ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിറകേ റെയ്ഡുകള്‍. യൂണിടാക് ബില്‍ഡേഴ്‌സിന്റെ ഓഫീസിലാണ് റെയ്ഡ്. കംപ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശപണം സ്വീകരിച്ചതിനെക്കുറിച്ചാണ് മുഖ്യ അന്വേഷണം. ചെലവഴിച്ചതിലെ ക്രമക്കേടുകളും അന്വേഷിക്കും. കൂടുതല്‍ അന്വേഷണം വേണമെന്ന് സിബിഐ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു.
സിബിഐ അന്വേഷണവും റെയ്ഡും ആരംഭിച്ചതിനു പിറകേ ഇന്നലെ രാത്രി സംസ്ഥാന വിജിലന്‍സ് സെക്രട്ടേറിയറ്റിലെത്തി ലൈഫ് മിഷന്‍ ഫയലുകള്‍ കസ്റ്റഡിയിലെടുത്തു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഓഫീസുകളിലെ ഫയലുകളാണ് പരിശോധിച്ച് വിജിലന്‍സ് പോലീസ് ഏറ്റെടുത്തത്.
മന്ത്രി കെ.ടി. ജലീല്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ഏകെജി സെന്ററില്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എകെജി സെന്ററില്‍നിന്നു മടങ്ങിയതിനു പിറകേയാണ് ജലീലിന്റെ സന്ദര്‍ശനം.
അല്‍പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഒന്നാം പ്രതിയാകുമെന്ന അവസ്ഥയാണ്. തന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസില്‍ വച്ചാല്‍മതിയെന്നു കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കേസെടുക്കണമെന്ന് അനില്‍ അക്കര എംഎല്‍എ സിബിഐക്കു പരാതി നല്‍കിയിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുമെന്നു മനസിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ രണ്ടു ദിവസംമുമ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. രേഖകളും തെളിവുകളും പോലീസിന് ഏറ്റെടുക്കാന്‍ അവസരമുണ്ടാക്കാനായിരുന്നു ഈ നടപടി.
ഫ്‌ളാറ്റ് നിര്‍മാണത്തിനു യൂണിടാകിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷനാണെന്ന് വിവരാവകാശ രേഖയുണ്ടെന്ന് അനില്‍ അക്കര എംഎല്‍എ. യുഎഇയിലെ റെഡ് ക്രസന്റാണ് യൂണിടാകിനു നിര്‍മാണ ചുമതല നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. മുഖ്യമന്ത്രി ചെയര്‍മാനും തദ്ദേശ മന്ത്രി എ.സി. മൊയ്തീന്‍ വൈസ് ചെയര്‍മാനുമായ ലൈഫ് മിഷനാണ് കരാറുണ്ടാക്കിയതെന്നും അനില്‍ അക്കര.
ചട്ടം ലംഘിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുത്തതെന്ന് സിപിഎം. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയാണ് സിബിഐ നടപ്പാക്കുന്നത്. കോടതി ഉത്തരവില്ലാതേയോ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം ഇല്ലാതേയും അന്വേഷണം എറ്റെടുത്തതു നിയമവിരുദ്ധമാണെന്നാണ് സിപിഎം നിലപാട്.
അന്തരിച്ച സംഗീതജ്ഞന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ലോകത്തിന്റെ അന്ത്യാഞ്ജലി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള പ്രമുഖരെല്ലാം അനുശോചനം രേഖപ്പെടുത്തി. ഇന്നു രാവിലെ ഏഴരയ്ക്ക് മൃതദേഹം സംസ്‌കരിക്കും.
കേരളത്തില്‍ ഇന്നലെ 6,477 പേര്‍ക്ക് കോവിഡ്-19. 22 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 635 ആയി. 48,892 പേരാണ് ചികിത്സയിലുള്ളത്. 2,15,691 പേര്‍ നിരീക്ഷണത്തിലുണ്ട്. 24 മണിക്കൂറിനിടെ 56,057 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ രോഗമുക്തരായ 3,481 പേരടക്കം 1,11,331 പേര്‍ ഇതുവരെ കോവിഡ്മുക്തരായി.
സമ്പര്‍ക്കത്തിലൂടെ 6,131 പേര്‍ക്കു രോഗം ബാധിച്ചു. 713 പേരുടെ ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം. 58 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം- 814, മലപ്പുറം- 784, കോഴിക്കോട്- 690, എറണാകുളം- 655, തൃശൂര്‍- 607, കൊല്ലം- 569, ആലപ്പുഴ- 551, കണ്ണൂര്‍- 419, പാലക്കാട്- 419, കോട്ടയം- 322, കാസര്‍ഗോഡ്- 268, പത്തനംതിട്ട- 191, ഇടുക്കി- 114, വയനാട്- 74.
കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരം. കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), തൃശൂര്‍ വടൂര്‍ക്കര സ്വദേശി മുഹമ്മദ് സുനീര്‍ (45), കോഴിക്കോട് സ്വദേശി അക്ബര്‍ പാഷ (40), മലപ്പുറം സ്വദേശി സൈനുദ്ദീന്‍ (58), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂര്‍ കുന്നംകുളം സ്വദേശി പി.പി. ദേവിസ് (65), പത്തനംതിട്ട സ്വദേശിനി ഡെല്‍ബിന്‍ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയന്‍ (59), തൃശൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫന്‍ തോമസ് (57), ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ് (60), തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി.ജെ. ജോസഫ് (65).
പുതിയ 12 ഹോട്ട് സ്‌പോട്ടുകള്‍. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര്‍ ജില്ലയിലെ നടതറ (4, 5 (സബ് വാര്‍ഡ്), വേലൂക്കര (സബ് വാര്‍ഡ് (സബ് വാര്‍ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്‍ഡ് 3), വടക്കേക്കര (സബ് വാര്‍ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (6, 7, 9), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷന്‍ ഏരിയ), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍ കോവില്‍ (സബ് വാര്‍ഡ് 1, 3, 5, 13), കൊല്ലം ജില്ലയിലെ പേരയം (1, 2, 3, 13, 14), കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ (3 (സബ് വാര്‍ഡ്), 8). 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 652 ഹോട്ട് സ്‌പോട്ടുകള്‍.
വടകര ചെക്യാട് ബിഎസ്എഫ് ക്യാംപില്‍ 206 ജവാന്മാര്‍ക്കു കൊവിഡ്. പതിനഞ്ചു പേര്‍ക്ക് മാത്രമാണ് രോഗലക്ഷണം. 500 പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്. തൊള്ളായിരത്തോളം ജവാന്മാരും കുടുംബാംഗങ്ങളും അടക്കം ആയിരത്തോളം പേരാണ് ക്യാമ്പിലുള്ളത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിനു കോവിഡ്. രമേശ് ചെന്നിത്തലയുമായി ആറ് ദിവസമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ പോകേണ്ടി വരില്ലെന്നാണു റിപ്പോര്‍ട്ട്.
ബാര്‍കോഴക്കേസില്‍ കെഎം മാണിയെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണു കുടുക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. നോട്ട് എണ്ണുന്ന മെഷീന്‍ ഉണ്ടെന്നതടക്കം കെ.എം. മാണിക്കെതിരേ തങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും വിജയരാഘവന്‍.
കുറ്റക്കാരനല്ലെന്ന ഇടതു മുന്നണിയുടെ വെളിപ്പെടുത്തല്‍ കെ.എം. മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെഎം മാണിയുടെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി.
എം,സി കമറുദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരെയും ഉള്‍പെടുത്തി. കാസര്‍കോട് എസ്പി ഡി ശില്‍പ, കല്‍പ്പറ്റ എഎസ്പി വിവേക് കുമാര്‍, ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡന്റ് നവനീത് ശര്‍മ എന്നിവരെയാണ് ഉള്‍പെടുത്തിയത്.
കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയതിനു പിറകേ പോലീസ് പിടികൂടിയ പ്രതി വീണ്ടും രക്ഷപ്പെട്ടു. നിരവധി കേസുകളില്‍ പ്രതിയായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന വടയമ്പാടി ചെമ്മല കോളനിയില്‍ സുരേഷാണ് ജയില്‍ അധികൃതരുടെ കണ്ണുവട്ടിച്ച് മുങ്ങിയത്. കണ്ണൂര്‍ സ്വദേശി നിഷാലും ഇയാള്‍ക്കൊപ്പം രക്ഷപ്പെട്ടു. കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്ററിന്റെ രണ്ടാംനിലയില്‍നിന്ന് വാതില്‍ പൊളിച്ച് താഴേക്കു ചാടുകയായിരുന്നു.
തൃശൂര്‍ പീച്ചി ഡാമിന്റെ എമര്‍ജന്‍സി ഷട്ടര്‍ അഞ്ചു ദിവസത്തെ അധ്വാനത്തിനുശേഷം അടച്ചു. ഡാമിനു താഴെ കെഎസ്ഇബിയുടെ പവര്‍ ഹൗസിനു ഭീഷണിയാകുന്ന വിധത്തിലുള്ള ജലപ്രവാഹം ഇതോടെ നിലച്ചു. പവര്‍ ഹൗസിലേക്കുള്ള വലിയ പൈപ്പ് ലൈനിലെ തള്ളിപ്പോയ വാല്‍വ് ശരിയാക്കുന്ന ജോലികള്‍ അടുത്ത ദിവസം ആരംഭിക്കും.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ഗുണകരമായ നിയമങ്ങള്‍ ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലൂടെയാണ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ കര്‍ഷക ബില്ലുകളുമായി രാഹുല്‍ താരതമ്യപ്പെടുത്തി.
ഹൈദരാബാദില്‍ ദുരഭിമാനക്കൊല. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവിനെ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തി. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഹേമന്തും അവന്തിയും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പു കൂസാതെ ഇരുവരും വിവാഹിതരായി താമസിച്ചുവരവേയാണ് കൊലപാതകം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മകനെപ്പോലെയാണെന്ന് ഷഹീന്‍ബാഗ് ദാദി ബില്‍ക്കിസ് ബാനോ. ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടം നേടിയതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും ബില്‍ക്കിസ് ബാനോ പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 1,093 പേര്‍ മരിച്ചു. 85,465 പേര്‍കൂടി രോഗികളായി. ഇതുവരെ 93,410 പേരാണു മരിച്ചത്. 59,01,571 പേര്‍ രോഗബാധിതരായി. 9.61 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 48.46 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 416 പേര്‍കൂടി മരിക്കുകയും 17,794 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 2.72 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. ആന്ധ്രപ്രദേശില്‍ 7,073 പേരും കര്‍ണാടകത്തില്‍ 8,655 പേരും തമിഴ്‌നാട്ടില്‍ 5,679 പേരും പുതുതായി രോഗികളായി.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,706 പേര്‍കൂടി മരിച്ചു. 3,13,840 പേര്‍കൂടി രോഗികളായി. ഇതുവരെ 9,92, 841 പേര്‍ മരിക്കുകയും 3.27 കോടി ജനങ്ങള്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ 804 പേരും ബ്രസീലില്‍ 826 പേരും മെക്‌സിക്കോയില്‍ 490 പേരും ഇന്നലെ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് സമ്മേളനത്തിന്റെ അജന്‍ഡ.
ചൈന ഇക്കൊല്ലം അവസാനത്തോടെ 60 കോടി കോവിഡ് 19 വാക്സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്ന് അധികൃതര്‍.
ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍ മാപ്പു പറഞ്ഞതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് അയച്ച കത്തിലാണ് കിം ഖേദം പ്രകടിപ്പിച്ചത്.
ഡല്‍ഹി ക്യാപിറ്റല്‍സ് 44 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തി. ഡല്‍ഹിക്കു രണ്ടാം വിജയവും ചെന്നൈയ്ക്കു രണ്ടാം തോല്‍വിയും. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. പൃഥ്വിഷാ 43 പന്തില്‍ ഒരു സിക്‌സും ഒമ്പതു ഫോറുമടക്കം 64 റണ്‍സ് നേടി. ചെന്നൈയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുസ്‌കാരം ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനാണ്. വനിതാ ടീമിന്റെ മധ്യനിര താരവും കേരള ക്ലബ്ബ് ഗോകുലം എഫ്.സിയുടെ താരവുമായ സഞ്ജുവാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നേടിയത്.
തന്നെ വെറുതേ വിട്ടുകൂടേയെന്ന് വിരാട് കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ. ഐപിഎല്ലില്‍ ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ സുനില്‍ ഗാവസ്‌കറിന്റെ കമന്ററിയിലെ പരാമര്‍ശത്തെക്കുറിച്ചാണു പ്രതികരണം. ലോക്ക്ഡൗണ്‍ സമയത്ത് കോഹ്‌ലി അനുഷ്‌കയുടെ ബൗളിംഗ് നേരിടാന്‍ മാത്രമാണ് പഠിച്ചതെന്നായിരുന്നു ഗാവ്‌സകര്‍ കമന്ററിക്കിടെ പറഞ്ഞത്.
ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് ഒമ്പതു പേര്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ആറു പേര്‍ അറസ്റ്റിലായിരുന്നു. ഹാരെ സ്ട്രീറ്റ്, പാര്‍ക്ക് സ്ട്രീറ്റ്, ജാദവ്പുര്‍, സാള്‍ട്ട് ലേക്ക് എന്നിവിടങ്ങളില്‍ നിന്നായാണ് ഒമ്പതുപേരെകൂടി പിടികൂടിയത്.
യുവേഫ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്. യുറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെയാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ജര്‍മന്‍ ടീം തോല്‍പിച്ചത്. ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍നിന്ന് അധികസമയത്തേക്കു നീണ്ട കളിയിലാണ് ബയേണ്‍ മ്യൂണിക് വിജയ ഗോള്‍ നേടിയത്.
കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 74.3 കോടിയായതായി ട്രായ്‌യുടെ കണക്കുകള്‍. മൊത്തം ഇന്റര്‍നെറ്റ് വിപണിയുടെ 52.3 ശതമാനവും റിലയന്‍സ് ജിയോ കൈയ്യടിക്കിയതായും ട്രായ് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിപണിയില്‍ 23.6 ശതമാനം വിഹിതവുമായി
ഭാരതി എയര്‍ടെല്ലും 18.7 ശതമാനവുമായി വൊഡാഫോണ്‍ ഐഡിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലായി പിറകിലുള്ളത്.
കേരള പോലീസ് ഷാഡോ വിങിന്റെ സസ്‌പെന്‍സ് നിറഞ്ഞ കേസന്വേഷണ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് 'ഷാഡോ കോപ്‌സ് ' ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. യുണീക്ക് സിനിമാസ്സിന്റെ ബാനറില്‍ വിനു മാത്യു പോള്‍ നിര്‍മ്മിക്കുന്ന ഈ വെബ് സീരസ്സിന്റെ കഥ, തിരക്കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. യഥാര്‍ത്ഥ പോലീസികാര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സീരീസില്‍ അണിനിരക്കുന്നുണ്ട്.
ലോകസിനിമ ചരിത്രത്തില്‍ ആദ്യമായി സംസ്‌കൃത ഭാഷയില്‍ ഒരു വനിത സംവിധായികയാവുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ എല്‍.പി സ്‌കൂളിലെ ശ്രുതി സൈമണ്‍ ആണ് 'വീരദര്‍ശനം ' എന്ന സംസ്‌കൃത സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകരായ ബ്ലെസ്സി ,വിനോദ് മങ്കര , മുരളി തുമ്മാരുകുടി എന്നിവര്‍ ഫേസ്ബുക്ക് പേജുകളിലുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ്-ബെന്‍സ് എഎംജി ജിഎല്‍ഇ 53-യെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഇതുവരെ വില്പനയിലുണ്ടായിരുന്ന ആദ്യ തലമുറ ജിഎല്‍ഇ 43 കൂപെയുടെ പകരക്കാരനാണ് പുതുതായി വില്പനക്കെത്തിയ മെഴ്സിഡസ്-എഎംജി ജിഎല്‍ഇ 53 കൂപെ 4മാറ്റിക് + എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.20 കോടി ആണ് പുത്തന്‍ എഎംജി മോഡലിന്റെ എക്സ്-ഷോറൂം വില.
അനുപമമായ ആഖ്യാനവൈഭവംകൊണ്ട് സ്വപ്നസന്നിഭമാക്കുന്ന സ്മരണകളുടെ പുസ്തകം. കവിതകൊണ്ടും സ്നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്‍വ്വമായ തുറന്നെഴുത്തുകള്‍. ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങള്‍, ഭയം എന്റെ നിശാവസ്ത്രം, ഡയറിക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങള്‍ ഒന്നിച്ച്. 'ഒറ്റയടിപ്പാത'. 14-ാം പതിപ്പ്. മാധവികുട്ടി. ഡിസി ബുക്‌സ്. വില 209 രൂപ.