കേരളത്തിൽ ഇന്നലെ 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇന്നലെ 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം ബാധിച്ചു. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 49,931 പോസിറ്റീവ് കേസുകളും 708 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 1,435,453 ആയി. ആകെ മരണം 32771 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,85,114 ആണ്
കോട്ടയം മുട്ടമ്പലത്ത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ച കൊവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനത്തില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്. വന്‍ പൊലീസ് സന്നാഹത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ ബിജെപി കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ റോഡിലെ പച്ചക്കറി മാര്‍ക്കറ്റില്‍ മുപ്പതിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അന്‍പത് പേര്‍ക്ക് പരിശോധന നടത്തിയതില്‍ മുപ്പതിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടഞ്ഞുകിടന്നിരുന്ന പച്ചക്കറി മാര്‍ക്കറ്റ് ഇന്നലെ തുറന്നിരുന്നു.
കൊല്ലം വിളക്കുടിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മിയാണ് തൂങ്ങിമരിച്ചത്. 30 വയസായിരുന്നു. വിദേശത്ത് നിന്നെത്തി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
എറണാകുളത്ത് വീണ്ടും കൊവിഡ് മരണം. ആലുവ എടത്തല ചൂണ്ടി സ്വദേശി സി. മോഹനന്‍ ആണ് മരിച്ചത്. 65 വയസായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മോഹനന്‍ മരണപ്പെട്ടത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹനന്‍ കൊവിഡ് സ്ഥിരീകരിച്ചത്.
കേരളത്തിൽ ഇന്ന് മുതൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട്. ബുധനാഴ്ച തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ട് ജില്ലകളിൽ യല്ലോ അലേർട്ട് ആണ്. വ്യാഴാഴ്ച്ച മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായി 8 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
കൊല്ലം ജില്ലയുടെ പരിധിയിലുള്ള കായലുകള്‍, മത്സ്യ വളര്‍ത്തു കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള മത്സ്യബന്ധനവും അംഗീകൃത ഫിഷ് സ്റ്റാളുകളില്‍ കൂടി വില്‍പനയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജില്ലയ്ക്ക് പുറത്തു നിന്നും മതിയായ രേഖകളോടെ കയറ്റുമതി ആവശ്യത്തിനായി മാത്രം അംഗീകൃത ഫിഷ് പ്രോസസിംഗ് യൂണിറ്റുകളിലേക്കും മത്സ്യം കൊണ്ടു വരാം. പൊതുമേഖലാ സ്ഥാപനമായ മത്സ്യഫെഡിനും ജില്ലയ്ക്ക് പുറത്തു നിന്നും പാക്ക് ചെയ്ത മത്സ്യം കൊണ്ടുവന്ന് അംഗീകൃത ഫിഷ് സ്റ്റാളുകളിലൂടെ വില്‍പന നടത്താം
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ജൂലൈ ഒന്നു മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ പ്രത്യേക ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ പൊതുഭരണവകുപ്പിനു കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി
സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ എം. ശിവശങ്കനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ. സുപ്രധാന പദവിൽ ശിവശങ്കരൻ ജാഗ്രത കാട്ടിയില്ല എന്നും കുറ്റകരമായ സ്വജനപക്ഷപാതം എം. ശിവശങ്കരന്റെ ഭാഗത്ത് ഉണ്ടായെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വിവരിക്കുന്നു. ആരോപണ വിധേയനായ എം.ശിവശങ്കരനെ പൂർണമായും സർക്കാർ കൈയ്യൊഴിയുന്നതിന്റെ സൂചനയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയും മടങ്ങിപ്പോയി. യുഎഇ അധികൃതരുടെ നിർദേശപ്രകാരമാണ് ഇന്നലെ ഇദ്ദേഹം മടങ്ങിയതെന്നാണ് സൂചന. പതിനഞ്ച് ദിവസത്തിനുശേഷം തിരിച്ചെത്തുമെന്ന് അഡ്മിൻ അറ്റാഷെ അബ്ദുള്ള സയ്ദ് അൽ ഖത്താനി പറഞ്ഞു. യു.എ.ഇയിൽ നിന്നും തിരിച്ചെത്തിയ സെക്കന്റ് സെക്രട്ടറിക്കാണ് കോൺസുലേറ്റിന്റെ താൽക്കാലിക ചുമതല.
വയനാട് തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബത്തിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചയാളുടെ സംസ്‌ക്കാര ചടങ്ങിനെത്തിയവർക്കാണ് രോഗബാധ. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ കൂട്ടിരുന്ന രണ്ട് പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. പ്രദേശത്ത് നിരവധി പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെതുടർന്ന് മേഖലയിൽ ആന്റീജൻ ടെസ്റ്റ് നടത്തുന്നുണ്ട്.
സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മന്ത്രി സഭായോഗം. രോഗ വ്യാപനം കൂടിയ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാർക്കറ്റുകളിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടാകുന്നത്. കർശന പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു.
നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ജൂൺ 5 മുതൽ ജൂലൈ 30വരെയുള്ള ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺ വിളികൾ നടത്തിയതായി തെളിവുകൾ. എന്നാൽ, സ്വപ്‌ന കണക്ട് ചെയ്ത നമ്പറിൽ നിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇതിനു പുറമേ സ്വർണം എത്തിയ ദിവസവും മറ്റൊരു നമ്പറിൽ നിന്ന് പ്രതികളുമായി സംസാരിച്ചതായും എൻഐഎ സംഘം കണ്ടെത്തി.
സ്വർണം കടത്തിയ ദിവസങ്ങളിൽ സ്വപ്നയെ അറ്റാഷെ നൂറിലധികം തവണ ഫോണിൽ വിളിച്ചുവെന്ന് കണ്ടെത്തൽ. ജൂൺ 30 മുതൽ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ ഇത്രയധികം തവണ സ്വപ്നയെ വിളിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചുവച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ക്രൈസ്തവോചിതമായ മൃതസംസ്കാരം ഒരുക്കിയ ഇരിങ്ങാലക്കുട രൂപതയിലെ സെന്റ് തോമസ് കത്തീഡ്രൽ നേതൃത്വത്തിന് സോഷ്യല്‍ മീഡിയായില്‍ അഭിനന്ദന പ്രവാഹം. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചാണ് വൈദികരുടെയും ഇടവക പ്രതിനിധികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ നടത്തിയത്. ഇന്നലെ കോട്ടയത്തു കോവിഡിനെ തുടര്‍ന്നു മരിച്ചയാളുടെ മൃതസംസ്കാരത്തിന് എതിര്‍പ്പുമായി ചിലര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചാവിഷയമായിരിന്നു. ഇതേ ദിവസം തന്നെ, ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ഇടവക നേതൃത്വം മൃതസംസ്ക്കാരം ഒരുക്കിയെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ പദ്ധതിയായ കെഫോണില്‍ വന്‍ അഴിമതിയാണെന്നും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഇടപെടല്‍ ദുരൂഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം നേതൃത്വം അറിഞ്ഞാണ് അഴിമതി നടക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായത്തിന് സഹായം നല്‍കുന്നത് ആരൊക്കെയാണെന്നും അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന എൻഐഎ ഓഫിസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി. സാംപിള്‍ ബോക്സ് കൈമാറിയെന്ന് ഉദ്യോഗസ്ഥര്‍. അഞ്ചുമിനിറ്റിനുശേഷം മടങ്ങി.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ വിദേശത്തുള്ള രണ്ടു പ്രതികൾക്കായി കസ്റ്റംസ് അറസ്റ്റ് വാറന്റ് തേടി. മൂവാറ്റുപുഴയിൽ നിന്നുള്ള റബിൻസ് ഹമീദ്, കൊടുങ്ങല്ലൂരുകാരൻ ഫൈസൽ ഫരീദ് എന്നിവർ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ഉടൻ നാട്ടിൽ എത്തിക്കണമെന്നും കാണിച്ചാണ് വാറന്റ് അപേക്ഷ. ഇവരെ പതിനേഴും പതിനെട്ടും പ്രതികളാക്കി ചേർത്തതായും കോടതിയെ അറിയിച്ചു. ഇവരിൽ ഫരീദിനെ നേരത്തെ എൻഐഎ പ്രതിയാക്കിയിരുന്നു. സ്വർണം നയതന്ത്ര ബാഗേജിലാക്കി യുഎഇയിൽ നിന്ന് അയക്കുന്നത് ഇവർ ഇരുവരും ചേർന്നാണെന്ന് കസ്റ്റംസും എൻഐഎയും കണ്ടെത്തിയിട്ടുണ്ട്
സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ പതിനാല് ശതമാനത്തിന്റേയും രോഗകാരണം പിപിഇ കിററുകളുടെ കുറവ് കാരണമെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സുരക്ഷാ വസ്ത്രങ്ങളുടെ അശാസ്ത്രീയ ഉപയോഗം കാരണമാണ് എട്ട് ശതമാനം പേര്‍ രോഗബാധിതരായത്. 47 ഡോക്ടര്‍മാര്‍ക്കും 62 സ്ററാഫ് നഴ്സുമാര്‍ക്കും കോവിഡ് ബാധിച്ചു.
ഒാഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി വിലയിരുത്തി. ബസ് ഒാടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.
കേരളബാങ്ക് യാഥാര്‍ഥ്യമായെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ചോദ്യം ചെയ്ത് റിസര്‍വ് ബാങ്ക് രേഖ. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന് കേരളബാങ്ക് എന്ന് ഉപയോഗിക്കാന്‍ ആര്‍ബിഐ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ സംസ്ഥാനസഹകരണവകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ കേരള ബാങ്ക് എന്ന പേരിലുള്ള ലോഗോ ഉപയോഗിക്കുന്നതും ചോദ്യം ചെയ്യപ്പെടുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം.
ഓഖിയില്‍ തകര്‍ന്ന തിരുവനന്തപുരം ശംഖുമുഖത്തെ, ശേഷിച്ച തീരഭാഗവും കടലെടുത്തു റോഡ് പൂര്‍ണമായും തകര്‍ന്നതോടെ വിമാനത്താവളത്തിലേക്കുളള സഞ്ചാരപാത അടച്ചു. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസവും വന്നിരുന്ന തീരത്തിന്റ ഭൂരിഭാഗവും കടല്‍ വിഴുങ്ങിയതോടെ ശംഖുമുഖം വിനോദസഞ്ചാര കേന്ദ്രവും നാശത്തിന്റ വക്കിലായി.
വിവാഹവീട്ടില്‍ പോയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് കെ.മുരളീധരന്‍ എം.പി. മാസ്ക് ധരിച്ചാണ് താൻ പോയത്. തനിക്ക് രോഗലക്ഷണങ്ങളില്ല. തെറ്റു തിരുത്താന്‍ മടിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. ഇവിടെ വധൂവരന്മാര്‍ ഉള്‍പ്പെടെ 41 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു
കോവിഡ് നിരീക്ഷണത്തിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ മുണ്ടായ സ്വദേശി ജിത്തു കുമാർ (44) ആണ് മരിച്ചത്. കരസേന സിഗ്നൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ്. കോവിഡിനെ ഭയന്ന് ജീവിക്കാനില്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കൂടുതൽ പേരിലേക്ക് രോഗവ്യാപനം ഉണ്ടായതോടെ കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒപി പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവെച്ചു. കോട്ടയം നഗരസഭ പരിധിയിലും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോട്ടയത്ത് മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ കേസെടുത്തു. ഇദ്ദേഹത്തെക്കൂടാതെ കണ്ടാലറിയാവുന്ന മുപ്പതുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച മരിച്ച ഔസേപ്പ ജോർജിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പള പരിഷ്കരണത്തെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് നിയമ സഹായം ലഭ്യമാക്കാന്‍ ഗോള്‍ഡ് മാഫിയയുടെ ഒരു വന്‍ നിര തന്നെ കൊച്ചിയില്‍ തങ്ങുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം. കോടികള്‍ മുടക്കാന്‍ തയാറായാണ് ഈ സംഘം കൊച്ചിയില്‍ ക്യാമ്പടിക്കുന്നതത്രെ .കോടികള്‍ എറിഞ്ഞുകൊണ്ട് ഇന്ത്യയിലെതന്നെമുതിര്‍ന്ന അഭിഭാഷകരുടെ ഒരു നിരതന്നെ ഈ പ്രതികള്‍ക്കായി രംഗത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ഇതും അന്വേഷണ സംഘം വീക്ഷിക്കുന്നുണ്ട്.
ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടക്കുന്ന തിമിംഗലവേട്ടയിൽ മുന്നൂറോളം തിമിംഗലങ്ങളെ കൊന്നൊടുക്കി. കൊറോണ ഭീതിക്കിടയിലാണ് സംഭവം. എല്ലാ വർഷവും നടക്കുന്ന ഗ്രിൻഡാ ഡ്രാപ് ഉത്സവത്തിന്റെ ഭാഗമായാണ് ക്രൂരത അരങ്ങേറിയത്.
ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസ് ഉയരുന്നു. തിങ്കളാഴ്ച ചൈനയിൽ 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിന് ശേഷം രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.പുതിയതായി റിപ്പോർട്ട് ചെയ്ത 61 കേസുകളിൽ 57 ഉം പ്രാദേശിക സമ്പർക്കത്തിലൂടെയാണ്
ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും.സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു.
രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി. നോട്ടിസ് നല്‍കി 21 ദിവസത്തിനുശേഷം സഭ ചേരാമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ നിയമസഭ ചേരണമെന്ന അശോക് ഗെഹ്‍ലോട്ട് സര്‍ക്കാരിന്‍റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടാംതവണയും മടക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ തേടിയായിരുന്നു ഗവര്‍ണറുടെ നടപടി. ഇതിന് പിന്നാലെയാണ് നിയമസഭ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറുടെ അനുമതി.
ദേശീയ പാതയോരത്ത് അമിനിറ്റി കേന്ദ്രങ്ങൾ തുടങ്ങാൻ ഭൂമി ഏറ്റെടുക്കൽ ചട്ടങ്ങൾ മറികടന്ന് സർക്കാർ ഉത്തരവ്. ദേശീയപാതാ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം എന്നതുൾപ്പെടെയുള്ള റവന്യൂ വകുപ്പ് നിർദേശം അവഗണിച്ചു. ആദ്യഘട്ടത്തിൽ പതിനഞ്ച് ഏക്കർ സ്ഥലമാണ് സ്വകാര്യ സംരംഭകർക്ക് കെ.എസ്.ടി.പി വഴി കൈമാറുക.
രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സ്പീക്കര്‍ സുപ്രീംകോടതിയിൽ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. വിമത എംഎൽഎമാര്‍ക്കെതിെര നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
അമേരിക്കൻ പ്രസിഡന്‍റ്് ഡോണൾഡ്് ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിന്‍റെ ഭരണ നിർവഹണ സംഘത്തിലെ ഉന്നതനായ ഒബ്രിയനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ലോകത്തെതന്നെ ഏറ്റവും കരുത്തുറ്റ റഫാല്‍ പോര്‍വിമാനങ്ങളിൽ അഞ്ചെണ്ണം സര്‍വസജ്ജമായി ഫ്രാന്‍സില്‍നിന്ന് ഇന്നലെ ഇന്ത്യയിലേക്കു യാത്ര പുറപ്പെട്ടു. 29ന് ഹരിയാനയിലെ അംബാലയില്‍ വ്യോമസേനാ കേന്ദ്രത്തില്‍ എത്തുന്നതോടെ ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍നിന്നു നേരിട്ട് യുഎഇയിലെ ഒരു വ്യോമകേന്ദ്രത്തിലേക്കാണു വിമാനം എത്തുന്നത്. പിന്നീടാവും ഹരിയാനയിലേക്കു പറക്കുക. അതിനിടയില്‍ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനായി ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലിനെ അനുഗമിക്കുന്നുണ്ട്.
ഇന്ത്യൻ അതിർത്തികളിൽ ചൈന നേരിട്ടും മറ്റ് അയൽ രാജ്യങ്ങളെ സ്വാധീനിച്ചും ഉയർത്തുന്ന പ്രശ്നങ്ങൾ വർധിച്ചുവരുമ്പോൾ ബംഗ്ലാദേശിനെ ചേർത്ത് നിർത്തി ഇന്ത്യ. പത്തു ഡീസൽ എൻജിനുകളാണ് ഇന്ത്യൻ റെയിൽവേ ബംഗ്ലാദേശിന് ഇന്നലെ നൽകിയത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പങ്കെടുത്ത ചടങ്ങിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവാകുന്ന നീക്കം. ‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യൻ നയത്തിലൂടെ ബംഗ്ലാദേശിനെ ചേർത്തുനിർത്തുകയാണ് ഇന്ത്യ.
ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ ഫ്രഞ്ച് വൈദികന്‍ ഫാ. ജാക്വസ് ഹാമലിന്റെ സ്മരണാർത്ഥം ഞായറാഴ്ച സംഘടിപ്പിച്ച ചടങ്ങുകളിൽ രാഷ്ട്രീയ നേതാക്കളും നിരവധി വിശ്വാസികളും പങ്കെടുത്തു. ഫ്രാൻസിലെ പുതിയ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡർമാനിനും ചടങ്ങുകളുടെ ഭാഗമായി. ഫാ. ജാക്വസ് ഹാമലിന്റെ സഹോദരിയുമായി ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നടത്തി. ഫാ. ഹാമൽ താമസിച്ചിരുന്ന വൈദിക മന്ദിരത്തില്‍ നിന്നുമാണ് സ്മരണാ ദിനത്തിന്റെ ഭാഗമായ ശുശ്രൂഷകള്‍ ആരംഭിച്ചത്. അവിടെ നിന്നും ആളുകൾ വൈദികൻ രക്തസാക്ഷിത്വം വരിച്ച സെയിന്‍റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തിലേക്ക് പ്രദക്ഷിണമായി നടന്നു നീങ്ങി.
കൊളംബിയയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കൊലപ്പെടുത്തി ഗുണ്ടാസംഘങ്ങൾ. തെരുവുകൾ കയ്യടക്കിയ ഗുണ്ടാസംഘങ്ങൾ ഇതുവരെ 9 പേരെ കൊലപ്പെടുത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്യുന്നു. ഈ സംഘങ്ങൾ തന്നെയാണ് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പുറത്തിറക്കുന്നത്. ഇത് ലംഘിക്കുന്നവരെയാണ് നിർദാക്ഷിണ്യം കൊലപ്പെടുത്തുന്നത്.
സൗദിയില്‍ ഇന്നലെ 1968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 30 പേരാണ് രാജ്യത്ത് മരിച്ചത്. ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ദിവസം രണ്ടായിരത്തിന് താഴെ കേസുകള്‍ സ്ഥിരീകരിക്കുന്നത്. രാജ്യത്ത് രോഗമുക്തി നിരക്ക് 83 ശതമാനമായി വര്‍ധിച്ചു. ജൂണ്‍ രണ്ടിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.