കേരളത്തില്‍ ഇന്നലെ 903 പേര്‍ക്ക് കോവിഡ്-19. സമ്പര്‍ക്കത്തിലൂടെ 706 പേര്‍ക്കാണ് രോഗം ബാധിച്ചത്. 35 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍നിന്നുള്ള 90 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 71 പേര്‍ക്കും രോഗം. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.
ഇന്നലെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം. തിരുവനന്തപുരം -213 പേര്‍ക്കും, മലപ്പുറം-87, കൊല്ലം-84, എറണാകുളം-83, കോഴിക്കോട് -67 പേര്‍ക്കും, പത്തനംതിട്ട-54 , പാലക്കാട് 49, കാസര്‍ഗോഡ്- 49, വയനാട്-43, കണ്ണൂര്‍ -42, ആലപ്പുഴ- 38, ഇടുക്കി-34, തൃശൂര്‍- 31, കോട്ടയം -29.
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസന്‍ (67) മരണമടഞ്ഞു. ഇതോടെ 68 മരണം. കേരളത്തില്‍ കോവിഡ് ചികില്‍സയിലുള്ളത് 10,350 പേര്‍. ഇന്നലെ രോഗമുക്തരായ 641 പേരടക്കം 11,369 പേര്‍ ഇതുവരെ രോഗമുക്തരായി. 1,47,132 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നലെ 19 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 13 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകള്‍. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറാടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി (21), ചാഴൂര്‍ (3), കോട്ടയം ജില്ലയിലെ നീണ്ടൂര്‍ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയ 13 പ്രദേശങ്ങള്‍: എറണാകുളം ജില്ലയിലെ മുളവുകാട് (വാര്‍ഡ് 3), പിറവം മുന്‍സിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും), പെരുംപാലം (എല്ലാ വാര്‍ഡുകളും), കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും), പനവള്ളി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17).
അഞ്ചാം ക്ലാസ് വരെ ഇനി ഇംഗ്ലീഷ് മീഡിയമില്ല. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയില്‍. പുതിയ വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നിലവിലുള്ള ഹയര്‍സെക്കന്‍ഡറി രീതി ഇല്ലാതാകും. 10+2 രീതി 5+ 3+ 3+ 4 രീതിയിലേക്കു മാറ്റും. 18 വയസുവരെ നിര്‍ബന്ധിത വിദ്യാഭ്യാസം. സെക്കന്‍ഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കും. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്നാക്കി. അഫിലിയേറ്റഡ് കോളജ് സമ്പ്രദായം 15 വര്‍ഷത്തിനകം ഇല്ലാതാകും. എം.ഫില്‍ നിര്‍ത്തലാക്കും.
രാത്രിയാത്രാ വിലക്ക് പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് ത്രീ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളജുകളും ഓഗസ്റ്റിലും തുറക്കില്ല. ട്രെയിന്‍ സര്‍വീസുകളും ആരംഭിക്കില്ല. ജിംനേഷ്യം, യോഗ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാം. സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണങ്ങള്‍ പാടില്ല. ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും കേന്ദ്രം.
ഇന്നും കേരളത്തില്‍ ശക്തമായ മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.
സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നെയ്യാര്‍ (തിരുവനന്തപുരം), ഭൂതത്താന്‍കെട്ട് (എറണാകുളം), മലങ്കര (ഇടുക്കി), ശിരുവാണി, മൂലത്തറ (പാലക്കാട്), കാരാപ്പുഴ (വയനാട്), കുറ്റ്യാടി (കോഴിക്കോട്), പഴശ്ശി (കണ്ണൂര്‍) എന്നീ അണക്കെട്ടുകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് വെള്ളം തുറന്നുവിടുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനു എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ് ആയിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി ടികെ റമീസിന്റെ മൊഴിയും സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.
വയനാട് ജില്ലയിലെ രോഗ വ്യപനം രൂക്ഷമായ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഓഗസ്റ്റ് അഞ്ചുവരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. ജില്ലയിലേക്കുള്ള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ചരക്കു വാഹനങ്ങള്‍ക്കും മെഡിക്കല്‍ വാഹനങ്ങള്‍ക്കു മാത്രം പ്രവേശനാനുമതി. മറ്റ് അത്യാവശ്യ യാത്രക്കാര്‍ താമരശേരി ചുരം വഴി പോകണം.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. കേസ് സിബിഐക്കു കൈമാറാന്‍ കേരള സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തീരുമാനിച്ചിരുന്നു. വാഹനാപകടത്തില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.
കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. പനമ്പള്ളിനഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും വെള്ളത്തിലായി. ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദിന് സമീപം റോഡ് ഇടിഞ്ഞ് സമീപത്തെ വീടിനു മുകളില്‍ വീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്നു കാറുകള്‍ തകര്‍ന്നു.
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പട്ടികജാതിക്കാരി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. നോര്‍ത്ത് പറവൂര്‍ പാലാത്തുരുത്ത് കളത്തിപ്പറമ്പില്‍ ചിഞ്ചുഖാനെയാണ് (34) തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2011 മുതല്‍ മൂന്നു വര്‍ഷത്തോളം പീഡിപ്പിക്കുകയും പ്രസവിക്കുകയും ചെയ്‌തെന്നു കേസില്‍ പറയുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരേ കേരള പോലീസ് കേസെടുത്തു. കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അറസ്റ്റു ചെയ്യാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കി.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുണ്ടായാലും കേന്ദ്രം കേസെടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശിവശങ്കറിന്റെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും മുല്ലപ്പള്ളി.
സംസ്ഥാനങ്ങളുടെ ഫെഡറല്‍ വിദ്യാഭ്യാസ അവകാശങ്ങളെ തകര്‍ക്കുന്ന വിദ്യാഭ്യാസ നയമാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കേന്ദ്ര നയങ്ങള്‍ അടിച്ചേല്‍പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിലവിലുള്ള മതേതരവും ജനാധിപത്യപരവുമായ നിലപാടുകളെ ഇല്ലാതാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയം അംഗീകരിക്കില്ല. അദ്ദേഹം പറഞ്ഞു.
കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് പുറത്തുകടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ച രണ്ട് യുവാക്കളെ പിടികൂടാന്‍ വലവിരിച്ച് പോലീസ്. റോഡുകളെല്ലാം അടച്ച് പോലീസ് പരിശോധന ഏര്‍പ്പെടുത്തിയതോടെയാണ് റെയില്‍വേ ട്രാക്കിലൂടെ യുവാക്കള്‍ ബൈക്കോടിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ സാഹസിക യാത്ര നടത്തിയവരെ പോലീസ് തെരയുന്നു.
തിയറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷം മാത്രമേ നെറ്റ്ഫ്‌ലിക്‌സും ആമസോണ്‍ പ്രൈമും ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ റിലീസ് ചെയ്യാവൂ എന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. കൊച്ചിയില്‍ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.
കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന പുത്തന്‍കുരിശ് വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് (37) വീണ്ടും പോലീസ് പിടിയില്‍. ജാമ്യത്തിലിറങ്ങി മോഷണശ്രമം നടത്തിയതിനെ തുടര്‍ന്ന് ഇയാളെ പെരുമ്പാവൂര്‍ പോലീസാണ് പിടികൂടിയത്.
ഇന്ത്യയില്‍ കോവിഡ് പറന്നിറങ്ങി ആറാം മാസമായ ഇന്ന് മരിച്ചവരുടെ എണ്ണം മുപ്പത്തയ്യായിരം കടന്നു. ഇന്നലെ 775 പേര്‍ മരിക്കുകയും 52,263 പേര്‍കൂടി രോഗികളാകുകയും ചെയ്തു. ഇതുവരെ 35,003 പേര്‍ മരിച്ചു. 15,84,384 പേര്‍ രോഗികളായി. ചൈനയിലെ വുഹാനില്‍നിന്ന് വിമാനമിറങ്ങിയ തൃശൂര്‍ ജില്ലക്കാരിക്കു ജനുവരി 30 നാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ 5.27 ലക്ഷം പേര്‍ ഇന്ത്യയില്‍ ചികില്‍സയിലുണ്ട്. 10.27 ലക്ഷം പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് ബാധിച്ച് 298 പേര്‍ മരിക്കുകയും 9211 പേര്‍ രോഗികളാകുകയും ചെയ്തു. 1.46 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടില്‍ 6,426 പേരും ആന്ധ്രയില്‍ 10,093 പേരും കര്‍ണാടകത്തില്‍ 5,503 പേരും പുതുതായി രോഗികളായി.
അഞ്ചു റഫാല്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ ആവേശകരമായ വരവേല്‍പ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനങ്ങള്‍ പറന്നിറങ്ങുന്ന വീഡിയോ ട്വീറ്റു ചെയ്തു. ഹരിയാണയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന സ്വീകരിച്ചത്.
രാജസ്ഥാനില്‍ ഓഗസ്റ്റ് 14 നു നിയമസഭാ സമ്മേളനം നടത്താന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കി. ജൂലൈ 31 ന് സഭ ചേരണമെന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗഹലോത്ത് ആവശ്യപ്പെട്ടിരുന്നത്. മൂന്നുതവണ മന്ത്രിസഭ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. 21 ദിവസത്തെ നോട്ടീസ് വേണമെന്ന ഗവര്‍ണറുടെ വ്യവസ്ഥ അംഗീകരിച്ച് മന്ത്രിസഭ വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു.
പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാഗര്‍കോവില്‍ മുന്‍ എംഎല്‍എ എന്‍.എ. മുരുകേശന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയടക്കം അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. 20 കാരന്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചതോടെയാണ് മുന്‍ എംഎല്‍എ അടക്കമുള്ളവര്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജയ്ക്കു ഭക്തര്‍ എത്തരുതെന്ന് ക്ഷേത്ര ട്രസ്റ്റ്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ചടങ്ങ് ടിവിയില്‍ കണ്ടാല്‍ മതിയെന്നാണു നിര്‍ദേശം.
അസാമാന്യ കൈവഴക്കത്തോടെ തെരുവില്‍നിന്ന് ഇരുകൈകളിലും കുറുവടി ചുഴറ്റിയ പുനെയുടെ സ്വന്തം 'വാരിയര്‍ ആജി' സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ലോക്ക്ഡൗണ്‍ പോലും മറന്ന് 85 കാരി ആജി(അമ്മൂമ്മ) ശാന്ത ബാലു പവാറിനെ കാണാന്‍ ആരാധകര്‍ എത്തുന്നത് സഹായങ്ങളും സമ്മാനങ്ങളുമായാണ്. എട്ടാം വയസിലാണ് ലാഠി കാഠി എന്ന അഭ്യാസമുറ പഠിച്ചത്. സിനിമയില്‍ ഹേമമാലിനി, ശ്രീദേവി എന്നിവര്‍ക്കുവേണ്ടി ഡ്യൂപ്പായിട്ടുണ്ട് ശാന്തഭായി.
കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ സ്വന്തം ഓഫീസ് ആശുപത്രിയാക്കി മാറ്റി കോവിഡ് മുക്തനായ സൂറത്തിലെ വ്യവസായി. കോവിഡ് ചികിത്സയ്ക്കുള്ള ഭീമന്‍ ബില്‍ കണ്ട് ഞെട്ടിയാണ് വ്യവസായിയായ കാദര്‍ ഷേഖ് തന്റെ ഓഫീസ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.
ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 6,624 പേര്‍കൂടി മരിച്ചു. 2,78,245 പേര്‍കൂടി രോഗികളായി. ഇതുവരെ 6,69,096 പേരാണു മരിച്ചത്. 1.71 കോടി ജനങ്ങള്‍ രോഗബാധിതരായി. ബ്രസീലില്‍ ഇന്നലെ 1,554 പേരും അമേരിക്കയില്‍ 1,290 പേരും മെക്‌സിക്കോയില്‍ 854 പേരും മരിച്ചു.
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. സൗദി അറേബ്യയിലെ ആയിരത്തോളം തീര്‍ഥാടകര്‍ മാത്രമാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കുന്നത്.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് ഉമര്‍ അക്മലിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി വെട്ടിക്കുറച്ചു.
മൂന്നു വര്‍ഷത്തെ വിലക്ക് 18 മാസമാക്കിയാണു കുറച്ചത്.
ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ജിയോ ഫൈബറില്‍ 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കും. ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ട്രസ്റ്റിന് 7 ലക്ഷം കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയുണ്ട്. 11 ലക്ഷം കിലോമീറ്റര്‍കൂടി നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗ്രൂപ്പുകളില്‍ അംഗങ്ങളായവര്‍ക്ക് വേണ്ടി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് രംഗത്ത്. ഇപ്പോള്‍ തന്നെ ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ചെറിയൊരു മാറ്റം ഉടന്‍ വരും. നിലവില്‍ ഒരു ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സാധിക്കുന്നത് നിശ്ചിത കാലത്തേക്കാണ്. എന്നാല്‍ എന്നന്നേക്കുമായി ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാം എന്നതാണ് പുതിയ ഫീച്ചര്‍. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകിന് സര്‍പ്രൈസ് നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന് ശേഷമാണ് ഏറ്റവും പുതിയ മോഡലിലുള്ള സാംസങ് സ്മാര്‍ട്ട്ഫോണ്‍ സമ്മാനമായി നല്‍കിയത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ബിരുദ പഠനത്തിന് ചേരാനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ് വിനായക്.
ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രം ഷംസു സായ്ബായുടെ 'മണിയറയിലെ അശോകന്‍' ആണ്. ജേക്കബ് ഗ്രിഗറി നായകനാവുന്ന ചിത്രത്തിന്റെ മിക്ക മേഖലകളിലും പുതുമുഖങ്ങളാണ് അണിനിരക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് ദുല്‍ഖറും ഗ്രിഗറിയും ചേര്‍ന്നാണ്.
ബിഎസ്6 എഞ്ചിനോടെ എഫ്ഇസെഡ് 25 ന്റെ പുത്തന്‍ വകഭേദം വിപണിയില്‍ എത്തിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. ഒപ്പം ബൈക്കിന് എഫ്ഇസെഡ്എസ് 25 എന്നൊരു പുത്തന്‍ വേരിയന്റ് കൂടി കമ്പനി പുതുതായി അവതരിപ്പിച്ചു. 2020 യമഹ എഫ്ഇസെഡ് 25ന് 1.52 ലക്ഷം ആണ് എക്സ്-ഷോറൂം വില. 1.57 ലക്ഷം ആണ് പുതുതായി അവതരിപ്പിച്ച എഫ്ഇസെഡ്എസ് 25 ന്റെ എക്സ്-ഷോറൂം വില.
കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേയ്ക്ക് ഒഴുകി നിറയുന്ന കത്തുന്ന പ്രണയമാണ് റൂമിക്കവിത. 'റൂമിയുടെ 101 പ്രണയഗീതങ്ങള്‍'. എം.പി സലില. പുസ്തക പ്രസാധന സംഘം. വില 161 രൂപ.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നതിലൂടെ കൈയ്യില്‍ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ആളുകളെ കൊറോണ വൈറസ് ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പുകവലിക്കുന്നവരില്‍ കടുത്ത ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി പ്രതിരോധശേഷി കുറയ്ക്കുകയും ശരീരത്തിന് വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. പുകവലി, ഇ-സിഗരറ്റ്, പാന്‍ മസാല തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ അപകടസാധ്യതയും തീവ്രതയും വര്‍ദ്ധിപ്പിക്കും. ശ്വാസകോശ സംബന്ധിയായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിന് കാരണമാകും. ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നീ സാംക്രമികേതര രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ അത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.