സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍.ഐ.എ. സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് എന്‍.ഐ.എ. ഇക്കാര്യം കോടതിയെ അറിയിച്ചത്. കൂടാതെ സ്വര്‍ണക്കടത്ത് കേസിന് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയവും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി വിവരം. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു ഭീഷണി. കേസിലെ പ്രതിയായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു അറ്റാഷെയുടെ ഭീഷണി.
സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാപകമായ നാശനഷ്ടം. ഞായറാഴ്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു .മുക്കം, തിരുവമ്പാടി, കാരശ്ശേരി, ഭാഗത്തുള്ള നദീ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ജല കമ്മീഷന് വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നല്കിയിട്ടിട്ടുണ്ട്.
ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ഇതിനുമുമ്പു നടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ബാലഭാസ്കറിന്റെ അച്ഛന് ഉണ്ണി ആവര്‍ത്തിച്ചു.
കോണ്‍സുലേറ്റില്‍ വന്ന പാഴ്സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്ന് കസ്റ്റംസ്. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും വിശ്വസനീയ കേന്ദ്രങ്ങള്‍.
മുംബൈ നഗരത്തിലെ കൊളാബയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്ത മഴ 46 കൊല്ലത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണെന്ന് കാലാവസ്ഥാ കേന്ദ്രം. മണ്‍സൂണ്‍ അതി ശക്തമായി തുടരുന്ന മുംബൈയില്‍ ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യ ജോലികള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ചൈനീസ് കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. അതേസമയം ഇന്ന് രാവിലെ മുതല്‍ ഈ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
ഗുജറാത്തിലെ സ്വകാര്യആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ എട്ടു പേര് മരിച്ചു. അഹമ്മദാബാദ് നവരംഗ്പുരയിലെ കോവിഡ് ചികിത്സാകേന്ദ്രമായ ശ്രേയ് ആശുപത്രിയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തീപ്പിടിത്തമുണ്ടായത്.
മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മു കശ്മീരിന്റെ പുതിയ ലഫ്റ്റനനന്റ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ലഫ്. ഗവര്‍ണര്‍ ജി.സി. മുര്‍മു രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ജി. സി. മുര്‍മു അടുത്ത കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജീവ് മെഹ്റിഷി വിരമിക്കുന്ന സാഹചര്യത്തിലാണിത്.
ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയോട് ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍, മരിച്ച നടന് സുശാന്ത് സിങ് രജ്പുതിന്റെ പണം തട്ടിയെടുത്തു തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിളിപ്പിച്ചിരിക്കുന്നത്.
കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് യു.എന്‍. രക്ഷാസമിതി. ആഗോളതലത്തില്‍ കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തികൊണ്ടുവരാനുള്ള പാകിസ്താന്റെ ശ്രമം തള്ളി ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് യു. എന്‍. രക്ഷാസമിതി ആവശ്യപ്പെട്ടു. അതേ സമയം ഐക്യരാഷ്ട്ര സഭാ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ എതിര്‍ത്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായിട്ടുള്ള സാമ്പത്തികമാന്ദ്യം വേഗത്തില്‍ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരും വന്‍കിടകമ്പനികളും കൂടുതല്‍ നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണെന്ന് എസ്.ബി.ഐ. ചെയര്മാന് രജനീഷ് കുമാര്‍. വായ്പാമൊറട്ടോറിയം കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാന്‍കഴിയില്ല. വായ്പകള്‍ പുനഃക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനാണ് ആര്.ബി.ഐ. ഇനി ശ്രദ്ധിക്കേണ്ടതെന്നും രജനീഷ് കുമാര്‍ പറഞ്ഞു.
അമേരിക്കയിലെ നോവാവാക്സ് കമ്പനിയുടെ കോവിഡ് വാക്സിന്റെ ഇന്ത്യയിലെ വിതരണത്തിനുള്ള അവകാശം സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയ്ക്ക്. കോവിഡ് വാക്സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി നോവാവാക്സ് അറിയിച്ചു.
ചൈനയില്‍നിന്നുള്ള 2,500 യു ട്യൂബ് ചാനലുകള്‍ ഗൂഗിള്‍ ഒഴിവാക്കി.തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കണ്ടെത്തിയ ചാനലുകളാണ് നീക്കംചെയ്തതെന്ന് ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.
യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ്ബിനെ തീരുമാനിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നു. വെള്ളിയാഴ്ച രാത്രി 12.30-ന് പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരങ്ങള്‍ക്ക് കിക്കോഫാകുന്നതോടെ ഫുട്ബോള്‍ ലോകം വീണ്ടും പോരാട്ടച്ചൂടിലാകും. ഓഗസ്റ്റ് 23-നുള്ള ഫൈനല്‍വരെ സൂപ്പര്‍ പോരാട്ടങ്ങളുടെ നാളുകളാണ്.
ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രാന്റായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ്. ഫ്യൂചര്‍ ബ്രാന്റ് ഇന്റക്സ് 2020ലെ റിപ്പോര്‍ട്ടിലാണ് ആപ്പിളിന് ശേഷം രണ്ടാമത്തെ വലിയ ബ്രാന്റ് എന്ന നേട്ടം റിലയന്‍സ് ഇന്റസ്ട്രീസ് സ്വന്തമാക്കിയത്. പട്ടികയില്‍ സാംസങാണ് മൂന്നാം സ്ഥാനത്ത്. നൈക് ആറാം സ്ഥാനവും മൈക്രോസോഫ്റ്റ് ഏഴാം സ്ഥാനവും പേപാല്‍ ഒന്‍പതാം സ്ഥാനവും നെറ്റ്ഫ്ലിക്സ് പത്താം സ്ഥാനവും നേടി.
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന് വിലയിലുണ്ടായത്.
മോഹന്‍ലാല്‍- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് 1989-ല്‍ റിലീസ് ചെയ്ത ദശരഥം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലുമായി ഒന്നിക്കുമോ എന്ന ചോദ്യത്തിനുള്ള സംവിധായകന് സിബി മലയിലിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദശരഥത്തിലെ രാജീവ് മേനോന്റെ വര്‍ത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം തന്റെ വലിയ ആഗ്രഹമാണ് എന്നും ആ വഴിയിലൊരു ശ്രമം പൂര്‍ണ തിരക്കഥയുമായി താന്‍ നാലു വര്‍ഷം മുമ്പ് നടത്തിയിരുന്നു എന്നും സിബി മലയില്‍ പറയുന്നു.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനസ്സ് കലാവേദിയുടെ ഒന്‍പതാമത് ഭരത് മുരളി പുരസ്കാരത്തിന് മികച്ച നവാഗത സംവിധായകനായി 'മുന്തിരിമൊഞ്ചന്' എന്ന ചിത്രം ഒരുക്കിയ വിജിത്ത് നമ്പ്യാരെ തെരഞ്ഞെടുത്തു. സംഗീതത്തിന് പ്രാധാന്യം നല്കി പോപ്പുലര്‍ ഫോര്‍മാറ്റില്‍ ചെയ്ത വ്യത്യസ്ഥമായ ചിത്രമാണിതെന്നും കഥയുമായി ഉപകഥകളുടെ സംയോജനം മികവുറ്റതാക്കിയെന്നും അവാര്‍ഡ് ജൂറി വിലയിരുത്തി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്കാരം സെപ്റ്റംബര്‍ അവസാനം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് സമര്‍പ്പിക്കും.
പുനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ പുത്തന്‍ ഇലക്ട്രിക് മോപ്പെഡ് വിപണിയില്‍ അവതരിപ്പിച്ചു. സാത്തി എന്നു പേരുള്ള ഈ ഇലക്ട്രിക് മോപ്പെഡിന് 57,697 രൂപയാണ് എക്സ്ഷോറും വില. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങള്‍കൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങള്‍ അടിമമനോഭാവം പുലര്‍ത്തുന്നതായി ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയില്‍നിന്ന് അവര്‍ക്ക് എളുപ്പത്തില്‍ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. 'എതിര്'. എം. കുഞ്ഞാമന്. ഡിസി ബുക്സ്. വില 166 രൂപ.
ഏപ്രില്‍ മുതല്‍ നടന്നുവരുന്ന പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കൊവിഡ് മുക്തി നേടിയവരില്‍ 90 ശതമാനം പേരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നുവെന്ന് പഠനം. പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളാണത്രേ കൂടുതലും. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഒരാള്‍ക്ക് ആറ് മിനുറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരം പോലും ഇവര്‍ക്ക് നടന്നെത്താനാകുന്നില്ലെന്നും ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിലുള്ള മന്ദഗതി മൂലമാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പലരും ഇപ്പോഴും ശ്വാസതടസം നേരിടുന്നുണ്ടെന്നും അവരില്‍ ചിലര്‍ക്കെങ്കിലും സഹായം വേണ്ടിവന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതിനിടെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടി ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത 'ആന്റിബോഡി' അപ്രത്യക്ഷമായിരിക്കുന്നുവത്രേ. അതായത്, വീണ്ടും രോഗികളാകാന് സാധ്യത നിലനില്‍ക്കുന്നതിന് തുല്യം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.96, പൗണ്ട് - 98.62, യൂറോ - 88.79, സ്വിസ് ഫ്രാങ്ക് - 82.43, ഓസ്ട്രേലിയന്‍ ഡോളര്‍ - 53.85, ബഹറിന്‍ ദിനാര്‍ - 198.87, കുവൈത്ത് ദിനാര്‍ -245.38, ഒമാനി റിയാല്‍ - 194.64, സൗദി റിയാല്‍ - 19.98, യു.എ.ഇ ദിര്‍ഹം - 20.40, ഖത്തര്‍ റിയാല്‍ - 20.58, കനേഡിയന്‍ ഡോളര്‍ - 56.40.