വാര്‍ത്തകള്‍ | കേരളം | പ്രഭാതം




പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡില്‍ ചേര്‍ക്കുന്ന അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങള്‍ ഹെല്‍ത്ത് കാര്‍ഡില്‍ ഉള്‍പെടുത്തണമെന്ന് അനുശാസിക്കുന്ന കരടു രേഖ പുറത്തുവന്നതോടെയാണു വിവാദം.  

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്തു. സെക്രട്ടേറിയറ്റിനു സമീപം അരുണ്‍ എടുത്തുനല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ ഗൂഢാലോചന നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റ് എടുത്തുകൊടുത്തതു സംബന്ധിച്ച കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചതെന്ന് അരുണ്‍.

തിങ്കളാഴ്ച പരിഗണിക്കുന്ന എസ്എന്‍സി ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. കെഎസ്ഇബി മുന്‍ ചെയര്‍മാനും കേസിലെ പ്രതിയുമായ ആര്‍ ശിവദാസന്റെ അഭിഭാഷകന്‍ പി.വി. ശരവണരാജയാണ് രജിസ്ട്രിക്ക് അപേക്ഷ നല്‍കിയത്.

സംസ്ഥാനത്ത് ഇന്നലെ 2,543 പേര്‍ക്കു കോവിഡ്-19. ഏഴു പേര്‍ മരിച്ചു. ആകെ മരണം 274 ആയി. 23,111 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 2097 പേരടക്കം 45,858 പേര്‍ രോഗമുക്തരായി. 1,94,431 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. 599 ഹോട്ട് സ്‌പോട്ടുകള്‍.

ഇന്നലെ 2,260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ ഉറവിടം വ്യക്തമല്ല. 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം 532, മലപ്പുറം 298, ആലപ്പുഴ 286, എറണാകുളം 207, തൃശൂര്‍ 189, കോഴിക്കോട് 174, കാസര്‍ഗോഡ് 157, കൊല്ലം 156, കണ്ണൂര്‍ 135, പാലക്കാട് 127, കോട്ടയം 126, പത്തനംതിട്ട  88, ഇടുക്കി 49, വയനാട് 19.

ഇന്നലെ കോവിഡ് മരണം സ്ഥിരീകരിച്ച ഏഴു പേര്‍:  തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54).

പുതിയ 30 ഹോട്ട് സ്‌പോട്ടുകള്‍: കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 16), ആല (5, 9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാര്‍ഡ് 9), കോയിപുറം (സബ് വാര്‍ഡ് 12), കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6, 15, 16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9, 10 (സബ് വാര്‍ഡ്), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 7, 11, 12, 18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാര്‍ഡ് 4, 7), മുടക്കുഴ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂര്‍ (13).

ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയ 34 പ്രദേശങ്ങള്‍. കോട്ടയം ജില്ലയിലെ കുറിച്ചി (വാര്‍ഡ് 12), പനച്ചിക്കാട് (18), തീക്കോയി (13), പാമ്പാടി (17), ഉഴവൂര്‍ (12), വെള്ളൂര്‍ (14), മാടപ്പള്ളി (11), നെടുങ്കുന്നം (6), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), വള്ളിക്കോട് (12), കുളനട (1, 16 (സബ് വാര്‍ഡ്), 6), നിരണം 12), ഇലന്തൂര്‍ (2, 5), കോന്നി (13), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (12), കരുവാറ്റ (6), പെരുമ്പാലം (5, 10), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), എറണാകുളം ജില്ലയിലെ എലഞ്ഞി (7), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), വടശേരിക്കര (20 (സബ് വാര്‍ഡ്), 19), തൃശൂര്‍ ജില്ലയിലെ വെങ്കിടാങ്ങ് (സബ് വാര്‍ഡ് 9), പരിയാരം (8), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടി (സബ് വാര്‍ഡ് 13), കടലുണ്ടി (1, 4, 12, 13, 21), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ഇടുക്കി വണ്ടിപ്പെരിയാര്‍ (2, 3(സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ നെടുമ്പന (17), പോരുവഴി (3, 4), വയനാട് ജില്ലയിലെ പൂത്താടി (2, 4, 6, 7, 8 (സബ് വാര്‍ഡ്) ,11, 15, 16, 17, 18, 19, 22), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12).

കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കോണ്‍ഗ്രസ് നേതാവും കന്യാകുമാരി എംപിയുമായ എച്ച് വസന്തകുമാര്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനും ബിഷപ്‌സ് ഹൗസിലെ അഞ്ചു വൈദികര്‍ക്കും കോവിഡ്.

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ സര്‍ക്കാര്‍ കത്തിച്ചതാണെന്ന് ആരോപിച്ച  പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ നിയമനടപടിയെന്ന് മന്ത്രി എ.കെ. ബാലന്‍. കത്തിച്ചതാണെന്ന ആരോപണം പിന്‍വലിക്കുകയും തിരുത്തുകയും ചെയ്തില്ലെങ്കില്‍ നിയമനടപടിയുണ്ടാകും. മന്ത്രി പറഞ്ഞു.

ഫയലുകള്‍ കത്തിയ സംഭവം അടക്കമുള്ള അഴിമതി ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ കേസെടുക്കുമെന്ന മന്ത്രിയുടെ ഭീഷണി ജനങ്ങളോടുള്ള ഭീഷണിയാണെന്നും ചെന്നിത്തല.

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ചാനലിന്റെ ചുമതലകള്‍ ഒഴിഞ്ഞു.  ഫേസ്ബുക്കിലൂടെ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. സത്യം പുറത്തുവരുമെന്നും ഒളിച്ചോടില്ലെന്നും അനില്‍ നമ്പ്യാര്‍.

രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണക്കടത്തു കേസില്‍ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു  ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കള്ളക്കടത്ത് സ്വര്‍ണം നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരനും ഇതേ നിലപാടാണ് തുടക്കത്തിലേ പ്രകടിപ്പിച്ചത്. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്നു സിപിഎം ചോദിച്ചു.

നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മുന്‍ എസ്പി കെ.ബി. വേണുഗോപാലിനെ നുണപരിശോധനയ്ക്കു വിധേയമാക്കാന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. ഡിവൈഎസ്പിമാരായ പി.പി. ഷംസ്, അബ്ദുള്‍ സലാം എന്നിവരേയും നുണ പരിശോധനയ്ക്കു വിധേരാക്കും.

പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിക്കു മതിഭ്രമം ഉണ്ടെന്നു ക്രൈം ബ്രാഞ്ച് പോലീസ് കോടതിയില്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമമോപദേശം അനുസരിച്ചാണ് പോക്സോ കേസ് ഒഴിവാക്കിയതെന്നും  ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ബിജെപി നേതാവായ പ്രതിയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ റിപ്പോര്‍ട്ടു നല്‍കിയതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്റീന്‍ ചട്ടങ്ങളില്‍ ഇളവ്.  ഏഴ് ദിവസത്തില്‍ താഴെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കു രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ബോണസും ഉത്സവബത്തയും നല്‍കുന്നതിന് സര്‍ക്കാര്‍ 10.26 കോടി രൂപ അനുവദിച്ചു. ദിവസവേതനക്കാര്‍ക്ക് എക്‌സ്‌ഗ്രേഷ്യ നല്‍കാന്‍ 15 ലക്ഷ രൂപ അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ബോണസിന് അര്‍ഹതയുള്ള 4,899 ജീവനക്കാര്‍ക്ക് 7,000 രൂപ വീതം ബോണസും ബോണസിന് അര്‍ഹതയില്ലാത്ത 24,874 ജീവനക്കാര്‍ക്ക് 2,750 രൂപ വീതം ഉത്സവബത്തയുമാണ് നല്‍കുക.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടിക്കു പിന്തുണ തേടി കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ലീഗ് നേതാക്കളെ കാണും. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നില്‍ക്കാത്ത ജോസ് പക്ഷത്തെ  പുറത്താക്കണമെന്നാണ് ഘടകക്ഷികളുടെ ആവശ്യം. തെറ്റു തിരുത്താന്‍ തയാറാണെങ്കില്‍ തിരിച്ചുവരാമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതു സംബന്ധിച്ച വിവാദം അനാവശ്യമെന്ന് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എടുത്ത തീരുമാനത്തെ പിന്തുണയ്ക്കുമെന്നും കേരളത്തില്‍ കോണ്‍ഗ്രസ് ഒന്നിച്ച് നില്‍ക്കുമെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശശി തരൂര്‍ അല്ല സിപിഎമ്മും ബിജെപിയുമാണ് കോണ്‍ഗ്രസിന്റെ ശത്രുക്കളെന്നും അദ്ദേഹം വ്യക്തമാക്കി.  

മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്. എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നടത്തിപ്പിനു  പണം വാങ്ങി വഞ്ചിച്ചെന്ന നിക്ഷേപകരുടെ പരാതിയിലാണ് നടപടി. മൂന്നു പേരില്‍ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് പരാതി.

പീഡനശേഷം കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികള്‍ക്കു നീതി തേടി രക്ഷിതാക്കള്‍ സമരത്തിലേക്ക്. കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ മേല്‍ നോട്ടത്തില്‍ പുനരന്യേഷണം വേണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങാനാണ് തീരുമാനം.

തലശേരി- മാഹി ബൈപ്പാസിന്റെ ഭാഗമായ മാഹി മേല്‍പ്പാലം നിര്‍മാണത്തില്‍ വന്‍ അപാകതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പികള്‍ക്കു പകരം ഈര്‍ക്കില്‍ ഉപയോഗിച്ച് നിര്‍മിച്ചതുപോലെയാണ്. കോണ്‍ക്രീറ്റ് ഇളകിവീണിരിക്കുന്നു. സ്ഥലം പരിശോധിച്ചശേഷം രമേശ് ചെന്നിത്തല ഫേസ്ബുക്ക് പേജില്‍ കറിച്ചു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 1,018 പേര്‍കൂടി മരിച്ചു. 76,664 പേര്‍കൂടി രോഗികളായി. ഇതുവരെ 62,713 പേര്‍ മരിക്കുകയും 34,61,240 പേര്‍ രോഗബാധിതരാകുകയും ചെയ്തു. 7.50 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 26.47 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 331 പേര്‍കൂടി മരിക്കുകയും 14,427 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.80 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 102 പേര്‍കൂടി മരിച്ച തമിഴ്‌നാട്ടില്‍ 5,996 പേര്‍കൂടി രോഗികളായി. ആന്ധ്രയില്‍ 10,526 പേരും കര്‍ണാടകത്തില്‍ 8,960 പേരും യുപിയില്‍ 5,405 പേരും പുതുതായി രോഗികളായി.

ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കി. ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം.

റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10 ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്കു സമര്‍പ്പിക്കുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയും എത്തും. ജൂലൈ 29 നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധിയെക്കാള്‍ കേമന്മാര്‍ ഉണ്ടോയെന്ന് സീനിയര്‍ നേതാവ് ദിഗ്വിജയ് സിംഗ്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കു കത്തയച്ച നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പാര്‍ട്ടി വേദിയില്‍ പറയാതെ കത്തെഴുതിയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ സമരം നയിക്കണമെന്ന് അണ്ണാ ഹസാരെയോട് ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുള്ള കത്താണ് മറുപടിയായി നല്‍കിയത്. 2014 ല്‍ അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ബിജെപിക്ക് ജനങ്ങളുടെ ദുരിതജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അഴിമതി തുടച്ചുമാറ്റാനോ കഴിഞ്ഞില്ലെന്നാണു മറുപടിയില്‍ പറയുന്നത്.

നാല്‍പ്പത് പുരോഹിതരെ നിയോഗിച്ച് 11 ദിവസംനീണ്ട പൂജ നടത്തിയശേഷം അഞ്ചര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പ്രതിഫലമായി നല്‍കിയ സ്ത്രീ പിടിയില്‍. ഒമ്പതു ലക്ഷം രൂപയ്ക്കാണു പൂജ കരാറുറപ്പിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയില്‍ തെര്‍വ മാണിക്പുര്‍ ഗ്രാമത്തിലുള്ള ജി.ആര്‍ പതക് എന്നയാളുടെ ഭാര്യ ഗീതയെ പോലീസ് അറസ്റ്റു ചെയ്തു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര കോടിയിലേക്ക്. ഇന്നലെ 5,458 പേര്‍കൂടി മരിക്കുകയും 2,73,439 പേര്‍കൂടി രോഗികളാകുകയും ചെയ്തു. ഇതുവരെ 8,40,424 പേര്‍ മരിച്ചു. 2.48 കോടി പേരാണു രോഗികളായത്. അമേരിക്കയില്‍ 1,070 പേരും ബ്രസീലില്‍ 868 പേരുമാണ് ഇന്നലെ മരിച്ചത്. അമേരിക്കയില്‍ 1.85 ലക്ഷം പേര്‍ മരിച്ചു. 60.94 ലക്ഷം പേര്‍ രോഗബാധിതരായി.

ഒരു സംഭവത്തിന്റെ പേരില്‍ അയല്‍രാജ്യത്തെ ശത്രുവായി കാണുന്നത് തെറ്റാണെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്ഡോങ്. സിഎന്‍ബിസി - ടിവി 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഡാക്കില്‍ ഇന്ത്യ - ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വെയ്ഡോങ്ങിന്റെ പ്രതികരണം.

സെപ്റ്റംബര്‍ 19 ന് യുഎഇയില്‍ ഐപിഎല്‍ മല്‍സരം തുടങ്ങാനിരിക്കേ, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്ക് കോവിഡ്. ചെന്നൈ ടീമിലെ ഒരു ബൗളര്‍ക്കും 12 സപ്പോര്‍ട്ട് സ്റ്റാഫിനുമാണ് കോവിഡ്-19. ബിസിസിഐയുടെ നിര്‍ദേശമനുസരിച്ച് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മൂന്നു ടെസ്റ്റുകള്‍ക്കു വിധേയമാകണം.

മണിപ്പൂരി താരം റോഷന്‍ സിംഗ് ഇനി ഗോകുലം കേരള എഫ്‌സിയില്‍. ഇരുപത്തഞ്ചുകാരനായ റോഷന്‍ കഴിഞ്ഞ സീസണില്‍ നെറോക്ക എഫ്‌സിയിലായിരുന്നു. രണ്ടു വര്‍ഷത്തേക്കാണു കരാര്‍.

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ഇന്ത്യന്‍ യുവജനങ്ങള്‍ക്കായി ലിബര്‍ട്ടി സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. നൂതനമായ ഈ സേവിങ്സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ മിനിമം ബാലന്‍സ് 25,000 രൂപ നിലനിര്‍ത്താനോ അല്ലെങ്കില്‍ അത്രയും തന്നെ തുക ഓരോ മാസവും ലിബര്‍ട്ടി ഡെബിറ്റ് കാര്‍ഡ് വഴി ചെലവഴിക്കാനോ അവസരം നല്‍കുന്ന രീതിയിലാണ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷം 20,000 രൂപ കവറേജുള്ള ഹോസ്പിറ്റല്‍ കാഷ് ഇന്‍ഷുറന്‍സും അക്കൗണ്ടിനൊപ്പം ലഭിക്കും. കോവിഡ്-19 ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവ് കവറേജിലുണ്ട്.

കോപ്പി പേസ്റ്റ് ട്വീറ്റുകളെ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ ഒരുങ്ങുന്നു.  അടുത്തകാലത്ത് ട്വിറ്ററില്‍ ഒരു സോര്‍സ് ടെക്സ്റ്റില്‍ നിന്നും ഒരു മാറ്റവും വരുത്താതെ ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന പ്രവണത കൂടുതലാണ്. ഇത് ട്വിറ്റര്‍ ഫീഡുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇത്തരം ഒരു അവസ്ഥയിലാണ് ട്വിറ്റര്‍ ഇത്തരം ട്വീറ്റുകളുടെ കാഴ്ചക്കാരെ കുറയ്ക്കാന്‍ ശ്രമിക്കുന്നത്.

ഫൈനല്‍സിന് ശേഷം വീണ്ടും ഒരു സ്പോര്‍ട്സ് ചിത്രവുമായി രജിഷ വിജയന്‍ എത്തുന്നു. 'ഖൊ ഖൊ' എന്ന് പേരിട്ട ചിത്രത്തില്‍ ഖൊ ഖൊ താരമായാണ് രജിഷ വേഷമിടുന്നത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്.

സിജു വില്‍സന്‍ നായകനാകുന്ന 'വരയന്‍' ചിത്രത്തിലെ പ്രൊമോ ഗാനം റിലീസ് ചെയ്തു. ബോളിവുഡ് സിനിമകളിലൂടെയും കവര്‍ സോങ്ങുകളിലൂടെയും ശ്രദ്ധേയായ സന മൊയ്തൂട്ടി ആലപിച്ച ''ഏദനില്‍ മധു നിറയും'' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ സിജു വില്‍സനും ലിയോണയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇരുചക്ര വാഹന ശ്രേണിയിലെ ഫ്ളാഗ്ഷിപ്പ് മോഡലായ മോജോ 300 ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ മാസം ആദ്യമാണ് വിപണിയിലെത്തുന്നത്. പുത്തന്‍ മോജോയ്ക്ക് രൂപയാണ് 1.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബിഎസ്-4 മോഡലിനെക്കാള്‍ 10,000 രൂപ കൂടുതാണിത്. മോജോ 300 ബിഎസ്6 മോഡവലിന് ഇനി മുതല്‍ 2.00-2.11 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില നല്‍കണം എന്ന് ചുരുക്കം.

കുട്ടികളുടെയും യുവാക്കളുടെയും യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്തെന്നു കണ്ടെത്താനും അവ ശരിയാംവിധം തരണംചെയ്തു ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കൃതി. 'മുന്നേറ്റത്തിന്റെ പടവുകള്‍'. ഡോ.എസ് ശാന്തകുമാര്‍. മാതൃഭൂമി ബുക്‌സ്. വില 24 രൂപ.

ശ്വാസകോശത്തെ മാത്രമല്ല, മറ്റ് പല അവയവങ്ങളേയും കൊവിഡ് സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ദില്ലി എയിംസ് ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചായിരുന്നു ചര്‍ച്ച. കാരണം കൊറോണ വൈറസ് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നത് കോശങ്ങളിലെ എസിഇ2 പ്രോട്ടീനിലൂടെയാണ്. ഇത് ശ്വാസകോശകത്തില്‍ മാത്രമല്ല. മറ്റ് പല അവയവങ്ങളിലെ കോശങ്ങളിലും കാണപ്പെടുന്നുണ്ട്. അതിനാല്‍ ഈ അവയവങ്ങളെല്ലാം തന്നെ രോഗഭീഷണി നേരിടുന്നുണ്ടെന്ന് പറയാനാകും. ശ്വാസകോശത്തെ എത്രമാത്രം ബാധിച്ചു എന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ കൊവിഡ് രോഗികളെ ചെറിയ അണുബാധ, ശരാശരി, തീവ്രവിഭാഗം എന്നിങ്ങനെ വേര്‍തിരിക്കുന്നതെന്നും ഈ പട്ടികപ്പെടുത്തല്‍ അപകടമാണെന്നും ഡേ. രണ്‍ദീപ് ഗുലേരിയ ചൂണ്ടിക്കാട്ടുന്നു. മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം കൂടി പരിശോധിച്ച ശേഷം മാത്രമേ രോഗിയുടെ അവസ്ഥ നിര്‍ണയിക്കാനാകൂ, അതിനാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അത്തരത്തില്‍ തിരുത്തേണ്ടിയിരിക്കുന്നു- അദ്ദേഹം പറയുന്നു. പക്ഷാഘാതം (സ്ട്രോക്ക്), ഹൃദയാഘാതം, രക്തം കട്ട പിടിക്കുന്ന അവസ്ഥ (ക്ലോട്ടിംഗ്), തലച്ചോറിനെ ബാധിക്കുന്ന 'കോര്‍ട്ടിക്കല്‍ വെയിന്‍ ത്രോംബോസിസ്', എന്‍സഫലൈറ്റിസ് തുടങ്ങി പല അസുഖങ്ങളും നേരിട്ട കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ ഡോക്ടര്‍മാര്‍ വിലയിരുത്തി. 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...