കരിപ്പൂരിലെ വിമാനാപകടത്തിനു കാരണം ലാൻഡിങ് സമയത്തെ അശ്രദ്ധയാണെന്ന് കാണിച്ച് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലാൻഡിങ് സമയത്ത് നടത്തിയ അശ്രദ്ധമായ പ്രവൃത്തിയാണ് എയര്‍ ഇന്ത്യ വിമാനത്തിൻ്റെ അപകടത്തിന് പിന്നിലെന്നു കാണിച്ചാണ് കരിപ്പൂര്‍ പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ മഞ്ചേരി സിജെഎം കോടതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അശ്രദ്ധമായി അപകടമുണ്ടാക്കിയനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട്. മഞ്ചേരി സിജെഎം കോടതിയുടെ ചുമതലയുള്ള നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കന്നത്. വിമാനാപകടം സംബന്ധിച്ച പോലീസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീം വ്യക്തമാക്കി. ലാൻഡിങ് സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.റൺവേയുടെ മധ്യഭാഗത്തായാണ് വിമാനം നിലംതൊട്ടതെന്നും റൺവേയിൽ വേഗത കുറയാതിരുന്ന വിമാനം റൺവേയുടെ അവസാനഭാഗത്ത് 35 അടിയോളം താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് മുൻപു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തിൽ പൈലറ്റും കോ പൈലറ്റുമടക്കം 18 പേര്‍ മരിച്ചിരുന്നു. അപകടത്തിൻ്റെ കാരണം കണ്ടെത്താനായി ഡിജിസിഐ എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് ഡൽഹിയിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.
അഡീഷണൽ എസ് പി ജി സാബുവിൻ്റെ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈഎസ്‍പി കെ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സമാന്തരമായി അന്വേഷണം നടത്തുന്നത്. അപകടമുണ്ടാകന്ന സമയത്ത് വിമാനത്താവളത്തിലെ പെരിഫെറൽ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍.