പ്രഭാത വാർത്തകൾ | കേരളം

🔳കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തത്കാലം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന മേഖലകളില്‍ മാത്രമേ ലോക് ഡൗണ്‍ ഉണ്ടാകൂ. സര്‍വകക്ഷി യോഗത്തിലും ഇതേ നിലപാടാണ് ഉണ്ടായത്. ഞായറാഴ്ച ലോക് ഡൗണ്‍ ഇല്ല. എന്നാല്‍ രോഗവ്യാപന മേഖലയില്‍ കര്‍ശന നിയന്ത്രണം തുടരും. മുഖ്യമന്ത്രി വ്യക്തമാക്കി.  

🔳സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തെന്ന് എന്‍ഐഎ. കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഇവയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്ന് 36.5 ലക്ഷം രൂപയുമാണു കണ്ടെടുത്തത്.

🔳രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി. നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിനു പിറകേ, മുഖ്യമന്ത്രി അശോക് ഗഹലോത്ത് എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി. തിങ്കളാഴ്ച നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാമെന്നാണ് ഗെഹലോത്തിന്റെ ആവശ്യം. 102 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന്‍ വളയുമെന്ന് ഗെഹലോത്ത്.  

🔳ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനായ കൊവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഡല്‍ഹി എയിംസിലാണ് പരീക്ഷണം. വാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും.

🔳കേരളത്തില്‍ ഇന്നലെ 885 പേര്‍ക്കു കൂടി കോവിഡ്-19. സമ്പര്‍ക്കം മൂലം 724 പേര്‍ക്കാണ് രോഗം. 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 68 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 968 പേര്‍ രോഗമുക്തരായി. ഹോട്ട് സ്പോട്ടുകളുടെ എണ്ണം 453.

🔳ഇന്നലെ കോവിഡ് ബാധിച്ചു നാലു മരണം. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി മുരുകന്‍(46), കാസര്‍കോട് സ്വദേശിനി ഹയറുന്നീസ(48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍(68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ(85) എന്നിവരാണ് മരിച്ചത്.

🔳കേരളത്തില്‍ കോവിഡ് രോഗം ബാധിച്ചു ചികിത്സയിലുള്ളത് 9371 പേര്‍. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16,995 പേര്‍ക്ക്. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

🔳ഇന്നലെ രോഗംബാധിച്ചവരുടെ ജില്ലതിരിച്ചുള്ള വിവരം: തിരുവനന്തപുരം-167 കൊല്ലം-133, കാസര്‍കോട്-106, കോഴിക്കോട്- 82, എറണാകുളം-69, മലപ്പുറം-58, പാലക്കാട്-58, കോട്ടയം-50, ആലപ്പുഴ-44, തൃശ്ശൂര്‍-33, ഇടുക്കി-29, പത്തനംതിട്ട-23, കണ്ണൂര്‍-18, വയനാട്-15.

🔳ലോക് ഡൗണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ പശുക്കളെ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം. ഭക്ഷ്യസുഭിക്ഷ പദ്ധതിയനുസരിച്ച് 77 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ അയ്യായിരം കര്‍ഷകര്‍ക്ക് രണ്ടുപശുക്കളെ വാങ്ങാന്‍ 60,000 രൂപ വീതം സബ്സിഡി നല്‍കും. 3,500 കര്‍ഷകര്‍ക്ക് കിടാരി വളര്‍ത്തലിനു 15,000 രൂപ വീതം സബ്സിഡിയും തൊഴുത്ത് നിര്‍മിക്കാന്‍ അയ്യായിരം കര്‍ഷകര്‍ക്ക് 25,000 രൂപ വീതവും സബ്സിഡി നല്‍കും. ആറായിരം കര്‍ഷകര്‍ക്ക് 6,650 രൂപവീതം കാലിത്തീറ്റ സബ്സിഡിയും ആട് വളര്‍ത്തലിന് 1,800 പേര്‍ക്ക് 25,000 രൂപവീതം സബ്സിഡിയും നല്‍കും.

🔳കോഴിക്കോട് നഗരത്തിലെ സ്വര്‍ണാഭരണ മൊത്ത വിതരണ വ്യാപാര സ്ഥാപനത്തില്‍  30 കോടി രൂപയുടെ കണക്കില്‍പെടാത്ത വില്‍പ്പന കണ്ടെത്തി. കേരളത്തിലുടനീളം സ്വര്‍ണാഭരണങ്ങള്‍ മൊത്ത വില്‍പ്പന നടത്തി വന്നിരുന്ന സ്ഥാപനത്തിലായിരുന്നു ജി.എസ്.ടി. ഇന്റലിജന്‍സ് പരിശോധന. നികുതിയും പെനാല്‍റ്റിയുമായി ഒരു കോടിയോളം രൂപ ഈടാക്കി.

🔳സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയേയും സന്ദീപിനേയും കസ്റ്റംസ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ അറസ്റ്റു രേഖപ്പെടുത്തി. ഇരുവരുടേയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടി. സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

🔳കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും മക്കളെ കാണാന്‍ അനുവദിക്കണമെന്നും സ്വപ്‌ന സുരേഷ്. എന്‍ഐഎ കോടതിയിലാണ് ഇക്കാര്യം ഉന്നയിച്ചത്.

🔳വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ലോക്ക്ഡൗണ്‍ ജനജീവിതം നിശ്ചലമാക്കും. പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഎം.

🔳എറണാകുളം തൃക്കാക്കരയിലെ കരുണാലയം അനാഥാലയത്തിലെ 143 അന്തേവാസികളില്‍ 43 പേര്‍ക്കും കൊവിഡ്. കന്യാസ്ത്രീകള്‍ നടത്തുന്ന കരുണാലയത്തെ ആശുപത്രിയാക്കി മാറ്റി.  മുഴുവന്‍ സമയവും ഡോക്ടര്‍മാരും നഴ്‌സ്മാരും ഉണ്ടാകുമെന്നും.

🔳കേരളത്തിലെ ആര്‍എസ്എസിനു പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത ആള്‍ യുഡിഎഫിനെ നിയന്ത്രിക്കണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. അദ്ദേഹം ആരോപിച്ചു.

🔳പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണ സംഘത്തിലേക്ക് രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെകൂടി നിയോഗിച്ചു. കാസര്‍കോട് എസ്പി ഡി. ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രേഷ്മ രമേശ് എന്നിവരെയാണ് നിയോഗിച്ചത്.  ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തു വന്നിരുന്നു.

🔳പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ എസ്ഡിപിഐയും മുസ്ലീംലീഗുമാണു പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് പി. ജയരാജന്‍. കുട്ടി ചൈല്‍ഡ് ലൈനിലും പോലീസിലും നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും തമ്മില്‍ വ്യത്യാസമുണ്ട്. മൊഴി മാറ്റാന്‍  ഉപദേശിച്ചത് ആരാണെന്നും അദ്ദേഹം ചോദിച്ചു.  

🔳ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ച് ഇന്നലെ 761 പേര്‍കൂടി മരിച്ചു. 48,895 പേര്‍കൂടി രോഗികളായി. ഇതുവരെ 31,406 പേര്‍ മരിക്കുകയും 13,37,022 പേര്‍ രോഗികളാകുകയും ചെയ്തു. 4.55 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. എട്ടര ലക്ഷം പേര്‍ രോഗമുക്തരായി.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 278 പേര്‍ മരിക്കുകയും 9,615 പേര്‍കൂടി രോഗികളാകുകയും ചെയ്തു. 1.43 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. തമിഴ്‌നാട്ടില്‍ 6,785 പേരും ആന്ധ്രയില്‍ 8,147 പേരും കര്‍ണാടകത്തില്‍ അയ്യായിരം പേരും ഇന്നലെ രോഗബാധിതരായി.    

🔳ഗവര്‍ണറുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയില്ലെങ്കില്‍ ആരെയാണു വിളിക്കേണ്ടതെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കമല്‍രാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതിനോട്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എമാര്‍ രാജ്ഭവനില്‍ കുത്തിയിരിപ്പു സമരത്തിലാണ്. ജനങ്ങള്‍ നാളെ രാജ്ഭവന്‍ വളയുമെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയിരിക്കേയാണ് ഗവര്‍ണറുടെ ചോദ്യം.

🔳രാജസ്ഥാനില്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ഗൂഢാലോചനയിലാണു ഗവര്‍ണറെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ എട്ടു കോടി ജനങ്ങളെ അപമാനിക്കുകയാണ്. ഗവര്‍ണര്‍ നിയമസഭ സമ്മേളനം വിളിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുവദിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

🔳അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന മുന്‍ധാരണയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവനേതാക്കള്‍ പാര്‍ട്ടിവിട്ടു പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. വ്യക്തിപരമായ അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി പാര്‍ട്ടി പ്രത്യശയാസ്ത്രത്തിലും അച്ചടക്കത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ സുഹേല്‍ എന്നയാള്‍ക്ക് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളെ കാണാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

🔳ഓഹരി വില നാലുശതമാനത്തിലേറെ കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കടന്നു. അടച്ചുതീര്‍ത്ത ഓഹരികളുടെ മൂല്യം  53,821 കോടിയായി. ഇതോടെയാണ് മൊത്തംമൂല്യം 14,07,854.41 കോടിയായി ഉയര്‍ന്നത്.

🔳ആപ്പിള്‍ ഐ ഫോണ്‍ 11 ചെന്നൈയില്‍ ഉല്‍പാദനം ആരംഭിച്ചു. ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഉല്‍പാദനം. ഐഫോണ്‍ എസ്ഇ 2020 ബംഗളൂരുവില്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്.

🔳ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് വാട്ട്‌സ്ആപ്പ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു. കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാനും വാട്സാപ്പിന് പദ്ധതിയുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുമായി വാട്ട്‌സ്ആപ്പ് കരാറുണ്ടാക്കി.

🔳ലോകത്ത് കോവിഡ് 19 ബാധിച്ച് ഇന്നലെ 6,156 പേര്‍ മരിച്ചു. 2,87,604 പേര്‍കൂടി രോഗികളായി. ഇതുവരെ 6,41,842 പേര്‍ മരിച്ചു. 1.59 കോടി പേരാണു രോഗികളായത്. ഇന്നലെ ബ്രസീലില്‍ 1,178 പേരും അമേരിക്കയില്‍ 1,103 പേരും മരിച്ചു. അമേരിക്കയില്‍ ഇതുവരെ 1.48 ലക്ഷം പേര്‍ മരിക്കുകയും 42.47 ലക്ഷം പേര്‍ രോഗബാധിതരാകുകയും ചെയ്തു.

🔳വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട്‌ നാല് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ്‌ നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാല്‌ വിക്കറ്റിന്  122 റൺസ്‌ എന്ന നിലയിലായിരുന്നു. ഓലി പോപ്പിന്റെ  91 റൺസും ജോസ്‌ ബട്‌ലറുടെ 56 റൺസുമാണ്‌ ഇംഗ്ലണ്ടിനെ കരകയറ്റിയത്‌.

🔳പ്രഫഷണല്‍ ബോക്‌സിംഗില്‍നിന്ന് 2005 ല്‍ പടിയിറങ്ങിയ മൈക്ക് ടൈസണ്‍ റിംഗിലേക്കു തിരിച്ചുവരുന്നു. പതിനഞ്ചു വര്‍ഷത്തിനുശേഷം 54 ാം വയസിലാണ് ടൈസണ്‍ ഇടിക്കൂട്ടിലേക്കു തിരിച്ചെത്തുന്നത്. സെപ്റ്റംബര്‍ 12 ന് കാലിഫോര്‍ണിയയിലെ കാര്‍സണില്‍ നടക്കുന്ന ബോക്‌സിംഗ് മല്‍സരത്തില്‍ ടൈസണ്‍ പങ്കെടുക്കും.

🔳ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ കിരീടത്തിലേക്കു മുന്നേറുന്ന യുവന്റ്‌സിന് തിരിച്ചടി. എവേ പോരാട്ടത്തില്‍ ഉഡിനെസ് ഒന്നിനെതിരേ രണ്ടു ഗോളിന് യുവന്റ്‌സിനെ പരാജയപ്പെടുത്തി.

🔳എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2020 ജൂണ്‍ 30-ന് അവസാനിച്ച് ത്രൈമാസത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചയോടെ 390 കോടി രൂപ അറ്റാദായമുണ്ടാക്കി. സ്വകാര്യ വിപണി വിഹിതത്തില്‍ 23.9 ശതമാനം എന്ന നിലയില്‍ സ്ഥാപനം സംരക്ഷണ പോളിസികളുടെ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ് കമ്പനി.  ജൂണ്‍ 30-ന് അവസാനിച്ച കാലയളവില്‍ 3,059 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് കമ്പനി ശേഖരിച്ചിട്ടുള്ളത്. എസ്ബിഐ ലൈഫ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 19 ശതമാനം വര്‍ധിച്ച് 1,75,355 കോടി രൂപയിലെത്തി. 2019 ജൂണ്‍ 30-ന് ഇത് 1,46,954 കോടി രൂപയായിരുന്നു.

🔳നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ക്കായി യുപിഐ ഓട്ടോപേയുടെ പ്രവര്‍ത്തനം ആരംഭിച്ചു. യുപിഐ 2.0ന് കീഴില്‍ അവതരിപ്പിച്ച പുതിയ സംവിധാനം വഴി മൊബൈല്‍ ബില്ലുകള്‍, വൈദ്യുതി ബില്ലുകള്‍, ഇഎംഐ, ഒടിടി സബ്സ്‌ക്രിപ്ഷന്‍, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, വായ്പാ അടവ്, ട്രാന്‍സിറ്റ്/മെട്രോ തുടങ്ങിയവയുടെ ആവര്‍ത്തന പേയ്മെന്റുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇ-മാന്‍ഡേറ്റ് സജ്ജീകരിക്കാം. 2000 രൂപ വരെയാണ് ഇടപാട് പരിധി. യുപിഐ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന എല്ലാം ആപ്ലിക്കേഷനിലും ഒരു മാന്‍ഡേറ്റ് വിഭാഗമുണ്ടാവും.

🔳കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക്ക് റോഷന്‍. നൂറ് ബാക്ക് ഡാന്‍സര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുകയാണ് താരം. ഹൃത്വിക് റോഷന്റെ പല ഹിറ്റ് ഗാനങ്ങളിലും ചുവടുവച്ച ഡാന്‍സര്‍മാരെയാണ് താരം സഹായിച്ചിരിക്കുന്നത്. കോവിഡ് ലോക്ഡൗണിനിടെ മുന്‍ ഭാര്യ സൂസന്നെ ഖാനിനും മക്കള്‍ക്കും ഒപ്പമാണ് ഹൃത്വിക് റോഷന്‍ താമസിക്കുന്നത്.

🔳ജന്മദിനത്തില്‍ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് തമിഴ് നടന്‍ വിജയ് ആന്റണി. പിച്ചൈക്കാരന്‍ 2 എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ടത്. ദേശീയ പുരസ്‌കാര ജേതാവ് പ്രിയ കൃഷ്ണസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പിച്ചൈക്കാരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ചിത്രം തെലുങ്കിലേക്കും റീമെയ്ക്ക് ചെയ്തിരുന്നു. ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ സാദ്‌ന ടൈറ്റസ് ആയിരുന്നു നായിക.

🔳ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോയുടെ പ്ലഷര്‍ സ്‌കൂട്ടര്‍ നിരയിലെ കരുത്തുറ്റ മോഡലായ പ്ലഷര്‍ പ്ലസ് 110-ന്റെ ബിഎസ്-6 മോഡല്‍ വിപണിയിലെത്തി. 62,354 രൂപയാണ് പ്ലഷര്‍ പ്ലസിന്റെ എക്സ്ഷോറും വില. മുന്‍ മോഡലുകളെക്കാള്‍ 10 ശതമാനം അധിക മൈലേജും പ്ലഷര്‍ പ്ലസില്‍ ഉറപ്പ് നല്‍കുന്നു.

കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ നമുക്ക് കഴിയുമെന്നാണ് പുതിയ പഠനങ്ങള്‍ ശാസ്ത്രീയമായ തെളിവുകളോടെ വീണ്ടും ആവര്‍ത്തിക്കുന്നത്. കൈകള്‍ നിരന്തരം സോപ്പിട്ട് കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ കൊണ്ടുതന്നെ കൊവിഡ് വ്യാപനം തടയാനാകുമെന്നും പിഎല്‍ഒഎസ് മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നെതര്‍ലന്‍ഡിലെ ജനങ്ങളുടെ സമ്പര്‍ക്ക നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠന മോഡല്‍ തയാറാക്കിയത്. എന്നാല്‍ ഇത് മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും അനുയോജ്യമാണെന്ന് യൂത്രെക്ട്  യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പറയുന്നു. ഈ മൂന്ന് കാര്യങ്ങളുടെയും കാര്യക്ഷമത 50 ശതമാനം കടന്നാല്‍ ഈ മഹാമാരിയെ നിയന്ത്രിക്കാനാകുമെന്നും പഠനം പറയുന്നു. 90 ശതമാനം ജനങ്ങള്‍ കൈ കൃത്യമായി കഴുകുകയും 25 ശതമാനമെങ്കിലും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ വലിയൊരു രോഗപകര്‍ച്ച വരുത്താന്‍ ഈ വൈറസിന് സാധിക്കില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...