കേരളത്തില്‍ ഇന്നലെ 1,129 പേര്‍ക്ക് കോവിഡ്-19. എട്ടു പേര്‍കൂടി മരിച്ചതോടെ കേരളത്തിലെ കോവിഡ് മരണം 81 ആയി. മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചല്‍ (81), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രന്‍ (59) എന്നിവരാണു മരിച്ചത്.
ഇന്നലെ 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 89 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 114 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
കേരളത്തില്‍ കോവിഡ് ചികില്‍സയിലുള്ളത് 10,862 പേര്‍. 1,43,996 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ രോഗമുക്തരായ 752 പേരടക്കം 13,779 പേര്‍ ഇതുവരെ രോഗമുക്തരായി.
ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം -259, കാസര്‍ഗോഡ് -153, മലപ്പുറം -141, കോഴിക്കോട് - 95, പത്തനംതിട്ട -85, തൃശൂര്‍- 76, ആലപ്പുഴ -67, എറണാകുളം -59, കോട്ടയം, പാലക്കാട് - 47, വയനാട് -46, കൊല്ലം -35, ഇടുക്കി -14, കണ്ണൂര്‍ - 5.
പുതിയ 17 ഹോട്ട് സ്പോട്ടുകള്‍ അടക്കം 492 ഹോട്ട് സ്പോട്ടുകള്‍. കാസര്‍ഗോഡ് ജില്ലയിലെ പുല്ലൂര്‍ പെരിയ (കണ്ടൈന്‍മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയര്‍കുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
23 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അവിണിശേരി (വാര്‍ഡ് 13), പുത്തൂര്‍ (3), നെന്മണിക്കര (6, 7), ആളൂര്‍ (1, 17), എരുമപ്പെട്ടി (9), തൃക്കൂര്‍ (7, 8), പൂമംഗലം (8), ചൂണ്ടല്‍ (6, 7, 8), ചേലക്കര (17), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), ദേശമംഗലം (11, 13, 14, 15), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14),വല്ലച്ചിറ (14), മടക്കത്തറ (6, 7, 8, 14), പെരിഞ്ഞനം (12), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), വെസ്റ്റ് കല്ലട (എല്ലാ വാര്‍ഡുകളും), ഇടുക്കി ജില്ലയിലെ രാജക്കാട് (എല്ലാ വാര്‍ഡുകളും), കാഞ്ചിയാര്‍ (11, 12), പത്തനംതിട്ട ജില്ലയിലെ റാന്നി പഴവങ്ങാടി (12, 13, 14), താന്നിത്തോട് (8), ചിറ്റാട്ടുകര (3) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയത്.
കോവിഡ് പോസിറ്റീവായ യുവതിക്ക് ഇരട്ട കുട്ടികള്‍. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരട്ട കുട്ടികളെ പ്രസവിച്ചത്. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
ജിഎസ്ടി വരുമാനത്തില്‍ വന്‍ തകര്‍ച്ച. വാണിജ്യ മേഖല ഉണര്‍ന്നില്ല. ജൂലൈയില്‍ 87,422 കോടി രൂപയാണു വരുമാനം. ജൂണില്‍ 90,917 കോടി രൂപ ലഭിച്ചിരുന്നു. ഏപ്രിലില്‍ 32,172 കോടിയും മേയില്‍ 62,009 കോടിയും ആയിരുന്നു വരുമാനം. ജിഎസ്ടി വരുമാനം കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരം പ്രതിസന്ധിയിലാണ്. കഴിഞ്ഞ കൊല്ലത്തെ കുടിശിക കേന്ദ്രം നല്‍കി. ഈ വര്‍ഷത്തേതിനു പണമില്ലെന്നു കേന്ദ്രം.
അറ്റാഷേയേയും പറ്റിച്ചു. ഓരോ തവണയും കടത്തിയ സ്വര്‍ണത്തിന്റെ അളവു കുറച്ചാണ് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ സ്വപ്ന സുരേഷ് അറിയിച്ചിരുന്നത്. മൂന്നു കിലോ സ്വര്‍ണത്തിന് 1,500 ഡോളറാണ് അറ്റാഷെയ്ക്കു കമ്മീഷന്‍. കൂടുതല്‍ സ്വര്‍ണം ഇറക്കാന്‍ അറ്റാഷെ കൂടുതല്‍ കമ്മീഷന്‍ ചോദിച്ചിരുന്നു. അതിനാലാണ് അഞ്ചും ഏഴും കിലോ കടത്തിയപ്പോഴും മൂന്നു കിലോ മാത്രമെന്ന് അറ്റാഷെയെ അറിയിച്ചത്.
യുഎഇ കോണ്‍സുലേറ്റില്‍നിന്നുള്ള ചില പാഴ്‌സലുകള്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തില്‍ എടപ്പാളില്‍ എത്തിച്ചതിനെക്കുറിച്ചും കസ്റ്റംസ് അന്വേഷണം. സി-ആപ്റ്റ് കോണ്‍സുലേറ്റുമായി ഇടപെട്ടത് ചട്ടവിരുദ്ധമാണ്. അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍നിന്നു കസ്റ്റംസ് വിവരം ശേഖരിച്ചിരുന്നു. മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റിന്റെ ചെയര്‍മാന്‍.
കാലവര്‍ഷം സജീവമാകുന്നു. ഇന്നു 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ മഴ ശക്തമാകും.
കെഎസ്ഇബിയുടെ വെബ്സൈറ്റ് ഹാക്കര്‍മാര്‍ ചോര്‍ത്തി. മൂന്നു ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈക്കലാക്കിയെന്ന് ഹാക്കര്‍മാര്‍. ആയിരത്തിലേറെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് ഫയലായി പുറത്തുവിട്ടു.
'കെ ഹാക്കേഴ്സ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഹാക്കര്‍മാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറില്‍ വീണു മത്തായി മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മത്തായിയെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഉണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ട്രൈബല്‍ വാച്ചര്‍, ചിറ്റാര്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 852 പേര്‍ മരിച്ചു. 54,865 പേര്‍ രോഗികളായി. 37,403 പേരാണ് ഇതുവരെ മരിച്ചത്. 17,51,919 പേര്‍ രോഗബാധിതരായി. 5.67 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 11.46 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 322 പേര്‍ മരിക്കുകയും 9,601 പേര്‍ രോഗികളാകുകയും ചെയ്തു. 1.49 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 99 പേര്‍ മരിച്ച തമിഴ്‌നാട്ടില്‍ ഇന്നലെ 5,879 പേര്‍ രോഗികളായി. ആന്ധ്രയില്‍ 9,276 പേരും കര്‍ണാടകത്തില്‍ 5,172 പേരും പുതുതായി കോവിഡ് രോഗികളായി.
ഇന്ത്യ സ്മാര്‍ട്ഫോണ്‍ ഹബ്ബാകും. തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമനായ സാംസംഗ്, ആപ്പിളിന്റെ കരാര്‍ നിര്‍മാണ പങ്കാളികളായ ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍, പെഗട്രോണ്‍, ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ മൈക്രോമാക്‌സ്, ലാവ തുടങ്ങിയവര്‍ ഇന്ത്യയില്‍ വന്‍തോതില്‍ ഉല്‍പാദനം തുടങ്ങുന്നു. പ്രാദേശിക സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം ഉയര്‍ത്താനുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിയിലേക്ക് ഈ കമ്പനികള്‍ അപേക്ഷിച്ചെന്നു കേന്ദ്രസര്‍ക്കാര്‍.
തന്ത്രപ്രധാന മേഖലകളില്‍ നാലില്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഉണ്ടാകില്ലെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമാന്‍. പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച് പുതിയ നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമിറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ കത്ത്. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമതരോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പൊറുക്കാന്‍ തയാറായാല്‍ അവരെ വീണ്ടും സ്വാഗതം ചെയ്യുമെന്നും ഗെഹ്ലോത് ജയ്സാല്‍മറില്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുപ്പത്തിനാലാം തവണത്തെ എഴുത്തില്‍ പത്താം ക്ലാസ് പരീക്ഷ പാസായതിന്റെ ത്രില്ലിലാണ് തെലുങ്കാന സ്വദേശിയായ മുഹമ്മദ് നൂറുദ്ദീന്‍. 1987 ലാണ് ആദ്യമായി പരീക്ഷയെഴുതിയത്. പിന്നീടങ്ങോട്ട് 33 തവണയും പരാജയമായിരുന്നു. ഇത്തവണ അമ്പത്തിയൊന്നാമത്തെ വയസില്‍ പത്താം ക്ലാസ് പരീക്ഷ പാസായി.
സമാജ് വാദി പാർട്ടിയുടെ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. വൃക്കരോഗത്തിന് സിംഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
ലോകത്ത് കോവിഡ് 19 ബാധിച്ച് ഇന്നലെ 5,297 പേര്‍ മരിച്ചു. 2,38,793 പേര്‍ രോഗികളായി. ഇതുവരെ 6,87,718 പേരാണു മരിച്ചത്. 1.79 കോടി ജനങ്ങള്‍ രോഗബാധിതരായി. അമേരിക്കയില്‍ 1,081 പേരും ബ്രസീലില്‍ 1048 പേരുമാണ് ഇന്നലെ മരിച്ചത്.
പാപ്പുവ ന്യൂഗിനിയില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന ചെറുവിമാനം തകര്‍ന്നുവീണു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുനിന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും പാപ്പുവ ന്യൂഗിനി പോലീസും കിലോക്കണക്കിന് കൊക്കെയ്ന്‍ കണ്ടെടുത്തു. അഞ്ചു പേരെ ഓസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. പാപ്പുവ ന്യൂഗിനിയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കൊക്കെയ്ന്‍ കടത്തുകയായിരുന്നെന്ന് പോലീസ്.
ചെല്‍സിയെ തോല്‍പ്പിച്ച് ആഴ്‌സണലിന് എഫ്എ കപ്പ് കിരീടം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പീരങ്കിപ്പടയുടെ ജയം. ആഴ്‌സണലിന്റെ 14-ാം എഫ്.എ കപ്പ് കിരീടമാണിത്. ഇരട്ട ഗോളുമായി തിളങ്ങിയ എമറിക് ഒബമെയാങ്ങാണ് ആഴ്‌സണലിന്റെ വിജയശില്‍പി. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തേക്കുള്ള കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ മുന്നേറ്റമുണ്ടാകുമെന്ന് വിപണി വിദഗ്ധര്‍. ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതും അതേസമയം തൊഴിലവസരം വര്‍ധിപ്പിക്കുന്നതുമാണ് കേന്ദ്രസര്‍ക്കാരിന്റെ നയമാറ്റം എന്നാണ് വിലയിരുത്തല്‍. രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ടിവികള്‍ക്ക് ഡിമാന്റ് കൂടുമെന്ന വലിയ പ്രതീക്ഷയിലാണ് കമ്പനികള്‍.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇ- കൊമേഴ്‌സ് അഞ്ചിരട്ടി ശക്തിപ്പെടുത്തുമെന്നും ഒന്നര വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മാളിനു പുറമെ കേരളത്തില്‍ 5 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി. കൊച്ചിയില്‍ മത്സ്യ സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം തന്നെ തുടങ്ങും. തിരുവനന്തപുരത്തെ മാള്‍ അടുത്ത മാര്‍ച്ചോടെ ആരംഭിക്കും. തൃശൂര്‍, കോട്ടയം, കോഴിക്കോട്, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളിലാണ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുക.
ജാന്‍വി കപൂര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ ചിത്രം 'ഗുന്‍ജന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേളി'ന്റെ ട്രെയിലര്‍ പുറത്തെത്തി. യുദ്ധമുഖത്ത് ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റ് ആയിരുന്ന ഫളൈറ്റ് ലഫ്റ്റനന്റ് ഗുന്‍ജന്‍ സക്‌സേനയുടെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരണ്‍ ശര്‍മ്മയാണ്. അംഗദ് ബേദി, വിനീത് കുമാര്‍, മാനവ് വിജ്, അയേഷ റാസ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ജാന്‍വി കപൂറിന്റെ ആദ്യ പ്രധാന വേഷമാണിത്. സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഈ മാസം 12ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഷെയ്ന്‍ നിഗത്തെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'ഖല്‍ബി'ലെ ടൈറ്റില്‍ ഗാനം പുറത്തെത്തി. ബലിപെരുന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തിറക്കിയത്. വിനീത് ശ്രീനിവാസന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സുഹയ്ല്‍ കോയയാണ്. വിമല്‍ നാസറും റനീഷ് ബഷീറും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനത്തിലുള്ള 'ഖല്‍ബേ' എന്ന വരിക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രകാശ് അലക്‌സുമാണ്. ഷെയ്‌നിനൊപ്പം സിദ്ദിഖും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആഭ്യന്തര വാഹന വിപണിയില്‍ വന്‍കുതിപ്പുമായി ടാറ്റ മോട്ടോഴ്‌സ്. 15,012 യൂണിറ്റുകള്‍ വിറ്റഴിച്ച് ശക്തമായ വില്‍പ്പനയാണ് 2020 ജൂലൈ മാസം ടാറ്റ മോട്ടോഴ്‌സ് കൈവരിച്ചിരിക്കുന്നത്. 2019 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4,527 യൂണിറ്റ് വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. അതോടൊപ്പം ഇന്ത്യന്‍ വിപണിയിലെ ജൂലൈ മാസത്തെ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തെത്താനും ടാറ്റയ്ക്ക് സാധിച്ചു. മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ഒരെഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നീരീക്ഷണബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്റെ അലകള്‍ സ്വത്വനാശങ്ങള്‍ക്കെതിരെയൂള്ള നിലപാടുകളുമായി മാറുന്നു. 'അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു'. ബെന്യാമിന്‍. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.
കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ' എന്ന കമ്പനി. പുകയിലയില്‍ നിന്നുള്ള ഒരുതരം പ്രോട്ടീന്‍ ഉപയോഗിച്ചാണത്രേ ഇവര്‍ വാക്സിന്‍ ഉത്പാദിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് മുമ്പുള്ള പരീക്ഷണഘട്ടങ്ങളെല്ലാം നേരത്തേ കഴിഞ്ഞു. ആ പരീക്ഷണങ്ങളിലെല്ലാം വാക്സിന്‍ വിജയിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷ'ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാലുടന്‍ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും. വിജയിച്ചാല്‍ 2012 പകുതിയോടെ തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണ് ഇവര്‍ പറയുന്നത്.