ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്തകൾ
കേരള കോണ്‍ഗ്രസിന്റെ ഭാവി നിശ്ചയിക്കുന്ന നിയമസഭാ സമ്മേളനം ഇന്ന്. അവിശ്വാസ പ്രമേയത്തില്‍നിന്നു വിട്ടു നില്‍ക്കുമെന്ന് ജോസ് കെ. മാണി വിഭാഗം. വിപ്പ് തര്‍ക്കം ഇന്നലേയും തുടര്‍ന്നു. എല്‍എല്‍എ ഹോസ്റ്റലില്‍ എംഎല്‍എമാരുടെ മുറികള്‍ക്കു മുന്നില്‍ വിപ്പ് പതിപ്പിച്ചാണു ജോസ്, ജോസഫ് വിഭാഗങ്ങളുടെ പോര്. രാജ്യസഭാ തെരഞ്ഞെടുപ്പും ഇന്ന്.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷത പദവി ഒഴിയുകയാണെന്ന് സോണിയ ഗാന്ധി. പ്രവര്‍ത്തക സമിതി യോഗം ഇന്ന്. ഡല്‍ഹിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ച. പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ അയച്ച കത്തിനുള്ള പ്രതികരണമായാണ് സോണിയ പദവി ഒഴിയുകയാണെന്നു വ്യക്തമാക്കിയത്.
കേരളത്തില്‍ ഇന്നലെ 1,908 പേര്‍ക്ക് കോവിഡ്-19. അഞ്ചു മരണം. ഇതോടെ ആകെ മരണം 223 ആയി. 20,330 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 1,110 പേരടക്കം 37,649 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,82,525 പേരാണ് നിരീക്ഷണത്തിലുള്ളത്. 622 ഹോട്ട് സ്‌പോട്ടുകള്‍.
ഇന്നലെ രോഗബാധിതരായവരില്‍ 1718 പേര്‍ക്കു രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 160 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. ഇന്നലെ രോഗബാധിതരായവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 397, ആലപ്പുഴ 241, എറണാകുളം 200, മലപ്പുറം 186, കണ്ണൂര്‍ 143, കൊല്ലം 133, കോഴിക്കോട് 119, തൃശൂര്‍ 116, കോട്ടയം 106, പത്തനംതിട്ട 104, കാസര്‍കോട് 85, പാലക്കാട് 39, ഇടുക്കി 29, വയനാട് 10.
ഇന്നലെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍. തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80), കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75).
പുതിയ 23 ഹോട്ട് സ്‌പോട്ടുകള്‍. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തി (കണ്‍ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 18), എടവിലങ്ങ് (എല്ലാ വാര്‍ഡുകളും) ആളൂര്‍ (സബ് വാര്‍ഡ് 20), എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16), ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), മതിലകം (സബ് വാര്‍ഡ് 6), കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (2, 15), അയര്‍ക്കുന്നം (7), തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് (4, 5, 15), ആര്യങ്കോട് (1, 15, 16), വെള്ളനാട് (14), വയനാട് ജില്ലയിലെ വെള്ളമുണ്ട (10, 13), തൊണ്ടര്‍നാട് (1, 2, 3, 5, 6), മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18), കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ (സബ് വാര്‍ഡ് 1, 16, 17, 18), കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (22, 23), തെക്കുംഭാഗം (സബ് വാര്‍ഡ് 4, 5), പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), പാലക്കാട് ജില്ലയിലെ പരുതൂര്‍ (2, 3), തിരുവേങ്ങപ്പുറ (8), ഇടുക്കി ജില്ലയിലെ കരുണാപുരം (13), കോഴിക്കോട് ജില്ലയിലെ തുറയൂര്‍ (8).
ഹോട്ട് സ്‌പോട്ടില്‍നിന്നു 17 പ്രദേശങ്ങളെ ഒഴിവാക്കി. കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (വാര്‍ഡ് 13, 25), മണിമല (11) പുതുപ്പള്ളി (6, 11), അയ്മനം (10), കൂരോപ്പട (15), കാണാക്കാരി (5), എരുമേലി (20), തിരുവനന്തപുരം ജില്ലയിലെ വാമനപുരം (14), മണമ്പൂര്‍ (9, 12), വിളപ്പില്‍ (20), തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (1), കോടശേരി (10, 11), മണലൂര്‍ (13, 14), മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിറമരുതൂര്‍ (16, 17), വയനാട് ജില്ലയിലെ മുട്ടില്‍ (3 (സബ് വാര്‍ഡ്), 14), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (സബ് വാര്‍ഡ് 18).
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പിനു നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോഴാണെന്ന് മന്ത്രി ഇ പി ജയരാജന്‍. 750 നിയമവിദഗ്ധരുള്ള കമ്പനിയാണത്. അദാനിയുമായുള്ള ബന്ധം വെളിപ്പെടുത്തേണ്ടത് കമ്പനിയായിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഎം നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം വിമാനത്താവളത്തിനു ബിഡ് തയാറാക്കിയ സ്ഥാപനവും അദാനിയുമായി ബന്ധമുള്ള നിയമസ്ഥാപനവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദാനിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് വിവാദമുണ്ടാക്കുന്നതെന്നും കോടിയേരി.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉപവാസ സമരം തുടങ്ങി.
ഫ്ളാറ്റ് നിര്‍മാണത്തിന്റെ ഉപകരാര്‍ പുറത്തുവന്നതിനു പിറകേ, ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനോട് മന്ത്രി എ.സി. മൊയ്തീന്‍ റിപ്പോര്‍ട്ട് തേടി. മന്ത്രിയുടെ വസതില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്. യൂണീടാക്കും കോണ്‍സുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു.വി. ജോസ് മന്ത്രിയെ അറിയിച്ചു.
കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരികൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ കരിപ്പൂര്‍ അപകടത്തില്‍ മരണം 21 ആയി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 ലക്ഷം രൂപ വിലവരുന്ന അരക്കിലോ സ്വര്‍ണവുമായി മലപ്പുറം പട്ടിക്കാട് സ്വദേശി കെ. മൂസയെ കസ്റ്റംസ് പിടികൂടി.
വനംവകുപ്പിന്റെ കസ്റ്റഡിയില്‍ മരിച്ച കര്‍ഷകന്‍ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തേണ്ടിവരുമെന്ന് സിബിഐ. മത്തായിയുടെ ഭാര്യയുമായി സിബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ അര മണിക്കൂര്‍ സത്യഗ്രഹ സമരം നടത്തി. വൈകുന്നേരം നാലു മുതല്‍ നാലര വരെയായിരുന്നു സമരം. ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കൊവിഡ് 19 ന്റെ മറവില്‍ പൊതുമേഖലയെ കേന്ദ്രം വിറ്റുതുലയ്ക്കുകയാണെന്ന് എകെജി സെന്ററിലെ സമരത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ജിസിഡിഎ ഗസ്റ്റ് ഹൗസിലെ ഫര്‍ണിച്ചറുകള്‍കടത്തിയ കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജിസിഡിഎ ചെയര്‍മാനുമായ എന്‍ വേണുഗോപാലിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഒന്നര ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കാണാതായെന്ന് ചൂണ്ടികാട്ടി ജിസിഡിഎ സെക്രട്ടറി നല്‍കിയ പരാതിയിലാണ് വേണുഗോപാലിനെയും മൂന്നു ജിസിഡിഎ ഉദ്യോഗസ്ഥരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്ത്.
ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 846 പേര്‍കൂടി മരിക്കുകയും 61,749 പേര്‍കൂടി രോഗികളാകുകയും ചെയ്തു. ഇതുവരെ 57,692 പേരാണ് ഇന്ത്യയില്‍ മരിച്ചത്. 31,05,185 പേര്‍ രോഗികളായി. 7.10 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 23.36 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 258 പേര്‍കൂടി മരിക്കുകയും 10,441 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.71 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടില്‍ 5,975 പേരും ആന്ധ്രയില്‍ 7,895 പേരും കര്‍ണാടകത്തില്‍ 5,939 പേരും യുപിയില്‍ 5,325 പേരും ഇന്നലെ പുതുതായി രോഗബാധിതരായി.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ അബു യൂസഫ് ഖാന്റെ വീട്ടില്‍ ഡല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ സ്ഫോടകവസ്തുക്കളും സ്ഫോടകവസ്തുക്കള്‍ നിറച്ച ജാക്കറ്റും കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് ഐഎസ് പതാകയും തീവ്രവാദഗ്രൂപ്പുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയെന്നു പോലീസ്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധിയെത്തന്നെ ഏല്‍പ്പിക്കണമെന്ന് ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുന്‍ ബോറ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രാഹുല്‍ ഗാന്ധിയെ മാത്രമേ ഭയമുള്ളൂവെന്നു ബോറ. നേതൃമാറ്റം ആവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയതിനെതിരേ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. നേതൃസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹി മെട്രോ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കാന്‍ അനുമതി വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷട്രീയക്കാരനല്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. ആസാം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയില്‍ മയിലിനു ഭക്ഷണം കൊടുക്കുന്നു. ദൃശ്യങ്ങളുടെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അമൂല്യമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ഹിന്ദി കവിതയുമുണ്ട്.
ബിഹാറില്‍ നിതീഷ് കുമാര്‍തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപിയും ജെഡിയുവും എല്‍ജെപിയും ഒറ്റക്കെട്ടായി നേരിടുമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ.
ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായിരുന്ന ചേതന്‍ ചൗഹാന്റെ മരണം കോവിഡ്-19 മൂലമല്ലെന്നും ചികിത്സ മോശമായതിനാലാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് സുനില്‍ സിങ്ങ് സജന്‍ സിംഗ്.
മദ്യപിച്ച് വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും ദമ്പതിമാരെയും ആക്രമിച്ച ഹരിയാന പോലീസ് ഐജി ഹേമന്ദ് കല്‍സണെ എന്ന അമ്പത്തഞ്ചുകാരന്‍ അറസ്റ്റിലായി. പഞ്ചകുള ജില്ലയിലെ പിഞ്ചോറിലുള്ള രണ്ടു കുടുംബങ്ങളുടെ പരാതിയിലാണ് അറസ്റ്റ്.
ലോകത്ത് കോവിഡ് 19 ബാധിച്ച് ഇന്നലെ 4,211 പേര്‍കൂടി മരിച്ചു. 2,05,441 പേര്‍കൂടി രോഗികളായി. ഇതുവരെ 8,12,157 പേര്‍ മരിക്കുകയും 2.35 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. ഇന്നലെ മെക്‌സിക്കോയില്‍ 644 പേരും ബ്രസീലില്‍ 495 പേരും അമേരിക്കയില്‍ 406 പേരും മരിച്ചു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 1,80,580 ആയി.
അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കൈവശപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് നേപ്പാള്‍. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം ക്ഷമാപണം നടത്തിയെന്നു നേപ്പാള്‍ സര്‍ക്കാര്‍.
ഒന്നിനു മീതെ ഒന്നായി ടെഡ് ഹേസ്റ്റിംഗ്സ് ധരിച്ചത് 260 ടി-ഷര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ടി ഷര്‍ട്ടുകള്‍ ഒന്നിച്ചു ധരിച്ച അദ്ദേഹം കയറിക്കൂടിയത് ഗിന്നസ് ലോക റെക്കോഡിലേക്കാണ്. അത്രയും ടി ഷര്‍ട്ടുകള്‍ ധരിച്ചപ്പോള്‍ ടെഡ് ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെയായി. റെക്കോഡിലൂടെ ലഭിച്ച തുക സ്‌കൂളില്‍ പുതിയ കളിസ്ഥലനിര്‍മാണത്തിനായി ആദ്ദേഹം നല്‍കി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊറോണവ്യാപനം പ്രതിരോധിക്കാന്‍ അമേരിക്ക വീണ്ടും അടച്ചുപൂട്ടണമെന്നുണ്ടെങ്കില്‍ അതിനും തയ്യാറാവുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍.
ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ. 3,14,000 ഏക്കര്‍ വനമാണ് കാട്ടുതീയില്‍ കത്തിച്ചാമ്പലായത്. 14,000 അഗ്‌നിശമന സേനാംഗങ്ങള്‍ കാട്ടുതീയണയ്ക്കാന്‍ മുന്‍നിരയിലുണ്ട്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ആറാം തവണയും ബയേണ്‍ മ്യൂണിക്കിന്. ലിസ്ബണിലെ ഡാ ലുസ് സ്റ്റേഡിയത്തില്‍ ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിയെ ഏകപക്ഷീയമായ ഒരു ഗോളിനാണു തോല്‍പ്പിച്ചത്. ബുണ്ടസ് ലിഗ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിനു വേണ്ടി 59-ാം മിനിറ്റില്‍ കിംഗ്സ്ലി കോമാനാണ് വിജയ ഗോള്‍ നേടിയത്.
കോള്‍ തിരിച്ചറിയല്‍ ആപ്പായി വന്‍തോതില്‍ ഉപയോഗിച്ചുവരുന്ന ട്രൂകോളര്‍ 2019 വര്‍ഷം ഇന്ത്യയില്‍ തിരിച്ചറിഞ്ഞത് 2,970 കോടി അനാവശ്യ(സ്പാം) കോളുകളും 850 കോടി അനാവശ്യ എസ്എംഎസുകളും. ലോകത്ത് 2019ല്‍ അനാവശ്യ കോളുകളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനവും എസ്.എം.എസുകളുടെ എണ്ണത്തില്‍ എട്ടാം സ്ഥാനവുമാണു ഇന്ത്യയ്ക്കുള്ളതെന്നു ട്രൂകോളര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഒരുമാസം ശരാശരി 1.7 കോടി ഉപയോക്താക്കള്‍ ട്രൂകോളര്‍ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഭൂപ്രദേശം കൂടുതല്‍ ഊര്‍ജ്ജസ്വലവും വിശദവും വര്‍ണ്ണാഭമായതുമായ രൂപം നല്‍കുന്നതിനായി ഗൂഗിള്‍ അതിന്റെ ജനപ്രിയ മാപ്സ് അപ്ലിക്കേഷന്റെ ലോകമെമ്പാടുമുള്ള അപ്ഡേറ്റ് പുറത്തിറക്കി. വിഷ്വല്‍ മേക്ക് ഓവറില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കുകയും പര്‍വതശിഖരങ്ങള്‍, കൊടുമുടികള്‍, ബീച്ചുകള്‍, മരുഭൂമികള്‍, തടാകങ്ങള്‍ അല്ലെങ്കില്‍ സ്നോ ക്യാപ്സ് പോലുള്ള പ്രകൃതി സവിശേഷതകള്‍ കാണാന്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ഈ ആഴ്ച മുതല്‍ ഗൂഗിള്‍ മാപ്സ് പിന്തുണയ്ക്കുന്ന 220 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഈ പുനര്‍രൂപകല്‍പ്പന ലഭ്യമാകും.
സംവിധായകന്‍ എം.എ നിഷാദ് ഒരുക്കിയ 'മെയ്ക്ക് ഓവര്‍' ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് നമുക്ക് ചുറ്റമുള്ളവരെ കൂടി സഹായിക്കണം എന്ന വലിയ സന്ദേശമാണ് ഷോര്‍ട്ട് ഫിലിം നല്‍കുന്നത്. സഹമനുഷ്യരോടുള്ള സഹാനുഭൂതിയെ പ്രമേയമാക്കി ഒരുക്കിയ ചിത്രം പൂര്‍ണയമായും മൊബൈല്‍ ഫോണിലാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത്. സംവിധായകന്റെ മകന്‍ ഇംറാന്‍ നിഷാദാണ് ചിത്രത്തിലെ നായകന്‍. എം.എ നിഷാദ് തന്നെയാണ് ഷോര്‍ട്ട് ഫിലിമിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അപ്പാനി ശരത് നടനില്‍ നിന്ന് തിരക്കഥാകൃത്തിന്റെ റോളിലെത്തുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന 'ചാരം' എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അപ്പാനി ശരതാണ്. നായകനും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സെന്റ് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ജോമി ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം.
അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ജനപ്രിയ മോഡല്‍ പ്ലാറ്റിന 100 സിസി ഡിസക് വകഭേദത്തിന്റെ ഡെലിവറി തുടങ്ങി ബജാജ്. ഇലക്ട്രിക് സ്റ്റാര്‍ട്ട് (ഇഎസ്) പതിപ്പിനാണ് ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നത് . 60,698 രൂപയാണ് ഈ മോഡലിന്റെ എക്സ്ഷോറൂം വില. നിലവില്‍ ഈ ഇലക്ട്രിക് സ്റ്റാര്‍ട്ട് ഡ്രം ബ്രേക്ക് പതിപ്പിന് 55,546 രൂപയും കിക്ക് സ്റ്റാര്‍ട്ട് പതിപ്പിന് 49,261 രൂപയുമാണ് എക്സ്ഷോറൂം വില.
വടക്കന്‍ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരന്‍. തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു. വിപ്ലവ പുഷ്പാഞ്ജലി, സെക്സ് ലാബ്, ചെക്കിപ്പൂത്തണ്ട, മൂങ്ങ, ഇത് ഭൂമിയാണ് തുടങ്ങിയ കഥകള്‍ വായനയുടെ ഹൃദയഭാരങ്ങള്‍ കൂടിയാകുന്നു. 'നീലച്ചടയന്‍'. അഖില്‍ കെ. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ