കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര അന്വേഷണം വരുന്നു. വിദേശനാണ്യച്ചട്ടം ലംഘിച്ചതിനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അന്വേഷണം. എന്‍.ഐ.എയും അന്വേഷണം നടത്തും.
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനു കേരളം സമര്‍പ്പിച്ച കരാറിലെ വ്യവസ്ഥകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയതാണെന്ന് കെഎസ്‌ഐഡിസി. യാത്രക്കാരന് 135 രൂപ എന്ന നിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. 168 രൂപ വാഗ്ദാനം ചെയ്ത അദാനിക്കാണു കരാര്‍ ലഭിച്ചത്. ടെണ്ടര്‍ നടപടികള്‍ക്കുള്ള നിയമസഹായം തന്ന സിറിൽ അമര്‍ചന്ദ് മംഗള്‍ ദാസ് എന്ന സ്ഥാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കെഎസ്‌ഐഡിസി.
വിമാനത്താവള ലേലത്തിനു പുറമെ മസാല ബോണ്ട് സമാഹരണത്തിനും സര്‍ക്കാര്‍ നിയമോപദേശം തേടിയത് അദാനിയുടെ ബന്ധുവിന്റെ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനിയില്‍നിന്ന്. അവര്‍ക്കു നല്‍കിയ പ്രതിഫലം പത്തേമുക്കാല്‍ ലക്ഷം രൂപ. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം. 2150 കോടി രൂപയായിരുന്നു മസാലബോണ്ട് വഴി സര്‍ക്കാര്‍ സമാഹരിച്ചത്.
കേരളത്തില്‍ ഇന്നലെ 2,172 പേര്‍ക്ക് കോവിഡ്-19. ഇന്നലെ 15 മരണം. കേരളത്തില്‍ മരിച്ചവരുടെ എണ്ണം 218 ആയി. ഇന്നലെ 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ ഉറവിടം വ്യക്തമല്ല. 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 19,538 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 1292 പേരടക്കം 36,539 പേര്‍ ഇതുവരെ രോഗമുക്തരായി. 1,80,249 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 ഹോട്ട് സ്‌പോട്ടുകള്‍.
ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 464, മലപ്പുറം 395, കോഴിക്കോട് 232, പാലക്കാട് 184, തൃശൂര്‍ 179, കാസര്‍കോട് 119, എറണാകുളം 114, കോട്ടയം 104, പത്തനംതിട്ട 93, ആലപ്പുഴ 87, കൊല്ലം 77, കണ്ണൂര്‍ 62, ഇടുക്കി 37, വയനാട് 25.
ഇന്നലെ മരണം സ്ഥിരീകരിച്ച 15 പേര്‍: തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63).
കേരളത്തില്‍ 25 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (7, 8, 11), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), ഭരണിക്കാവ് (12), മാരാരിക്കുളം നോര്‍ത്ത് (9), ദേവികുളങ്ങര (13), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), പള്ളിക്കല്‍ (8), ആറന്മുള (2), പന്തളം-തെക്കേക്കര (6, 10), എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7), കല്ലൂര്‍ക്കാട് (2), ഐകരനാട് (9), എലഞ്ഞി (7), പാലക്കാട് ജില്ലയിലെ പട്ടിത്തറ (6), മേലാര്‍കോട് (16), തച്ചമ്പാറ (13, 14), കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (2), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11), മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20).
ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ (വാര്‍ഡ് 14), എരുമപ്പെട്ടി (1, 18 (സബ് വാര്‍ഡ്), വരവൂര്‍ (5), ഇടുക്കി ജില്ലയിലെ രാജകുമാരി (സബ് വാര്‍ഡ് 3, 4, 6), മുട്ടം (10), എടവെട്ടി (11 (സബ് വാര്‍ഡ്), 12, 13), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (8), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 5), മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ (3, 4, 5, 6, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19), മൂത്തേടം (5, 7, 9, 10), പാലക്കാട് ജില്ലയിലെ വടവന്നൂര്‍ (2, 5), പല്ലശന (2), കൊല്ലം ജില്ലയിലെ നടുവത്തൂര്‍ (8), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4).
കോവിഡ്മൂലം ഇത്തവണ ഓണപ്പരീക്ഷ ഇല്ല. ക്രിസ്മസ് പരീക്ഷക്കാര്യം ആലോചനയിലാണ്. അക്കാദമിക് കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍.
കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് ഇനി ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ വേണ്ടെന്ന് സംസ്ഥാനത്തെ പുതുക്കിയ ക്വാറന്റീന്‍ മാര്‍ഗരേഖ. നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ലെങ്കിലും കോവിഡ് ഭേദമായവര്‍ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
വിദേശ സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം തനിക്കെതിരെ നടത്തുന്ന ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി കെ.ടി. ജലീല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ അദാനി ഗ്രൂപ്പും എല്‍ഡിഎഫ് സര്‍ക്കാരും തമ്മില്‍ ഒത്തുകളിയുണ്ടോയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിമാനത്താവളം ഏറ്റെടുക്കാനുളള ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം നല്‍കിയത് അദാനി ഗ്രൂപ്പിന്റെ അടുത്ത ബന്ധുക്കളാണെന്ന വാര്‍ത്ത ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിക്കില്ലെന്ന് കുടുംബം. സിബിഐ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കുശേഷമേ സംസ്‌കരിക്കൂ. സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട ഹൈക്കോടതി മൃതദേഹം സംസ്‌കരിക്കണമെന്നു നിര്‍ദേശിച്ചിരുന്നു.
അന്വേഷണ സംഘത്തിനു തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് മൃതദേഹം സംരക്ഷിച്ചതെന്നു കുടുംബം.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്കു ബുധനാഴ്ച മുതല്‍ പ്രവേശനം. ഒരേസമയം 35 പേര്‍ക്കാണു പ്രവേശനം. പത്തു മിനിറ്റിനകം ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങണം. തലേന്നു ബുക്കു ചെയ്തവര്‍ക്കാണു പ്രവേശനം. രാവിലെ എട്ടര മുതല്‍ പതിനൊന്നേകാല്‍ വരേയും വൈകുന്നേരം നാലര മുതല്‍ ആറേകാല്‍ വരേയുമാണ് പ്രവേശനം.
സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ വാങ്ങിയ ശര്‍ക്കരയിലെ ഗുണ നിലവാരമില്ലാത്തവ തിരിച്ചയക്കും. പകരം പഞ്ചസാര നല്‍കും.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഭര്‍ത്താവിനെ രക്ഷപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ മൗലവി അടക്കം രണ്ടു പേര്‍ പിടിയില്‍. മുവാറ്റുപുഴ സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കല്‍ വീട്ടില്‍ ബിജലി മുഹമ്മദ് എന്നിവരെയാണ് ആലുവ ക്രൈംബ്രാഞ്ച് പിടികൂടിയത്.
തിരുവനന്തപുരം തുമ്പ വലിയവേളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. തെവിളാകത്ത് വീട്ടില്‍ മേരി (85) ആണു മരിച്ചത്. രണ്ടു വീട്ടുകാര്‍ തമ്മിലുള്ള വഴക്ക് നാട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷമായി വളരുകയായിരുന്നെന്നു പോലീസ്.
ടെലിവിഷന്‍-പത്ര മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. മാധ്യമവിചാരണകളിലൂടെ ശരിയായ നിയമവിചാരണകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. കെ.എസ്. ഹല്‍വി കോടതിയെ സമീപിച്ചത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം മുപ്പതു ലക്ഷം കടന്നു. ഇന്നലെ 918 പേര്‍കൂടി മരിച്ചു. 70,067 പേര്‍കൂടി രോഗികളായി. ഇതുവരെ 56,846 പേര്‍ മരിക്കുകയും 30,43,436 പേര്‍ രോഗികളാകുകയും ചെയ്തു. 7.06 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 22.79 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 297 പേര്‍ മരിക്കുകയും 14,492 പേര്‍ രോഗികളാകുകയും ചെയ്തു. 1.69 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 80 പേര്‍ മരിച്ച തമിഴ്‌നാട്ടില്‍ 5,980 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 10,276 പേരും കര്‍ണാടകത്തില്‍ 7,3330 പേരും യുപിയില്‍ 5,217 പേരും പുതുതായി രോഗികളായി.
കോവിഡ് വ്യാപനം തടയാനെന്ന പേരില്‍ അന്തര്‍സംസ്ഥാന യാത്രകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും തടസമുണ്ടാകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് കത്തയച്ചത്.
ചാവേര്‍ ആക്രമണത്തിന് സ്‌ഫോടകവസ്തുക്കളുമായി എത്തി ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഓഗസ്റ്റ് 15 ന് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. ഏറ്റുമുട്ടലിലൂടെയാണ് ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍ യൂസഫിനെ പിടികൂടിയത്. സ്‌ഫോടക വസ്തു നിറച്ച പ്രഷര്‍ കുക്കര്‍ ഇയാളുടെ കൈയില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.
പെട്രോള്‍ വില വീണ്ടും കൂടുന്നു. ഒരാഴ്ചകൊണ്ട് ഒരു രൂപയോളം വര്‍ധിച്ചു. ഡീസലിനു വില വര്‍ധിച്ചിട്ടില്ല.
ഒന്നര വര്‍ഷം മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലില്‍ മരിച്ച യുവതി ബലാത്സംഗത്തിനിരയായെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. 2018 നവംബറില്‍ വിഷം കഴിച്ചു ജീവനൊടുക്കിയ യുവതിയുടെ ആന്തരാവയവങ്ങളുടെ പരിശോധാ ഫലത്തിലാണ് ഈ വിവരം. പോലീസ് ബലാല്‍സംഗത്തിനുള്ള കേസുകൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിദേശത്ത് ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പുതിയ കറന്‍സിയും പുറത്തിറക്കി. സ്വന്തം രാജ്യമായ കൈലാസത്തിലെ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' നിര്‍മിച്ച 'കൈലാസിയന്‍ ഡോളര്‍' ആണ് പുറത്തിറക്കിയത്. 11.66 ഗ്രാം സ്വര്‍ണത്തിലാണ് ഒരു കൈലാസിയന്‍ ഡോളര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.
ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ 52 വയുകാരിയുടെ അണ്ഡാശയത്തില്‍നിന്ന് 50 കിലോ തൂക്കമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. രോഗിയായ സ്ത്രീക്ക് 106 കിലോ തൂക്കമുണ്ടായിരുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങളും അടിവയറ്റില്‍ കഠിനമായ വേദനയും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിയത്.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി ഉപയോഗിച്ചിരുന്ന കണ്ണട ബ്രിട്ടണില്‍ 3,40,000 ഡോളറിന് ലേലത്തില്‍ വിറ്റു. ടെലിഫോണ്‍ ലേലത്തിലൂടെ അമേരിക്കയില്‍നിന്നുള്ള ഒരാളാണ് കണ്ണട സ്വന്തമാക്കിയത്.
ഡല്‍ഹി നിസാമുദീന്‍ മര്‍ക്കസ് ആസ്ഥാനത്തെ തബ്ലീഗ് ജമാഅത്തിലെ 29 വിദേശികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.
സ്ത്രീകളടക്കം 143 പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഹൈദരാബാദ് സ്വദേശിയായ 25 വയസുകാരിയാണ് 143 പേര്‍ക്കെതിരെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അശ്വനി ഭാട്ടിയയെ നിയമിച്ചു. 2022 മെയ് 31 ന് വിരമിക്കുന്നതുവരെയാണ് നിയമനം. ബാങ്കിന്റെ നാലാമത്തെ മാനേജിംഗ് ഡയറക്ടറാണ് ഭാട്ടിയ. അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് നിലവില്‍ ബാങ്കിന്റെ മൂന്ന് മാനേജിംഗ് ഡയറക്ടര്‍മാര്‍.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 5,090 പേര്‍കൂടി മരിച്ചു. 2,49,966 പേര്‍കൂടി രോഗികളായി. ഇതുവരെ 8,07,690 പേരാണു മരിച്ചത്. 2.33 കോടി പേര്‍കൂടി രോഗബാധിതരായി. അമേരിക്കയില്‍ 953 പേര്‍കൂടി മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 1.80 ലക്ഷമായി. 58.43 ലക്ഷം പേര്‍ രോഗബാധിതരായി. ബ്രസീലില്‍ 823 പേര്‍കൂടി മരിച്ചു.
ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം യുഎന്‍ രക്ഷാസമിതിയില്‍ ദയനീയമായി പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 രാജ്യങ്ങളില്‍ 13 രാജ്യങ്ങളും അമേരിക്കയുടെ നിര്‍ദേശം വോട്ടിനിട്ടു തള്ളി. സഖ്യകക്ഷികളായ ബ്രിട്ടനും ഫ്രാന്‍സും പോലും എതിരെ വോട്ട് ചെയ്തത് അമേരിക്കയെ അമ്പരപ്പിച്ചു.
കൊടുംകുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്, ജയ്ഷെ മുഹമ്മദ് തലവന്‍ മസൂജ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള 88 ഭീകരരുടേയും അവര്‍ നയിക്കുന്ന ഭീകരസംഘങ്ങളുടേയും സ്വത്തുവകകള്‍ പാക്കിസ്ഥാന്‍ മരവിപ്പിച്ചു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ ഉള്‍പെടുത്തിയ ചാരപ്പട്ടികയില്‍നിന്നു പുറത്തു കടക്കാനാണ് ഈ നടപടി.
പാക്കിസ്ഥാൻ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ പാകിസ്ഥാന്റെ നില പരുങ്ങലിൽ . രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്‌കോറായ 583 റണ്‍സിനെതിരെ പാക്കിസ്ഥാന് 24 റൺസ് എടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്‌ടപ്പെട്ടു. സാക് ക്രാവ്‌ലിയുടേയും ജോസ് ബട്‌ലറിന്റെയും സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഇന്നു ചാമ്പ്യന്‍സ് യുദ്ധം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണികും പിഎസ്ജിയും തമ്മിലുള്ള ഫുട്‌ബോള്‍ ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക്.
നീലനിറത്തിലുള്ള നാവിഗേഷന്‍ ബാറോടുകൂടിയ ഫെയ്സ്ബുക്കിന്റെ പഴയ ക്ലാസിക്ക് ഡിസൈന്‍ സെപ്റ്റംബര്‍ മുതല്‍ ഡെസ്‌ക് ടോപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം അടുത്തിടെ അവതരിപ്പിച്ച പുതിയ ഡിസൈന്‍ ആയിരിക്കും ലഭിക്കുക. കൂടുതല്‍ വൈറ്റ് സ്പേസ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഫെയ്സ്ബുക്കിന്റെ പുതിയ ഡിസൈന്‍. ഡാര്‍ക്ക് മോഡും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍, വാച്ച്, ഗെയിമിങ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുകൂടിയാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് സംവിധാനം പരീക്ഷിച്ച് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗവേഷകര്‍. ഇതുവരെ ലോകത്ത് ഉണ്ടായിട്ടുള്ള ഏറ്റവും കൂടിയ ഇന്റര്‍നെറ്റ് സ്പീഡ് ഇവര്‍ക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെക്കന്റില്‍ 178 ടെറാബിറ്റ്‌സ് ആണ് ഇതിന്റെ വേഗത അതായത് 178,000 ജിബിപിഎസ്. 178,000 ജിബിപിഎസ് ഇന്റര്‍നെറ്റ് സ്പീഡ് എന്നാല്‍ ഒരു സെക്കന്റില്‍ നെറ്റ്ഫ്‌ലിക്‌സിലെ മുഴുവന്‍ കണ്ടന്റും ഡൌണ്‍ലോഡ് ചെയ്യാന്‍ പ്രാപ്തമാണ് എന്നാണ് ടെക് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയ് സേതുപതിയും ശ്രുതി ഹസനും ഒന്നിക്കുന്ന 'ലാഭം' ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. എസ്. പി ജനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായാണ് സേതുപതി വേഷമിടുന്നത്. സിങ്കം 3 സിനിമയ്ക്ക് ശേഷം ശ്രുതി ഹസന്‍ തമിഴിലേക്ക് വീണ്ടുമെത്തുന്ന സിനിമ കൂടിയാണിത്. സ്റ്റേജ് പെര്‍ഫോമറായാണ് ശ്രുതി ലാഭത്തില്‍ വേഷമിടുന്നത്.
സൂര്യ നായകനാകുന്ന 'സൂരരൈ പോട്ര്' ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 30-ന് ആണ് റിലീസ് ചെയ്യുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. എയര്‍ ഡെക്കാണ്‍ ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ത്രീ സീരീസ് ഗ്രാന്‍ ടൂറിസ്മോ ഷാഡോ എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ എന്‍ജിനില്‍ മാത്രമെത്തുന്ന ഷാഡോ എഡിഷന് 42.50 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ് ഷോറും വില. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റില്‍ പ്രദേശികമായി നിര്‍മിച്ചാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്.
പെണ്‍ജീവിതങ്ങള്‍ എഴുതുമ്പോഴും ആനുകാലിക സംഭവങ്ങളില്‍ അവയെക്കുറിച്ചുള്ള അറിവില്‍ നിന്നുകൊണ്ട് എഴുതുന്നു എന്നതിനാല്‍ വിഷയത്തിന് പ്രസക്തിയേറുന്നു. അതിര്‍ത്തിയിലെ അശാന്തിയെക്കുറിച്ച് പറഞ്ഞുകൊണ്ട് അതുമൂലം സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ആന്തരിക കലാപത്തെ കാട്ടിത്തരികയാണ് കഥാകാരന്‍. 'ഫിദ'. സതീഷ് കെ സതീഷ്. പിയാനോ പബ്‌ളിക്കഷന്‍സ്. വില 100 രൂപ.
അറുപത് വയസ്സിന് താഴെയുള്ളവര്‍ മുതിര്‍ന്നവരേക്കാള്‍ മൂന്നിരട്ടി കൊവിഡ് പരത്താന്‍ സാധ്യതയെന്ന് പഠനം. ചെറിയ ശതമാനം രോഗികളാണ് രോഗം കൂടുതലായി പരത്തുന്നതെന്ന് പഠനത്തില്‍ പറയുന്നു. ജോര്‍ജിയയിലെ എമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചെറുപ്പക്കാര്‍ തങ്ങള്‍ക്ക് വൈറസ് ബാധയേറ്റ കാര്യം അറിയുന്നില്ല. ഇത്തരത്തില്‍ കണ്ടെത്താതെ പോകുന്ന വൈറസ് ബാധകള്‍ മറ്റുള്ളവരില്‍ രോഗം ഗുരുതരമാക്കാനുള്ള സാധ്യത ഏറെയാണ്. പ്രായമായവര്‍, ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്നവര്‍, ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലയില്‍ കഴിയുന്നവര്‍, തുടങ്ങിയവര്‍ക്കാണ് ഭീഷണിയാകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 10,000 കൊവിഡ് 19 കേസുകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ അഞ്ചിലൊന്ന് രോഗികള്‍ക്ക് രോഗം പിടിപെട്ടത് ഈ പതിനായിരത്തിലെ വെറും രണ്ട് ശതമാനത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഇത് വ്യക്തമാക്കുന്നത് സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രധാന്യം കൂടിയാണെന്നും ഗവേഷകര്‍ പറഞ്ഞു.
.