ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്ര അനുമതിയോടെ അല്ലെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ധാരണ ഒപ്പിട്ട യോഗത്തിന് മിനിട്‌സ് ഇല്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തത്തിനു പിന്നില്‍ അട്ടിമറി നടന്നിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ്. അസ്വാഭാവികമായ ഒരു നീക്കവും തീപ്പിടിത്തം ഉണ്ടാകുന്നതിനു മുന്‍പ് ആ പരിസരത്ത് ഉണ്ടായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിക്കുള്ള നീക്കങ്ങള്‍ നടന്നതിന്റെ തെളിവും ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്.
എല്ലാ പ്രോട്ടോക്കോളും പാലിച്ചായിരുന്നു സെക്രട്ടേറിയേറ്റില്‍ കോണ്‍ഗ്രസ് സമരം നടത്തിയതെന്നും പ്രശ്നമുണ്ടാക്കിയത് പോലീസാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥലം എം.എല്‍.എയെ പോലും കയറ്റി വിടാന്‍ തയ്യാറാകാത്തത് കൊണ്ടാണ് തനിക്ക് അവിടെ പോവേണ്ടി വന്നത്. ചീഫ് സെക്രട്ടറി സെക്യൂരിറ്റി ഓഫീസറെ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല.
സെക്രട്ടേറിയറ്റില്‍ കയറാന്‍ പാടില്ലെന്ന് പറയാന്‍ സെക്രട്ടേറിയറ്റ് മന്ത്രി ഇ.പി. ജയരാജന്റെ തറവാടല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വപ്നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങള്‍ സെക്രട്ടേറിയറ്റില്‍ കയറി നിരങ്ങിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. തന്ത്രപ്രധാനമായ സെക്രട്ടേറിയറ്റിന്റെ ഒരു ബ്ലോക്കില്‍ തീപിടിച്ചപ്പോള്‍ ഓടിയെത്തിയ പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും നടത്തിയത് വന്‍കുറ്റമായി മാറുകയും ചെയ്തു. ചീഫ് സെക്രട്ടറി എത്തുന്നതിന് മുന്നെ ഞങ്ങള്‍ എത്തിയെന്നാണ് മറ്റൊരു ആരോപണം. ആദ്ദേഹം വൈകിയതിന് ഞാന്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
സമരം കൈവിട്ടാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് കെ. മുരളീധരന്‍. പരമാവധി കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് സമരം ചെയ്യുന്നത്. എന്നാല്‍ ഇതുപോലെ ഫയല്‍ കത്തിക്കലുണ്ടായാല്‍ സമരം കൈവിട്ടുപോകും. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കെ. മുരളീധരന്‍.
സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതി സ്വപ്നാ സുരേഷിന് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് സെയിന്‍ വെഞ്ചേഴ്‌സ് ഉടമ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. നേരത്തേ യൂണിടാക് ഉടമയും സ്വപ്നയ്ക്ക് നേരിട്ട് കമ്മിഷന്‍ നല്‍കിയിട്ടില്ലെന്ന് മൊഴി നല്‍കിയിരുന്നു. ഇതോടെ, യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള പല ഇടപാടുകളില്‍ ലഭിച്ച കമ്മിഷനാണ് ലോക്കറുകളിലുള്ള ഒരുകോടി രൂപയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ സംശയത്തിന്റെ നിഴലിലായി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്തു കൊടുത്തുവെന്നാണ് ആരോപണം. കള്ളക്കടത്തല്ല എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകള്‍ ചമയ്ക്കാന്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്ന നല്‍കിയ മൊഴി.
തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഇതുസംബന്ധിച്ച് നടക്കുന്ന കേന്ദ്ര-കേരള തര്‍ക്കത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് സൂംവഴി നടത്തിയ പത്രസമ്മേളനത്തില്‍ യൂസഫലി പറഞ്ഞു.
സംസ്ഥാനത്തെ പഴയ ചരക്കുവാഹനങ്ങളില്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) ഘടിപ്പിക്കുന്നത് ഒഴിവാക്കി. സംസ്ഥാനസര്‍ക്കാരാണ് ഇളവ് അനുവദിച്ചത്. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങള്‍ക്കെല്ലാം ഈ ഇളവ് ലഭിക്കും. അതേസമയം, യാത്രാവാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. പുതിയ ചരക്കുവാഹനങ്ങള്‍ക്കും ജി.പി.എസ്. നിര്‍ബന്ധമാണ്.
സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ കൂടി നീട്ടിനല്‍കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. രാവിലെ 9 മുതല്‍ വൈകീട്ട് ഏഴു വരെയാക്കാനാണ് നിര്‍ദേശം. ഓണം പ്രമാണിച്ചാണ് സമയം നീട്ടാനുള്ള നിര്‍ദേശം പരിഗണനയില്‍ വന്നത്.
കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.അടുത്ത മാസം 25 നാണ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്.
കട്ടപ്പനയിലെ വനിതാ ഹോസ്റ്റലില്‍ നവജാതശിശുവിനെ കൊന്നെന്ന കേസില്‍ പെറ്റമ്മ അറസ്റ്റില്‍. മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ് (26) ആണ് അറസ്റ്റിലായത്. അവിവാഹിതയായ യുവതി കട്ടപ്പനയില്‍ വനിതാ ഹോസ്റ്റലിലെ മുറിയിലാണ് പ്രസവിച്ചത്.
നീറ്റ് വിഷയത്തില്‍ പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്-ജെഇഇ പരീക്ഷകള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് കളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്. സെപ്തംബര്‍ ആദ്യവാരമാണ് ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് വ്യാപകമായ ആവശ്യമുയരുന്നുണ്ട്.
ജെഇഇ മെയിന്‍- നീറ്റ് പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാളെ ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് കെ.പി.സി.സിയുടെ എതിര്‍പ്പുമൂലം. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. പിണറായിയെ വിളിക്കുന്നതിലുള്ള വിയോജിപ്പ് അറിയിച്ചിരുന്നുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയെ ലണ്ടനില്‍ കാണാതായ സംഭവത്തില്‍ വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്ത് എന്‍ഐഎ അന്വേഷണം തുടങ്ങി. ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കുട്ടിയെ തട്ടികൊണ്ടുപോയതിന് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം.
2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് റെയില്‍വേ മുന്നേറുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ലോകത്താദ്യമായി കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുന്ന റെയില്‍വേ ആയി നമ്മുടേത് മാറുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം.
പാര്‍ലമെന്റ് മന്ദിരത്തിനു സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഇയാളുടെ പക്കല്‍നിന്ന് കോഡുകളടങ്ങിയ കടലാസ് കണ്ടെടുത്തായി പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം.
രാജ്യത്ത് ഫെയ്സ്ബുക്കില്‍ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നല്‍കിയതില്‍ ബിജെപി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപാണ് ബിജെപി ഫെയ്സ്ബുക്കില്‍ പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്. 1.84 കോടി രൂപയാണ് ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഫെയ്സ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്.
കൊറോണ വൈറസിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിന്‍ പരീക്ഷണത്തിന് വിധേയരാകാന്‍ മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍ ജനങ്ങളെ സ്വാഗതം ചെയ്തു. സ്പുട്നിക് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ഈ മാസം ആദ്യം തന്നെ റഷ്യ അനുമതി നല്‍കിയിരുന്നു.
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇ. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ കൂട്ടക്കുരുതി നടത്തിയ 29കാരന് പരോളില്ലാത്ത ജീവപര്യന്തം തടവ് വിധിച്ച് കോടതി. ന്യൂസീലന്‍ഡില്‍ ആദ്യമായാണ് ഇത്ര കഠിനമായ ശിക്ഷയ്ക്ക് ഒരാള്‍ വിധേയനാവുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബ്രെന്‍ടണ്‍ ടാരന്റ് എന്നയാള്‍ പള്ളികളില്‍ കയറി വെടിവെപ്പ് നടത്തി 51 പേരുടെ ജീവനെടുത്തത്.
ബാഴ്‌സലോണ വിടാനുള്ള മെസിയുടെ തീരുമാനം വിവാദമാകുന്നു. കരാറിലെ ഒരു വ്യവസ്ഥ സംബന്ധിച്ച് മെസ്സിയും ക്ലബ്ബും തമ്മില്‍ നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കരാര്‍ തര്‍ക്കത്തില്‍ പരിഹാരമാകാതെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചാല്‍ ലയണല്‍ മെസ്സിക്ക് ഫിഫയുടെ നിരോധനം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടുണ്ട്.
ലോക കോടീശ്വരന്മാരുടെ വ്യക്തിഗത സമ്പത്തില്‍ റെക്കോഡ് വര്‍ധന. ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി ഇതാദ്യമായി 200 ബില്യണ്‍ ഡോളര്‍ കടന്നു. ഇലോണ്‍ മസ്‌കിന്റെ ആസ്തി 101 ബില്യണ്‍ ഡോളറായി ഉയര്‍ന്നത് കഴിഞ്ഞയാഴ്ചയാണ്. ലോകത്തെ 500 കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സിലാണ് ഈവിവരങ്ങളുള്ളത്. മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സിന്റെ ആസ്തി 124 ബില്യണ്‍ ഡോളറാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റേത് 115 ബില്യണുമാണ്. ഇതോടെ 100 ബില്യണ്‍ ഡോളറിന് മുകളില്‍ ആസ്തിയുള്ള കോടീശ്വരന്മാരുടെ എണ്ണം നാലായി.
42,000 രൂപയില്‍നിന്ന് 38,000ത്തിലേയ്ക്ക് ഇടിഞ്ഞശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. 38,240 രൂപയായാണ് കൂടിയത്. ഗ്രാമിന് 4780 രൂപയുമായി. ബുധനാഴ്ച സ്വര്‍ണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു.
മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് 'മഹേഷിന്റെ പ്രതികാരം'. ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോയ ഒരു ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. 'ഏതേതോ' എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ'യില്‍ ഈ ഗാനം മറ്റൊരു രൂപത്തില്‍ അവതരിപ്പിച്ചിരുന്നു.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'കെജിഎഫ് 2'. ചിത്രത്തിന്റെ ഷൂട്ടിങ് പുനരാംരഭിച്ചു. ബംഗ്ലൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഷൂട്ടിങ് ആറു മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. നടന്‍ പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. സഞ്ജയ് ദത്തിന്റെ കുറച്ച് ഭാഗങ്ങളുടെ മാത്രമേ ചിത്രീകരണവും ഡബ്ബിങ്ങും പൂര്‍ത്തിയായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി വള്‍ക്കന്‍ എസ് മോഡലിന്റെ ബിഎസ്6 പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാഴ്ചയില്‍ ബൈക്ക് ബിഎസ് 4 മോഡലിന് സമാനമായിരിക്കും ബിഎസ് 6 പതിപ്പും. അതേസമയം എഞ്ചിന്റെ കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
🔳ഹിമാലയന്‍ മലനിരകളിലൂടെ ഒരു തീര്‍ത്ഥാടകന്‍ നടത്തിയ സാഹസിക യാത്രയുടെ കഥ വിവരിക്കുന്ന, പ്രശസ്ത ബംഗാളിസാഹിത്യകാരന്‍ പ്രബോധ് കുമാര്‍ സന്യാലിന്റെ നോവല്‍. മാതൃഭൂമി ബുക്‌സ്. വില 45 രൂപ.
🔳വൈറ്റമിന്‍-ഡിയുടെ അളവ് അമിതമായാല്‍ ചില രോഗങ്ങളും പ്രശ്നങ്ങളുമെല്ലാം നേരിടേണ്ടതായി വന്നേക്കാം. 'ഹൈപ്പര്‍ കാത്സീമിയ' അഥവാ രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് കൂടുന്ന അവസ്ഥ. വൈറ്റമിന്‍- ഡി അമിതമായാല്‍ നേരിട്ടേക്കാവുന്ന ഒരു പ്രധാന പ്രശ്നം ഇതാണ്. വിശപ്പില്ലായ്മ, മലബന്ധം, ക്ഷീണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ബിപി) എന്നിവയെല്ലാം ഈ അവസ്ഥ മൂലമുണ്ടാകും. വൈറ്റമിന്‍-ഡി അമിതമാകുന്നത് വൃക്കകള്‍ക്കും അത്ര നല്ലതല്ല. ഇക്കാര്യം സൂചിപ്പിക്കുന്ന പല പഠനങ്ങളും നേരത്തേ പുറത്തുവന്നിട്ടുണ്ട്. വൈറ്റമിന്‍ -ഡി സപ്ലിമെന്റ്സ് എടുക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറെയും ശ്രദ്ധിക്കേണ്ടത്. പല തരത്തിലുള്ള ദഹനപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാന്‍ വൈറ്റമിന്‍-ഡി അമിതമാകുന്ന സാഹചര്യം ഇടയാക്കും. മലബന്ധം, വയറിളക്കം, വയറുവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. അമിതമാകുന്ന കാത്സ്യം എല്ലുകളില്‍ വിപരീത ഫലങ്ങളുണ്ടാക്കുമത്രേ. ഇതും പിന്നീട് വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 73.87, പൗണ്ട് - 97.69, യൂറോ - 87.42, സ്വിസ് ഫ്രാങ്ക് - 81.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.62, ബഹറിന്‍ ദിനാര്‍ - 195.96, കുവൈത്ത് ദിനാര്‍ -241.64, ഒമാനി റിയാല്‍ - 191.87, സൗദി റിയാല്‍ - 19.69, യു.എ.ഇ ദിര്‍ഹം - 20.11, ഖത്തര്‍ റിയാല്‍ - 20.29, കനേഡിയന്‍ ഡോളര്‍ - 56.21.


.jpg)











