സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രണ്ടാമത്തെ കോവിഡ് രോഗിയാണ് മരണപ്പെടുന്നത്. രോഗബാധിതനായി എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി.
സംസ്ഥാനത്ത് ഇന്നലെ 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരത്ത് ലോക്ക്ഡൗൺ ഈ മാസം 28 വരെ നീട്ടി. ജില്ലയിലെ തീരദേശ മേഖലയിൽ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. നിയന്ത്രിത മേഖലയായതിന് പിന്നാലെ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോ അടച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം നൂറുകടന്നു
കോട്ടയം ജില്ലയിൽ നാല് പുതിയ കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ചങ്ങനാശേരി നഗരസഭയിലെ 31,33 വാർഡുകൾ,കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വാർഡ് 18, കോട്ടയം നഗരസഭയിലെ 46 ആം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ൻമെൻ്റ് സോണുകളാണ് നിലവിലുള്ളത്.
സംസ്ഥാനത്ത് ഇന്നലെ 15 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് രോഗബാധ. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബിഎസ്എഫ് ജവാൻമാർക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂർ ജില്ലയിലെ 4 കെഎസ്സി ജീവനക്കാർക്കും രോഗം ബാധിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശങ്കയേറുന്നു. 14 രോഗികള്‍ക്കും പത്തിലേറെ കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 19ാം വാര്‍ഡില്‍ ചികില്‍സയില്‍ ഉണ്ടായിരുന്ന രോഗിക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇദ്ദേഹവുമായി സംമ്പര്‍ക്കത്തില്‍ വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 17,18,19 വാര്‍ഡുകള്‍ അടച്ചു.
കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോ താത്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമാകും ഇനി ഡിപ്പോ പ്രവർത്തനം തുടങ്ങുക. യാത്രക്കാരുൾപ്പെടെ നിരവധി പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതിശക്തമായ മഴ . എറണാകുളം ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടി. കോതമംഗലത്ത് മാമലക്കണ്ടത്തും ഉരുളന്‍തണ്ണിയിലും വനത്തിലുമാണ് കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയത്. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി
ഇടത് സഹയാത്രികരായ കൊച്ചിയിലെ സിനിമാ ദമ്പതികള്‍ക്ക് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദുമായി അടുത്ത ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി മലയാള സിനിമാ മേഖല മാറി. ഇക്കാര്യത്തില്‍ അമ്മ ഭാരവാഹികള്‍ മറുപടി പറയണം. ഗണ്‍മാനായി ജയഘോഷിനെ നിയമിക്കാന്‍ അറ്റാഷെ ആവശ്യപ്പെട്ടിരുന്നോ എന്ന കാര്യം ഡി.ജി.പി വ്യക്തമാക്കണമെന്നും എം.ടി.രമേശ് കോഴിക്കോട് പറഞ്ഞു.
കോവിഡ് ക്ലസ്റ്ററായ കൊച്ചി ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. നൂറോളം വീടുകളില്‍ വെള്ളം കയറി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിട്ടും വീടുകള്‍ക്ക് പുറത്തിറങ്ങിനില്ക്കേണ്ട അവസ്ഥയിലാണ് തീരവാസികള്‍. ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനായി ജില്ലാഭരണകൂടം നടപടികള്‍ തുടങ്ങി.
കൊല്ലത്ത് ലൈഫ് മിഷന് പദ്ധതി ഗുണഭോക്താക്കളെ കരാറുകാര്‍ പറ്റിക്കുന്നത് പതിവാകുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് തട്ടിപ്പ് ഏറെയും. പൊലീസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നല്കുന്ന പരാതിയില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫിന് മൂക്കുകയറിടാന്‍ സിപിഎം. മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിലെ ഉന്നതരുമായി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തും. സ്വര്‍ണക്കടത്തുകേസ് പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ബന്ധം പുറത്തുവന്ന സാഹചര്യത്തിലാണ് യോഗം.
കോണ്‍സല്‍ ജനറലിന്റെ ഗണ്മാന് ജയഘോഷിനെ എൻഐഎ ചോദ്യംചെയ്തു. നയതന്ത്രബാഗ് വാങ്ങാന്‍ പോയ വാഹനത്തില്‍ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നാണ് ജയഘോഷിന്റെ മൊഴി
സര്‍ക്കാര്‍ ഫണ്ട് തട്ടിയ സംഭവത്തില്‍ കായിക താരം ബോബി അലോഷ്യസിനെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലുമായുള്ള കരാര്‍ ബോബി അലോഷ്യസ് അട്ടിമറിച്ചതായും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കായികതാരം ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയിരുന്ന അഡ്വ.പിരപ്പന്‍കോട് വി.എസ്.സുധീര്‍ പറഞ്ഞു.
തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്ര എന്നീ രണ്ടു വസ്ത്രശാലകളുടെയും ഇവയോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും ലൈസന്‍സ് തിരുവനന്തപുരം കോര്പറേഷന് റദ്ദാക്കി. കോവിഡ് പ്രോട്ടോക്കോളും, നിയന്ത്രണങ്ങളും പാലിക്കാതെ പ്രവര്‍ത്തിച്ച് രോഗ വ്യാപനത്തിനു കാരണമായെന്നു ചൂണ്ടികാണിച്ചാണ് നടപടി. നേരത്തെ നടത്തിയ പരിശോധനയില്‍ ഈ രണ്ടു സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതു നഗരത്തിലെ രോഗവ്യാപനം സങ്കീര്‍ണമാക്കിയെന്നും മേയര്‍ പറഞ്ഞു
‘ഡ്രീം കേരള’ പദ്ധതിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനെ ഒഴിവാക്കി. പ്രവാസി പുനരധിവാസത്തിന് രൂപീകരിച്ചതായിരുന്നു പദ്ധതി. ഐടി ഫെലോ സ്ഥാനത്ത് ഒഴിവാക്കിയിട്ടും ഡ്രീം കേരള പദ്ധതിയില്‍ തുടര്‍ന്നത് വിവാദമായിരുന്നു
കൊച്ചി മുളവുകാട് വഞ്ചി അപകടത്തിൽ രണ്ടു മരണം. ബന്ധുക്കളായ ആലുവ കണിയാംകുന്ന് സ്വദേശി സഞ്ജയ്, കലൂർ സ്വദേശിയായ അഭിഭാഷകൻ കെ.എൽ.ശ്യാം എന്നിവരാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തിൽപ്പെട്ട ഇരുവരുടെയും മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്.
കാസര്‍കോട് നീലേശ്വരത്ത് പതിനാറുകാരിയെ മദ്രസാ അധ്യാപകനായ ബാപ്പായും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ബാപ്പയുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനരയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയായതോടെയാണ് വിവരം പുറത്തറിയുന്നത്. പതിനാറുകാരിയുടെ മദ്രസാ അധ്യാപകനായ ബാപ്പ നേരത്തെയും പോക്സോ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസിലാണ് മനുഷ്യരില്‍ കൊവാക്സിന് പരീക്ഷണം തുടങ്ങിയത്. 18 മുതല്‍ 55 വയസുവരെ പ്രായമുള്ളവരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നതെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ഇന്ത്യയിലെ പ്രസിദ്ധ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ 280 ഔട്ട്ലെറ്റുകൾ പൂട്ടി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് ഇത്രയും ഔട്ട്ലെറ്റുകൾ പൂട്ടിയിരിക്കുന്നത്. കമ്പനി ലാഭത്തിലാക്കാനാണ് ഈ നീക്കം.
കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി (സിഎഫ്എല്‍ടിസി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് 23ന് ഉള്ളില്‍ ഏകദേശം 6500 ബെഡുകള്‍ ക്രമീകരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
സമ്പർക്കത്തിലൂടെ രോഗബാധയേറുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ചടയമംഗലം, കരവാളൂർ പനയം എന്നീ പഞ്ചായത്തുകളിൽ കൂടി കണ്ടൈന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാനായി 1360 കിടക്കകൾ കൂടി ജില്ലയിൽ തയാറാക്കി.
മലപ്പുറം കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചു. കൊയിലാണ്ടിയിൽ നിന്ന് മത്സ്യവുമായി എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയും അടഞ്ഞ് കിടക്കുകയാണ്. തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലയിൽ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകൾ ഉൾപ്പെടെയാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്
കോട്ടയം ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് സ്ഥിരീകരണം.
പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
തൃശൂർ കടവല്ലൂരിൽ മീൻ മാർക്കറ്റുകൾ അടച്ചു. മീൻ വിൽപ്പനക്കാർ കോവിഡ് നിരീക്ഷണത്തിൽ പോയ സാഹചര്യത്തിലാണ് നടപടി. 30 മീൻവിൽപ്പനക്കാർ അടക്കം 80 പേരാണ് നിരീക്ഷണത്തിൽ പോയത്.
അധികാരത്തിലെത്താൻ പ്രധാനമന്ത്രി ശക്തനെന്ന പ്രതിച്ഛായ കെട്ടിച്ചമച്ചുവെന്ന് കോൺഗ്രസ് രാഹുൽ ഗാന്ധി. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഇപ്പോള്‍ അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യവുമെന്ന് ട്വിറ്ററില്‍ പങ്കുവെച്ച രണ്ടു മിനിറ്റ് വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
അയോധ്യയിലെ തർക്കഭൂമിയിൽ നിന്ന് ലഭിച്ച ചരിത്രാവശിഷ്ടങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്ന രണ്ട് ഹർജികൾ സുപ്രിംകോടതി തള്ളി. ഒരു ലക്ഷം രൂപ വീതം പിഴയിട്ടാണ് സുപ്രിംകോടതി ഹർജികൾ തള്ളിയത്. അന്തിമവിധിയെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് വിമർശിച്ച ജസ്റ്റിസ് അരുൺ മിശ്ര, ഹർജിക്കാർക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും മുന്നറിയിപ്പ് നൽകി.
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കി. രാജസ്ഥാൻ പോലീസിന്റെ പ്രത്യേകാന്വേഷണ സംഘമാണ് കേന്ദ്ര മന്ത്രിക്ക് നോട്ടീസയച്ചത്. കുതിരക്കച്ചവട ആരോപണത്തില്‍ ശെഖാവത്തിനെതിരെ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പുതുച്ചേരിയില്‍ അസാധാരണ രാഷ്ട്രീയ നാടകങ്ങള്‍. ബജറ്റ് സമ്മേളനത്തിന് മിനിറ്റുകള്‍ക്കു മുമ്പ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നയപ്രഖ്യാപനം സ്പീക്കര്‍ റദ്ദാക്കി. ഗവര്‍ണര്‍ക്കു എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടികാട്ടിയാണു സ്പീക്കര്‍ വി. സിവകൊഴുന്തയുടെ നടപടി.സര്‍ക്കാര്‍ വാര്‍ഷിക ധനറിപ്പോര്ട്ട് സമര്‍പ്പിച്ചില്ലെന്നു ചൂണ്ടികാണിച്ചു ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താനുള്ള ക്ഷണം ഇന്നലെ നിരസിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ തദ്ദേശതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍. തിരഞ്ഞെടുപ്പിന്റെ പ്രയോഗികത, മുന്നൊരുക്കങ്ങള്‍ എന്നിവയെ കുറിച്ച് തീരുമാനമെടുക്കാന്‍ ആരോഗ്യവിദഗ്ധരുടെ യോഗം വിളിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. ഒക്ടോബറില്തിരഞ്ഞെടുപ്പ് നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.
മൈസൂരു–മലപ്പുറം ദേശീയ പാത യാഥാര്‍ഥ്യമായാല്‍ ബന്ദിപ്പൂര്‍ പാത പൂര്‍ണമായും അടച്ചുപൂട്ടുമോ എന്ന ആശങ്കയില്‍ വയനാട് ബത്തേരി. പുതിയ പദ്ധതി ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോകുന്ന എന്‍എച്ച് 766 ന് ബദലാകില്ലെന്നും ഇതുവഴിയുള്ള രാത്രിയാത്രാ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് ബത്തേരി എം.എല്‍.എ യും മുഖ്യമന്ത്രിക്ക് കത്തെഴുതി.
ഉത്തർപ്രദേശിലെ കാൻപുരിൽ 8 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗുണ്ടാത്തലവൻ വികാസ് ദുബെ (50) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ വിമർശനവുമായി സുപ്രീംകോടതി. ആദ്യപരിഗണന നിയമവ്യവസ്ഥയ്ക്കെന്നു കോടതി ചൂണ്ടിക്കാട്ടി. മുന്‍ ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം പരിഗണനയിലാണ്. ദുബെയ്ക്ക് ജാമ്യം ലഭിച്ചത് ഭരണകൂടത്തിന്റെ വീഴ്ചയെന്നും കോടതി പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു … ചടങ്ങിനായി വന്‍ സന്നാഹങ്ങള്‍. 40 കിലോ ഭാരമുള്ള വെള്ളി ഇഷ്ടിക കൊണ്ടാണ് തറക്കല്ലിടുന്നത്.
ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന ഓക്സ്ഫോർഡ് സർവകലാശാലയുടെ കോവിഡ് വൈറസിനെതിരായ ആദ്യഘട്ട വാക്സിൻ പരീക്ഷണം വിജയം. വാക്സിൻ സുരക്ഷിതമാണെന്നും പരീക്ഷിച്ചവരിൽ രോഗപ്രതിരോധശേഷി വർധിച്ചതായും അധികൃതർ അറിയിച്ചു.
ചൈനയ്ക്കും പാകിസ്ഥാനും മറുപടിയുമായി ഇന്ത്യ , ആദ്യ ബാച്ചിലെ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തും. ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തു പകരാനായി അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടിയെത്തുന്നു.
യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഫ്ലാറ്റ് കസ്റ്റംസ് പരിശോധിച്ചു. പാറ്റൂരിലെ ഫ്ലാറ്റിലെ സന്ദര്‍ശക റജിസ്റ്ററും പരിശോധിച്ചു. സ്വപ്നയും സംഘവും തിരുവനന്തപുരത്ത് വാടക വീടുകൾ എടുത്ത് കൂട്ടിയത് സ്വർണം കൈമാറ്റ കേന്ദ്രങ്ങളാക്കാനെന്നാണ് എൻ.ഐ.എ നിഗമനം. അഞ്ച് മാസത്തിനിടെ സ്വപ്ന വാടകക്കെടുത്തത് രണ്ട് വീട് ഉൾപ്പെടെ നാല് കെട്ടിടങ്ങൾ. സന്ദീപിന്റെ ബ്യൂട്ടി പാർലറും വർക് ഷോപ്പും ഉൾപ്പെടെ 7 ഇടങ്ങളിൽ വച്ച് സ്വർണം കൈമാറി. സ്വർണം കൊണ്ടുപോകാൻ യു.എ.ഇ കോൺസുലേറ്റിന്റെ വാഹനവും മറയാക്കി.
ചൈനയില്‍ വത്തിക്കാനു വിധേയമായി പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭയിലെ മെത്രാനെ ചൈനീസ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. വത്തിക്കാൻ നിയമിച്ച ബിഷപ്പ് പൗളോ മാ കുങ്കുവോയ്ക്കാണ് ചൈനീസ് ഭരണകൂടം ഔദ്യോഗിക അംഗീകാരം നല്‍കിയത്. ഷൗസു രൂപതയുടെ ചുമതലയാണ് പൗളോ മാ കുങ്കുവോ വഹിച്ചുകൊണ്ടിരിന്നത്. ചൈനീസ് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പാട്രിയോട്ടിക് അസോസിയേഷന്റെ മെത്രാൻ സമിതി പൗളോ മാ കുങ്കുവോയ്ക്ക് നൽകിയ ഔദ്യോഗിക അംഗീകാരം ജൂലൈ ഒൻപതിന് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വായിച്ചു. ചൈനീസ് സർക്കാരും, വത്തിക്കാനും തമ്മിൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് പുതിയ നിയമന അംഗീകാരം ഭരണകൂടം നല്‍കിയിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയിലും ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവെന്ന് വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം പകുതിവരെ യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെ 135 ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ഡല്‍ഹി ആസ്ഥാനമായുള്ള ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ’ (ഇ.എഫ്.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളും, മാനഭംഗ ശ്രമങ്ങളും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് ഇടവേളക്ക് ശേഷം ചൈനയിൽ സിനിമാ തീയറ്ററുകൾ തുറന്നു. കൊവിഡ് ഭീതി താരതമ്യേന വളരെ കുറഞ്ഞ ഷാങ്ഹായ്, ഹാങ്ഷൂ തുടങ്ങിയ സ്ഥലങ്ങളിലെ തീയറ്ററുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് തീയറ്ററിലെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സിനിമ കാണാനെത്തുന്നവർ മുഖാവരണം ധരിക്കേണ്ടത് നിർബന്ധമാണ്.
അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യമായി യുഎഇയുടെ ചൊവ്വാ പേടകം അൽ അമൽ ജപ്പാനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 1.58ന് ജപ്പാനിലെ തനെഗാഷിമ സ്പേസ് സെന്ററിൽ നിന്നും അറബിക് ഭാഷയിലുള്ള കൗണ്ട്ഡൗണോടെയാണ് വിക്ഷേപണം നടന്നത്.