വാര്‍ത്തകള്‍ | കേരളം | പ്രഭാതം

ഇന്ന് ലോക ഹൃദയ ദിനം | വേൾഡ് ഹാർട്ട് ഡേ 29 സെപ്റ്റംബർ

സംസ്ഥാനത്തെ തീവ്ര കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം വൈകിട്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് നിയന്ത്രിതമായ തോതില്‍ തീര്‍ത്ഥാടകരെ അനുവദിക്കും. പ്രശസ്ത മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ.പി.എം​ മാത്യു വെല്ലൂര്‍ അന്തരിച്ചു. സംസ്കാരം ഉച്ചയ്ക്ക് കരിപ്പുഴ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.

കോവിഡ് വ്യാപനം തടയാനുള്ള നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. ഇന്നു നാലരയ്ക്ക് ഓണ്‍ലൈനായാണു യോഗം. രോഗവ്യാപനം തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ വേണമെന്ന നിര്‍ദേശത്തോടു യോജിപ്പില്ല. എന്നാല്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കാന്‍ നടപടികളെടുക്കാത്ത വ്യാപാരശാലകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേണ്ടിവന്നാല്‍ ഇത്തരം കടകള്‍ അനിശ്ചിതകാലത്തേക്ക് അടപ്പിക്കും. വിവാഹത്തിന് അമ്പതു പേര്‍ക്കും മരണാവശ്യങ്ങള്‍ക്ക് 20 പേര്‍ക്കും മാത്രമാണ് അനുമതി. മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെയും ഭാര്യ സീമ സന്തോഷിനെയും സിബിഐ സംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. യൂണിടാക് കമ്പനി ഡയറക്ടറാണ് സീമ.

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിനു നിയന്ത്രണങ്ങള്‍. പത്തു വയസിനു താഴെയുള്ള കുട്ടികളേയും 60 വയസിനു മുകളിലുള്ളവരേയും പ്രവേശിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുമായാണ് വരേണ്ടത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയും ഉണ്ടാകും. ദര്‍ശനം നടത്തി ഉടനേ മലയിറങ്ങണം. വിരിവയ്ക്കാന്‍ നിലയ്ക്കലില്‍ മാത്രമാണു സൗകര്യം. കുടിവെള്ളം സ്റ്റീല്‍ പാത്രത്തില്‍ നല്‍കും. പേപ്പര്‍ പ്ലേറ്റിലാണ് അന്നദാനം. വളരെ കുറച്ചുപേര്‍ക്കുമാത്രമേ അന്നദാനം നല്‍കൂ. പമ്പയില്‍ ഇറങ്ങി കുളിക്കാന്‍ അനുവദിക്കില്ല. പകരം ഷവറുകള്‍ ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 4,538 പേര്‍ക്കുകൂടി കോവിഡ്. കോവിഡ് ബാധിച്ച് 20 പേര്‍കൂടി മരിച്ചു. ആകെ മരണം 697 ആയി. 57,879 പേരാണ് ചികിത്സയിലുള്ളത്. 2,32,450 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 1,79,922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗമുക്തരായ 3347 പേരടക്കം 1,21,268 പേര്‍ ഇതുവരെ കോവിഡ്മുക്തരായി.  ഇന്നലെ പരിശോധന പകുതിയോളമായി കുറച്ചു. 24 മണിക്കൂറില്‍ 36,027 സാമ്പിളുകളാണു പരിശോധിച്ചത്.

സമ്പര്‍ക്കത്തിലൂടെ 4246 പേര്‍ക്കു രോഗം ബാധിച്ചു. 249 പേരുടെ ഉറവിടം വ്യക്തമല്ല.  67 പേര്‍ ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായി. 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38.

കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങള്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61).

പുതിയ 15 ഹോട്ട് സ്‌പോട്ടുകള്‍. പാലക്കാട് ജില്ലയിലെ കണ്ണാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോട്ടായി (3, 5), നല്ലേപ്പിള്ളി (19), തച്ചനാട്ടുകര (16), ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് (സബ് വാര്‍ഡ് 1, 5, 6, 9, 10, 15, 17), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 7), വെളിയനാട് (സബ് വാര്‍ഡ് 6), തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ (സബ് വാര്‍ഡ് 8), തളിക്കുളം (12), മലപ്പുറം ജില്ലയിലെ തണലൂര്‍ (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19, 20, 21, 22, 23), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ മൂപ്പിനാട് (സബ് വാര്‍ഡ് 15, 16), കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര (15), തിരുവനന്തപുരം ജില്ലയിലെ കരകുളം (3), പത്തനംതിട്ട ജില്ലയിലെ കുന്നന്താനം (സബ് വാര്‍ഡ് 2). പത്തു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ആകെ 660 ഹോട്ട് സ്‌പോട്ടുകള്‍.

ഗര്‍ഭിണിക്കു ചികിത്സ നിഷേധിച്ചതുമൂലം കൊണ്ടോട്ടി സ്വദേശിനിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഎംഒയോടും ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗര്‍ഭിണിയായ സ്ത്രീയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്യിച്ചു കൊണ്ടുപോയതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് ആശുപത്രിയായതിനാല്‍ അഡ്മിറ്റു ചെയ്യില്ലെന്നു മഞ്ചേരി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞപ്പോഴാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് മരിച്ച ഗര്‍ഭസ്ഥ ശിശുക്കളുടെ പിതാവ് ഷെരീഫ്. മെഡിക്കല്‍ കോളജ് അധികൃതര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ അധിക്ഷേപിച്ച് യു ട്യൂബില്‍ വീഡിയോ അപ് ലോഡ് ചെയ്ത തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി വിജയ് പി. നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാദമായതോടെ ഇയാളുടെ യുട്യൂബ് ചാനല്‍ പതിനായിരത്തിലേറെ പേരാണു പുതുതായി സബ്‌സ്‌ക്രൈബ് ചെയ്തത്.

വിവാദ വീഡിയോ നീക്കം ചെയ്യണമെന്ന് യുട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ദേഹോപദ്രവം ആരോപിച്ചുള്ള കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നയാളെ പുഴുവരിക്കുന്ന നിലയില്‍ ഡിസ്ചാര്‍ജ് ചെയ്‌തെന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ അന്വേഷണം. റിപ്പോര്‍ട്ടു തരാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഭീഷണി സന്ദേശം അയച്ചയാളെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയച്ചു. മുഖ്യമന്ത്രിക്കു സുരക്ഷ വര്‍ധിപ്പിച്ചു.

സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ അംഗീകരിച്ചില്ല. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിയിലേക്കു യാത്ര ചെയ്യാനെത്തിയ നൂറോളം പേര്‍ക്കു യാത്ര നിഷേധിച്ചു. കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്.

മലയാറ്റൂര്‍ പാറമട സ്‌ഫോടന കേസില്‍ മൂന്നുപേരെ കൂടി അറസ്റ്റുചെയ്തു. പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40), നടത്തിപ്പുകാരനായ ബെന്നിയെ ഒളിവില്‍ പോകാന്‍ സഹായിച്ച നടുവട്ടം കണ്ണാംപറമ്പില്‍ സാബു (46), തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാനാവശ്യപ്പെട്ടു തന്നെ ഭീഷണിപ്പെടുത്തുന്നതായി പ്രോസിക്യൂഷന്‍ സാക്ഷി വിപിന്‍ ലാലാണ് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സഹതടവുകാരനായിരുന്നു പരാതിക്കാരനായ വിപിന്‍ ലാല്‍.

കേരള കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിലെ എട്ടു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. അധ്യാപകരുടെ മണ്ഡലത്തിലെ നാലു സീറ്റുകളിലേക്കും തൊഴിലാളികളുടെയും അനധ്യാപകരുടെയും രണ്ടു വീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. വിദ്യാര്‍ത്ഥികളുടെ രണ്ടു സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീടു നടക്കും. ഒക്ടോബര്‍ ഒന്നിനാണ് വോട്ടെണ്ണല്‍.

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസായിരുന്നു. സംസ്‌കാരം ഇന്നു മാവേലിക്കരയില്‍.

അതിരൂക്ഷമായ കോവിഡ് വ്യാപനമാണ് സംസ്ഥാനത്ത് സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. അതിഗുരുതരമായ വ്യാപനമാണ് ഉണ്ടാകുന്നത്. നേരിടാന്‍ കൂടുതല്‍ ജാഗ്രതവേണമെന്നും ഐഎംഎ.

കോവിഡ് 19 പ്രതിരോധ വാക്സിന്‍ 2021 ആദ്യമാസങ്ങളോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ത്വരിതഗതിയില്‍ നടന്നുവരികയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.

രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടം നാളെ പൂര്‍ത്തിയാകും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഉത്സവകാലമായതിനാല്‍ വ്യാപാരമേഖലയ്ക്കും ഇളവുകള്‍ ഗുണം ചെയ്യും.

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറിക്കാന്‍ സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്ന് സോണിയ ഗാന്ധി. പഞ്ചാബ് അടക്കം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടാണു ഈ ആവശ്യം ഉന്നയിച്ചത്.

ഉത്തര്‍പ്രദേശ് പോലീസിന്റെ വാഹനം മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ അപകടത്തില്‍പ്പെട്ട് ഗുണ്ടാ നേതാവ് മരിച്ചു. യുപി സ്വദേശിയായ ഫിറോസ് അലിയാണു കൊല്ലപ്പെട്ടത്. ഗുണ്ടാനേതാവിനെ മുംബൈയില്‍നിന്ന് അറസ്റ്റുചെയ്ത് യുപിയിലേക്ക് കൊണ്ടുവരവെ കന്നുകാലികള്‍ മുന്നില്‍ചാടിയതുമൂലം പോലീസ് വാഹനം മറിഞ്ഞെന്നാണു പോലീസ് പറയുന്നത്.

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ വ്യാജമൊഴി നല്‍കാന്‍ ഭീഷണിയും മര്‍ദനവുമെന്ന് ആരോപണം. കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കരണ്‍ ജോഹര്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരേ മൊഴി നല്‍കണമെന്ന് അറസ്റ്റിലായ ക്ഷിതിജ് രവി പ്രസാദിനെ ഭീഷണിപ്പെടുത്തിയെന്ന് ക്ഷിതിജിന്റെ അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡെ ആരോപിച്ചു.

കാമുകിയ്ക്കുനേരേ വെടിയുതിര്‍ത്ത് ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യാപിതാവിനെ വെടിവച്ചു കൊന്നു. ഡല്‍ഹി ലഹോരി ഗേറ്റ് പോലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടര്‍ സന്ദീപ് ദാഹിയയാണ് ഹരിയാണയിലെ റോത്തക്കിലെത്തി ഭാര്യാപിതാവിനെ കൊലപ്പെടുത്തിയത്.

കോവിഡ് ബാധിച്ച് ഇന്നലെ ഇന്ത്യയില്‍ 775 പേര്‍ മരിച്ചു. 69,668 പേര്‍കൂടി രോഗികളായി. ഇതുവരെ 96,351 പേരാണു മരിച്ചത്. 61,43,019 പേരാണു രോഗബാധിതരായത്. 9.47 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 50.98 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 180 പേര്‍ മരിക്കുകയും 11,921 പേര്‍ രോഗികളാകുകയും ചെയ്തു. 2.65 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. കര്‍ണാടകത്തില്‍ 6,892 പേരും തമിഴ്‌നാട്ടില്‍ 5,589 പേരും ആന്ധ്രയില്‍ 5,487 പേരും പുതുതായി രോഗികളായി.

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 3,764 പേര്‍കൂടി മരിച്ചു. 2,26,696 പേര്‍കൂടി രോഗികളായി. ഇതുവരെ 10,06,056 പേരാണു മരിച്ചത്. 3.35 കോടി ജനങ്ങള്‍ രോഗബാധിതരായി. ബ്രസീലില്‍ 385 പേരും അമേരിക്കയില്‍ 306 പേരുമാണ് ഇന്നലെ മരിച്ചത്.

കോവിഡിന്റെ മറവില്‍ പാക്കിസ്ഥാന്‍ നാലായിരത്തിലധികം തീവ്രവാദികളെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി നല്‍കിയെന്നും പാക് അധീന കാഷ്മീരിലെ തദ്ദേശീയരുടെ ജനസംഖ്യയെ അട്ടിമറിച്ചെന്നും യു.എന്നില്‍ ഇന്ത്യ. 75 ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ കാഷ്മീര്‍ പ്രശ്നം വീണ്ടും ഉന്നയിച്ച പാക്കിസ്ഥാന് മറുപടി നല്‍കികൊണ്ടായിരുന്നു ഇന്ത്യയുടെ പ്രസ്താവന.

ഐപിഎലില്‍ സൂപ്പര്‍ ഓവറിലൂടെ മുംബൈ ഇന്ത്യന്‍സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ജയം. ആദ്യം ബാറ്റു ചെയ്ത ബംഗ്ലൂരുവിന്റെ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201 ല്‍ അവസാനിച്ച്‌ ടൈ ആയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടത്. സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തിയ എട്ടു റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ബംഗളൂരു മറികടന്നു.

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ രണ്ടു സൂപ്പര്‍ താരങ്ങള്‍ പുറത്ത്. പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയും വനിതാ സിംഗിള്‍സില്‍ ജൊഹാന കോന്റയുമാണു പുറത്തായത്.

സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണ എതിരില്ലാത്ത നാലു ഗോളിന് വിയ്യാറയലിനെ പരാജയപ്പെടുത്തി.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റ്‌സിനെ രണ്ടു ഗോള്‍ വീതമുള്ള സമനിലയില്‍ കുരുക്കി എ.എസ്. റോമ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുവന്റ്‌സിനുവേണ്ടി ഇരട്ടഗോള്‍ നേടിയത്. 

ഭവന, വാഹന വായ്പകള്‍ക്കുള്ള പ്രോസസ്സിങ് ഫീസ് ഇളവ് ഉള്‍പ്പെടെ ചെറുകിട ഉപഭോക്താക്കള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. എസ്ബിഐ യോനോ വഴി കാര്‍, സ്വര്‍ണ, പേഴ്‌സണല്‍ വായ്പകള്‍ക്ക് അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പ്രോസസ്സിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കും. തെരഞ്ഞെടുത്ത മോഡലുകളില്‍ ഓണ്‍ റോഡ് വിലയുടെ 100 ശതമാനം വരെ വായ്പയും ലഭിക്കും.

അജുവര്‍ഗീസിനെ നായകനാക്കി കാര്‍ത്തിക് ശങ്കര്‍ സംവിധാനം ചെയ്ത പലപ്പോഴും എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഫുണ്ടാസ്റ്റിക് ഫിലിംസ് ആന്റ് ഫ്രണ്ട്‌സിന്റെ ബാനറില്‍ റെജിന്‍ തോമസ് അദ്വൈത ശ്രീകാന്ത് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിവാഹലോചനയുമായി ബന്ധപ്പെട്ട് ഒരു യുവാവും യുവതിയും പരസ്പരം കണ്ടുമുട്ടുന്നു. മനസ്സുതുറന്ന് സംസാരിക്കണമെന്ന ധാരണയിലാണ് സംഭാഷണം ആരംഭിക്കുന്നത്. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

മാധവനും അനുഷ്‌ക്ക ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം 'നിശബ്ദ'ത്തിലെ ''നിന്നെ നിന്നെ'' എന്ന പ്രണയ ഗാനം പുറത്ത്. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്ത ചിത്രം തമിഴിലും മലയാളത്തിലും സൈലന്‍സ് എന്ന പേരിലാണ് ചിത്രമിറങ്ങുക. ഒക്ടോബര്‍ 2ന് ആണ് സിനിമ ആഗോളതലത്തില്‍ ആമസോണ്‍ പ്രൈം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. ഭാസ്‌കരഭട്‌ല രചിച്ച ഗാനത്തിന് ഗോപി സുന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ് ശ്രീറാം ആണ് തെലുങ്കില്‍ ഗാനം ആലപിച്ചത്.

പുത്തന്‍ തലമുറ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലത്തില്‍ വച്ച് മഹീന്ദ്ര. ലേലത്തില്‍ ലഭിക്കുന്ന പണം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ മാസം 24 മുതല്‍ 29 വരെ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ ഥാറിന്റെ വില ഒക്ടോബര്‍ രണ്ടിന് പ്രഖ്യാപിക്കും.

ടി. ഏബ്രഹാമിനെപ്പറ്റിയാണ് പുസ്തകമെങ്കിലും ഏബ്രഹാമിലൂടെ ലോകനായക് ജയപ്രകാശ് നാരായണനിലേക്കും അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലേക്കും വ്യക്തിജീവിതത്തിലേക്കുമെല്ലാം കടന്നു ചെല്ലുന്നുണ്ട്. അധികാര രാഷ്ട്രീയത്തിനോട് എന്നും മുഖം തിരിഞ്ഞു നിന്ന ജെ.പിയുടെ പ്രൈവറ്റ് സെക്രട്ടറി ഏബ്രഹാമും സമാന മനഃസ്ഥിതി പുലര്‍ത്തിയ ആളായിരുന്നു. 'ജയപ്രകാശ് നാരായണന്റെ നിഴലായി ഒരാള്‍'. ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്. മാതൃഭൂമി ബുക്‌സ്. വില 195 രൂപ.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...