കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ മരിച്ചവരിൽ ഒരാള്‍ക്കു കോവിഡ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ്.
അപകടത്തെത്തുടര്‍ന്ന് വിമാനത്താളത്തില്‍ സ്‌ക്രീനിങ് നടത്താന്‍ സാധിച്ചിരുന്നില്ല. വിമാന അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളിലുള്ള 15 പേരുടെ നില ഗുരുതരമാണ്.
ഉരുള്‍പൊട്ടിയ രാജമല പെട്ടിമുടിയില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 22 ആയി. കാണാതായ 49 പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് തെരച്ചില്‍ നിര്‍ത്തിവച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞുംമൂലം കാഴ്ച തടസപ്പെട്ടിരുന്നു.
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ ധനസഹായം. 10 ലക്ഷം രൂപ സംസ്ഥാനവും പത്തു ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരും നല്‍കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . ഏറെ നിര്‍ഭാഗ്യകരമായ അപകടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനത്തില്‍ നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ച് അതിശയകരമായ മികവുകാണിച്ചെന്നും മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര സഹായം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണു പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കും. നിസാര പരിക്കുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കും. മന്ത്രി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തില്‍ അപകടമുണ്ടായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റല്‍ ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെടുത്തത്. വിമാനം എങ്ങനെ അപകടത്തില്‍പെട്ടെന്ന് കണ്ടെത്താന്‍ ഇതിലെ വിവരങ്ങള്‍ സഹായിക്കും.
കേന്ദ്ര കേന്ദ്രവ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് ഡിജിസിഎ സംഘം അന്വേഷണം ആരംഭിച്ചതായും മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
കോവിഡ് കണ്ടെയിന്‍മെന്റ് സോണിലായിരുന്ന കരിപ്പൂര്‍ പ്രദേശത്തെ ജനങ്ങള്‍ ഒന്നര മണിക്കൂറിനകമാണ് വിമാനത്താവളത്തിലെ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. മതില്‍ ചാടികടന്ന് വിമാനത്തിനരികില്‍ എത്തി വിമാനത്തിലുണ്ടായിരുന്ന എല്ലാവരേയും ആശുപത്രികളിലെത്തിക്കാന്‍ നേതൃത്വം നല്‍കി. മാത്രമല്ല, കോഴിക്കോട്, മലപ്പുറം ജില്ലകളിലേ നൂറുകണക്കിനാളുകളാണ് രക്തദാനത്തിന് രാത്രി ആശുപത്രികളില്‍ എത്തിയത്. എല്ലാ ആശുപത്രികളിലേയും ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞു.
കരിപ്പൂരിലേക്ക് കേന്ദ്ര വ്യോമയാന മന്ത്രിയും കേരള ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കം മന്ത്രിമാരുടെ സംഘവും എത്തി. എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
കരിപ്പൂര്‍ വിമാന അപകടത്തിന്റെ കാരണത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലം എയര്‍ ഇന്ത്യ ചെയര്‍മാന്‍ സന്ദര്‍ശിച്ചു പരിശോധനകള്‍ നടത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും കണ്ടു. കരിപ്പൂര്‍ വിമാനാപകടം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
കനത്ത മഴയില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറി. കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. മങ്കൊമ്പ് ബ്‌ളോക്ക് ജങ്ഷന്‍ വരെയായിരിക്കും സര്‍വ്വീസുകള്‍. മഴ തുടര്‍ന്നാല്‍ എസി റോഡ് വഴിയുള്ള ഗതാഗതവും മുടങ്ങും. കോഴിക്കോടും, കണ്ണൂരും, കാസര്‍കോടും ഉരുള്‍പൊട്ടലുണ്ടായി. പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. കണ്ണൂരിലെ ശ്രീകണ്ഠപുരം പട്ടണം മുഴുവന്‍ വെള്ളത്തിലാണ്.
കനത്തമഴയില്‍ കാസര്‍കോട് തേജസ്വിനിപ്പുഴ കവിഞ്ഞൊഴുകുന്നു. കയ്യൂര്‍, കരിന്തളം, ചെറുവത്തൂര്‍ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
രാജമലയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി എന്‍ഡിആര്‍എഫിന്റെ 58 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. പാറകള്‍ നിറഞ്ഞ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. ആറ് മണ്ണുമാന്തി യന്ത്രങ്ങളാണ് ദുരന്തമുഖത്ത് നിര്‍ത്താതെ ജോലിചെയ്യുന്നത്. മണ്ണിനടിയിലെ ജീവനുകള്‍ കണ്ടെത്താന്‍ ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറുകളെ ആശ്രയിക്കാനാണ് തീരുമാനം.
കോവിഡിനെതിരായ പോരാട്ടം നടക്കുമ്പോള്‍ എന്തിലും തെറ്റു കണ്ടുപിടിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിസന്ധി കാലത്ത് എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് അവര്‍തന്നെ മറുപടി പറയേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരേ സിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന വര്‍ച്വല്‍ ജാഥ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവളപ്പാറ ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം. പൊലിഞ്ഞുപോയ 59 പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കവളപ്പാറ നിവാസികള്‍. 11 പേരുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ദുരന്ത മണ്ണില്‍ ഒരുക്കിയ സ്മൃതി മണ്ഡപത്തില്‍ കവളപ്പാറ നിവാസികള്‍ പുഷ്പാര്‍ച്ചന നടത്തി.
സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തന അനുമതി നല്‍കാനുള്ള നീക്കത്തോട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വിയോജിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടക്കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എല്ലാ സുരക്ഷയും കണക്കിലെടുത്ത് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍നിന്ന് വിപണി തിരിച്ചുകയറിയതോടെ ഓഹരി മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചു. ജൂലൈ മാസത്തില്‍ 3,500 കോടിയ്ക്കും 4000 കോടി രൂപയ്ക്കുമിടയിലാണ് നിക്ഷേപം പിന്‍വലിച്ചത്. നാലുവര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയുംതുക ഒരുമാസം ഓഹരി ഫണ്ടില്‍നിന്ന് പിന്‍വലിക്കുന്നത്.
ഇറ്റാലിയല്‍ ലീഗ് ജേതാക്കളായ യുവെന്റസ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ടൂറിനിലെ സ്വന്തം മൈതാനത്ത് ഒളിമ്പിക് ലിയോണിനെതിരേ ഒന്നിനെതിരേ രണ്ടു ഗോളിനു ജയം നേടാനായെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ യുവെന്റസിനെ മറികടന്ന് ലിയോണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യപാദ മത്സരത്തില്‍ ലിയോണ്‍ ഒരു ഗോളിന് ജയിച്ചിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടത്തിനും യുവെന്റസിനെ രക്ഷിക്കാനായില്ല.
ചാമ്പ്യന്‍സ് ലീഗിലെ സിദാന്റെ നോക്കൗട്ട് റെക്കോഡ് തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റി. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് സിറ്റി ക്വാര്‍ട്ടറിലെത്തി.
കൊറോണ മൂലമൂള്ള അടച്ചിടല്‍ മിക്ക വ്യവസായങ്ങളുടെയും നടുവൊടിച്ചു. എന്നാല്‍, ചില ഉത്പന്നങ്ങളുടെ വില്പന പല മടങ്ങ് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധന ശേഷി കൂട്ടാനായി ഇന്ത്യക്കാര്‍ വന്‍തോതിലാണ് ച്യവനപ്രാശം വാങ്ങിക്കൂട്ടിയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇവയുടെ വില്പനയില്‍ 700 ശതമാനത്തിലേറെ വര്‍ധനയാണ് ഉണ്ടായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ ഹോള്‍ഡിങ്സിന്റെ പഠനം വ്യക്തമാക്കുന്നു. മഞ്ഞള്‍പൊടിയുടെ കൂടെ കലക്കിക്കുടിക്കാനായി തേനും ഇന്ത്യക്കാര്‍ വന്‍തോതില്‍ വാങ്ങി. പാര്‍ലെയുടെ പാര്‍ലെ-ജി ബിസ്‌കറ്റുകള്‍ക്ക് ഏപ്രില്‍-മേയ് കാലയളവില്‍ റെക്കോഡ് വില്പനയായിരുന്നു. ശുചി ഉത്പന്നങ്ങളുടെ വില്പനയില്‍ റെക്കോഡ് മുന്നേറ്റമാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരോധിച്ച ആപ്പുകളൊന്നും തന്നെ തങ്ങളുടെ ഫോണുകളില്‍ ഉണ്ടാവില്ലെന്നു ഷവോമി. ഷവോമിയുടെ ഇന്ത്യന്‍ എംഡി മനു കുമാര്‍ ജെയിന്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ക്ലീന്‍ മാസ്റ്റര്‍ ആപ്പ് എം ഐ യു ഐ ക്ലീനര്‍ ആപ്ലിക്കേഷനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. കൂടാതെ, ഇന്ത്യയിലെ ഷവോമി തങ്ങളുടെ റെഡ്മീ ഫോണുകളില്‍ നിന്നുള്ള ഡാറ്റ മൂന്നാം കക്ഷിക്ക് അയയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവാഗത സംവിധായകനായ അനുപ് നാരായണന്റെ എവ്രഹാം യാക്കോബിന്റെ 137 ഒഡീഷനുകള്‍ എന്ന ചിത്രം ടോക്യോ ലിഫ്റ്റ്-ഓഫ് ചലച്ചിത്ര മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. യാക്കോബായി എത്തുന്നത് ബിഗ് ബിയിലൂടെ ശ്രദ്ധേയനായ രമേശ് വര്‍മ്മയാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും അനൂപ് നാരായണനാണ്.
ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് റെക്കോഡു ചെയ്തുവെച്ച കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം എന്ന് ഷെയ്ന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ആരാധകരും താരത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എകസ്ട്രീം 160 ആര്‍ കേരളത്തിലും എത്തിയിരിക്കുന്നു. എക്സ്ട്രീം 160 ആര്‍ (ഫണ്ട് ഡിസ്‌ക് വിത്ത് സിംഗിള്‍ ചാനല്‍ എബിഎസ്) എക്‌സ് ഷോറും വില- 1,03,553 രൂപ. എക്സ്ട്രീം 160 ആര്‍ (ഡബിള്‍ ഡിസ്‌ക് വിത്ത് സിംഗിള്‍ ചാനല്‍ എബിഎസ്) എക്‌സ് ഷോറും വില-- 1,06,576 രൂപ.
തെളിവില്ലാത്ത കൊലപാതകത്തിനു പിന്നില്‍ ഒരു ഗണിതപ്രശ്‌നത്തിന്റെ നിഗൂഢമായ സങ്കീര്‍ണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാര്‍ഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങള്‍ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബര്‍ ലോകത്ത് ആ സങ്കീര്‍ണതയുടെ പാറ്റേണുകള്‍ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീണ്‍ ചന്ദ്രന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണ നോവല്‍. 'ഛായാമരണം'. മാതൃഭൂമി ബുക്‌സ്. വില 243 രൂപ.