വാര്‍ത്തകള്‍ | കേരളം | പ്രഭാതം

 


50,000 പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനവുമായി അതിജീവനം കേരളീയം എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ മുഖാന്തരമുള്ള പദ്ധതിക്ക് 165.5 കോടി രൂപയാണ് ചെലവഴിക്കുക. ദരിദ്ര കുടുംബങ്ങളിലെ 18 നും 35നും ഇടയില്‍ പ്രായമുള്ള അംഗങ്ങളായിരിക്കും ഗുണഭോക്താക്കള്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 വയസ് വരെയുള്ളവര്‍ക്ക്‌ അംഗങ്ങളാകാം.

റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍..യുഎഇ റെഡ് ക്രെസന്റുമായി കരാര്‍ ഒപ്പിട്ടത് കേന്ദ്രത്തിന്റെ അനുമതി തേടാതെയാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് വീഴ്ച സംഭവിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് പാര്‍ലമെന്ററി സമിതിയെ അറിയിച്ചകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിദേശ രാജ്യത്തെ സര്‍ക്കാരുമായോ പ്രാദേശിക സര്‍ക്കാരുമായോ കരാര്‍ ഒപ്പിടുന്നതിന് പ്രത്യേക അനുമതി വേണ്ടിവരും. എന്നാല്‍ ഇതിന് പ്രത്യേക അനുമതി വേണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.  

മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂക്കള്‍ വില്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലര്‍ന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്നലെ 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ 2175 പേര്‍ക്ക് രോഗം ബാധിച്ചു. 2067 പേര്‍ക്ക് രോഗമുക്തി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. പുതിയ 13 ഹോട്ട് സ്പോട്ടുകള്‍.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം ബാധിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 352, കോഴിക്കോട് 238, കാസര്‍ഗോഡ് 231,മലപ്പുറം 230, പാലക്കാട് 195 ,കോട്ടയം 189, കൊല്ലം 176,  ആലപ്പുഴ 172, പത്തനംതിട്ട 167 , തൃശൂര്‍ 162, എറണാകുളം 140, കണ്ണൂര്‍102, ഇടുക്കി 27, വയനാട് 25. 

കോവിഡ് ബാധിച്ച് മരിച്ചരുടെ വിവരങ്ങള്‍ :
തിരുവനന്തപുരം ജില്ലയിലെ  മലയം സ്വദേശി ഷാജഹാന്‍ (67),  വെണ്‍പകല്‍ സ്വദേശി മഹേശ്വരന്‍ ആശാരി (76),  വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83) , വലിയതുറ സ്വദേശി സേവിയര്‍ (50) ,കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ (47), കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), കണ്ണൂര്‍ കുഴുമ്മല്‍ സ്വദേശി സത്യന്‍ (53),  തൃശൂര്‍ വലപ്പാട് സ്വദേശി ദിവാകരന്‍ (65),ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി (64) . ഇതോടെ ആകെ മരണം 267 ആയി.

പുതിയ ഹോട്ട് സ്‌പോട്ടുകള്‍ :  എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാര്‍ഡ് 5), വെണ്‍മണി (2), തൈക്കാട്ടുശേരി (സബ് വാര്‍ഡ് 3, 4), കാടുകുറ്റി (10), കാട്ടൂര്‍ (സബ് വാര്‍ഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 5, 6), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (3, 6, 10, 17), പെരളശേരി (4, 5, 7, 8, 9, 16, 18) എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍

എസ് എന്‍ സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന് മുമ്പാകെയായിരുന്നു ഹര്‍ജികള്‍ ഇതുവരെ പരിഗണിച്ചിരുന്നത്‌. എന്നാല്‍ ഇത്തവണ ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പുതിയ ബെഞ്ചിലേക്ക് ഹര്‍ജികള്‍ മാറ്റാനുള്ള കാരണം വ്യക്തമല്ല.

മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അഞ്ച് മണിക്കൂറോളം കസ്റ്റംസ് ചോദ്യം ചെയ്തു. എന്നാല്‍ മൊഴിയില്‍ വ്യക്തതയില്ലാത്തതിനാല്‍ അനില്‍ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. സ്വപ്നയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു.

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതി വിഷ്ണുപ്രസാദ് തട്ടിയെടുത്ത പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ക്രൈംബ്രാഞ്ച്. തട്ടിപ്പിനായി പ്രതി വ്യാജ രസീതുണ്ടാക്കിയെന്നും കളക്ടറുടെ വ്യാജ ഒപ്പിട്ടെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.

കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് അടച്ച് പൂട്ടി ഉടമയും കുടംബവും  മുങ്ങി. നിക്ഷേപകരുടെ 2000 കോടിയില്‍ ആശങ്ക. നിക്ഷേപകരുടെ പരാതിയില്‍ പോപ്പുലര്‍ ഫിനാന്‍സ് ഡയറക്ടര്‍ ഇണ്ടിക്കാട്ടില്‍ റോയി ഡാനിയേല്‍, ഭാര്യ പ്രഭാ ഡാനിയേല്‍ എന്നിവര്‍ക്കെതിരേ കോന്നി പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് അകത്തും പുറത്തുമായി 274 ശാഖകളാണുള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന സ്ഥാപനമായിരുന്നുവെങ്കിലും  പെട്ടെന്നുണ്ടായ പ്രതിസന്ധിയാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്.

ഓണക്കാലം കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കി. സെപ്തംബര്‍ ഒന്ന് വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് എവിടേക്കും സര്‍വീസ്  നടത്തുന്നതിന് ബസ്സുകള്‍ക്ക് നിയന്ത്രണമുണ്ടാവില്ല. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ സര്‍വീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്.

ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് എല്ലാം കൂടി 2304.57 കോടി രൂപയും വിതരണം ചെയ്തു.

ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും പ്രതിദിന ടോക്കണുകള്‍ 400ല്‍ നിന്ന് 600 ആയി ഉയര്‍ത്തി ബെവ്ക്യൂ ആപ്പില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. ആപ്പ് മുഖേന ടോക്കണ്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് ദിവസം കഴിഞ്ഞേ വീണ്ടും ബുക്ക് ചെയ്യാനാകു എന്ന വ്യവസ്ഥ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിടുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശരാജ്യവുമായോ ഏജന്‍സികളുമായോ ഇത്തരം കരാറുകള്‍ ഒപ്പിടുന്നതിന് അനുമതി ആവശ്യമാണ്. ഇതു നേടിയിട്ടില്ലെന്ന് പാര്‍ലമെന്ററി കാര്യ യോഗത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് ബാധിച്ച് ഇന്ത്യില്‍ ഇന്നലെ 1065 പേര്‍ മരിച്ചു. 76,826 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് മരണം 61694 ആയി. 33.84 ലക്ഷം പേര്‍ക്ക രോഗം ബാധിച്ചപ്പോള്‍ 35.83 ലക്ഷം പേര്‍ രോഗമുക്തരായി. 7.39 ലക്ഷം പേര്‍ ചികിത്സയിലുണ്ട്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 14,857 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 355 പേര്‍ മരിക്കുകയും ചെയ്തു. 1,78, 234 പേര്‍ ചികിത്സയിലുണ്ട്. 109 പേര്‍ ഇന്നലെ  മരിച്ച തമിഴ്‌നാട്ടില്‍ 5,981 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആന്ധ്ര പ്രദേശില്‍ 10,621 പേര്‍ക്കും കര്‍ണാടകയില്‍ 9,386 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 5,391 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു നഗരത്തില്‍ വന്‍ ലഹരിവേട്ട. സീരിയല്‍ താരം അനിഖ അടക്കം മൂന്ന് പേര്‍ പിടിയില്‍. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങളും സംഗീതജ്ഞരും ചില ഉന്നതരുടെ മക്കളും നിരീക്ഷണത്തിലാണെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ.

കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക  ഞെരുക്കത്തിന് കാരണമായേക്കാമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ്  മഹാമാരി ജിഎസ്ടി വരുമാനത്തെ ബാധിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

വ്യാജ വര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കര്‍. വ്യാജ വാര്‍ത്തകളുടെ ഭീഷണികള്‍ ഒഴിവാക്കാന്‍ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

രാജ്യ വ്യാപകമായി മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങുമെന്നും അത്തരം ഒരു സ്ഥിതി ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആവശ്യം തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു.

കോവിഡ് മൂലമുണ്ടായ സാമ്പത്തികാഘാതം വിലയിരുത്തുന്നത് ഏറെ പ്രയാസകരമാണെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഈ ആഘാതത്തെ മറികടക്കാന്‍ ആര്‍ബിഐ ദീര്‍ഘകാല നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. കോവിഡാനന്തര കാലത്ത് വളരെ ഫലപ്രദവും ദീര്‍ഘവീക്ഷണമുള്ളതുമായ സാമ്പത്തിക ആസൂത്രണങ്ങള്‍ നമുക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ എല്ലാ നേതാക്കള്‍ക്കുമെതിരെ നടപടി വേണമെന്നും മുന്‍ കേന്ദ്ര മന്ത്രി ജിതിന്‍ പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കിയതിനെതിരെ കപില്‍ സിബലടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തി. സോണിയക്ക് കത്തെഴുതിയ 23 നേതാക്കളില്‍ പെട്ടവരാണ് ജിതിന്‍ പ്രസാദയും കപില്‍ സിബലും.

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത് കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് അവസാനം കുറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശിവസേന ആരോപിച്ചു. 'രാഹുലിനെതിരെ ബി.ജെ.പി. രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇവര്‍ എവിടെ ആയിരുന്നു? അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞ സമയത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ ചോദിച്ചു.

മകന് നേരേ വെടിവെച്ച ശേഷം റിട്ട. എസ്.ഐ. സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ബച്ചന്‍ സിങ്ങാണ്(65) ജീവനൊടുക്കിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ സിങ്ങിന്റെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഗോളതലത്തില്‍ ഇന്നലെ കോവിഡ് 19 ബാധിച്ച് 5,851 പേര്‍ മരിച്ചു. 2,61,889 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 1,116 പേര്‍ മരിച്ച അമേരിക്കയില്‍ ഇന്നലെ 44,917 പേര്‍ക്ക രോഗം ബാധിച്ചു. 970 പേര്‍ മരിച്ച ബ്രസീലില്‍ ഇന്നലെ 42,489 പേര്‍ക്ക് രോഗം ബാധിച്ചു. ആഗോളതലത്തില്‍ ഇതുവരെ 2.46 കോടി ജനങ്ങള്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 8.34 ലക്ഷം പേര്‍ മരിച്ചു.

ജപ്പാനീസ് കപ്പല്‍ പവിഴപുറ്റിലിടിച്ച് തകര്‍ന്നുണ്ടായ എണ്ണ ചോര്‍ച്ചയ്ക്ക് പിന്നാലെ മൗറീഷ്യസ് തീരത്ത്  ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍  കാണപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 24 ഡോള്‍ഫിനുകളാണ് ചത്ത് തീരത്തടിഞ്ഞത്.

ടിക്ടോക് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെവിന്‍ മേയര്‍ സ്ഥാനമൊഴിഞ്ഞു. അമേരിക്കയില്‍ നിരോധിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവിനെതിരെ ടിക്ടോക് നിയമനടപടി തേടിയതിന് തൊട്ടു പിന്നാലെയാണ് കെവിന്‍ മേയറിന്റെ രാജി.  

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ താരത്തെ യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്ന് ഒഴിവാക്കി.

ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ ചെല്‍സി കോവിഡ് പ്രതിസന്ധിയില്‍. ക്ലബിന്റെ നാല് താരങ്ങള്‍ക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്. മാസണ്‍ മൗന്റ്, ടാമ്മി എബ്രഹാം, ക്രിസ്റ്റിയന്‍ പുലിസിച്ച്, ഫികായോ ടൊമോരി എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ബര്‍തലോമ്യു ഒഗ്ബച്ചെ ടീം വിട്ടു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമായിരുന്ന ഇദ്ദേഹം വരുന്ന സീസണില്‍ മുംബൈ സിറ്റി എഫ്.സിയുടെ ജഴ്‌സിയിലാകും കളിക്കാനിറങ്ങുക. കഴിഞ്ഞസീസണില്‍ ഒഗ്ബച്ചെ നേടിയത് 15 ഗോളുകളാണ്.

അമേരിക്കയിലെ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി ജപ്പാന്റെ കൗമാര ടെന്നിസ് താരം നവോമി ഒസാക്ക വെസ്റ്റേണ്‍ ആന്റ് സതേണ്‍ ഓപ്പണിന്റെ സെമി ഫൈനലില്‍ നിന്ന് പിന്മാറി. 'ഒരു കായികതാരം എന്നതിലുപരി ഞാനൊരു കറുത്ത വര്‍ഗക്കാരിയാണ്' എന്ന് വ്യക്തമാക്കിയാണ് ഒസാക്കയുടെ പിന്മാറ്റം

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം നല്‍കുന്നത്. എഞ്ചിനീയര്‍, ഡാറ്റ സയന്റിസ്റ്റ്, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.  കൊവിഡ് കാലത്ത് ആരെയും പിരിച്ചുവിട്ടില്ലെന്നും സാലറി കട്ട് ഉണ്ടായിരുന്നില്ലെന്നുമാണ് കമ്പനി പറയുന്നത്.

ടാറ്റ ഗ്രൂപ്പും ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടന്നുവരുന്നു. മുഴുവന്‍ സാധനങ്ങളും ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ വിപണിയാണ് ടാറ്റയുടെ ലക്ഷ്യം. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഈ സംരംഭം രംഗത്തിറക്കും. സിസ്‌കോ സിസ്റ്റംസിന്റെ വിലയിരുത്തല്‍ അനുസരിച്ച് 2023 ഓടെ 900 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നാണ് നിരീക്ഷണം. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്, റിലയന്‍സ് എന്നീ ഭീമന്മാരുള്ള വിപണിയിലേക്കാണ് ടാറ്റയുടെ കടന്നുവരവ്.

വിജയ്യുടെ അടുത്ത സിനിമയില്‍ നായികയായി തമന്ന എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. എ.ആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ് വിജയ്യുടെ ഒരു നായികയായി തമന്ന എത്തുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തമന്‍ ആണ് സംഗീതം ഒരുക്കുന്നത്. 'സുര'യ്ക്ക് ശേഷം തമന്ന, വിജയ്യുടെ നായികയാകുന്ന ചിത്രം കൂടിയാണ്. 2010-ല്‍ റിലീസ് ചെയ്ത സുര മികച്ച വിജയം നേടിയിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് തമന്ന വിജയ്യുടെ നായികയാവുന്നത്. തമന്നയെ കൂടാതെ പൂജ ഹെഗ്ഡേ, രശ്മിക മന്ദാന എന്നിവരാണ് മറ്റ് നായികമാര്‍.

കേറ്റ് വിന്‍സ്‌ലെറ്റ്, സര്‍ഷ റോണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക് ഡ്രാമ ചിത്രം ആമനൈറ്റിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 1840കളിലെ ഇംഗ്ലണ്ട് പശ്ചാത്തലമാക്കുന്ന ചിത്രം ബ്രിട്ടീഷ് പാലിയെന്റോളജിസ്റ്റ് മേരി ആന്നിംഗിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. വിന്‍സ്‌ലെറ്റ് ആണ് മേരി ആന്നിംഗിന്റെ വേഷത്തില്‍ എത്തുന്നത്. ഫ്രാന്‍സിസ് ലീ ആണ് സംവിധായകന്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ടൊറന്റോ ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...