എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 40 നെതിരെ 87 വോട്ടുകള്‍ക്കു തള്ളി. മൂന്നു പേര്‍ വിട്ടു നിന്നു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ രണ്ടു പേരും ബിജെപി അംഗം രാജഗോപാലുമാണു വിട്ടുനിന്നത്.
നിയമസഭയില്‍ 11 മണിക്കൂറിലേറെ നീണ്ട അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം. എന്നാല്‍ പ്രസംഗത്തിനിടെ പ്രതിപക്ഷം ഉന്നയിച്ച എട്ട് അഴിമതി ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയില്ല. ഭരണ നേട്ടങ്ങള്‍ മാത്രമാണു പ്രസംഗിച്ചത്. സര്‍ക്കാരിന്റെ 600 വാഗ്ദാനങ്ങളില്‍ ഇനി 30 എണ്ണം മാത്രമേ പൂര്‍ത്തിയാക്കാനുള്ളുവെന്ന് മുഖ്യമന്ത്രി.
ആരോപണങ്ങള്‍ക്കു മറുപടി നല്‍കാതെ മുഖ്യമന്ത്രി പ്രസംഗം വലിച്ചു നീട്ടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രി ജനങ്ങളില്‍നിന്ന് ഒളിച്ചോടിയെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, മണല്‍ക്കടത്ത്, സിവില്‍ സപ്ലൈസ് അഴിമതി, വിമാനത്താവളം, നിയമന തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ല. കിണര്‍ റീച്ചാര്‍ജിംഗും കുളം കുഴിക്കലുമാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും ചെന്നിത്തല.
നല്ല വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്. ഇവരെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും? സംസ്ഥാനത്തെ വികസന, ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാരിനെതിരേയാണോ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. ഭരണ നേട്ടങ്ങള്‍ രണ്ടു മണിക്കൂറോളം എണ്ണിപ്പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷത്തെ അദ്ദേഹം കടന്നാക്രമിച്ചത്.
എഐസിസി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ആറു മാസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്തും. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്ത് വിവാദമായിരിക്കേയാണ് വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്നത്. 'ആരോടും പരിഭവമില്ല. പാര്‍ട്ടിയിലെ എല്ലാവരും, പ്രത്യേകിച്ച് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വേദികളില്‍ മാത്രം ആശങ്കകള്‍ ഉന്നയിക്കണം.' സോണിയാ ഗാന്ധി പറഞ്ഞു.
ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ശ്രേയാംസ് കുമാര്‍ 41 ന് എതിരെ 88 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതുമൂലമുള്ള ഒഴിവിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി
കേരളത്തില്‍ ഇന്നലെ 1,242 പേര്‍ക്ക് കോവിഡ്-19. 11 മരണം. ആകെ മരണം 234 ആയി. 20,323 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 1238 പേരടക്കം 38,887 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,83,448 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 26,186 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ 624 ഹോട്ട് സ്‌പോട്ടുകള്‍.
ഇന്നലെ രോഗികളായവരില്‍ 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 95 പേരുടെ ഉറവിടം വ്യക്തമല്ല. 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 182, മലപ്പുറം 169, എറണാകുളം 165, കാസര്‍ഗോഡ് 118, കൊല്ലം 112, പാലക്കാട് 99, കോട്ടയം 89, കോഴിക്കോട് 81, കണ്ണൂര്‍ 76, ആലപ്പുഴ 60, തൃശൂര്‍ 46, വയനാട് 20, ഇടുക്കി 19, പത്തനംതിട്ട 6.
കോവിഡ് ബാധിച്ചു മരിച്ചവര്‍: കാസര്‍ഗോഡ് കൊറക്കല്‍ സ്വദേശി മോഹനന്‍ (71), എറണാകുളം പള്ളുരുത്തി സ്വദേശി എ.എം. മുകുന്ദന്‍ (81), മലപ്പുറം മുസലിയാര്‍ പീടിക സ്വദേശി ഇല്ല്യാസ് (47), തിരുനെല്‍വേലി സ്വദേശിനി മറിയ ജോണ്‍ (80), കാസര്‍ഗോഡ് ചന്ദ്രഗിരി സ്വദേശിനി ലീല (60), കാസര്‍ഗോഡ് ഉപ്പള സ്വദേശി ഇസാക് ഷേഖ് (71), തിരുവനന്തപുരം പഴയകട സ്വദേശി വരദന്‍ (67), കൊല്ലം പത്തനാപുരം സ്വദേശി സാറാമ്മ (74), കോട്ടയം വടവത്തൂര്‍ സ്വദേശി ടി.എന്‍. ചന്ദ്രന്‍ (74), തിരുവനന്തപുരം പാറശാല സ്വദേശിനി ലിബീസ് (70), കൊല്ലം കുറ്റിച്ചിറ സ്വദേശി ഷഹീര്‍ കുട്ടി (50).
പുതിയ 17 ഹോട്ട് സ്‌പോട്ടുകള്‍: ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്‍ (3), മണ്ണഞ്ചേരി (7), കൃഷ്ണപുരം (4), തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര (സബ് വാര്‍ഡ് 6), തളിക്കുളം (1, 2, 3, 4, 5, 14, 15, 16), ശ്രീനാരായണപുരം (17), കോട്ടയം ജില്ലയിലെ വെച്ചൂര്‍ (13), കങ്ങഴ (4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 9), ഇടുക്കി ജില്ലയിലെ കാമാക്ഷി (6), കോഴിക്കോട് ജില്ലയിലെ മൂടാടി (7, 15), മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് (4).
ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയ 15 പ്രദേങ്ങള്‍: കോട്ടയം ജില്ലയിലെ കടുത്തുരുത്തി (വാര്‍ഡ് 3), മറവന്‍തുരുത്ത് (1), തലയാഴം (14), ടിവി പുരം (2), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (13, 17), ഏഴംകുളം (5), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (13), എലപ്പാറ (13), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (13, 16), വേങ്ങൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (24), ചെട്ടികുളങ്ങര (1, 2, 3, 21), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ (7), കുമരംപുത്തൂര്‍ (9, 10, 11, 12), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്‍ഡ് 2).
കോവിഡ് വ്യാപന വിവരങ്ങള്‍ സംബന്ധിച്ച അറിയിപ്പ് മനപൂര്‍വം വൈകിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിക്കുന്നതുവരെ വിവരം പുറത്തുവിട്ടില്ല. മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍നിന്നു മാറാതിരിക്കാനാണ് കോവിഡ് റിപ്പോര്‍ട്ട് വൈകിപ്പിച്ചത്.
കേരളത്തിലുള്ള നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവയോടു ചേര്‍ന്നുള്ള 14 സ്ഥലങ്ങളില്‍ വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാനത്തെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്കു തീറെഴുതാന്‍ മരാമത്ത് വകുപ്പ് ഉത്തരവിട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേക്കറിലേറെ സ്ഥലത്താണ് പതിനാലിടങ്ങളിലും വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി.
ദേശീയ പാതയോരത്ത് വിശ്രമ കേന്ദ്രത്തിന്റെ പേരില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി സ്വകാര്യ കുത്തകകള്‍ക്കു മറിച്ചുകൊടുത്തെന്ന ആരോപണം ശരിയല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ദേശീയ പാതയുടെ ഒരു സെന്റ് ഭൂമി പോലും എടുത്തിട്ടില്ല, അതിന് അധികാരവുമില്ല. എന്നാല്‍ ഇങ്ങനെ വിശ്രമ കേന്ദ്രം നിര്‍മിക്കാന്‍ സംസ്ഥാന പാതയുടെ ഓരത്ത് ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും അതിന്റെ ടെന്‍ഡര്‍ പൊട്ടിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎല്‍മാര്‍ നിയമസഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണ്. ജനങ്ങള്‍ വിലയിരുത്തുമെന്നും ചെന്നിത്തല. വിപ്പ് ലംഘിച്ച ജോസ് വിഭാഗത്തിന്റെത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. അച്ചടക്കലംഘനത്തിനു നടപടി സ്വീകരിക്കുമെന്നും ജോസഫ് വിഭാഗം.
പച്ചമരുന്ന് കച്ചവടത്തിന്റെ മറവില്‍ ചന്ദനക്കടത്ത് നടത്തിയ രണ്ടുപേര്‍ വനം വകുപ്പിന്റെ പിടിയില്‍. പെരിന്തല്‍മണ്ണ അമ്മിനിക്കാട് അത്തിക്കല്‍ സ്വദേശികളായ ചോലമുഖത്ത് അബു (57), ആലിക്കപ്പെറ്റ ഹംസ (71) എന്നിവരാണ് അറസ്റ്റിലായത്. 826 കിലോ ചന്ദനവും പിടിച്ചെടുത്തു.
വിദേശത്തുനിന്നെത്തിയയാള്‍ ഇസ്തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ അരക്കിലോ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. മലപ്പുറം പട്ടിക്കാട് സ്വദേശി കെ. മൂസ (43) യെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.
ഗള്‍ഫില്‍നിന്നെത്തി കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി. പേരാമ്പ്ര സ്വദേശി ബിന്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. യുവാവിന്റെ ബന്ധുക്കളുമായി ഇവര്‍ നഗരമധ്യത്തില്‍ ഏറ്റുമുട്ടി. പോലീസെത്തി പത്തോളം പേരെ കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നിലെന്നു സംശയം.
മറയൂരില്‍ ചന്ദ്രികയെ വെടിവച്ചുകൊന്ന കേസിലെ പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. വെടിവച്ച ഒന്നാം പ്രതി പതിനഞ്ചു വയസുകാരനും ചന്ദ്രികയുടെ അടുത്ത ബന്ധുവുമാണ്. കൂട്ടുപ്രതി 16 വയസുകാരനാണ്. ഇവരെ തൊടുപുഴ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. രണ്ടാം പ്രതി മണികണ്ഠനെ(19) ദേവികുളം സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാംപ്രതി മണികണ്ഠന്റെ പാളപ്പെട്ടിയിലെ വീട്ടില്‍നിന്ന് മൂന്ന് ചെറിയ ആനക്കൊമ്പുകള്‍ കണ്ടെത്തി.
വിദേശത്തുനിന്ന് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കല്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികള്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാം. നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അയ്യായിരത്തോളം പേരാണ് കേരളത്തില്‍ എത്തുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
സ്വര്‍ണ കള്ളക്കടത്തിന്റെ പങ്ക് കള്ളക്കടത്തുകാരിലേക്കും തീവ്രവാദികളിലേക്കും മാത്രമല്ല എകെജി സെന്ററിലേക്കും പോയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സത്യഗ്രഹ സമരം നടത്തുന്ന അദ്ദേഹം പറഞ്ഞു.
ഖുറാന്‍ എന്ന പേരില്‍ വിദേശത്തുനിന്ന് കൊണ്ടുവന്നത് മുഴുവന്‍ സ്വര്‍ണമായിരുന്നുവെന്ന് പി.സി.ജോര്‍ജ്. ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും പി.സി. ജോര്‍ജ് നിയമസഭയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 854 പേര്‍കൂടി മരിച്ചു. 59,696 പേര്‍കൂടി രോഗികളായി. ഇതുവരെ 58,546 പേരാണു മരിച്ചത്. 31,64,881 പേര്‍ രോഗികളായി. 7.02 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 24.03 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 212 പേര്‍കൂടി മരിക്കുകയും 11,015 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.68 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടില്‍ 5,967 പേരും ആന്ധ്രയില്‍ 8,601 പേരും കര്‍ണാടകത്തില്‍ 5,851 പേരും പുതുതായി രോഗികളായി.
കോവിഡ് 19 പ്രതിരോധത്തിനു കര്‍ണാടകത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 14 ദിവസത്തെ ക്വാറന്റൈന്‍ ഒഴിവാക്കി. സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്ട്രേഷനും നിര്‍ത്തലാക്കി.
ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുന്ന പൊതുയോഗ്യത പരീക്ഷയ്ക്കായി രാജ്യത്തെ 700 ജില്ലകളിലായി 1,000 പരീക്ഷ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. 12 ഭാഷകളില്‍ പരീക്ഷ നടക്കുമെന്നും ഭാവിയില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കിക്കൊണ്ടുള്ള ട്വീറ്റ് പിന്‍വലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ അറിയിച്ചതിനാല്‍ ട്വീറ്റ് പിന്‍വലിക്കുകയാണെന്നാണ് കപില്‍ സിബല്‍ വ്യക്തമാക്കിയത്.കത്തയച്ചവര്‍ ബിജെപിയുടെ ഉപകരണമാണെന്നു രാഹുല്‍ വിമര്‍ശിച്ചെന്നായിരുന്നു ആരോപണം.
ലഡാക്ക് സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ ഫലിക്കുന്നില്ലെങ്കില്‍ സൈനിക നടപടിയെന്ന് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ഇരുസൈന്യവും തമ്മിലുള്ള ചര്‍ച്ചയും നയതന്ത്ര മാര്‍ഗവും പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ നിര്‍മിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ സ്ഥലം തിരികെ നല്‍കി മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി. കൊല്‍ക്കത്ത നഗരത്തിന്റെ കിഴക്കു ഭാഗത്ത് ന്യൂ ടൗണില്‍ നല്‍കിയ രണ്ട് ഏക്കര്‍ സ്ഥലമാണ് ഗാംഗുലി തിരികെ നല്‍കിയത്. ഇവിടെ ഐസിഎസ്ഇ ബോര്‍ഡ് ഹൈസ്‌കൂള്‍ നിര്‍മിക്കാനാണ് ബംഗാള്‍ സര്‍ക്കാര്‍ ഗാംഗുലിക്ക് സ്ഥലം അനുവദിച്ചത്.
കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു. ഐപിഒ യിലൂടെ 1,750 കോടി രൂപ സമാഹരിക്കാനാണു പരിപാടി. പത്തു രൂപ മുഖവിലയുള്ള ഓഹരി പുറത്തിറക്കുന്നതായി നോട്ടിഫിക്കേഷനായി.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 4,310 പേര്‍കൂടി മരിച്ചു. 2,11,429 പേര്‍കൂടി രോഗികളായി. ഇതുവരെ 8,16,534 പേരാണു മരിച്ചത്. രോഗബാധിതരുടെ എണ്ണം 2.38 കോടിയായി. ബ്രസീലില്‍ 679 പേരും അമേരിക്കയില്‍ 493 പേരും ഇന്നലെ മരിച്ചു.
മലിനജലം കുടിച്ച് ചൈനയിലെ ബാവോയിയില്‍ മുന്നൂറോളം പേര്‍ ആശുപത്രിയില്‍. ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടായ വയറിളക്കം ബാധിച്ചാണ് ഇത്രയും പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. നഗരത്തിലെ അഞ്ഞൂറോളം പേര്‍ക്ക് രോഗബാധ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ പാക്കിസ്ഥാന്‍ പരാജയഭീതിയിൽ. മഴ മൂലം നാലാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ പാക്കിസ്ഥാന് 100 റണ്‍സെടുക്കുന്നതിനിടയിൽ 2വിക്കറ്റുകൾ നഷ്ടമായി. എട്ടു വിക്കറ്റിന് 583 റണ്‍സെന്ന നിലയില്‍ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിനെതിരേ പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്‌സില്‍ 273 റണ്‍സിന് പുറത്തായിരുന്നു.
കോവിഡ് വ്യാപന കാലത്ത് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സേവനവുമായി പ്രമുഖ ബാങ്കായ എസ്ബിഐ. ഒറ്റ വാട്‌സ്ആപ്പ് മെസേജ് അല്ലെങ്കില്‍ ഒരു ഫോണ്‍ കോള്‍ കിട്ടുന്ന മുറയ്ക്ക് ഉപഭോക്താവിന്റെ വീട്ടില്‍ എത്തി മൊബൈല്‍ എടിഎം സേവനം നല്‍കുന്ന പദ്ധതിയാണ് എസ്ബിഐ ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗ സര്‍ക്കിളിലാണ് സേവനം ആരംഭിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് എസ്ബിഐ പുതിയ സേവനം തുടങ്ങിയത്.
ആന്‍ഡ്മാന്‍ ദ്വീപുകളില്‍ അള്‍ട്രാ-ഫാസ്റ്റ് 4ജി എത്തിച്ചിരിക്കുകയാണ് എയര്‍ടെല്‍. 'അള്‍ട്രാ-ഫാസ്റ്റ് 4 ജി' സര്‍വീസുകള്‍ ആരംഭിക്കുന്ന ആദ്യത്തെ മൊബൈല്‍ ഓപ്പറേറ്ററായി എയര്‍ടെല്‍ മാറിയിരിക്കുകയാണ്. 1224 കോടി മുടക്കി സ്ഥാപിച്ച ഈ സമുദ്രാന്തര കേബിള്‍ പദ്ധതി ചെന്നൈയില്‍ നിന്നും ആന്‍ഡമാനിലെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയറിലേക്ക് 2300 കിലോമീറ്റര്‍ നീളത്തിലുള്ള കേബിളാണ് വിന്യസിച്ചത്.
സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് 'വട്ടവട ഡയറീസ്'ന്റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായി. ആരോണ്‍ എന്റര്‍ടൈമെന്റ്‌സിന്റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവടയുടെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം.
അനിയനെ നായകനാക്കി നടന്‍ വിജയ് ദേവരക്കോണ്ട വെബ് സീരീസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ആനന്ദ് ദേവരക്കോണ്ടയെ നായകനാക്കി വജയ് നിര്‍മ്മിക്കുന്ന സീരീസിന്റെ തിരക്കഥയൊരുക്കുന്നത് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയാണ്. വിജയ്യുടെ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ സംവിധായകനാണ് സന്ദീപ്. വെബ് സീരീസുമായി ബന്ധപ്പെട്ട പ്രാരംഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുമായി റിലീസ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വീസ് പാക്കേജുകള്‍ അവതരിപ്പിച്ചു. 'സൂപ്പര്‍കെയര്‍' എന്നാണ് പദ്ധതിയുടെ പേര്. രണ്ട് വേരിയന്റുകളില്‍ സ്‌കോഡ സൂപ്പര്‍കെയര്‍ സേവന പാക്കേജുകള്‍ ലഭ്യമാണ്. 2 വര്‍ഷം, 4 വര്‍ഷത്തെ പാക്കേജ് എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകള്‍. 4 വര്‍ഷത്തെ പാക്കേജുകള്‍ 29,999 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. 2 വര്‍ഷത്തെ പാക്കേജ് ഒരൊറ്റ വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. ഇത് 15,777 രൂപയില്‍ ആരംഭിക്കുന്നു.
ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ സര്‍വ്വം മറന്നു പോയവരും ദൂരെയൊരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ഊടു വഴികളെകുറിച്ചും അവിടെ കണ്ടു മുട്ടാറുള്ള മുഖങ്ങളെക്കുറിച്ചുമുള്ള ഓര്‍മകള്‍. 'മധുര നാരകം'. ജോഖ അല്‍ഹാരിസി. ഒലിവ് പബ്‌ളിക്കേഷന്‍സ്. വില 218 രൂപ.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കഴിക്കുന്ന പല ഗുളികകളും കൊവിഡ് ഗുരുതരമാകുന്നതും തമ്മില്‍ പ്രാഥമികമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് യുകെയിലെ 'ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്നുമാത്രമല്ല, മിക്ക രോഗികളിലും കൊവിഡ് രൂക്ഷമാകാതെ മടങ്ങിയതും, മരണം ഒഴിവായിപ്പോയതും ഈ മരുന്നുകള്‍ കഴിച്ചിരുന്നത് മൂലമാണെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. പല പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണങ്ങളിലും യുകെ ഗവേഷകരുടെ ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ എത്രമാത്രം ആധികാരികമായി ഇതിനെ ഉള്‍ക്കൊള്ളാമെന്ന് ഇപ്പോഴും പറയാന്‍ വയ്യ. ഏതാണ്ട് 28,000ത്തോളം കൊവിഡ് രോഗികളുടെ കേസ് സ്റ്റഡിയും ഇതുവരെ നടന്ന പത്തൊമ്പതോളം മറ്റ് പഠനങ്ങളും ഉപയോഗിച്ചാണത്രേ ഗവേഷകര്‍ ഈ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏതായാലും വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കുമെന്നാണറിയുന്നത്.