കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ യാത്രക്കാരെ ആകർഷിക്കാനൊരുങ്ങി കെഎസ്ആർടിസി. ഇനി മുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. എവിടെ നിന്നു വേണമെങ്കിലും ബസിൽ കയറുകയും ചെയ്യാം.
ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇത് നടപ്പിലാക്കുക. മാത്രമല്ല, ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരുടെ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കണമെന്നും യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ ഇനി ഓടിക്കാനാകില്ലെന്ന എംഡി ബിജുപ്രഭാകർ നിർദേശം നൽകി.
ഇന്ത്യാ ടുഡെ ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു. 62 വയസായിരുന്നു. സംസ്‌ക്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.ഇന്ന് രാവിലെ 11.30ന് പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12 മണിക്ക് ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.
കൊവിഡ് മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കാമെന്ന് കൊവിഡ് ഒരു മൾട്ടി സിസ്റ്റമിക് രോഗമായെന്നും എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും എയിംസ് വിദഗ്ധർ.
കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾക്ക് നെഞ്ചിലെ പ്രശ്നങ്ങളുമായി ബന്ധമില്ല. കോശങ്ങൾക്ക് പുറമേയുള്ള എസിഇ2 റിസപ്റ്ററുകൾ ഉപയോഗിച്ചാണ് വൈറസ് കോശങ്ങൾക്കുള്ളിൽ കയറി പറ്റുന്നത്. ശ്വാസനാളിയിലും ശ്വാസകോശത്തിലും മാത്രമല്ല മറ്റ് പല അവയവങ്ങളിലും എസിഇ2 റിസപ്റ്ററുകൾ ഉള്ളതിനാൽ അവയെയും വൈറസ് ബാധിക്കാമെന്ന് ഡോ. ഗുലേറിയ വ്യക്തമാക്കുന്നു.ചില കൊവിഡ് രോഗികളിൽ തലച്ചോറിന് ക്ഷതം സംഭവിക്കാം. രക്തം കട്ടപിടിക്കൽ, പക്ഷാഘാതം, മസ്തിഷ്‌കവീക്കം പോലുള്ള പ്രശ്നങ്ങളുണ്ടാകാമെന്നും എയിംസിലെ ന്യൂറോളജി വിഭാഗം തലവൻ എം. വി. പദ്മ ശ്രീവാസ്തവ പറയുന്നു.
ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 83,883 പോസിറ്റീവ് കേസുകളും 1043 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 38,53,407 ആയി.മരണസംഖ്യ 67,376 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,72,179 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 29 ലക്ഷം പിന്നിട്ടു. 77 ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുതലാണ്.
കേരളത്തിൽ ഇന്നലെ 1419 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 211 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 122 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 5, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ 3 വീതവും, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണത്തിന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റും. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ അന്വേഷിക്കും. സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ചാണ് അന്വേഷിക്കുക.
മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനൂപിനു ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവർത്തകരുടെ വിശദാംശങ്ങൾ എൻസിബി ബംഗളൂരു യൂണിറ്റ് ശേഖരിച്ചിരുന്നു. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതൽ ചോദ്യം ചെയ്യും.
പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയ അതേ സംഘം. സിബിഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് അതേ മൂവർസംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് ശനിയാഴ്ച രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ ശവസംസ്‌കാരം നടക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ. വെരിഫൈഡ് ആയ ഈ അക്കൗണ്ടിൽ 25 ലക്ഷം ആളുകൾ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. വേറെ അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി.
രാജ്യാന്തര തലത്തിൽ നടന്ന ഹാക്കിംഗുകളുടെ തുടർച്ചയാണെന്ന് ഇത് എന്നാണ് പ്രാഥമിക നിരീക്ഷണം. ബാരാക്ക് ഒബാമ, എലോൺ മസ്‌ക്ക് തുടങ്ങിയവരുടെ ട്വിറ്റ് ഹാക്ക് ചെയ്ത സംഘങ്ങൾ തന്നയാണ് ഇതിന് പിന്നിലെന്നും വിലയിരുത്തലുണ്ട്. ഹാക്കിംഗിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുക ആണ് ലക്ഷ്യമെന്നും വിവരം.
പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ എസ്‌ഐ മുനിദാസ്(48) ആത്മഹത്യ ചെയ്തു. അഞ്ച് മാസമായി മെഡിക്കൽ ലീവിലായിരുന്ന മുനിദാസിനെ വടക്കാഞ്ചേരി പൊലീസ് ക്വാട്ടേഴ്‌സിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമാല്ല.
കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ട്. അതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ്പുണ്ട്.
കര്‍ണാടകത്തിനും, തമിഴ്‌നാടിനും സമാനമായ നിര്‍ദ്ദേശമുണ്ട്. കാവേരിയുടെ തടങ്ങളില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കിഴക്കേകോട്ടയിലെ കരിമഠം കോളനിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം. ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും പരുക്കേറ്റതായാണ് വിവരങ്ങള്‍. കരിമഠംകോളനിയിലൂടെ സിപിഐഎം പ്രവര്‍ത്തകന്‍ അമിതവേഗതയില്‍ ബൈക്ക് ഓടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേന എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് കരിമഠം കോളനി. പരുക്കേറ്റവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്. സ്ഥലത്ത് സംഘര്‍ഷം തുടരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം.
ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ തിരുമാനിച്ച ഇന്ത്യ ഫിംഗർ നാലിൽ വരെ സമ്പൂർണ്ണ നിയന്ത്രണം ഉറപ്പിച്ചു.
പാംഗോംഗ് തടാകത്തിന്റെ എല്ലാ മേഖലയിലും സർവ സജ്ജമായി ഇന്ത്യൻ സേന നില ഉറപ്പിച്ച് കഴിഞ്ഞു. ഫിംഗർ നാലിലെ എല്ലാ ഭാഗത്തും സേനയെ വിന്യസിയ്ക്കുന്ന നടപടി ഇന്നലെ വൈകിട്ടോടെയാണ് പൂർത്തി ആയത്. ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നൽകാൻ സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കങ്ങൾ എല്ലാം നടക്കുന്നത്. ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന്
ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഈ നീക്കമാണ് ിന്ത്യ പരാജയപ്പെടുത്തിയത്.


.jpg)











