ആകാശവാണി വാര്‍ത്തകള്‍ | കേരളം |



സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും ദുബായില്‍ അറസ്റ്റു ചെയ്‌തെന്ന് എന്‍ഐഎ. ഇവരെ ചോദ്യം ചെയ്‌തെന്നും ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നും എന്‍.ഐ.എ കോടതിയില്‍. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദം. ഇന്റര്‍പോള്‍ വഴി ആറു പേര്‍ക്കെതിരേ ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കിയെന്നും അവര്‍ അറിയിച്ചു.

ലൈഫ് മിഷന്‍ യുഎഇ റെഡ് ക്രസന്റ് കരാറുമായി ബന്ധപ്പെട്ട വിവാദ രേഖകള്‍ സിബിഐക്ക് കൈമാറേണ്ടെന്ന് സംസ്ഥാന വിജിലന്‍സ്. രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്. അവ കോടതി നിര്‍ദ്ദേശം ഇല്ലാതെ നല്‍കേണ്ടെന്നാണ് തീരുമാനം. ലൈഫ് മിഷന്‍ കോഴ തട്ടിപ്പു കേസില്‍  സിബിഐ അന്വേഷണത്തിനു തൊട്ടുമുമ്പ് നാടകീയമായാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് രേഖകള്‍ കൈവശപ്പെടുത്തിയത്.

പന്നിത്തടത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. ചിറ്റിലങ്ങാട് സ്വദേശി തറയില്‍വീട്ടില്‍ നന്ദനെ(48)യാണ് പിടികൂടിയത്. നേരത്തെ ഇയാളുടെ പോര്‍കുളത്തെ ഭാര്യവീട്ടിലും മറ്റു കേന്ദ്രങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. നന്ദന്റെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടര്‍ അടക്കം മൂന്നു ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റംലാബീവി, ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സസ്പെന്‍ഷനെതിരേ ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധസമരം നടത്തിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പുനല്‍കിയിരുന്നു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. അനുമതി ലഭിക്കുന്നതുവരെ അവിടെ തുടരുമെന്ന് രാഹുല്‍ഗാന്ധിയും പ്രവര്‍ത്തകരും. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍നിന്ന് ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് ട്രാക്ടര്‍ റാലിക്കു പ്രവേശനം അനുവദിച്ചില്ല. നൂറുകണക്കിന് പോലീസുകാരെയാണ് വിന്യസിച്ചത്.

കേരളത്തില്‍ ഇന്നലെ 7,871  പേര്‍ക്ക് കോവിഡ്. 25 മരണം. ആകെ മരണം 884 ആയി.  87,738 പേര്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറില്‍ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. 2,63,094 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രോഗമുക്തരായ 4,981 പേരടക്കം 1,54,092 പേര്‍ ഇതുവരെ കോവിഡ്മുക്തരായി.

സമ്പര്‍ക്കം മൂലം 6,910 പേര്‍ക്കു രോഗം ബാധിച്ചു. 640 പേരുടെ ഉറവിടം വ്യക്തമല്ല. 111 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരം. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56.

കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരം. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന്‍ (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന്‍ (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന്‍ (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന്‍ (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന്‍ (52).

പുതിയ 13 ഹോട്ട് സ്‌പോട്ടുകള്‍. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6). 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ആകെ 718 ഹോട്ട് സ്‌പോട്ടുകള്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ പഞ്ചായത്തുകളും നഗരസഭകളും കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

സംസ്ഥാനത്തു മാസ്‌ക് ധരിക്കാത്തതിന് 7,462 പേര്‍ക്കെതിരേ നടപടിയെടുത്തെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ ലംഘിച്ചതിന് ഇന്നലെ 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 126 പേര്‍ അറസ്റ്റിലായി.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടനേ തുറക്കില്ലെന്നു മുഖ്യമന്ത്രി. കേന്ദ്ര നിര്‍ദേശമനുസരിച്ച് ഈ മാസം 15 നു തുറക്കാം. അങ്ങനെ വേണമെന്നാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ രോഗവ്യാപനം തടയാനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കേസിലും പണമിടപാടിലും വിവരങ്ങള്‍ തേടി ബിനീഷ് കോടിയേരിയെ  ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ദിവസം ശബരിമല ദര്‍ശനത്തിന് ആയിരം പേരെ മാത്രമേ അനുവദിക്കാവൂവെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദേശം. 10 നും 60 നും മധ്യേ പ്രായമുള്ളവര്‍ക്കു മാത്രമാണു പ്രവേശനം. കാനന പാതവഴി സഞ്ചാരം അനുവദിക്കില്ല. ശനി, ഞായര്‍ ദിനങ്ങളില്‍ രണ്ടായിരം പേരെ പ്രവശിപ്പിക്കാം. വിശേഷ ദിവസങ്ങളില്‍ അയ്യായിരം പേരേയും. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ ദര്‍ശനത്തിന് അനുവദിക്കു.

പോലീസുദ്യോഗസ്ഥര്‍ക്കു കോവിഡ് പ്രതിരോധ ബഹുമതിക്ക് നൂറു രൂപ വില.  കോവിഡ് വാരിയര്‍ ബാഡ്ജ് പണം കൊടുത്ത് വാങ്ങാനാണ് ഡിജിപിയുടെ നിര്‍ദേശം. ഇതേക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി.

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തീപിടിത്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഡാലോചന കണ്ടെത്തണം. സത്യം മൂടി വയ്ക്കാനുള്ള സര്‍ക്കാരിന്റെ  മറ്റൊരു ശ്രമം കൂടി പൊളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടത്താറുണ്ടെങ്കിലും അവര്‍ വിദഗ്ധ സമിതിയല്ല, ഡോക്ടര്‍മാരുടെ സംഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും മറ്റു സംസ്ഥാനങ്ങളും ഐ.എം.എയെ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി.

അടിമാലിയില്‍ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം. മൂന്നു പേര്‍ അറസ്റ്റില്‍. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്.

കേരള സംസ്ഥാന സഹകരണ ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും ലയിച്ചതിനു ശേഷമുള്ള കേരള ബാങ്കിന്റെ ആദ്യ ബാലന്‍സ് ഷീറ്റില്‍ 374.75 കോടി രൂപയുടെ ലാഭം.  2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ബിസിനസ് 1,01,194 കോടി രൂപയാണ്. ലയനസമയത്ത് സഞ്ചിത നഷ്ടം 1150.75 കോടി രൂപയായിരുന്നു. നാലു മാസത്തിനുള്ളില്‍ സഞ്ചിത നഷ്ടം 776 കോടി രൂപയായി കുറച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു യാത്ര ചെയ്യാന്‍ ജനങ്ങളുടെ എണ്ണായിരം കോടി രൂപ മുടക്കി വിമാനം വാങ്ങിയവരാണ് താനിരുന്ന ട്രാക്ടറില്‍ കുഷ്യന്‍ വച്ചിട്ടുണ്ടെന്നു വിളിച്ചു പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ പുതിയ എയര്‍ ഇന്ത്യ വണ്‍ വിമാനത്തെ പരാമര്‍ശിച്ചാണ് രാഹുലിന്റെ തിരിച്ചടി.

മുംബൈയിലെ നടിക്ക് വൈ-പ്ലസ്‌കാറ്റഗറി സുരക്ഷ നല്‍കുന്ന കേന്ദ്രം ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് ഒരു സഹായവും നല്‍കാത്തതു വിചിത്രമെന്ന് ശിവസേന. ബോളിവുഡ് താരം കങ്കണയ്ക്കു സുരക്ഷ നല്‍കിയതിനെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ഇങ്ങനെ മുഖപ്രസംഗം എഴുതിയത്.

ഹാത്രസ് പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പരസ്യമാക്കിയ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവിയ, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, ബോളിവുഡ് നടി സ്വരഭാസ്‌കര്‍ എന്നിവര്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു.

ബിഹാറില്‍ എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയെന്ന് ബി.ജെ.പി. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടു കളത്തിലിറങ്ങിയ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനു തിരിച്ചടി.

കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധുവിന് കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെ യാത്ര മുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം. 2021 ഡിസംബര്‍ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടും.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 990 പേര്‍ മരിച്ചു. 71,869 പേര്‍കൂടി രോഗികളായി. ഇതുവരെ 1,04,591 പേര്‍ മരിച്ചു. 67,54,179 പേരാണു രോഗബാധിതരായത്. 9.07 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 57.41 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 370 പേര്‍ മരിക്കുകയും 12,258 പേര്‍ രോഗികളാകുകയും ചെയ്തു. 2.47 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 9,993 പേരും തമിഴ്‌നാട്ടില്‍ 5,017 പേരും ആന്ധ്രയില്‍ 5,795 പേരും പുതുതായി രോഗികളായി.  

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,435 പേര്‍കൂടി മരിച്ചു. 3,05,017 പേര്‍ കൂടി രോഗികളായി. ഇതുവരെ 10,53,921 പേര്‍ മരിക്കുകയും 3.60 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 693 പേരും ബ്രസീലില്‍ 798 പേരും മരിച്ചു.

ഇന്ത്യ നിയമബദ്ധമായ ലോകക്രമത്തിനായി നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് ഈ പ്രസ്താവന.

തമോഗര്‍ത്തങ്ങളുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ മുന്നേറ്റം നടത്തിയ മൂന്നു ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം. ബ്രിട്ടീഷ് ഗവേഷകന്‍  റോജര്‍ പെന്‍ റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം.

രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ടായി. ഇന്നു കൊല്‍ക്കത്ത- ചെന്നൈ മല്‍സരം.

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, പ്രമുഖ ഇന്ത്യന്‍ എയര്‍ലൈനായ വിസ്താരയുമായി ചേര്‍ന്ന് അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി 'ആക്‌സിസ് ബാങ്ക് ക്ലബ് വിസ്താര ഫോറെക്‌സ് കാര്‍ഡ്' എന്ന പേരില്‍ കോ-ബ്രാന്‍ഡഡ് ഫോറെക്‌സ് കാര്‍ഡ് അവതരിപ്പിച്ചു. അന്താരാഷ്ട്ര യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന കാര്‍ഡ് ഒട്ടേറെ സവിശേഷതകളും ആകര്‍ഷകമായ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മള്‍ട്ടി കറന്‍സി ഫോറെക്‌സ് കാര്‍ഡിന് 16 കറന്‍സികള്‍ വരെ ലോഡ് ചെയ്യാനാകും.

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍) ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു. ഷൂട്ടിംഗ് സാമഗ്രികളെല്ലാം പൊടിപിടിച്ച നിലയിലായിരുന്നു. നൂറ് കോടിക്ക് മുകളില്‍ ചെലവിട്ട് നിര്‍മ്മിച്ച സെറ്റ് ആണിത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛന്‍ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...