വാർത്തകൾ | കേരളം | പ്രഭാതം


സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. വ്യാഴാഴ്ചത്തെ 425 പേരുടേയും ഇന്നലത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (വ്യാഴാഴ്ച  ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്തുള്ള കണക്കാണ് ഇന്നത്തേത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,76,268 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6445 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.

സംസ്ഥാനത്ത് പുതിയ 14 ഹോട്ട് സ്പോട്ടുകൾ. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുംമേല്‍ (1, 2, 5), കള്ളിക്കാട് (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കഴൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 1, 2, 3, 4, 5, 13), വെള്ളാങ്ങല്ലൂര്‍ (18, 19), പഴയന്നൂര്‍ (1), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (16), കണ്ണൂര്‍ ജില്ലയിലെ നാറാത്ത് (13), വളപട്ടണം (5, 8), കോട്ടയം ജില്ലയിലെ പാമ്പാടി (18), തലയാഴം (7, 9), കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ പുതുനഗരം (2), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

 
കോവിഡ് പരിശോധനക്കായി സ്രവം ശേഖരിക്കാനായി സഞ്ചരിക്കുന്ന യൂണിറ്റ് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യവകുപ്പിന് വേണ്ടി പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് വാഹനം രൂപകല്‍പന ചെയ്തത്.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസയ്ക്ക് സർക്കാർ ഇൻഷുറൻസ് ഇല്ലാത്തവർ ആശുപതികൾ നിശ്ചയിക്കുന്ന നിരക്ക് നല്കണമെന്ന് സർക്കാർ നിർദേശം. ഇതോടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് പരിധിയിൽ കവിഞ്ഞ നിരക്ക് ഈടാക്കാനാകും. സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് ഉള്ളവർക്കും സൗജന്യമാണ്. കോവിഡ് കവച്, കോവിഡ് രക്ഷാ ഇൻഷുറൻസ് ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യം ലഭിക്കും. സ്വകാര്യ ആശുപത്രികൾ ചികിൽസ നിഷേധിക്കരുതെന്നും സർക്കാർ മാർഗരേഖ പുറത്തിറക്കി.

രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു. പുതിയ രോഗികൾ റെക്കോർഡ് വേഗത്തിൽ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 55,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയർന്നു.

വനംവകുപ്പ് മന്ത്രി കെ രാജു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രി പങ്കെടുത്ത പൊതു പരിപാടിയില്‍ കൊവിഡ് ബാധിതന്‍ പങ്കെടുത്തതിനാലാണ് തീരുമാനം. മന്ത്രിയുടെ ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പ്രവേശിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എട്ടുപേര്‍ക്കു കൂടി കൊവിഡ്. വെള്ളയില്‍, മൂന്നാലിങ്കല്‍ എന്നീ വാര്‍ഡുകളില്‍ ഇന്ന് നടന്ന റാന്‍ഡം പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 

കൊവിഡ് വ്യാപനം കണക്കിലെടുത്ത് മൃതദേഹം ദഹിപ്പിച്ച് യാക്കോബായ സഭയും. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ ദഹിപ്പിച്ചു. കഴിഞ്ഞദിവസം മരിച്ച കരിങ്ങാച്ചിറ സ്വദേശിനി ഏലിയാമ്മയുടെ മൃതദേഹമാണ് ദഹിപ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി- ആപ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. യുഎഇ കോണ്‍സുലേറ്റിലെ ചിലര്‍ ഇവിടെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് വിവരം.

തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തോവാസികള്‍ക്കും ആറ് കന്യാസ്ത്രികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധ. തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കൊച്ചുതുറ.

പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ശരീരത്തിലുള്ളത് വീഴ്ചയിലുണ്ടായ മുറിവുകള്‍ മാത്രമെന്നും ബല പ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ആന്തരികാവയവങ്ങള്‍ പരിശോധയ്ക്ക് അയക്കും.

എറണാകുളം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെൻ്റ് തെരേസാസ് കോൺവെൻ്റിലെ അന്തേവാസി ഏയ്ഞ്ചൽ (80) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉയർന്ന രക്ത സമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു.

തിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ടു പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനാണ്. പൊലീസ് ആസ്ഥാനത്തെ റിസപ്ഷന്‍ ഗേറ്റില്‍ ജോലി ചെയ്യുന്നയാളാണ് രണ്ടാമത്തെയാള്‍. ഒരാളുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. പൂന്തുറ സ്വദേശി ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ടുവയസായിരുന്നു. വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. സംഭവത്തെക്കുറിച്ച് ജനറല്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ വോട്ടെടുപ്പ് നടത്തും. അതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഓഗസ്റ്റില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസരം ഒരുക്കും. കൊവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കോട്ടയം ജില്ലയില്‍ ഇന്നലെ  89 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സസംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് ഇന്ന് തുടങ്ങില്ല. ഉന്നതതല സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അതുകൊണ്ട് തന്നെ ദീർഘദൂര സർവീസുകൾ ഇപ്പോൾ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്. കഴിഞ്ഞ വർഷം മാത്രം ഇവർ ആറ് തവണ ദുബായിലെത്തി. ദുബായിൽവച്ച് ഫൈസൽ ഫരീദിനെയും തന്നെയും കണ്ടിരുന്നതായി റമീസ് മൊഴി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചകളെന്നും റമീസ് പറഞ്ഞു

കോടതി ഇടപെടലിലൂടെ ഭർത്താവിനൊപ്പം പോയ യുവതിയെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയതായി പരാതി. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം. യുതിയുടെ പിതാവ് അയച്ച ഗുണ്ടാസംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ആരോപിച്ച് ഭർത്താവാണ് രംഗത്തെത്തിയിരിക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർ സംഘ് ചാലകെന്ന് കോടിയേരി പറഞ്ഞു. ആർഎസ്എസിനേക്കാൾ അവരുടെ കുപ്പായം ചേരുന്നത് രമേശ് ചെന്നിത്തലയ്ക്കാണ്. ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് രമേശ് ചെന്നിത്തലയെന്നും കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് വാമനപുരം എംഎൽഎ ഡി. കെ മുരളിക്കെതിരെ കേസ്. കോടതി നിർദേശ പ്രകാരം പാങ്ങോട് പൊലീസാണ് കേസെടുത്തത്. നൂറിലേറെപ്പോരെ ഉൾപ്പെടുത്തി പരിപാടി സംഘടിപ്പിച്ചതിനാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ നേതാക്കളും പ്രതികളാകും.

കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ. കൊവിഡ് പ്രാഥമിക ബന്ധമുള്ള ആൾ കളക്ടറേറ്റിൽ എത്തിയതിനെ തുടർന്നാണ് തീരുമാനം. കളക്ടറേറ്റ് ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
.

കൊച്ചിയില്‍ കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം. കാക്കനാടാണ് സംഭവം. മൂന്നും ഏഴു വയസുള്ള കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടില്‍ കയറിയാണ് തെരുവുനായ കുട്ടികളെ കടിച്ചത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്

രാജ്യത്തെ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഓഗസ്റ്റ് പത്തിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി.ഇടക്കാല ഉത്തരവ് വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

 കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. വിഷയം ഇടതുപക്ഷം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഡി സിസി പ്രസിഡന്റ് ടി. ജെ. വിനോദും പി. ടി. തോമസ് എംഎല്‍എയും വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ റസൽ ജോയിയാണ് ഹർജി നൽകിയത്. 2018ലും റസൽ ജോയ് സമാന ഹർജി നൽകിയിരുന്നുവെന്ന് തമിഴ്‌നാട് സർക്കാർ കോടതിയിൽ പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന സമിതി ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിരീക്ഷണത്തിൽ പോയ സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെയുള്ളവരുടെ ഫലം നെഗറ്റീവ്. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.

സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച വൈകിട്ട് 4.30നാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം ചേരുക.

ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ എത്തിയപ്പഴാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് എറണാകുളത്ത് ഇറങ്ങി മെഡിക്കൽ കോളജിലേക്ക് മാറുകയായിരുന്നു. ജനശദാബ്ദിയുടെ മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു.

ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നത് പതിനഞ്ച് വയസുവരെ മാത്രമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. അവരുടെ ആശയങ്ങൾ ശരിയല്ലെന്ന് തോന്നിയതോടെ പതിനഞ്ചാം വയസിൽ ആ ബന്ധം ഉപേക്ഷിച്ചുവെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.

മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് റാന്നി- പെരുനാട് വൈദീക ജില്ലയിലെ എംസിവൈഎം. സംഘടനയുടെ നേതൃത്വത്തില്‍ 'വിരിപ്പ്' എന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ സിഎഫ്എല്‍ടിസികളിലേക്കുള്ള ബെഡ്ഷീറ്റുകളും മാസ്‌ക്കുകളും കൈമാറി. വീണാ ജോര്‍ജ് എം.എല്‍.എയ്ക്കാണ് ഡയറക്ടര്‍ ഫാ.തോമസ് നെടുമാംകുഴിയില്‍, പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോസഫ്, സെക്രട്ടറി റീനാ റെജി, ആനിമേറ്റര്‍ ലിജു എ ജോര്‍ജ് എന്നിവര്‍ പ്രതിരോധ സാധനങ്ങള്‍ കൈമാറിയത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നേതൃയോഗം വിളിച്ച് എറണാകുളം ഡിസിസി. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് യോഗം ചേര്‍ന്നത്. മേയര്‍ സൗമിനി ജെയിനിനെ വിളിച്ചുവരുത്തി സ്ഥിതി വിലയിരുത്തി. ഹൈക്കോടതി വിമര്‍ശനം മുതലെടുക്കാനുള്ള ഇടതുമുന്നണി നീക്കത്തെ രാഷ്ട്രീമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.

രാജസ്ഥാനിൽ ഓഗസ്റ്റ് 14ന് നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള വിമത എംഎൽഎമാർ. എന്നാൽ, വിശ്വാസ വോട്ടെടുപ്പിനോടുള്ള നിലപാട് വിമത എംഎൽഎമാർ വ്യക്തമാക്കിയില്ല. അതിനിടെ നിയമസഭ സമ്മേളനം നിശ്ചയിച്ചതോടെ കുതിരക്കച്ചവട ആരോപണം മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് ശക്തമാക്കി. പരിധികൾ ഇല്ലാതെയാണ് കോടികൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഗഹ്‌ലോട്ട് പറഞ്ഞു.

സേനാ പിന്മാറ്റം പൂർണമായെന്ന ചൈനയുടെ നിലപാടിൽ പ്രതികരണം അറിയിയിച്ച് ഇന്ത്യ. സേനാ പിന്മാറ്റം പൂർണമായിട്ടില്ല.അതേസമയം, സേനാപിന്മാറ്റത്തിൽ പുരോഗതി ഉണ്ടായതായും ഇന്ത്യ വ്യക്തമാക്കി.

പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ 21 പേര്‍ മരിച്ചു. അമൃത്‍സര്‍, ബത്‍ല, താന്‍ തരണ്‍ എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച രാത്രി മുതലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍‍ അറിയിച്ചു. ദുരന്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍‍ സിങ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരെ രക്ഷപെടാൻ അനുവദിക്കില്ലെന്ന് അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

യൂറോപ്യന്‍ രാജ്യമായ ജോര്‍ജ്ജിയയില്‍ കോവിഡ് പ്രതിരോധത്തില്‍ കൈവരിച്ച നേട്ടത്തിന് പിന്നില്‍ ദൈവവിശ്വാസം പ്രധാന കാരണമാണെന്ന് രാജ്യത്തെ പകുതിയിലേറെപ്പേരും വിശ്വസിക്കുന്നതായുള്ള വെളിപ്പെടുത്തലുമായി പുതിയ സര്‍വ്വേ ഫലം പുറത്ത്. ജോര്‍ജ്ജിയയിലെ ‘കോക്കാസസ് റിസോഴ്സ് റിസര്‍ച്ച് സെന്റേഴ്സ് ഫോര്‍ നാഷണല്‍ ഫോര്‍ നാഷണല്‍ ഡെമോക്രാറ്റിക്‌ ഇന്‍സ്റ്റിറ്റ്യൂട്ട്’ കഴിഞ്ഞ മാസം നടത്തിയ സര്‍വ്വേയിലാണ് കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ദൈവവിശ്വാസത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ഫലം പുറത്ത് വന്നത്.

മദ്യലഹരിയിൽ ദേഹത്ത് കയറിക്കിടന്നത് മൂലം പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കുറ്റക്കാരിയല്ലെന്ന് കോടതി. യുഎസിലെ മെറിലാൻഡിൽ 2013 ലാണ് സംഭവമുണ്ടായത്. കേസിൽ അമ്മ മോറിസൺ കുറ്റക്കാരിയാണെന്നും 20 വർഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു കീഴ്ക്കോടതി വിധി. എന്നാൽ അമ്മയെ കുറ്റക്കാരിയായി വിധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പരമോന്നത കോടതി മുൻപത്തെ വിധിയും ശിക്ഷാകാലാവധിയും റദ്ദാക്കി.

പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിൽ കഴിഞ്ഞദിവസം ക്രിസ്തുവിന്റെ രൂപം എൽജിബിടി പ്രവർത്തകർ നശിപ്പിച്ച സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മോറാവീക്കി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അക്രമം നടന്ന ദിവസം തന്നെ മാറ്റ്യൂസ് മോറാവീക്കി സംഭവസ്ഥലത്തെത്തിയിരിന്നു. ലംഘിക്കാൻ പാടില്ലാത്ത ചില നിയന്ത്രണ രേഖകൾ ഉണ്ടെന്നും എന്നാൽ ഈ നിയന്ത്രണ രേഖകൾ എൽജിബിടി പ്രവർത്തകർ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം നവമാധ്യമങ്ങളില്‍ കുറിച്ചു.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...