേഷകര്‍ക്ക് രസതന്ത്ര നൊബേല്‍ പുരസ്‌കാരം. ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്ന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
കുവൈറ്റ് കിരീടാവകാശിയായി നാഷണല്‍ ഗാര്‍ഡ് ഉപമേധാവി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹിനെ നിയമിച്ചു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത രാഹുല്‍ ത്രിപാഠിയുടെ 81 റണ്‍സിന്റെ ബലത്തില്‍ 167 റണ്‍സെടുത്തു. എന്നാല്‍ 168 വിജയലക്ഷ്യവുമായി ബാറ്റേന്തിയ ചെന്നൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാുവാനേ സാധിച്ചുള്ളു. ഇന്നു ഹൈദരാബാദ് - പഞ്ചാബ് മല്‍സരം.
ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതിയില്‍ 2020ല്‍ 42ശതമാനത്തോളം വര്‍ധന. മറ്റുരാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതിയില്‍ വന്‍തോതില്‍ കുറവുണ്ടായതാണ് കാരണമായി പറയുന്നത്. ലോകത്തെതന്നെ ഏറ്റവുംവലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2020ല്‍ കയറ്റുമതി 1.4 കോടി ടണ്ണാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം 99 ലക്ഷം ടണ്‍ അരിയാണ് കയറ്റുമതി ചെയ്തത്.
കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപമിറക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്‌സിലാണ് ആനന്ദ് മഹീന്ദ്ര നിക്ഷേപം നടത്തിയത്. വ്യക്തിപരമായ നിക്ഷേപമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാര്‍ നടത്തിയത്. ലോകത്ത് തന്നെ ആദ്യമായി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന റോബോട്ടുകളെ നിര്‍മ്മിച്ച് ശ്രദ്ധേയമായവരാണ് ജെന്‍ റോബോട്ടിക്‌സ്. കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭമാണ് 2017-ല്‍ ജെന്‍ റോബോട്ടിക്‌സായി ഇപ്പോള്‍ കാണുന്ന രൂപത്തിലായത്.