കോവിഡിനെ നേരിടാൻ ഇന്ത്യയിൽ നിർമ്മിച്ച കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോർട്ട്. ഭാരത് ബയോടെക്കും ഐഎംഎംആറും സംയുക്തമായി നിർമിച്ച കോവാക്സിൻ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ് – 1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി 375 വൊളന്റിയർമാരിലാണ് വാക്സിൻ ആദ്യഘട്ടത്തിൽ പരീക്ഷിച്ചത്. ഓരോരുത്തര്‍ക്കും രണ്ടു ഡോസ് വാക്സിൻ നൽകിയെന്നും നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമാണെന്നും ക്ലിനിക്കൽ ട്രയൽ നടത്തുന്നവർ അറിയിച്ചു.
വാക്സീൻ ഇതുവരെ സുരക്ഷിതമാണ്. തങ്ങളുടെ സൈറ്റിൽ പരീക്ഷണം നടത്തിയവരിൽ വിപരീത പ്രവർത്തനങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല’ – റോഹ്തക്ക് പിജിഐയില്‍ വാക്സീൻ പരീക്ഷണത്തിന് നേതൃത്വം നൽകുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സവിത വർമ പറഞ്ഞു. രണ്ടാം ഡോസ് കൊടുത്തിട്ടും വൊളന്റിയർമാർക്കിടയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡൽഹി എയിംസിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായ് പറഞ്ഞു. ഇവിടെ 16 പേരിലാണ് പരീക്ഷണം നടത്തിയത്.
രണ്ടാം ഡോസ് നൽകിയപ്പോൾ വൊളന്റിയർമാരുടെ രക്ത സാംപിളുകൾ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ച് വാക്സീന്റെ പ്രതിരോധശേഷി അളക്കും. ഓഗസ്റ്റ് അവസാനത്തോടെ ഫേസ് 1 പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വേർതിരിച്ചെടുത്ത സാർസ് കോവ് 2 വൈറസിന്റെ ശ്രേണിയാണ് വാക്സീൻ വികസിപ്പിക്കാൻ ഉപയോഗിച്ചത്.
ഈ 12 ഇടങ്ങളിലെയും പരീക്ഷണത്തിന്റെ ഫലം അനുകൂലമാണെങ്കിൽ രണ്ടാം ഘട്ട പരീക്ഷണത്തിന്റെ അനുമതിക്കായി ഡ്രഗ് കൺട്രോളർ ജനറലിനെ സമീപിക്കും. എല്ലാം മികച്ച രീതിയിൽ നടന്നാൽ അടുത്ത വർഷം ആദ്യ പകുതിയിൽത്തന്നെ വാക്സീൻ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് വിവരം.