കൊവിഡ് വ്യാപനം വര്‍ധിച്ചെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സമരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടേ നടത്തൂവെന്ന് യുഡിഎഫും ബിജെപിയും സമ്മതിച്ചു. വിവാഹത്തിന് നൂറു പേരെ അനുവദിക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തില്‍ അമ്പതു പേരായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം അംഗീകരിക്കാനാവില്ലെന്നാണു സിപിഎമ്മിന്റെ നിലപാട്. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഓരോ അഭിപ്രായമുണ്ട്. അതെല്ലാം സര്‍ക്കാരിന്റെ നിലപാടല്ല. മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ നീക്കമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമ സെക്രട്ടറിയുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളുണ്ട്. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സിബിഐയുടെ അന്വേഷണം തടയാനുള്ള ഓര്‍ഡിനന്‍സിനെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓര്‍ഡിനന്‍സ് വരുന്നുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ചില കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ്. സിബിഐ അന്വേഷണം ആ വഴിക്കു നടക്കും. ലാവ്‌ലിന്‍ കേസ് ഇന്നു പരിഗണിക്കാനിരിക്കേ, സുപ്രീം കോടതിയിലെ കാര്യം സുപ്രീം കോടതിയില്‍തന്നെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു പുതിയ നിക്ഷേപങ്ങളേയും വ്യവസായങ്ങളേയും പ്രോല്‍സാഹിപ്പിക്കാന്‍ ലൈസന്‍സും അനുമതികളും ഓണ്‍ലൈന്‍ വഴി സാധ്യമാക്കും. ഇതിനായി കെ സ്വിഫ്റ്റ് നവീകരിച്ചു. റെഡ് കാറ്റഗറിയില്‍പെടാത്ത സംരംഭങ്ങള്‍ക്ക് ഏഴു ദിവസത്തിനകം അനുമതി നല്‍കും. ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കും.
ലൈഫ് മിഷന്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ്. ഫയലുകളുമായി ഒക്ടോബര്‍ അഞ്ചിന് സിബിഐ ഓഫീസില്‍ ഹാജരാകണം. ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു.വി. ജോസായിരുന്നു. ധാരണാപത്രവും രേഖകളും ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റും നോട്ടീസ് നല്‍കിയിരുന്നു.
സ്വപ്‌നയ്ക്കു കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. സിബിഐക്കു മുന്നിലാണ് ഇക്കാര്യം സമ്മതിച്ചത്. പണം നല്‍കിയെന്നു വ്യക്തമാക്കുന്ന ഡയറി സിബിഐ കസ്റ്റഡിയിലെടുത്തു. സന്തോഷ് ഈപ്പന്റെ ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പതോളം അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസ്. ബെഞ്ച് ക്ലാര്‍ക്ക് നിര്‍മ്മലാനന്ദനെ ആക്രമിച്ചതിനാണ് കേസ്. അഭിഭാഷകന്‍ ചോദിച്ച കേസിന്റെ വിവരങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്നുളള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ അവസാനിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും വിലക്കുംമൂലമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആംനെസ്റ്റിക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
കേരളത്തില്‍ 7354 പേര്‍ക്ക് കൂടി കോവിഡ്. ദിവസേനയുള്ള രോഗവ്യാപനത്തില്‍ കേരളം ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കർണാടകയും. ഇന്നലെ 22 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 719 ആയി. 61,791 പേരാണ് ചികിത്സയിലുള്ളത്. 2,36,960 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രോഗമുക്തരായ 3,420 പേരടക്കം 1,24,688 പേര്‍ കോവിഡ്മുക്തരായി.
സമ്പര്‍ക്കത്തിലൂടെ 7,036 പേര്‍ക്കു രോഗം ബാധിച്ചു. അതിൽ 672 പേരുടെ ഉറവിടം വ്യക്തമല്ല. 130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. രോഗബാധിതരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 130 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57.
കോവിഡ് ബാധിച്ചു മരിച്ചവര്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോന്‍ ഡാനിയല്‍ (55), പെരുമ്പുഴ സ്വദേശി മുരളീധരന്‍പിള്ള (62), അഞ്ചല്‍ സ്വദേശിനി ഐഷ ബീവി (80), കോട്ടയം നാട്ടകം സ്വദേശിനി സാറാമ്മ (75), പായിപ്പാട് സ്വദേശി കെ.കെ രാജ (53), തൃശൂര്‍ വടക്കേക്കാട് സ്വദേശി കുഞ്ഞുമോന്‍ (72), പുറനാട്ടുകര സ്വദേശി കുമാരന്‍ (78), ഒല്ലൂര്‍ സ്വദേശിനി ജയ (57), മലപ്പുറം വട്ടത്തൂര്‍ സ്വദേശി ജോയ് (64), വേങ്ങര സ്വദേശിനി ഫാത്തിമ (63), മാമ്പ്രം സ്വദേശി അബൂബക്കര്‍ (67), ന•ാണ്ട സ്വദേശി മുഹമ്മദ് (77), പാലക്കാട് കുമാരനല്ലൂര്‍ സ്വദേശി ശേഖരന്‍ (79), കമ്പ സ്വദേശി ദാസന്‍ (62), കണ്ണൂര്‍ താന സ്വദേശി എ.കെ. കുഞ്ഞാലി (73), കാരിയാട് സ്വദേശി കുഞ്ഞാലീമ (60), പഴയങ്ങാടി സ്വദേശി കുഞ്ഞിക്കണ്ണന്‍ (65), പയ്യന്നൂര്‍ സ്വദേശി ആര്‍.വി. നാരായണന്‍ (70), ചെറുകുന്ന് സ്വദേശിനി ജമീല (66), കര്‍ണാക കൊടക് സ്വദേശി (ബിഎസ്എഫ് മുട്ടത്തറ) മജീദ് (51).
പുതിയ 11 ഹോട്ട് സ്‌പോട്ടുകള്‍. വയനാട് ജില്ലയിലെ പൊഴുതന (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ പുറമേരി (10, 13, 14), കൊല്ലം ജില്ലയിലെ പരവൂര്‍ (25), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (11), ആലപ്പുഴ ജില്ലയിലെ ആല (10). പത്തു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ആകെ 661 ഹോട്ട് സ്‌പോട്ടുകള്‍.
വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എക്കെതിരേ പുറത്തുവന്ന നീതു ജോണ്‍സണ്‍ എന്ന സാമൂഹിക മാധ്യമ കഥാപാത്രത്തിന് സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍.
പ്രതിപക്ഷവും ബിജെപിയും കേന്ദ്രഏജന്‍സികളെ കൊണ്ടുവന്ന് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാനത്ത് സമരം ശക്തമാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പുണ്ടാക്കിയന്നെും സുരേന്ദ്രന്‍ വിമര്‍ശിച്ചു.
വൈത്തിരിയിലെ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് സി.പി. ജലീല്‍ കൊലപ്പെട്ടതെന്നു പോലീസ്. ജലീല്‍ വെടിവച്ചുവെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പൊലീസ്.
ചെങ്ങന്നൂര്‍ എം.സി റോഡില്‍ വിഗ്രഹനിര്‍മാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പോലീസ്. കാണാതായ വിഗ്രഹം സ്ഥാപനത്തിനരികിലെ തോട്ടില്‍നിന്ന് കണ്ടെത്തി. ആക്രമണം നടത്തിയ മുന്‍ജീവനക്കാരനെ കവര്‍ച്ചാക്കേസില്‍ കൂടി കുടുക്കാനാണ് ഉടമകള്‍ രണ്ടു കോടി രൂപയുടെ വിഗ്രഹം കവര്‍ന്നെന്നു വ്യാജ പരാതി ഉന്നയിച്ചതെന്നും പോലീസ്.
ലഹരിഗുളികകളുമായി രണ്ടു യുവാക്കള്‍ തൃശൂരില്‍ പിടിയില്‍. മുകുന്ദപുരം കല്ലൂര്‍ കൊല്ലക്കുന്ന് സിയോണ്‍ (26) തൃശ്ശൂര്‍ മുളയം ചിറ്റേടത്ത് വീട്ടില്‍ ബോണി (20) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. 500 ഗുളികകള്‍ പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തതു മുതല്‍ ഗുളിക തേടി അറുന്നൂറോളം വിളികളാണ് ഇവരുടെ ഫോണുകളിലേക്ക് എത്തിയത്. അമ്പതു രൂപയ്ക്കാണു ഗുളിക വിറ്റിരുന്നത്.
സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി രോഗമുക്തര്‍ രക്തദാനത്തിനു തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി നാളെ മുതല്‍ കോട്ടയം ജില്ലയില്‍ പ്രത്യേക ക്യാംപയിന്‍ ആരംഭിക്കും. പ്രതിദിനം അഞ്ച് പേരെ വീതം പങ്കെടുപ്പിച്ച് നൂറ് ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്മ ശേഖരിക്കും.
പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുന്നോടിയായി പൂജ നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. കരാറുകാരാണ് പൂജ നടത്തിയതെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ല. കമ്യൂണിസ്റ്റുകാര്‍ വിശ്വാസങ്ങള്‍ക്കെതിരല്ല. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സംരക്ഷണമേകുന്നവര്‍ തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മൂന്നാര്‍ ചിത്തിരപുരത്ത് മദ്യം കഴിച്ച് ഒരാളുടെ കാഴ്ച ഭാഗികമായി നഷ്ടമായി. രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സാനിറ്റൈസര്‍ നിര്‍മിക്കാനുള്ള ആല്‍ക്കഹോള്‍ കഴിച്ചാണ് ചിത്തിരപുരത്ത് ഹോംസ്റ്റേ നടത്തുന്ന തങ്കപ്പന്‍, സഹായി ജോബി, ചാലക്കുടി സ്വദേശിയായ സുഹൃത്ത് മനോജ് എന്നിവര്‍ ആശുപത്രിയിലായത്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്ത് കലാഭവന്‍ സോബിയെ സി ബിഐ വീണ്ടും നുണ പരിശോധന നടത്തി. ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫൊറന്‍സിക് ലാബുകളില്‍നിന്ന് എത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അപകടത്തിനു മുന്‍പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് ചിലര്‍ തകര്‍ത്തിരുന്നെന്നും സ്വര്‍ണ്ണക്കടത്ത് സംഘമാണു പ്രതികളെന്നും സോബി.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വീണ്ടും. ഓണ്‍ലൈന്‍ വഴി ഉല്‍പന്നം വാങ്ങിയതിന് നന്ദി. നിങ്ങള്‍ക്ക് സമ്മാനമുണ്ടെന്നും ടാക്‌സ് അടച്ചാല്‍ അയച്ചു തരാമെന്നും അറിയിച്ചുകൊണ്ടാണ് തട്ടിപ്പ്. ലക്ഷങ്ങളുടെ സമ്മാനത്തിന് 20,000 രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളില്‍ കുടുങ്ങി നിരവധി പേരുടെ പണം നഷ്ടമായി. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളുടെ പേരിലാണ് പുതിയ സമ്മാന തട്ടിപ്പുകള്‍.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തനിരയായ ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു മുന്നില്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശിലെ പ്രത്യേക സിബിഐ കോടതി ഇന്നു വിധി പ്രസ്താവിക്കും. കേസിലെ എല്ലാ പ്രതികളോടും ഹാജരാകണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും മുതിര്‍ന്ന ബിജെപി നേതാക്കളുമായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ കോടതിയില്‍ എത്തില്ല. പ്രായാധിക്യമുള്ള ഇരുവര്‍ക്കും കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കോടതിതന്നെ ഒഴിവു നല്‍കിയിട്ടുണ്ട്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനു കോവിഡ്. ആരോഗ്യനില മോശമായിട്ടില്ല.
ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സീറ്റു വിഭജനം ഉടനേ പൂര്‍ത്തിയാക്കണമെന്ന് എന്‍ഡിഎ മുന്നണിയിലെ എല്‍ജെപി നേതാവും കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ സന്ദര്‍ശിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ 143 സീറ്റുകളില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചിരാഗ് പാസ്വാന്‍ നഡ്ഡയെ അറിയിച്ചു.
കോവിഡിനെതിരെ പോരാടുന്നതിനിടെ പുതിയ മാരക വൈറസ്. ക്യാറ്റ് ക്യൂ എന്ന മറ്റൊരു ചൈനീസ് വൈറസ് വ്യാപിക്കാന്‍ സാധ്യതയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
ദുര്‍ഗാദേവിയുടെ വേഷമണിഞ്ഞ് കൈയില്‍ ത്രിശൂലമേന്തി പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന് കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന് വധഭീഷണി. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. രണ്ടു ദിവസം മുമ്പ് താരം സിനിമാ ചിത്രീകരണത്തിനായി ലണ്ടനിലേക്ക് പോയിരുന്നു.
യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ. 1959 ലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയാണ് അന്തിമമെന്ന ചൈനീസ് വാദം തള്ളി. എന്നാല്‍ രേഖ രണ്ടു രാജ്യങ്ങളും കൂട്ടായി തീരുമാനിക്കണമെന്ന് ഇന്ത്യ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് 300 ാമത്തെ തദ്ദേശീയ ധ്രുവ് ഹെലികോപ്റ്റര്‍ പുറത്തിറക്കി. വിവിധോദ്ദേശ്യ ആധുനിക ഹെലികോപ്റ്ററാണ് എ.എല്‍.എച്ച്. ധ്രുവ്.
ഇന്ത്യയില്‍ ഇന്നലെ കോവിഡ് ബാധിച്ച് 1,178 പേര്‍കൂടി മരിച്ചു. 80,500 പേര്‍കൂടി രോഗികളായി. ഇതുവരെ 97,529 പേര്‍ മരിച്ചു. 62,23,519 പേര്‍ രോഗബാധിതരായി. 9.40 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 51.84 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 430 പേര്‍ മരിക്കുകയും 14,976 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 2.60 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 10,453 പേരും ആന്ധ്രയില്‍ 6,190 പേരും തമിഴ്‌നാട്ടില്‍ 5,546 പേരും പുതുതായി രോഗികളായി.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,742 പേര്‍കൂടി മരിച്ചു. 2,82,274 പേര്‍കൂടി രോഗികളായി. ഇതുവരെ 10,11,880 പേര്‍ മരിച്ചു. 3.38 കോടി ജനങ്ങള്‍ രോഗബാധിതരായി. ബ്രസീലില്‍ 849 പേരും അമേരിക്കയില്‍ 948 പേരും അര്‍ജന്റീനയില്‍ 406 പേരും ഇന്നലെ മരിച്ചു.
കടലില്‍ നിരീക്ഷണം നടത്തുന്നതിനുള്ള ഡോണിയര്‍ വിമാനം മാലദ്വീപിന് നല്‍കി ഇന്ത്യ. പ്രവര്‍ത്തന ചെലവും ഇന്ത്യ വഹിക്കും. ചൈനീസ് കപ്പലുകളുടെ നീക്കങ്ങളടക്കം നിരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാലദ്വീപിന് ഇന്ത്യ വിമാനം കൈമാറിയത്.
കുവൈറ്റ് ഭരണാധികാരിയും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസായിരുന്നു. കുവൈറ്റിനെ വിപ്ലവകരമായ പുരോഗമനങ്ങളിലേക്കു നയിച്ച നേതാവായിരുന്നു അദ്ദേഹം. 2005 ല്‍ വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയത് ഇദ്ദേഹമായിരുന്നു.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അനുമതി നല്‍കും. ഏതെല്ലാം രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുമെന്ന് വൈകാതെ പ്രഖ്യാപിക്കും.
സൗദി അറേബ്യയില്‍ 10 പേരടങ്ങുന്ന ഭീകര സംഘം പിടിയില്‍. സുരക്ഷാ കാരണങ്ങളാല്‍ പിടിയിലായവരുടെ പേരു പുറത്തുവിട്ടിട്ടില്ല. പിടിയിലായവരില്‍ മൂന്നു പേര്‍ ഇറാനില്‍ നിന്നു പരിശീലനം നേടി വന്നവരാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 15 റണ്‍സിനു തോല്‍പ്പിച്ചു.ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബൗളര്‍മാരുടെ മികവിലാണ് ഹൈദരാബാദ് വിജയം പിടിച്ചത്. നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഇന്നു രാജസ്ഥാന്‍- കൊല്‍ക്കത്ത മല്‍സരം.
ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നിനെതിരേ മൂന്നു ഗോളിന് ആഴ്‌സണലിനെ തോല്‍പിച്ചു. വൂള്‍വ്‌സില്‍നിന്ന് 388 കോടി രൂപയ്ക്ക് ലിവര്‍പൂളിലെത്തിയ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയും ലിവര്‍പൂളിനു ഗോള്‍ നേടി.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും സ്‌പെയിനിന്റെ റാഫേല്‍ നദാലും രണ്ടാം റൗണ്ടില്‍.
രാജ്യത്തെ അതി സമ്പന്നന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്. ഹൂറൂണ്‍ ഇന്‍ഡ്യ റിച്ച് ലിസ്റ്റ് 2020 ലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഹൂറൂണിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം 6,58,000 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. കഴിഞ്ഞ ഏതാനും മാസത്തിനിടെ റിലയന്‍സ് ഗ്രൂപ്പില്‍ വിവിധ ആഗോള കമ്പനികള്‍ നിക്ഷേപം നടത്തിയത് മുകേഷ് അംബാനിയുടെ സമ്പത്ത് വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ഒരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ സമ്പത്ത് ശരാശരി 90 കോടി രൂപ വീതം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ടാറ്റ ഗ്രൂപ്പിന്റെ സംരംഭത്തില്‍ 25 ബില്യണ്‍ ഡോളര്‍ വാള്‍മാര്‍ട്ട് നിക്ഷേപിക്കും. ടാറ്റയുടെയും വാള്‍മാര്‍ട്ടിന്റെയും സംയുക്ത സംരംഭമായിട്ടാവും സൂപ്പര്‍ ആപ്പ് വരിക. ടാറ്റയുടെ ഇ-കൊമേഴ്സ് യൂണിറ്റിന്റെയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാര്‍ട്ടിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും സൂപ്പര്‍ ആപ്പ് ലോഞ്ച് ചെയ്യുക. ടാറ്റയുടെ കണ്‍സ്യൂമര്‍ ബിസിനസ് ഇതോടെ ഒരൊറ്റ കുടക്കീഴിലാവും. ഈ ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ ഫ്ളിപ്പ്കാര്‍ട്ടിനേക്കാള്‍ ഉയര്‍ന്ന തുകയായിരിക്കും ടാറ്റയുടെ ബിസിനസില്‍ വാള്‍മാര്‍ട്ട് നിക്ഷേപിക്കുന്നത്.
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരേ സമയം ഏഴ് ഭാഷകളില്‍ തയ്യാറാകുന്ന ത്രിമാന ചിത്രം 'സാല്‍മണ്‍'വരുന്നു. എം ജെ എസ് മീഡിയയുടെ ബാനറില്‍ പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ചിത്രം ഷലീല്‍ കല്ലൂര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രേക്ഷകരുടെ പ്രിയ ജോഡിയായ ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കാണെക്കാണെ'. മനു അശോകന്‍ ഒരുക്കുന്ന സിനിമയില്‍ പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിക്കുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ. സിനിമ റിലീസ് ചെയ്ത് സാമ്പത്തിക ലാഭം വന്ന ശേഷം മാത്രമേ പ്രതിഫലം സ്വീകരിക്കു എന്നാണ് ടൊവിനോ പറഞ്ഞിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 'ഉയരെ'ക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന സിനിമയാണിത്. സംവിധായകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രൊജക്ട് കൂടിയാണിത്.
2020 ഫെബ്രുവരിയിലാണ് ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി തങ്ങളുടെ ക്ലബ്മാന്റെ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ചത്. 44.9 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇപ്പോഴിതാ കമ്പനി മിനി ക്ലബ്മാന്‍ കൂപ്പര്‍ എസ് എന്നൊരു പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂണ്‍വാക്ക് ഗ്രേ മെറ്റാലിക് കളര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. വാഹനത്തിന്റെ എക്സ്ഷോറൂം വില 41.90 ലക്ഷം രൂപയാണ്.