വാര്‍ത്തകള്‍ | കേരളം | പ്രഭാതം |




സെക്രട്ടറിയേറ്റില്‍ തീപിടിത്തം. രാത്രി വൈകിയും നാടകീയ സംഭവങ്ങള്‍, സമരമുറകള്‍. ഇന്നു യുഡിഎഫ് കരിദിനം ആചരിക്കും. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മൂന്നു വിഭാഗങ്ങളിലെ ഫയലുകളാണ്‌ കത്തിയത്‌. അഗ്‌നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണു കത്തി നശിച്ചതെന്ന്‌ പ്രതിപക്ഷ ആരോപണം.

തീപിടിത്തത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപിടിത്തം അന്വേഷിക്കാന്‍ എത്തിയ എംഎല്‍എമാരെ സെക്രട്ടേറിയറ്റ് കവാടത്തില്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം മൂന്ന് എംഎല്‍എമാരും നേതാക്കളും കന്റോണ്‍മന്റ് ഗേറ്റില്‍ കുത്തിയിരിപ്പു സമരം നടത്തി. 15 മിനിറ്റിനുശേഷം അവരെ അകത്തേക്കു പ്രവേശിപ്പിച്ചു. തീപിടിത്തമുണ്ടായ സ്ഥലങ്ങള്‍ പരിശോധിച്ചശേഷമാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്. രാത്രി ഗവര്‍ണറെ കണ്ട് ഗൗരവാവസ്ഥ വിശദീകരിച്ച പ്രതിപക്ഷ നേതാവ് ഇന്നു ഗവര്‍ണര്‍ക്കു നിവേദനം നല്‍കും.  

പ്രതിഷേധവുമായി എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു. തീപിടിത്തമുണ്ടായ സ്ഥലത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരേയും പോലീസ് തടഞ്ഞു.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടേറിയറ്റിലെ  തീപിടിത്തമുണ്ടായ മേഖലയിലെ നടപടികള്‍. എംഎല്‍എമാരും ബിജെപി നേതാക്കളും മാധ്യമപ്രവര്‍ത്തകരും അടക്കം ആരേയും അകത്തേക്കു വിടരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി.

തീപിടിത്തം അട്ടിമറിയും തെളിവു നശിപ്പിക്കാനുള്ള ഗൂഡാലോചനയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തു സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കുന്ന രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തിച്ചതാണെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍. കത്തിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ആരേയും അകത്തേക്കു പ്രവേശിപ്പിക്കാതെ തടഞ്ഞതെന്ന് നേതാക്കള്‍.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തിരുവനന്തപുരത്ത് മൂന്നര മണിക്കൂറോളം സംഘര്‍ഷാവസ്ഥയുണ്ടാക്കി. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പോലീസ് കമ്മീഷണര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്.

കുറേ കടലാസുകള്‍ കത്തിപ്പോയെങ്കിലും എല്ലാം കംപ്യൂട്ടറിലുണ്ടെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിലെ എല്ലാ വകുപ്പുകളിലേയും ഫയലുകള്‍ ഇ-ഫയലുകളായി സൂക്ഷിക്കുന്നുണ്ടെന്ന് മന്ത്രിമാര്‍ അവകാശപ്പെട്ടു. ഏതു കടലാസ് സെക്രട്ടേറിയറ്റില്‍ വന്നാലും സ്‌കാന്‍ ചെയ്ത് നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനില്‍ ഇ-ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍.

ഫയലുകള്‍ കത്തിയ സംഭവം പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാമിന്റെയും ദുരന്ത പ്രതികരണ സെക്രട്ടറി എ. കൗശികന്റേയും നേതൃത്വത്തില്‍ രണ്ടു തലത്തില്‍ അന്വേഷിക്കും. മനോജ് ഏബ്രാഹമിന്റെ സംഘത്തില്‍ ഐജി പി. വിജയന്‍, എസ്പി അജിത്ത് എന്നിവരുണ്ട്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് എതിരായ കോടതി അലക്ഷ്യ കേസില്‍ വാദം അവസാനിച്ച് വിധിപറയാന്‍ മാറ്റിവച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്ന സെപ്റ്റംബര്‍ രണ്ടിനു മുന്‍പ് വിധി പ്രസ്താവിച്ചേക്കും. പ്രശാന്ത് ഭൂഷണ്‍ മാപ്പു പറയാന്‍ അര മണിക്കൂര്‍ സമയം നല്‍കി. ഉച്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയില്ലെന്ന് കോടതിയെ അറിയിച്ചു.

കേരളത്തില്‍ ഇന്നലെ 2,375 പേര്‍ക്ക് കോവിഡ്-19. പത്തു പേര്‍കൂടി മരിച്ചതോടെ  ആകെ മരണം 244 ആയി. 21,232 പേരാണ് ചികിത്സയിലുള്ളത്. 1,83,794 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ രോഗമുക്തരായ 1,456 പേരടക്കം 40,343 പേര്‍ കോവിഡില്‍നിന്നും മുക്തരായി. 619 ഹോട്ട് സ്പോട്ടുകള്‍.

സമ്പര്‍ക്കത്തിലൂടെ 2142 പേര്‍ക്കു രോഗം ബാധിച്ചു. അതില്‍ 174 പേരുടെ ഉറവിടം വ്യക്തമല്ല. 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. മലപ്പുറം 454, തിരുവനന്തപുരം 391, കോഴിക്കോട് 260, തൃശൂര്‍ 227, ആലപ്പുഴ 170, എറണാകുളം 163, പാലക്കാട് 152, കണ്ണൂര്‍ 150, കാസര്‍ഗോഡ് 99, പത്തനംതിട്ട 93, കൊല്ലം 87, കോട്ടയം 86, വയനാട് 37, ഇടുക്കി 6.

കോവിഡ് ബാധിച്ച് മരിച്ച പത്തു പേരുടെ വിവരങ്ങള്‍: മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്‍ (70), വയനാട് നടവയല്‍ അവറാന്‍ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), മലപ്പുറം പുകയൂര്‍ സ്വദേശി കുട്ട്യാപ്പു (72), തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാര്‍ (58), കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ് (81), ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണന്‍ (54), കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷ്മി (63), ചേര്‍ത്തല അരൂര്‍ സ്വദേശിനി തങ്കമ്മ (78), തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ തമ്പി (80).

പുതിയ പത്തു ഹോട്ട് സ്പോട്ടുകള്‍. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14).

ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കിയ 14 പ്രദേശങ്ങള്‍. ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (വാര്‍ഡ് 13), ചെറിയനാട് (8), തിരുവന്‍വണ്ടൂര്‍ (2, 9), തൈക്കാട്ടുശേരി (3 (സബ് വാര്‍ഡ്), 4), തൃക്കുന്നപ്പുഴ (3, 9, 12), തൃശൂര്‍ ജില്ലയിലെ പാഞ്ഞാൾ (10, 11), മുളംകുന്നത്ത്കാവ് (സബ് വാര്‍ഡ് 3), മുല്ലശേരി 3, 4), എറണാകുളം ജില്ലയിലെ ആവോലി (4), മുടക്കുഴ (8), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (1), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (13).

നെടുമ്പാശേരി വിമാനത്താവളത്തില്‍ 84 ലക്ഷം രൂപയുടെ രണ്ടു കിലോ സ്വര്‍ണം പിടികൂടി.

സംസ്ഥാനത്തെ രോഗവ്യാപന മേഖല ഒഴികേയുള്ള എല്ലാ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കി. സെപ്റ്റംബര്‍ രണ്ടുവരെ രാത്രി ഒമ്പതു വരെ തുറന്നു പ്രവര്‍ത്തിക്കാം.  

കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 1,066 പേര്‍കൂടി മരിച്ചു. 66,875 പേര്‍ക്കുകൂടി കോവിഡ്. ഇതുവരെ 59,612 പേര്‍ മരിക്കുകയും 32,31,754 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 7.04 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 24.67 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 329 പേര്‍കൂടി മരിക്കുകയും 10,425 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.65 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടില്‍ 5,951 പേരും ആന്ധ്രയില്‍ 9,927 പേരും കര്‍ണാടകത്തില്‍ 8,161 പേരും പുതുതായി രോഗികളായി.

എഐസിസി പ്രസിഡന്റിനെ സഹായിക്കാന്‍ നാലംഗ സമിതി നിയോഗിക്കും. അതിവേഗം തീരുമാനമെടുക്കാനാണ് ഈ സമിതി. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണു ധാരണ. സമിതി അംഗങ്ങള്‍ ആരെല്ലാമെന്നു തീരുമാനമായില്ല.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ ചേരും. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ നടപടികള്‍ പാലിച്ചാണ് പാര്‍ലമെന്റ് സമ്മേനം ചേരുക. ഇരുസഭകളുടേയും നടപടികള്‍ അവധി കൂടാതെ ശനിയാഴ്ചയും ഞായറാഴ്ചയും നടക്കും.

ഒന്നര വര്‍ഷം മുമ്പ് ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ഭീകരാക്രമണ കേസിലെ കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചു. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍മാര്‍ പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറും അദ്ദേഹത്തിന്റെ സഹോദരങ്ങളായ റൗഫ് അസ്ഗറും മൗലാന മുഹമ്മദ് അമറുമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 13,000 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ ജമ്മുവിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.

വിഭജന ശക്തികളുടെ അഭയകേന്ദ്രമാണ് തമിഴ്നാടെന്ന വിമര്‍ശമുന്നയിച്ച ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയ്‌ക്കെതിരേ ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. തമിഴ് സംസ്‌കാരത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ശത്രുക്കളാണ് ബിജെപിയെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

ഒരാളെ വേദനിപ്പിച്ചാല്‍ ക്ഷമ ചോദിക്കുന്നതില്‍ തെറ്റെന്താണെന്ന് പ്രശാന്ത് ഭൂഷനോട് ജസ്റ്റിസ് അരുണ്‍ മിശ്ര. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചതിന് മാപ്പു ചോദിക്കില്ലെന്ന പ്രശാന്ത് ഭൂഷന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് മിശ്ര. വളരെ വൈകാരികമായിട്ടായിരുന്നു അറ്റോര്‍ണി ജനറലിന്റെ അഭിപ്രായങ്ങളോട് ജസ്റ്റിസ് മിശ്ര പ്രതികരിച്ചത്.

റഷ്യ നിര്‍മ്മിച്ച സ്പുട്‌നിക്ക് 5 വാക്‌സിന്‍ സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മില്‍ ചര്‍ച്ച. പ്രാഥമിക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍. മൂന്ന് കൊവിഡ് വാക്‌സിനുകളാണ് രാജ്യത്ത് പരീക്ഷണത്തിലുള്ളത്.  ഇതില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത് നാലു വര്‍ഷം മുമ്പു മുങ്ങിയ വിവാദ വജ്രവ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണിത്. ഇന്ത്യയിലെ കളളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.  

മുന്‍ സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചില്ലെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. രണ്ടായിരത്തിന്റെ നോട്ടുകളുടെ പ്രചാരണം കുറയുകയാണ്. 2018 മാര്‍ച്ചില്‍ 33,632 ലക്ഷം നോട്ടുകളാണ് ഉണ്ടായിരുന്നത്. 2019 മാര്‍ച്ച് മാസത്തില്‍ ഇത് 32,910 ലക്ഷമായും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 27,398 ലക്ഷവുമായിരുന്നു.

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,777 പേര്‍കൂടി മരിച്ചു. 2,38,222 പേര്‍കൂടി രോഗികളായി. ഇതുവരെ 8,22,449 പേര്‍ മരിക്കുകയും 2.40 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ 1,224 പേരും ബ്രസീലില്‍ 1,215 പേരും ഇന്നലെ മരിച്ചു.

യുഎഇയില്‍ സെപ്റ്റംബര്‍ 19-ന് ആരംഭിക്കുന്ന ഐപിഎല്‍ 13-ാം സീസണില്‍ ഉത്തേജക മരുന്ന് പരിശോധനയുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി.  ടൂര്‍ണമെന്റിനുള്ള നടപടി ക്രമങ്ങള്‍ തയ്യാറാക്കിയെന്ന് നാഡ അറിയിച്ചു.

സൂപ്പര്‍ താരം മെസി ബാഴ്സലോണയോടു വിടപറയുന്നു. ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കി. രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ബാഴ്‌സയ്ക്കുവേണ്ടി കളിച്ച താരമാണ് മെസി.

കാര്‍ഷിക മേഖലയിലെ ഉപഭോക്താക്കളുടെ വായ്പാ യോഗ്യത  വിലയിരുത്തുന്നതിനായി ഐസിഐസിഐ ബാങ്ക് ഭൗമ  നിരീക്ഷണ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് ഡാറ്റ-ഇമേജറി ഉപയോഗിക്കുന്നു. സാറ്റലൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് ഐസിഐസിഐ. നൂതനമായ സാങ്കേതിക വിദ്യ നിലവില്‍ വായ്പയുള്ള കര്‍ഷകര്‍ക്ക് പുതിയ വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള യോഗ്യത എളുപ്പത്തില്‍ കണക്കാക്കാന്‍ സഹായിക്കുന്നു. നിലവില്‍ ഇതിന് 15 ദിവസം വേണം.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ടൊവിനോ അവതരിപ്പിക്കുന്ന മിന്നല്‍ മുരളി എന്ന കഥാപാത്രം മുഖം തുണി കൊണ്ട് മറച്ച് ഓടുന്നതായാണ് പോസ്റ്ററില്‍ കാണാനാവുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 31ന് തിരുവോണ ദിനത്തില്‍ റിലീസ് ചെയ്യും. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടി മാസ്‌ക് ധരിച്ച് തെരുവില്‍ വടി ചുഴറ്റി അഭ്യാസ പ്രകടനം നടത്തിയ ശാന്താഭായി പവാര്‍ എന്ന 85കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ 'ആജി മാ'യെ തേടി നിരവധി അഭിനന്ദനങ്ങളുമെത്തി. ബോളിവുഡ് താരം സോനു സൂദും അക്കൂട്ടത്തില്‍ ഒരു സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം. രാജ്യത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പരിശീലിക്കാന്‍ ട്രെയിനിങ് സ്‌കൂളാണ് സോനു ഒരുക്കിയിരിക്കുന്നത്. വിനായക ചതുര്‍ത്ഥി ദിനത്തിലാണ് സോനു, ശാന്താഭായിക്ക്  ട്രെയിനിങ് സ്‌കൂള്‍ ഒരുക്കിയത്.  സ്‌കൂളിന് സോനുവിന്റെ പേരു തന്നെയാണ് മുത്തശ്ശി നല്‍കിയിരിക്കുന്നത്.

ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഹീറോ മാസ്ട്രോ എഡ്ജ് 125 ബി. എസ് 6 കേരളത്തിലെത്തി. ഉത്സവ സീസണോട് അനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളോടെയാണ് ഹീറോ നല്‍കുന്നത്. ഹീറോ മോട്ടോകോര്‍പ്പിന്റെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഓഫറുകള്‍ ലഭ്യമാണ്. കേരളത്തിലെ എക്സ് ഷോറൂം വില: ഹീറോ മാസ്ട്രോ എഡ്ജ് ഡിആര്‍എസ്- 76745 രൂപ ഹീറോ മാസ്ട്രോ എഡ്ജ് ഡിഎസ്എസ്- 78962 രൂപ.

ജീവിതം കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍ വിസമ്മതിച്ച ഒരു ധിക്കാരിയുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, തെറ്റെന്നു തീര്‍പ്പുവരുത്തുവാന്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ കൂട്ടാക്കാതിരുന്ന, ഉശിരാര്‍ന്ന ചെറുപ്പത്തിന്റെ കഥ. 'രവിയുടെ കഥ കേള്‍ക്കണോ?'. വി.ആര്‍. രഞ്ജിത്. എച്ച് & സി ബുക്‌സ്. വില 110 രൂപ.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...