കോവിഡിന് ഇടയില്‍ പരീക്ഷ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നീറ്റ് ജെഇഇ പരീക്ഷകള്‍ക്കുള്ള അന്തിമ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി അധികമായി 13 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാനൊരുങ്ങുന്നത്.
കള്ളനെ കയ്യോടെ പിടിച്ചപ്പോള്‍ ഉള്ള ജാള്യതയാണ് പിണറായി വിജയനുള്ളതെന്ന് ചെന്നിത്തല. സ്വര്‍ണക്കടത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ മീന്‍ വളര്‍ത്തലിനെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. താന്‍ ഓട് പൊളിച്ച് പ്രതിപക്ഷ നേതാവായ ആളല്ലെന്നും ഫയലുകള്‍ ചോദിച്ചാല്‍ തരേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.സംഘടന തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. അടുത്ത 50 വര്‍ഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച നേതാക്കളിലൊരാളാണ് ഗുലാം നബി ആസാദ്.
ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളാണെന്നും കൊടിക്കുന്നില്‍ സുരേഷ്.കോണ്‍ഗ്രസില്‍ നേതൃ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിനെ പരാമര്‍ശിച്ചാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. അദ്ദേഹം വിശ്വ പൗരനായിരിക്കാം. വലിയ അറിവും പാണ്ഡിത്യവും ഉള്ള ആളായിരിക്കാം. പക്ഷെ രാഷ്ട്രീയപരമായ പക്വത ഇല്ലാത്ത ആളാണെന്നാണ് പല നടപടികളില്‍ നിന്നുംവ്യക്തമാകുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കത്തെഴുതിയ നേതാക്കളെ ഒതുക്കി അധ്യക്ഷ സോണിയാഗാന്ധി. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിനെയും ഉപനേതാവായ ആനന്ദ് ശര്‍മയെയും ഒതുക്കുന്നതിന്റെ ഭാഗമായി രാജ്യസഭയില്‍ ചീഫ് വിപ്പായി ജയ്റാം രമേഷിനെ നിയമിച്ചു. കൂടാതെ രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേല്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാല്‍ എന്നിവരെയും നിയമിച്ചു.
യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് ചര്‍ച്ചയിലൂടെയായിരിക്കും നിലപാട് സ്വീകരിക്കുന്നത്. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലപ്പടുത്തുകയാണ് ലക്ഷ്യമെന്നും കോടിയേരി
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് ജപ്തി ചെയ്തു.
സ്വര്‍ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോണ്‍സുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ തന്നോട് പറഞ്ഞെന്ന് സ്വപ്ന സുരേഷ്. അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്നും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട അന്നാണ് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞതെന്നും സ്വപ്ന.
സര്‍ക്കാര്‍ നടപടിക്ക് വിരുദ്ധമായി അഞ്ച് അസിസ്റ്റന്റ് കമാന്‍ഡന്റുമാരെ ഡിജിപി മാറ്റി നിയമിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി. ഇത് സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പേരെയും തിരിച്ചുവിളിച്ചിരിക്കുന്നത്. സര്‍വ്വീസ് ചട്ടങ്ങളിലെ റൂള്‍ 32 ബി പ്രകാരം ഇതിന് അധികാരം സര്‍ക്കാരിനാണ്. ഇത് ലംഘിച്ചുകൊണ്ട് ഡിജിപി നടപടിയെടുത്തുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് കൈമാറി. രവി പൂജാരി ഉള്‍പ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണവും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലാവും.
പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനക്കൂനകള്‍ ഇനി ഒഴിവാകും. കേസിന് ആവശ്യംവരാത്ത, പിടിച്ചെടുത്ത വാഹനങ്ങളെല്ലാം മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ഉത്തരവിറക്കി. തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കണം. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെടുക്കുമ്പോള്‍ ഒരുമാസത്തിനകം അവകാശികള്‍ എത്തിയില്ലെങ്കില്‍ എസ്.എച്ച്.ഒ. ലേലനടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍വകലാശാലകള്‍ അവസാന വര്‍ഷ/ സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ നടത്താനുള്ള തീയതി നീട്ടിനല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയോട് ആവശ്യപ്പെടാമെന്നും കോടതി.
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍ .പ്രണബ് മുഖര്‍ജി ഇപ്പോഴും കോമ അവസ്ഥയില്‍ വെന്റിലേറ്ററിലാണുള്ളതെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍.
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പിഎം ജീവന്‍ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കുകൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. എല്ലാകുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് ജന്‍ധന്‍ അക്കൗണ്ട് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്.
വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയ ചായ് വും ലൈംഗിക താത്പര്യവും ആരോഗ്യ ഐ.ഡി തയ്യാറാക്കുന്നതിലേക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ കരട് നയത്തില്‍ ആവശ്യപ്പെടുന്നു. കരട് ആരോഗ്യ നയത്തില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. അതേ സമയം വിവരങ്ങള്‍ നല്‍കാതിരിക്കാനും
ഈ ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് വേണ്ടെന്നു വെക്കാനും വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ പറയുന്നുണ്ട്.
ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്തങ് തുരങ്കം സെപ്തംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തില്‍ 9.02 കി.മീ നീളത്തിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. മണാലി-ലഡാക്ക് ഹൈവേയിലെ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്.
ചൈനീസ് ബന്ധമുള്ള കമ്പനികളില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍. അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്രതീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അനാരോഗ്യം മൂലമാണ് പ്രധാനമന്ത്രി രാജിയ്ക്കൊരുങ്ങുന്നതെന്നാണ് സൂചന.
കോവിഡിനെതിരെ രണ്ടാമതൊരു വാക്സിനുമായി റഷ്യ. സെപ്റ്റംബറിലോ ഒക്ടോബര്‍ ആദ്യമോ വാക്സിന് അനുമതി നല്‍കിയേക്കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ടഷ്യാന ഗൊളികോവ.
സ്വര്‍ണവിലയില്‍ വീണ്ടുംതകര്‍ച്ച. പവന് ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 26ന് പവന്‍ വില 38,000 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം 240 രൂപവര്‍ധിച്ച് 38,240 രൂപയുമായി. തുടര്‍ന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലാവരമായ 42,000 രൂപയില്‍ നിന്ന് സ്വര്‍ണവിലയില്‍ 17 ദിവസംകൊണ്ട് 4,160 രൂപയുടെ കുറവുണ്ടായി.
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ കൂടുതല്‍പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. പിഎം ജീവന്‍ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കുകൂടി ലഭ്യമാക്കും. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേര്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ടുള്ളത്.
സ്വന്തം ജീവിതം വെളളിത്തിരയിലേക്ക് എത്തുകയാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മൂന്ന് ഭാഗങ്ങളായാണ് താന്‍ ചിത്രം ഒരുക്കുന്നത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതമുണ്ട്. രചന രാം ഗോപാല്‍ തന്നെയാണ്. രാമു എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബൊമ്മക്കു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മക്കു മുരളിയാണ്. ആദ്യ ഭാഗത്തില്‍ 20 വയസുള്ള രാമുവിനെയാണ് കാണിക്കുന്നത്. ആദ്യചിത്രത്തില്‍ പുതുമുഖമാണ് വേഷമിടുന്നത്. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തന്റെ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കുമെന്നും രാംഗോപാല്‍ വര്‍മ വ്യക്തമാക്കി.
അയ്യപ്പനും കോശിയും എന്ന കരിയറിലെ ഏറ്റവും വലിയ വിജയത്തിനു പിന്നാലെയാണ് ചലച്ചിത്രകാരനായ സച്ചി വിടവാങ്ങിയത്. സച്ചിയ്ക്ക് ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര്‍. 'ദൈവമകളേ' എന്ന ഗാനം നഞ്ചിയമ്മ ആലപിക്കുന്നത് സച്ചി ആദ്യം കേട്ടത് കൃത്യം ഒരു വര്‍ഷം മുന്‍പാണെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകനായ ജേക്‌സ് ബിജോയ് പറയുന്നു. സച്ചിയേട്ടന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ ഈ ഗാനം സമര്‍പ്പിക്കുന്നു. ജേക്‌സ് ബിജോയ് ഫേസ്ബുക്കില്‍ കുറിച്ചു.
കിയ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് എത്തുന്ന സോണറ്റിന്റെ ബുക്കിംഗ് മൂന്നുദിവസം കൊണ്ട് 9000 കടന്നെന്നു കിയ മോട്ടോഴ്‌സ്. അടുത്ത മാസം വിപണിയിലെത്തുന്ന സോണറ്റ് കമ്പനിയുടെ ബെസ്റ്റ്‌സെല്ലര്‍ ആകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സോണറ്റിന് ശേഷം ഈ വര്‍ഷം പുതിയ മോഡല്‍ ഇല്ലെന്നാണ് സൂചന.
പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് വൃക്ഷങ്ങള്‍. മനുഷ്യ-ജന്തു ലോകങ്ങളുടെ ഭാഗധേയങ്ങളുമായി അഭേദ്യ ബന്ധമുള്ള വൃക്ഷങ്ങള്‍ ഇന്ത്യന്‍ വേദേതിഹാസങ്ങളിലെയും നിത്യജീവിത വ്യവഹാരങ്ങളിലെയും സജീവ ബിംബങ്ങളാണ്. വൃക്ഷങ്ങളുടെ ശാസ്ത്രീയവസ്തുതകളും ഐതിഹ്യ സൂചനകളും മറ്റും വിശദീകരിക്കുന്ന കൃതി. 'ബ്രഹ്മാവിന്റെ മുടി'. മനേകഗാന്ധി. വിവര്‍ത്തനം- കെ.എസ്. രാമന്‍. മാതൃഭൂമി ബുക്‌സ്. വില 54 രൂപ.
ഈ കൊറോണ കാലത്ത് അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ചില മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അടുക്കള അണുവിമുക്തമായി സൂക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നത്. ദിവസവും വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് കിച്ചണ്‍ കൗണ്ടറും സ്ലാബുകളും സ്റ്റൗവും വൃത്തിയാക്കണം. ഓരോ തവണ ഭക്ഷണം തയ്യാറാക്കിയതിന് ശേഷവും കിച്ചണ്‍ കൗണ്ടറും സ്റ്റൗവും വൃത്തിയാക്കണം. ഓരോ ഉപയോഗത്തിനുശേഷവും പാത്രങ്ങളും മറ്റും സോപ്പോ ഡിറ്റര്‍ജെന്റോ ഉപയോഗിച്ച് കഴുകണം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 73.44, പൗണ്ട് - 97.37, യൂറോ - 87.31, സ്വിസ് ഫ്രാങ്ക് - 81.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.64, ബഹറിന്‍ ദിനാര്‍ - 194.81, കുവൈത്ത് ദിനാര്‍ -240.38, ഒമാനി റിയാല്‍ - 190.74, സൗദി റിയാല്‍ - 19.58, യു.എ.ഇ ദിര്‍ഹം - 19.99, ഖത്തര്‍ റിയാല്‍ - 20.17, കനേഡിയന്‍ ഡോളര്‍ - 56.10.


.jpg)











