കേരളത്തില്‍ ഇന്നലെ 1,725 പേര്‍ക്ക് കോവിഡ്-19. ഇന്നലെ 13 മരണം. സമ്പര്‍ക്കത്തിലൂടെ 1572 പേര്‍ രോഗ ബാധിതരായി. 94 പേരുടെ ഉറവിടം വ്യക്തമല്ല. 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം 461, മലപ്പുറം 306, തൃശൂര്‍ 156, ആലപ്പുഴ 139, പാലക്കാട് 137, എറണാകുളം 129, കാസര്‍ഗോഡ് 97, കോട്ടയം 89, കണ്ണൂര്‍ 77, കൊല്ലം 48, കോഴിക്കോട് 46, ഇടുക്കി 23, വയനാട് 15, പത്തനംതിട്ട 2.
കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിനി അസ്മ (38), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58), കാസര്‍ഗോഡ് ബേക്കല്‍ സ്വദേശി രമേശന്‍ (47), ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരാണു കോവിഡ് ബാധിച്ച് മരിച്ചതായി ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 169 ആയി.
കേരളത്തില്‍ 15,890 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്നലെ രോഗമുക്തരായ 1131 പേരടക്കം 30,029 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,64,029 പേരാണ് നിരീക്ഷണത്തിലുള്ളത്. 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തില്‍ 571 ഹോട്ട് സ്‌പോട്ടുകള്‍. പുതിയ 24 ഹോട്ട് സ്‌പോട്ടുകള്‍. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂര്‍ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4).
ഹോട്ട് സ്‌പോട്ടില്‍നിന്നും ഒഴിവാക്കിയ 21 പ്രദേങ്ങള്‍. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6(സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7), പ്രമാടം (11).
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോന്‍മെന്റ് ഹൗസില്‍ രണ്ടു പോലീസുകാര്‍ക്ക് കോവിഡ്. പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഗാര്‍ഡ് ഡ്യൂട്ടി ചെയ്തവര്‍ക്കാണ് രോഗം. 12 പോലീസുകാര്‍ ക്വാറന്റീനില്‍ പോയി.
പൂജപ്പുര ജയിലില്‍ ഇന്നലെ 114 പേര്‍ക്കു രോഗം ബാധിച്ചു. 363 പേരെയാണ് ഇന്നലെ പരിശോധിച്ചത്.
കരിപ്പൂര്‍ വിമാന അപകടത്തില്‍ പൈലറ്റിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ശരിയല്ലെന്ന് ഡിജിസിഎ. അന്വേഷണം പൂര്‍ത്തിയാക്കാതെ വിലയിരുത്തലിനു കഴിയില്ല. സമിതിയില്‍ കേരളത്തില്‍നിന്നുള്ള കെ. മുരളീധരന്‍, ആന്റോ ആന്റണി എന്നിവര്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ഡിജിസിഎ ഇക്കാര്യം വ്യക്തമാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം വേഗത്തിലാക്കണമെന്ന് കേരള എംപിമാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷിയെക്കുറിച്ചും പ്രളയ സാധ്യതയെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പെരിയാറില്‍ലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രത്തിന്റെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഈ കരാറില്‍ സ്വപ്ന സുരേഷിന് വന്‍ തുക കമ്മീഷന്‍ ലഭിച്ചെന്ന് സ്വപ്‌നതന്നെ അവകാശപ്പെട്ടിരുന്നു.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്നാ സുരേഷും സരിത്തും യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പലതവണ ഗള്‍ഫിലേക്ക് യാത്രചെയ്‌തെന്നും ഒപ്പം ഏതാനും പാഴ്‌സലുകള്‍ കടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം. ഇതില്‍ വന്‍തോതില്‍ വിദേശകറന്‍സിയായിരുന്നെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ യുഎഇ കോണ്‍സുലേറ്റുമായുള്ള ചങ്ങാത്തത്തിനെതിരേ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ യുഎഇയിലെ റെഡ്ക്രസന്റ് വഴി സംഭാവന സ്വീകരിക്കാന്‍ ശിവശങ്കര്‍ തിടുക്കം കാണിച്ചതിനു പിറകേ വകുപ്പ് മേധാവികള്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നത് വിലക്കി പ്രത്യേക സര്‍ക്കുലര്‍ ഇറക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
രണ്ടു ജുഡീഷ്യല്‍ ഓഫീസര്‍മാരും രണ്ടു ഹൈക്കോടതി അഭിഭാഷകരും ഉള്‍പെടെ നാലുപേരെ ഹൈക്കോടതി ജഡ്ജിമാരായി നിമയിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരായ കരുണാകര ബാബു-തിരുവനന്തപുരം, കൗസര്‍ എടപ്പഗത്ത്- എറണാകുളം എന്നിവരേയും അഭിഭാഷകരായ മുരളി പുരുഷോത്തമന്‍, എ.എ. സിയാദ് റഹ് മാന്‍ എന്നിവരേയുമാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച 19 മേഖലാ ഓഫീസുകളുടെ പട്ടികയില്‍ കേരളമില്ല. ബംഗളൂരു ഓഫീസ് തന്നെയായിരിക്കും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് മേഖലകളാണ് ബംഗളൂരു ഓഫീസിന്റെ കീഴില്‍ വരിക.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ഇരുപതുകാരിയുടെ പരാതിയില്‍ സിനിമാ നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. എറണാകുളം സൗത്ത് പോലീസ് ആല്‍വിന്‍ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മരിച്ച അന്‍സാരിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ മുറിവുകളില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മൊബൈല്‍ മോഷണത്തിന് കസ്റ്റഡിയില്‍ എടുത്ത പൂന്തുറ സ്വദേശി അന്‍സാരിയെ ഇന്നലെ രാത്രിയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ ആറളം പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ആര്‍എസ്എസ് പതാകയ്ക്കു കീഴില്‍ ദേശീയപതാക ഉയര്‍ത്തിയെന്ന പരാതിയിലാണു നടപടി.
വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ ആല്‍ബിന്റെ സുഹൃത്തുക്കളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. കോഴിക്കോട്ടുള്ള കാമുകിയടക്കമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി സുഖമായി ജീവിക്കുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യം. സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
വീട്ടമ്മയെ മരുമകള്‍ കുത്തിക്കൊന്നു. തിരുവല്ല നിരണം കൊമ്പകേരി പ്ലാംപറമ്പില്‍ കുഞ്ഞൂഞ്ഞമ്മ ചാക്കോ (66) ആണ് മരിച്ചത്. മകന്റെ ഭാര്യ ലിന്‍സിയുടെ കുത്തേറ്റാണ് ഇവര്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. മരുമകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു പോലീസ്.
തിരുവനന്തപുരം പൊഴിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ നാട്ടുകാരുടെ അതിക്രമം. വീട്ടമ്മയെ മര്‍ദിച്ചതിനു നാട്ടുകാര്‍ പിടികൂടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ജോയ്‌മോന്‍ എന്നയാളെ മര്‍ദിക്കുന്നതു തടഞ്ഞ പോലീസുകാരെ നാട്ടുകാര്‍ മര്‍ദിച്ചെന്നാണ് ആക്ഷേപം.
ടൊവീനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ വാര്‍ത്ത വരുന്നു. ഒടിടി റിലീസ് ആയല്ല, മറിച്ച് ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയാണ് ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. ഏഷ്യാനെറ്റില്‍ ഓണച്ചിത്രമായാണ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന്റെ ആദ്യ പ്രദര്‍ശനം.
കണ്ണാംതുമ്പി പോരാമോ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ആധുനിക സാങ്കേതിക മികവില്‍ കവര്‍ അപ്പ് ഒരുക്കി പ്രശ്സ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. 1988-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരുക്കിയ കവര്‍ സോംഗ് മമ്മൂട്ടിയാണ് ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ പൂര്‍ണ്ണമായും ദുബായില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പനാണ് സംവിധാനം ചെയ്തത്. ഹരിത ഹരീഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബേബി ഫ്രേയ, ബേബി ആയ എന്നിവര്‍ അഭിനയിക്കുന്നു.
രാജ്യവ്യാപകമായി ഹ്യുണ്ടായ് ഉപഭോക്താക്കള്‍ക്കായി 'ഫ്രീഡം ഡ്രൈവ്' പ്രഖ്യാപിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഓഗസ്റ്റ് 14 മുതല്‍ 21 വരെ രാജ്യത്തെ എല്ലാ ഹ്യുണ്ടായ് സര്‍വീസ് ഔട്ട്ലെറ്റുകളിലും 'ഫ്രീഡം ഡ്രൈവ്' ഓഫറുകള്‍ ലഭ്യമാകുമെന്ന് ഹ്യുണ്ടായ് ഇന്ത്യ അറിയിച്ചു. ലേബര്‍ ചാര്‍ജ്, കാര്‍ സാനിറ്റൈസേഷന്‍, അണ്ടര്‍ ബോഡി കോട്ടിങ് എന്നിവയ്ക്ക് ഈ കാലയളവില്‍ പ്രത്യേക ഓഫര്‍ ലഭിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ബാഗില്‍ ദീര്‍ഘകാലം നടന്ന സമരം ബിജെപിയുടെ മുതലെടുപ്പു നാടകമായിരുന്നെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ്. ഷഹീന്‍ബാഗ് സമരക്കാരില്‍ ചിലര്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിറകേയാണ് ഈ ആരോപണം ഉന്നയിച്ചത്. ഈവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു നേട്ടമുണ്ടാക്കാനാണ് സമരനാടകം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട ബെംഗളൂരു കലാപക്കേസില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ, ഗുണ്ട ആക്ട് എന്നീ വകുപ്പുകള്‍ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. നഷ്ടപരിഹാരം അക്രമികളുടെ സ്വത്തുവകകളില്‍നിന്ന് ഈടാക്കാനും തീരുമാനിച്ചു.
ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 4,031 പേര്‍ മരിച്ചു. 1,89,890 പേര്‍കൂടി രോഗികളായി. ഇതുവരെ 7,76,810 പേര്‍ മരിക്കുകയും 2.20 കോടി പേര്‍ രോഗബാധിതരാകുകുയം ചെയ്തു. ഇന്നലെ മരണസംഖ്യയില്‍ ഇന്ത്യയാണു രോഗവ്യാപനത്തിലും മുന്നില്‍. ബ്രസീലില്‍ 775 പേരും അമേരിക്കയില്‍ 528 പേരും ഇന്നലെ മരിച്ചു.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 880 പേര്‍ മരിച്ചു. 54,300 പേര്‍കൂടി രോഗികളായി. ഇതുവരെ 51,925 പേര്‍ മരിച്ചു. 27,01,604 പേര്‍ രോഗബാധിതരായി. 6.72 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. 19.76 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ 228 പേര്‍കൂടി മരിക്കുകയും 8,493 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.55 ലക്ഷം പേരാണു ചികില്‍സയിലുള്ളത്. തമിഴ്‌നാട്ടില്‍ 5,890 പേരും ആന്ധ്രയില്‍ 6,780 പേരും കര്‍ണാടകത്തില്‍ 6,317 പേരും പുതുതായി രോഗികളായി.
ഇന്ത്യയും ആയുധ കയറ്റുമതിക്ക്. ഇന്ത്യയില്‍ നിര്‍മിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം രൂപരേഖ തയ്യാറാക്കുന്നു. ആയുധക്കച്ചവടത്തിന് നയതന്ത്ര ബന്ധങ്ങളും ഉപയോഗിക്കും. സൗഹൃദ രാജ്യങ്ങളുടെ ആയുധ ആവശ്യങ്ങള്‍ മനസിലാക്കി പട്ടിക തയാറാക്കിവരികയാണ്.
സ്‌പെക്ട്രം ലൈസന്‍സുമായി ബന്ധപ്പെട്ട എജിആര്‍ കുടിശികയില്‍ റിലയന്‍സ് ജിയോക്കുമാത്രം എന്തിനാണ് ഇളവ് നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് ലഭിച്ച സ്‌പെക്ട്രം ലൈസന്‍സാണ് ജിയോ പങ്കുവയ്ക്കുന്നത്.
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ് രാജ് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ അന്തരിച്ചു. 90 വയസായിരുന്നു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഹരിയാനയിലെ ഹിസാറാണ് സ്വദേശം.
സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. 1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2002-ലെ ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവയ്പ് കേസ് അന്വേഷിച്ച ഇദ്ദേഹമാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തത്.
ഇന്ത്യയില്‍നിന്നു മുങ്ങിയ വിവാദ ആള്‍ദൈവം നിത്യാനന്ദ തന്റെ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച കൈലാസത്തില്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ചെന്നു വീഡിയോ സന്ദേശം. 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' സ്ഥാപിച്ചെന്നും ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കറന്‍സി പുറത്തിറക്കുമെന്നും നിത്യാനന്ദ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും തീയതി ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടില്ല. എല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കും. അതിനു മുമ്പു തെരഞ്ഞെടുപ്പ് നടത്തണം. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നിയന്ത്രണരേഖയോടു ചേര്‍ന്ന് ടിബറ്റില്‍ ചൈന കൂടുതല്‍ ആയുധങ്ങള്‍ വിന്യസിക്കുന്നു. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ മേഖലകളോടു ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍. സമുദ്രനിരപ്പില്‍നിന്ന് 4,600 മീറ്റര്‍ ഉയരത്തില്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് ആള്‍ട്ടിലറി ഗണ്ണുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. പരസ്പരം ബഹുമാനിക്കുകയാണ് ഇരുരാജ്യങ്ങളുടെയും മുന്നിലുള്ള ശരിയായ വഴി. പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനും ഒന്നിച്ചു യത്‌നിക്കാമെന്നും മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം.
കൊറോണ വൈറസിനെ പേടിച്ച് ലോകം മാസ്‌ക് ധരിച്ചും അകലം പാലിച്ചും നടക്കുമ്പോള്‍ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ അകലവുമില്ല, മാസ്‌കുമില്ല. വാരാന്ത്യ അവധി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വുഹാനിലെ ഒരു വാട്ടര്‍പാര്‍ക്കില്‍ ഒത്തുചേര്‍ന്നത്.
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യ സെമി ഫൈനല്‍ ഇന്ന്. രാത്രി 12. 30 ന് ഫ്രഞ്ച് ടീം പാരീ സാന്‍ ഷെര്‍മയ്‌നും ജര്‍മന്‍ ടീമായ ലൈപ്‌സിഗും തമ്മിലാണ് ആദ്യ മല്‍സരം.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ തോറ്റ ബാഴ്‌സലോണയില്‍ കലാപം. പരാജയത്തിന്റെ പഴിചാരലിലാണു താരങ്ങള്‍. സൂപ്പര്‍ താരം മെസി ബാഴ്‌സലോണയോടു വിട പറയാന്‍ ഒരുങ്ങി. മെസിയെ വലവീശി പിടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും രംഗത്തുണ്ട്.
ഇ-കൊമേഴ്സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും റിലയന്‍സ് സ്വന്തമാക്കിയേക്കും. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 224 കോടി ഡോളറിന്റേതാകും അര്‍ബന്‍ ലാഡറുമായിയുള്ള ഇടപെടന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്ഷ്മി വിലാസ് ബാങ്ക് തത്സമയം സേവിംഗ്സ് അക്കൗണ്ട് തുറക്കാന്‍ ലക്ഷ്മി ഡിജിഗോ എന്നു പേരില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം തയ്യാറാക്കി. സേവിംഗ്സ് അക്കൗണ്ടിനൊപ്പം ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ശാഖകളില്‍ പോകാതെ ഓണ്‍ലൈനില്‍ അക്കൗണ്ട് തുറക്കാനാണ് ഇടപാടുകാര്‍ ആഗ്രഹിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.