കോട്ടയം കങ്ങഴ സ്വദേശി തെക്കേടത്ത് സോണി ചാക്കോയാണ് (42) ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു രാവിലെ എട്ടുമണിയോടെ ഭാര്യ ടിൻറ്റു വീട്ടിൽ എത്തിയപ്പോൾ ആണ് സോണിയെ മരിച്ച നിലയിൽ ബെഡ്‌ഡിന് താഴെ കാണുന്നത് . മക്കൾ മറ്റൊരു മുറിയിൽ ആണ് ഉറങ്ങിയിരുന്നത്.
ടിന്റു പെട്ടെന്ന് തന്നെ എമർജൻസി വിളിച്ചതനുസരിച്ചു പൊലീസും ആംബുലന്‍സും എത്തി പരിശോധിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചെസ്റ്റര്‍ഫീല്‍ഡിലെ റോയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോൾ ഉള്ളത്. പ്രാഥമിക വിവരം അനുസരിച്ചു കാർഡിയാക് അറസ്റ്റ് ആണ് മരണകാരണം എന്ന് അറിയുന്നു.
ചെസ്റ്റര്‍ഫീല്‍ഡ് മോര്‍ട്ടണ്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയായിരുന്ന സോണിയും ടിന്റുവും മോര്‍ട്ടണില്‍ തന്നെ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
ഇന്നലെ വൈകീട്ട് ടിന്റു ഡ്യൂട്ടിക്ക് പോകുമ്പോൾ സോണി എനിക്ക് ശർദ്ദിക്കാൻ വരുന്നതുപോലെ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. ഭർത്താവിന് മറ്റ് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അത്ര കാര്യമാക്കിയില്ല. ഡയബെറ്റിക് രോഗിയായിരുന്നു എങ്കിലും കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.
മക്കൾ: ഹന്ന , എയിടൻ. ഭാര്യ : ടിന്റു.( കോട്ടയം മണ്ണര്‍കാട് സ്വദേശിനിയാണ് )
ശവസംസ്ക്കാരം എവിടെ നടത്തണം എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നാട്ടിൽ കൊണ്ടുപോകണം എന്നാണ് വീട്ടുകാരുടെ ആഗ്രഹം. എന്തായാലും ചാർട്ടേർഡ് ഫ്ലൈറ്റ് പോകുമ്പോൾ സാധ്യമാകുമോ എന്ന കാര്യവും പരിശോധിക്കുന്നു. നാളെയാണ് പോസ്റ്റുമോർട്ടം നടത്തപ്പെടുക. അപ്പോൾ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളു.
ആദരാജ്ഞലികൾ UCMI