ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ വായ്പാ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി സെപ്റ്റംബര്‍ 10 ന് തുടര്‍ വാദം കേള്‍ക്കും. പിഴപ്പലിശയും മൊറോട്ടോറിയവും ഒന്നിച്ചു പോകില്ലെന്നും കോടതി പറഞ്ഞു.
വിദേശത്തു ചികില്‍സയ്ക്കു പോയപ്പോള്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ഒപ്പു തന്റേതുതന്നെയാണ്. ഐപാഡിലൂടെ ഓണ്‍ലൈന്‍ വഴി ഫയല്‍ വാങ്ങി ഡിജിറ്റല്‍ സിഗ്നേച്ചര്‍ സഹിതമാണു തിരിച്ചയച്ചത്. അന്ന് ഇത്തരം 39 ഫയലുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. രഹസ്യ ഫയല്‍ അല്ലെങ്കിലും ബിജെപിക്കാരുടെ കൈയില്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി.
ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ വിദൂര പഠനത്തിനു കൊല്ലത്ത് സര്‍വകലാശാല തുടങ്ങും. കേരളത്തിലെ നാലു സര്‍വകലാശാലകളിലേയും വിദൂര പഠനങ്ങള്‍ക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുണ്ടാകുക. ഏതു പ്രായക്കാര്‍ക്കും പഠിക്കാം. അടുത്ത മാസം രണ്ടിനു ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവര്‍ മാക്സ് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കാറുകളിലടക്കം ഒറ്റയ്ക്കു സഞ്ചരിക്കുന്നവര്‍ക്കെതിരെ മാസ്‌ക് ധരിച്ചില്ലെന്ന കുറ്റത്തിന് പോലീസ് പിഴചുമത്തുന്നുവെന്ന പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
സംസ്ഥാനത്ത് ഇന്നലെ 1,553 പേര്‍ക്ക് കോവിഡ് 19. ഇന്നലെ പത്തു മരണം. ആകെ മരണം 315 ആയി. 21,516 പേരാണു ചികില്‍സയിലുള്ളത്. 1,92,168 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രോഗമുക്തരായ 1950 പേരടക്കം 57,732 പേരാണു രോഗമുക്തരായി. 24 മണിക്കൂറില്‍ 30,342 സാമ്പിളുകള്‍ പരിശോധിച്ചു. 569 ഹോട്ട് സ്‌പോട്ടുകള്‍.
ഓണത്തോടനുബന്ധിച്ച് പരിശോധനകളുടെ എണ്ണം കുറഞ്ഞതിനാലാണ് നാലു ദിവസമായി രോഗബാധിതരുടെ എണ്ണം കുറഞ്ഞതായി രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ദിവസം മുതല്‍ അമ്പതിനായിരത്തോളം പരിശോധനകള്‍ നടത്തും. ഓണത്തിരക്കില്‍ രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സമ്പര്‍ക്കം മൂലം 1391 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 156 പേരുടെ ഉറവിടം വ്യക്തമല്ല. 28 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 317, എറണാകുളം 164, കോട്ടയം 160, കാസര്‍ഗോഡ് 133, കോഴിക്കോട് 131, പത്തനംതിട്ട 118, തൃശൂര്‍ 93, മലപ്പുറം 91, ആലപ്പുഴ 87, കണ്ണൂര്‍ 74, കൊല്ലം 65, പാലക്കാട് 58, ഇടുക്കി 44 , വയനാട് 18.
കോവിഡ് ബാധിച്ചു മരിച്ചവര്‍. തിരുവനന്തപുരം കോവളം സ്വദേശി ലോചനന്‍ (93), പൂവാര്‍ സ്വദേശി രാജേന്ദ്രന്‍ (52), പൂജപ്പുര സ്വദേശി ബിജുകുമാര്‍ (45), ധനുവച്ചപുരം സ്വദേശി സിബി (29), ചെന്നിലോട് സ്വദേശിനി ശാന്ത (75) പുല്ലുവിള സ്വദേശി കൃഷ്ണന്‍ ആശാരി (86), മണലില്‍ സ്വദേശിനി നിര്‍മല (60), പാലക്കാട് പട്ടിത്തറ സ്വദേശി മുഹമ്മദ് ഹാജി (71), എറണാകുളം പാലാരിവട്ടം സ്വദേശി തങ്കം മേനോന്‍ (81), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യശോദ (84).
പുതിയ എട്ടു ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ മേലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 4, 5), നെന്മണിക്കര (സബ് വാര്‍ഡ് 1, 2), തളിക്കുളം (വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂര്‍ (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 1, 13), കൊല്ലം . ജില്ലയിലെ മൈലം (7).
ഹോട്ട് സ്‌പോട്ടില്‍നിന്നു 14 പ്രദേശങ്ങളെ ഒഴിവാക്കി. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാര്‍ഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോട്ടനാട് (8, 12, 13 (സബ് വാര്‍ഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെ (9), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2).
വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയെയാണ് മദപുരത്തുള്ള ഒരു പാറയുടെ മുകളില്‍നിന്നു പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പെരിയ ഇരട്ടക്കൊലപാതകത്തിനു പകരം വീട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ കൊലപാതകമാണ് വെഞ്ഞാറമ്മൂടിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നോതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. കൊലപാതകങ്ങളിലൂടെ സിപിഎമ്മിനെ തകര്‍ക്കാമെന്ന് കോണ്‍ഗ്രസ് കരുതരുത്. വെഞ്ഞാറമ്മൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെഞ്ഞാറമ്മൂടില്‍ കൊല്ലപ്പെട്ട രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മക്കളുടെ വിദ്യാഭ്യാസവും പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരുടെ കൈയിലും വാള്‍ അടക്കമുള്ള ആയുധമുണ്ടായിരുന്നതിനെ ന്യായീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സ്വയംരക്ഷയ്ക്ക് ആയുധം കരുതിയാകാം. അക്രമികളില്‍നിന്ന് പിടിച്ചുവാങ്ങിയതാകാമെന്നും ആനാവൂര്‍ നാഗപ്പന്‍.
തന്റെ അച്ഛന്റെ പേര്‍ സഖാവ് അടൂര്‍ കുഞ്ഞുരാമന്‍ എന്നാണെന്നും പേരു മാറ്റാന്‍ പറയുന്ന 'എസ്എഫ്‌ഐ കുഞ്ഞുങ്ങള്‍' ജനിക്കുന്നതിന് മുമ്പ് പണി തുടങ്ങിയതാണെന്നും അടൂര്‍ പ്രകാശ് എംപി. 'കൊലയാളി പ്രകാശ്' പേരിനൊപ്പമുള്ള അടൂര്‍ ഒഴിവാക്കി നാടിനെ അപമാനത്തില്‍നിന്നു മുക്തമാക്കണമെന്ന എസ്എഫ്‌ഐയുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിനു നല്‍കിയതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്. ചിഹ്നം നോക്കിയല്ല ജോസ് കെ. മാണി വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിലേക്കു തിരിച്ചെടുക്കരുതെന്ന ആവശ്യവുമായി പിജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചു. ജോസ് കെ മാണിയെ തിരികെ കൊണ്ടുവന്നാല്‍ യുഡിഎഫില്‍ ഉണ്ടാകില്ലെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ബെന്നി ബഹന്നാന്‍ എന്നിവരുമായി ജോസഫ് സംസാരിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിആര്‍എസ് വരുന്നു. 25 വര്‍ഷം സര്‍വീസുള്ളവര്‍ക്കും 55 വയസ് പൂര്‍ത്തിയായവര്‍ക്കും വിരമിക്കാം. ബാങ്കിലെ 11,565 ഓഫീസര്‍മാരും 18,625 ജീവനക്കാരും വിആര്‍എസിന് യോഗ്യരാണ്. ഈ പ്ലാന്‍ അംഗീകരിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ വിരമിക്കല്‍ പ്രായം വരെ വേതനത്തിന്റെ 50 ശതമാനം നല്‍കും.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മുരളി രാമകൃഷ്ണനെ നിയമിച്ചു. ഐസിഐസിഐ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരായിരുന്നു. വി.ജി. മാത്യു വിരമിച്ച ഒഴിവിലാണ് നിയമനം.
ഹരിപ്പാട് കരുവാറ്റയിലെ സഹകരണ ബാങ്കില്‍നിന്ന് അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും കൊള്ളയടിച്ചു. നാലു ദിവസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ച ജീവനക്കാര്‍ ബാങ്കില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കറുകള്‍ തകര്‍ത്താണ് മോഷണം. സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷണം പോയി.
ലൈഫ് പദ്ധതി വിവാദത്തില്‍ വാക് പോര്. പാവങ്ങളുടെ കിടപ്പാടം ഇല്ലാതാക്കാന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്ന അനില്‍ അക്കര എംഎല്‍എ സാത്താന്റെ സന്തതിയാണെന്ന് സിപിഎം നേതാവ് ബേബി ജോണ്‍. സാത്താന്റെ മുഖഛായ ആര്‍ക്കെന്ന് ബേബി ജോണും മക്കളും കണ്ണാടിയില്‍ നോക്കിയാല്‍ അറിയാമെന്ന് അനില്‍ അക്കര എംഎല്‍എ. പദ്ധതി നടത്തിപ്പിനായി യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷന്‍ ആണെന്ന് തെളിയിക്കുന്ന രേഖകളും എംഎല്‍എ പുറത്തു വിട്ടു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 1,083 പേര്‍ മരിച്ചു. 84,156 പേര്‍കൂടി രോഗികളായി. ഇതുവരെ 68,569 പേരാണു മരിച്ചത്. 39,33,124 പേര്‍ രോഗബാധിതരായി. 8.29 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 30.34 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 391 പേര്‍ മരിക്കുകയും 18,105 പേര്‍ രോഗബാധിതരാകുകയും ചെയ്തു. ചികില്‍സയിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ആന്ധ്രപ്രദേശില്‍ 10,199 പേരും തമിഴ്‌നാട്ടില്‍ 5,892 പേരും കര്‍ണാടകത്തില്‍ 8,865 പേരും പുതുതായി രോഗികളായി.
കോവിഡ് 19 പലകാര്യങ്ങളെയും ബാധിച്ചുവെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിവാഞ്ഛയെയും ലക്ഷ്യങ്ങളേയും ബാധിച്ചില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 മരണനിരക്ക് ഇന്ത്യയില്‍ കുറവാണെന്നും രോഗമുക്തി നിരക്ക് വര്‍ധിക്കുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു.
പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് പ്രഥമ സംഭാവന നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടേകാല്‍ ലക്ഷം രൂപയാണ് മോദി നല്‍കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ഗംഗാനദീ ശുചീകരണം തുടങ്ങി നിരവധി പൊതുകാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന ശീലം പ്രധാനമന്ത്രിക്കുണ്ടെന്നും ഇതിനകം 103 കോടി രൂപ സംഭാവന നല്‍കിയെന്നും ഉദ്യോഗസ്ഥര്‍.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കര്‍ അറസ്റ്റിലായി. രാഗിണി ദ്വിവേദി ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഒരു പ്രമുഖ വ്യവസായിയും കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. മയക്കുമരുന്നു സംഘത്തിനു സിനിമാ രാഷ്ട്രീയ മേഖലയിലെ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്.
പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ടു നല്‍കിയ കത്തുമായി ബന്ധപ്പെട്ട് ഇനിയും പരാതിയുള്ളവര്‍ക്ക് സോണിയാ ഗാന്ധിയുമായി നേരിട്ട് സംസാരിക്കാമെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളുടെ കത്ത് പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 62 ശതമാനവും തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രം സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് മരണങ്ങളുടെ 70 ശതമാനവും ആന്ധ്ര, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണെന്നും ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുല്‍ഭൂഷന്‍ ജാദവിന് അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യയ്ക്ക് മറ്റൊരു അവസരം നല്‍കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. പാക്കിസ്ഥാന്‍ സൈനിക കോടതി വിധിച്ച വധശിക്ഷ പുനപരിശോധിക്കാനാണ് അഭിഭാഷകനെ നിയമിക്കുന്നത്.
സ്ഥിരം കമ്മിഷനായി പരിഗണിക്കുന്ന സര്‍വീസ് ആനുകൂല്യങ്ങള്‍ക്കുളള യോഗ്യതക്ക് അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. തീയതി മാറ്റിയാല്‍ ഭാവി ബാച്ചുകളില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നു കോടതി.
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം മുതലാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കരുതെന്ന് സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുവേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ടാങ്കര്‍ കപ്പലിന് ശ്രീലങ്കന്‍ തീരത്തിനരികില്‍ തീപ്പിടിച്ചു. ന്യൂ ഡയമണ്ട് എന്ന വമ്പന്‍ കപ്പല്‍ പാരദ്വീപിലെ തുറമുഖത്തേക്കു വരികയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനു രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചെന്ന് ലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജപക്സ അറിയിച്ചു.
ലോകത്ത് കോവിഡ് ബാധിച്ച് 5,621 പേര്‍കൂടി മരിച്ചു. 2,75,446 പേര്‍കൂടി രോഗികളായി. ഇതുവരെ 8,72,243 പേര്‍ മരിക്കുകയും 2.24 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. 995 പേര്‍കൂടി മരിച്ച അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 1.90 ലക്ഷം കടന്നു. ബ്രസീലില്‍ 830 പേര്‍കൂടി ഇന്നലെ മരിച്ചു.
മുതിര്‍ന്നവര്‍ക്കായി ദുബായില്‍ പുതിയ വിസ സമ്പ്രദായം. 55 വയസ് കഴിഞ്ഞവര്‍ക്ക് റിട്ടയര്‍ ഇന്‍ ദുബായ് എന്ന പേരിലുള്ള വിസയ്ക്ക് അഞ്ചു വര്‍ഷം കാലാവധിയുണ്ടാകും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അതിര്‍ത്തിയില്‍ ചൈന പിന്മാറാതെ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. ലഡാക്കില്‍ കഴിഞ്ഞ നാലു മാസത്തിലേറെയായി സംഘര്‍ഷം തുടരുകയാണ്. ബ്രിഗേഡിയര്‍ തല ചര്‍ച്ച തുടരുമെന്നും വിദേശകാര്യമന്ത്രാലയം.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി 20 ക്രിക്കറ്റിന് ഇന്നു സതാംപ്ടണില്‍ തുടക്കം. അടച്ചിട്ട സ്റ്റേഡിയത്തിലാണു മല്‍സരം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കോവിഡില്‍ കുടുങ്ങുമോ ? ഇന്ത്യന്‍ ടീമുകളെ പരിശോധിക്കാന്‍ യുഎഇയില്‍ എത്തിയ ബിസിസിഐ മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ക്ക് കോവിഡ്. ഇതോടെ ഐപിഎലുമായി ബന്ധപ്പെട്ട് കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി.
യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കരോളിന പ്‌ളീഷ്‌കോവ പുറത്ത്. രണ്ടാം റൗണ്ടില്‍ സീഡ് ചെയ്യപ്പെടാത്ത കരോളിന്‍ ഗാര്‍സിയയാണ് തോല്‍പിച്ചത്. നോവാക് ജോക്കോവിച്ച്, കെയല്‍ എഡ്മണ്ടിനെ തോല്‍പിച്ച് മൂന്നാം റൗണ്ടിലെത്തി. സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വരേവ് തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
പ്രതിസന്ധിയിലായ വോഡാഫോണ്‍ ഐഡിയയില്‍ ആമസോണ്‍ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയര്‍ലെസ് സ്ഥാപനമായ വെരിസോണ്‍ കമ്യൂണിക്കേഷന്‍സും 30,000 കോടി രൂപ നിക്ഷേപം നടത്തിയേക്കും. പുറത്തുനിന്ന് നിക്ഷേപം സമാഹരിക്കാതെ കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വോഡാഫോണ്‍ ഐഡിയ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയര്‍ന്നിരുന്നു.
പോളിസി ഉടമകള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗൂഗിള്‍ അസിസ്റ്റന്റില്‍ ലിഗോ എന്ന ചാറ്റ് ബോട്ട് അവതരിപ്പിച്ചു. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ലിഗോയോട് സംസാരിക്കണമെന്ന ശബ്ദ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് പോളിസി ഉടമകള്‍ക്ക് തങ്ങളുടെ ചോദ്യങ്ങള്‍ക്കു പരിഹാരം തേടാന്‍ ഗൂഗിള്‍ അസിസ്റ്റന്റിലൂടെ സാധ്യമാക്കുന്നതാണ് ഈ സൗകര്യം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോളിസി നമ്പറോ രജിസ്റ്റേഡ് ഫോണ്‍ നമ്പറോ പറഞ്ഞു കൊണ്ട് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലൂടെ തല്‍സമയ വിവരങ്ങള്‍ തേടാന്‍ ഇത് വഴിയൊരുക്കും.
സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് 'വട്ടവട ഡയറീസ്'ന്റെ ആദ്യ എപ്പിസോഡ് സെപ്റ്റംബര്‍ 6 ന് വെകിട്ട് 5 ന് വട്ടവട ഡയറീസിന്റെ യൂട്യൂബിലൂടെ റിലീസ് ചെയ്യും. ആരോണ്‍ എന്റര്‍ടൈമെന്റ്‌സിന്റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ ആറുമാണ്. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്.
സൂപ്പര്‍ ഹിറ്റ് ചിത്രം 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്ക് സംവിധായകന്‍ വി.വി വിനായക് ഒരുക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടാഗോര്‍, ഖൈദി നം. വണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനായകും ചിരഞ്ജീവിയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. ലൂസിഫര്‍ ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളൊന്നും വരുത്താതെയാണ് റീമേക്ക് ഒരുക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഗസ്റ്റ് മാസത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ടൂ-വീലര്‍ വില്‍പ്പന നാലു ലക്ഷം യൂണിറ്റ് കടന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹോണ്ടയുടെ മൊത്തം വില്‍പ്പന 4,43,969 യൂണിറ്റാണ്. ഇതില്‍ 4,28,231 യൂണിറ്റുകള്‍ ആഭ്യന്തര വില്‍പ്പനയും 15,738 യൂണിറ്റുകള്‍ കയറ്റുമതിയുമായിരുന്നു. സാമ്പത്തിക വര്‍ഷം 2020-21ല്‍ ആദ്യമായാണ് ഹോണ്ടയുടെ വില്‍പ്പന നാലു ലക്ഷം യൂണിറ്റ് കടക്കുന്നത്. ഒരു ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കുറിച്ചത്.
അഭയാര്‍ത്ഥികളുടെ ചരിത്രവും ജീവിത ദുരിതങ്ങളും സംഭവങ്ങളും കവിതകളും കോര്‍ത്തിണക്കി എഴുതിയ പുസ്തകം. 'ഞങ്ങള്‍ അഭയാര്‍ത്ഥികള്‍'. ഡെന്നി തോമസ് വട്ടക്കുന്നേല്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 218 രൂപ.
കോവിഡ് പിടിപെട്ടു ഗുരുതരാവസ്ഥയിലായ രോഗികള്‍ക്കു സ്റ്റിറോയ്ഡ് ചികിത്സ നല്‍കുന്നതു മരണ നിരക്ക് 20 ശതമാനം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഏഴ് രാജ്യാന്തര പഠനങ്ങളില്‍ ഇക്കാര്യം വ്യക്തമായതിനെത്തുടര്‍ന്ന് ഡബ്ല്യൂഎച്ച്ഒ ചികിത്സാ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി. ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്‌സാമെത്തസോണ്‍, മീഥൈല്‍ പ്രെഡ്‌നിസോലോണ്‍ എന്നിവ ഉപയോഗിച്ചു നടത്തിയ പരീക്ഷണമാണ് ഫലം കണ്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇത്തരം മരുന്നുകള്‍ മരണനിരക്കു കുറയ്ക്കാന്‍ ഇടയാക്കുന്നുണ്ടെന്ന് വ്യത്യസ്ത പഠനങ്ങളില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ചികിത്സാ നിര്‍ദേശങ്ങള്‍ പുതുക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കോര്‍ട്ടിസ്റ്റിറോയ്ഡ് നല്‍കിയ രോഗികളിലെ രോഗമുക്തി നിരക്ക് 68 ശതമാനമാണ്. സമാനമായ നിലയില്‍ ഗുരുതരമായ രോഗികളില്‍ സ്റ്റിറോയ്ഡ് ചികിത്സ നല്‍കാത്തവര്‍ 60 ശതമാനമാണ് രോഗമുക്തി നേടിയത്. സ്റ്റിറോയ്ഡ് ചികിത്സ ആയിരം രോഗികളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ പേരുടെ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നതെന്ന് ഡബ്ല്യൂഎച്ചഒ ക്ലിനിക്കല്‍ കെയര്‍ മേധാവി ജാനറ്റ് ഡിയസ് പറഞ്ഞു. വില കുറഞ്ഞതും എളപ്പം ലഭ്യമായതുമായ മരുന്നതാണ് സ്റ്റിറോയ്ഡുകളെന്ന് ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടി.


.jpg)











