കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. കാസർഗോട്ട് ഇന്ന് രണ്ട് പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
കേരളത്തിൽ 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1304 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യ വകുപ്പ് മന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
- തിരുവനന്തപുരം – 310
- മലപ്പുറം – 198
- പാലക്കാട് – 180
- എറണാകുളം – 114
- ആലപ്പുഴ – 113
- കോട്ടയം – 101
- കോഴിക്കോട് – 99
- കണ്ണൂര്‍ – 95
- തൃശൂര്‍ – 80
- കൊല്ലം – 75
- ഇടുക്കി – 58
- വയനാട് – 57
- കാസര്‍ഗോഡ് – 49
- പത്തനംതിട്ട – 40
ഇന്ന് 10 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂര്‍ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിര്‍മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേര്‍ളി (62), ഓഗസ്റ്റ് 11 ന് മരണമടഞ്ഞ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രന്‍ (60), ഓഗസ്റ്റ് 12ന് മരണമടഞ്ഞ എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി തങ്കപ്പന്‍ (70), ഓഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാന്‍സിലാസ് (80), ഓഗസ്റ്റ് എട്ടിന് മരണമടഞ്ഞ തൃശൂര്‍ അരിമ്പൂര്‍ സ്വദേശി ജോര്‍ജ് (65), ഓഗസ്റ്റ് ഒന്‍പതിന് മരണമടഞ്ഞ എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 139 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
പ്രകൃതി ദുരന്തം നടന്ന ഇടുക്കിയിലെ പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് എട്ട് ദിവസമായപ്പോഴേക്കും കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കോഴിക്കോട്, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും ഉടമകളുടെ വീടുകളിലും കസ്റ്റംസ് റെയ്ഡ്. ഒന്നേകാല്‍ കിലോ സ്വര്‍ണം കണ്ടെടുത്തു.
മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനു കോവിഡ്. ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ കളക്ട്രേറ്റിലെ മറ്റ് 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എസ്പിക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കളക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അസിസ്റ്റന്റ് കളക്ടര്‍മാര്‍, സബ് കളക്ടര്‍മാര്‍ തുടങ്ങിയവരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടിവരും. കരിപ്പൂരില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കു സമ്പര്‍ക്ക ജാഗ്രത വേണ്ടിവരും.
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴയീടാക്കാനുള്ള നിര്‍ദ്ദേശത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കി. ഡല്‍ഹിയിലെ ശബ്ദ മലിനീകരണ വിഷയത്തില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതാണു നിര്‍ദേശം.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും അദ്ദേഹത്തിന്റെ മുന്‍ഗാമികളെയും അവഹേളിച്ചതില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ശിക്ഷ സംബന്ധിച്ച വാദം ഓഗസ്റ്റ് 20 ന് കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പുരില്‍ ആഢംബര ബൈക്കായ ഹാര്‍ലി ഡേവിഡ്സണില്‍ ഇരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് കേസിനാധാരം. 'നീതി നിഷേധിച്ചുകൊണ്ട് സുപ്രീംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബിജെപി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കില്‍ ഹെല്‍മെറ്റും മാസ്‌കും ഇല്ലാതെ ഇരിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.
വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസില്‍ ഇളവ്. ഏപ്രില്‍ 23 വരെയുള്ള ഒരു മാസത്തെ ഫീസ് ഈടാക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്.
തനിക്കെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സമ്മേളനത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ലഭിച്ചിട്ടില്ല എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
വടക്കാഞ്ചേരി ഫ്‌ളാറ്റിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത യുണിടാക് എന്ന സ്ഥാപനത്തോട് സ്വപ്ന കമ്മിഷനായി നാലുകോടി രൂപ ആവശ്യപ്പെട്ടത് ആര്‍ക്കുവേണ്ടിയാണെന്ന് അന്വേഷണം. പത്തുശതമാനം കമ്മിഷന്‍ വേണമെന്നായിരുന്നു ആവശ്യം. 40 കോടി രൂപയുടെ പദ്ധതിയില്‍ 3.78 കോടി രൂപ നിര്‍മാണക്കമ്പനി കമ്മിഷനായി നല്‍കിയിട്ടുണ്ടെന്നാണ് അവര്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു നല്‍കിയ വിവരം.
വടക്കാഞ്ചേരിയില്‍ ഭവനനിര്‍മാണത്തിന് റെഡ് ക്രസന്റ് ഏജന്‍സിയെ നിയോഗിച്ചതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റെഡ്ക്രസന്റിന്റെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്ന് കോടിയേരി പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ 56 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്. ഇനിയും 14 പേരെ കണ്ടെത്താനുണ്ട്. 50 പേരുടെ സംഘമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.
തിരുവനന്തപുരത്ത് തിങ്കളാഴ്ച നിയമസഭയുടെ 'സഭാ ടിവി' ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങ് ബഹിഷ്‌കരിക്കമെന്നു പ്രതിപക്ഷം. പുറത്താക്കല്‍ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയ സ്പീക്കര്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങള്‍മൂലം ഇത്തവണ കേരളത്തില്‍ ബിരുദ പ്രവേശനത്തിന് കടുത്ത സമ്മര്‍ദം. പ്രമുഖ കോളജുകളില്‍ സയന്‍സ്, ബികോം വിഷയങ്ങളില്‍ പ്രവേശനം പ്ലസ് ടുവിന് 95 ശതമാനത്തിലേറെ മാര്‍ക്കുള്ളവര്‍ക്കു മാത്രം. പ്ലസ്ടുവിന് 99 ശതമാനം മാര്‍ക്കുള്ളവര്‍ക്കു മാത്രമേ സീറ്റ് ഉറപ്പിക്കാനാവൂ. സംസ്ഥാനത്തിനു പുറത്തുള്ള പ്രശസ്ത കോളജുകളില്‍ പ്രവേശനത്തിനു പോകാത്തതും മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ വൈകുന്നതിനാലുമാണ് കൂടുതല്‍ പേര്‍ ബിരുദ കോഴ്‌സുകളില്‍ ചേരാനെത്തിയത്.
കോതമംഗലത്തെ പള്ളിക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വിളിക്കുന്നതിന് സാധ്യത തേടി ഹൈക്കോടതി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരായി നിലപാട് അറിയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു. വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി.
കൊച്ചിയിലെ ലോഡ്ജില്‍ ചേര്‍ത്തല സ്വദേശിനി മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വൈപ്പിന്‍ എടവനക്കാട് സ്വദേശി കാവുങ്കല്‍ ഗോകുലിനെയാണ് അറസ്റ്റു ചെയ്തത്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പിജി ഡോക്ടര്‍മാര്‍ സമരത്തില്‍. ഒന്നര മാസമായി പ്രതിഫലം നല്‍കാത്തതാണു പ്രശ്‌നം. ഒത്തുതീര്‍ക്കാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
എംജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വം താന്‍ രാജിവച്ചെന്ന് എഴുത്തുകാരി കെ.ആര്‍. മീര. വൈസ് ചാന്‍സലര്‍ക്ക് ഇതു സംബന്ധിച്ച് ഇമെയില്‍ അയച്ചെന്നു മീര ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാളെ 74 ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ഏഴിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം ദൂരദര്‍ശനിലും ആകാശവാണിയിലും. നാളെ രാവിലെ റെഡ് ഫോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
അമേരിക്കയില്‍ നഴ്സായിരുന്ന മെറിന്‍ ജോയി കൊലപാതകക്കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന്‍. കോടതിയില്‍ സമര്‍പ്പിച്ച രേഖകകളെ ഉദ്ധരിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂലൈ 28 നാണ് മെറിൻ ജോയ് കൊല്ലപ്പെട്ടത്.
ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ രണ്ടം ഘട്ട പരീക്ഷണം അടുത്ത മാസം. ആദ്യ ഘട്ട പരീക്ഷണം 12 കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു.
പശ്ചിമ ബംഗാളില്‍നിന്ന് ബംഗ്ലാദേശിലേക്ക് അനധികൃതമായി കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച അപൂര്‍വ ഇനം പക്ഷികളെ പിടികൂടി. 14.21 ലക്ഷം രൂപ വിലവരുന്ന അപൂര്‍വ ടൂക്കെയിന്‍ പക്ഷികളെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇവയെ കൊല്‍ക്കത്തയിലെ അലിപുര്‍ മൃഗശാലയിലേക്ക് മാറ്റി.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ വോട്ടുചെയ്യണമെന്ന് ബിഎസ്പി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിഎസ്പിയുടെ ആറ് എംഎല്‍എമാരോടാണ് ഇങ്ങനെ ആവശ്യപ്പെട്ടത്.
ബംഗളൂരു സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവടക്കം 60 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 206 ആയി. നാഗ് വാരയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഭര്‍ത്താവ് കലീം പാഷയാണ് അറസ്റ്റിലായത്. അക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ എസ്ഡിപിഐ നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു.
ശ്രീനഗറില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. രണ്ടു പോലീസുകാര്‍ക്ക് വീരമൃത്യു. ശ്രീനഗറിന് സമീപമുള്ള നൗഗാമിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.
ഇറാനില്‍നിന്ന് എണ്ണയുമായി പോയ നാല് കപ്പലുകള്‍ അമേരിക്ക പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. വെനസ്വേലയിലേക്ക് പോകുകയായിരുന്ന കപ്പലുകളാണ് പിടികൂടിയത്. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് എണ്ണകയറ്റുമതി ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി
ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്കു മല്‍സരിക്കാന്‍ നിയമപരമായി സാധിക്കുമോയെന്ന സംശയവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മത്സരിക്കുന്നതിനു മുമ്പ് ഡെമോക്രാറ്റുകള്‍ അക്കാര്യം പരിശോധിക്കേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ക്യു 1) നികുതിയ്ക്ക് മുമ്പുള്ള ഏകീകൃത ലാഭത്തില്‍ (പിബിടി) 30 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ പിബിടി 3,080.8 കോടി രൂപയാണ്. 2019-20 ഏപ്രില്‍-ജൂണ്‍ കാലയളവിലെ 2,375.02 കോടിയില്‍ നിന്നാണ് ഈ വര്‍ധന. എന്നാല്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം അവലോകന പാദത്തില്‍ 41 ശതമാനം ഇടിഞ്ഞ് 50,909.2 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ഇത് 86,412.9 കോടി രൂപയായിരുന്നു.
ആഭ്യന്തര സ്റ്റീല്‍ മേജര്‍ ടാറ്റാ സ്റ്റീല്‍ ജൂണില്‍ അവസാനിച്ച പാദത്തില്‍ 4,648.13 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. പ്രധാനമായും വരുമാനം വിഭാഗത്തിലാണ് ഇടിവുണ്ടായത്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനി 714.03 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു. അവലോകന പാദത്തില്‍ മൊത്തം വരുമാനം 24,481.09 കോടി രൂപയായി കുറഞ്ഞു, നേരത്തെ ഇത് 36,198.21 കോടി രൂപയായിരുന്നു.
അന്തര്‍ദേശീയ വിനോദ വ്യവസായത്തില്‍ ഏറ്റവുമധികം വാര്‍ഷികവരുമാനം നേടിയവരുടെ ഏറ്റവും പുതിയ ഫോര്‍ബ്‌സ് ലിസ്റ്റില്‍ ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം ഒരേയൊരു ഇന്ത്യന്‍ നടനാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഫോര്‍ബ്‌സ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള അക്ഷയ് കുമാര്‍ ഒരു വര്‍ഷത്തില്‍ നേടിയ വരുമാനം 48.5 മില്യണ്‍ ഡോളര്‍ ആണ്. അതായത് 362 കോടി ഇന്ത്യന്‍ രൂപ! എന്നാല്‍ സിനിമകളല്ല, മറിച്ച് പരസ്യങ്ങളാണ് അക്ഷയ് കുമാറിന്റെ പ്രധാന വരുമാന സ്രോതസ്സെന്നാണ് ഫോര്‍ബ്‌സിന്റെ നിരീക്ഷണം.
അകാലത്തില്‍ മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍ പുറത്തിറക്കി. 'വേളിക്ക് വെളുപ്പാന്‍കാലം' എന്ന ചിത്രത്തിലെ 'യാത്രയില്‍ താനെയായ്..' എന്നാരംഭിക്കുന്ന ഗാനം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ശ്വേത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ ജോയ് തമലമാണ് പാട്ടിന് വരികള്‍ രചിച്ചത്. ബാലഭാസ്‌കറിന്റെ 42-ാം ജന്മദിനത്തോടനുബന്ധിച്ച് ഈ ഗാനത്തിന്റെ മെയില്‍ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു. ഷിബി മനിയേരിയായിരുന്നു ഗാനം ആലപിച്ചത്.
കോംപാക്ട് എസ്‌യുവി ഡസറ്ററിന് പുത്തന്‍ ടര്‍ബോ എഞ്ചിനുമായി ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ എത്തുകയാണ്. കരുത്ത് കൂടിയ 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായി ഈ മാസം തന്നെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ആര്‍എക്സ്ഇ, ആര്‍എക്സ്എസ്, ആര്‍എക്സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്.
റഷ്യന്‍ വിപ്ലവത്തിന് അടിത്തറപാകിയ, ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തിയ റഷ്യന്‍ നോവലിന്റെ പരിഭാഷ. പുഡോവ്കിന്‍ സിനിമയും ബോര്‍തോള്‍ട് ബ്രെഹ്റ്റ് നാടകവുമാക്കിയ അമ്മ ഇന്നും ലോകമെമ്പാടും പല ഭാഷകളില്‍ വായിക്കപ്പെടുന്നു. വിശ്രുത പരിഭാഷകന്‍ കെ. ഗോപാലകൃഷ്ണന്റെ റഷ്യനില്‍ നിന്നുള്ള മൊഴിമാറ്റം. 'അമ്മ'. മാക്സിം ഗോര്‍ക്കി. മാതൃഭൂമി ബുക്‌സ്. വില 400 രൂപ.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.90, പൗണ്ട് - 97.92, യൂറോ - 88.43, സ്വിസ് ഫ്രാങ്ക് - 82.28, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.55, ബഹറിന്‍ ദിനാര്‍ - 198.69, കുവൈത്ത് ദിനാര്‍ -244.86, ഒമാനി റിയാല്‍ - 194.54, സൗദി റിയാല്‍ - 19.97, യു.എ.ഇ ദിര്‍ഹം - 20.39, ഖത്തര്‍ റിയാല്‍ - 20.57, കനേഡിയന്‍ ഡോളര്‍ - 56.59